TopTop
Begin typing your search above and press return to search.

ദീപാവലിപ്പടക്കങ്ങൾ പൊട്ടിത്തീർന്നപ്പോൾ വാഹനവിപണി നനഞ്ഞു തന്നെ; ഭാവി കൂടുതൽ ദുഷ്കരമാകുമെന്ന് ഹോണ്ട

ദീപാവലിപ്പടക്കങ്ങൾ പൊട്ടിത്തീർന്നപ്പോൾ വാഹനവിപണി നനഞ്ഞു തന്നെ; ഭാവി കൂടുതൽ ദുഷ്കരമാകുമെന്ന് ഹോണ്ട

ഓട്ടോമൊബൈൽ വ്യവസായ മേഖലയിൽ മികച്ചതെന്ന് വിലയിരുത്തപ്പെട്ട ഒരു ഉത്സവ സീസണാണ് ഇത്തവണ കടന്നുപോയത്. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും ദീപാവലിക്കാലത്ത് മെച്ചപ്പെട്ട വിൽപ്പന ലഭിച്ചത് ചെറിയൊരു ആശ്വാസമായിട്ടുണ്ട്. എങ്കിലും ഇതുകൊണ്ടൊന്നും ഒന്നുമായില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI). ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിർമാതാവാണ് ഹോണ്ട.

നിലവിലെ രാജ്യത്ത് സാമ്പത്തികാവസ്ഥയിൽ ഈ വിൽപ്പന കൊണ്ട് കാര്യമായ നേട്ടമൊന്നും ലഭിക്കില്ലെന്ന് ഹോണ്ട വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ മുഴുവനും ഈ ട്രെൻഡ് തുടരുമോയെന്ന് പറയാൻ കഴിയില്ലെന്ന് ഹോണ്ട വ്യക്തമാക്കി. "രാജ്യത്തെ സാമ്പത്തിക പരിതസ്ഥിതി ഓട്ടോമൊബൈൽ വ്യവസായത്തിന് ഉടനെ ആശ്വാസം പകരാൻ സാധിക്കുന്ന വിധത്തിലല്ല ഉള്ളത്. ഉത്സവ സീസൺ മികച്ചതായിരുന്നു. എന്നാൽ കാര്യങ്ങൾ അനുകൂലമായി മാറിയെന്ന് പറയാൻ സമയമായിട്ടില്ല. ഇത്തവണത്തെ മികച്ച വിൽപ്പന ഷോറൂമുകളിലെ കെട്ടിക്കിടപ്പ് കുറയ്ക്കാൻ സഹായകമായിട്ടുണ്ട്. എന്നാൽ മൊത്ത വിൽപ്പനയുടെ കാര്യത്തില്‍ ഇപ്പോഴും കാര്യങ്ങൾ അനുകൂലമല്ല," ഹോണ്ട സേൽസ് വിഭാഗം വൈസ് പ്രസിഡണ്ട് വൈഎസ് ഗുലേറിയെ പറഞ്ഞു.

കഴിഞ്ഞ വർ‌ഷം ഡിസംബർ മാസം മുതൽ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം മാന്ദ്യത്തിലാണ്. ഓരോ മാസംതോറും വിൽപ്പനയിൽ വലിയ ഇടിവ് വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് മാസങ്ങളിൽ വിൽപ്പനയിൽ 16.43 ശതമാനം ഇടിവാണുണ്ടായത്.

മാന്ദ്യത്തിനിടയിലാണ് ആറാം എമിഷൻ ചട്ടങ്ങൾ നടപ്പാക്കാൻ പോകുന്നതെന്ന വിഷയവും വൈഎസ് ഗുലേറിയ അവതരിപ്പിച്ചു. ഈ ചട്ടം അടുത്ത ഏപ്രിലിൽ നടപ്പാക്കുന്നതോടെ 10 മുതൽ 15 ശതമാനം വരെ വിലവർധന വാഹനങ്ങൾക്ക് വരും. രാജ്യത്തെ സർക്കാരിന്റെ ഉദ്ദേശ്യം ശുദ്ധമാണ്. പരിസ്ഥിതിസൗഹാർദ്ദമുള്ള വാഹനങ്ങൾ പുറത്തിറങ്ങേണ്ടതുണ്ട്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ മാന്ദ്യം കൂടുതൽ ശക്തമാകാനുള്ള സാധ്യതയും വിലവർധന വരുന്നതോടെ പ്രതീക്ഷിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‌

ദീപാവലിക്കാലത്ത് തരക്കേടില്ലാത്ത വിൽപ്പന മിക്കവർക്കും ലഭിച്ചു. കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ മാസങ്ങളായി ഇടിഞ്ഞുകിടക്കുന്ന വിൽപ്പനയിൽ ഒരുണർവ്വ് വന്നത് ആശ്വാസമായെങ്കിലും അത് അപ്രതീക്ഷിതമായിരുന്നില്ല മിക്കവർക്കും. അപൂർവ്വമായ തരത്തിലുള്ള പരസ്യപ്രചാരണങ്ങളും, വൻതോതിലുള്ള ഡിസ്കൗണ്ട് പ്രഖ്യാപനങ്ങളുമാണ് ഇത്തവണത്തെ ഉത്സവസീസൺ വിൽപ്പന മികച്ചതാക്കിയത്. കഴിഞ്ഞ മാസങ്ങളിൽ കാർ ഷോറൂമുകളിലേക്ക് അടുക്കാതിരുന്ന ഉപഭോക്താക്കൾ ഉത്സവ സീസണിലെ ഡിസ്കൗണ്ടുകൾക്കായി കാത്തിരിക്കുകയായിരുന്നു എന്നുവേണം കരുതാൻ. മുൻ മാസങ്ങളിലെ വലിയ നഷ്ടം നികത്താൻ ഓട്ടോമൊബൈൽ കമ്പനികൾക്ക് ഇതുകൊണ്ടൊന്നും സാധിക്കുകയുമില്ല.

ദീപാവലിപ്പടക്കങ്ങൾ പൊട്ടിക്കഴിഞ്ഞപ്പോൾ

വിപണിയിൽ ദീപാവലിക്കാലം കഴിഞ്ഞതോടെ വിൽപ്പന പഴയ സ്ഥിതിയിലേക്ക് ചുരുങ്ങിയതായി കണക്കുകൾ കാണിക്കുന്നു. നവംബർ 11ന് സിയാം (Society of Indian Automobile Manufacturers) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ മാസത്തിൽ പാസഞ്ചർ കാർ വിഭാഗത്തിൽ 6 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 1,85,400 പാസഞ്ചർ കാറുകളാണ് വിറ്റത്. ഇത്തവണയിത് 1,73,649 യൂണിറ്റായി ഇടിഞ്ഞു. ടൂ വീലര്‍ വിഭാഗത്തിൽ മൊത്തം വിൽപ്പന 14 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞവർഷം ഒക്ടോബറിൽ 20,53,497 ടൂ വീലറുകൾ വിറ്റിരുന്നിടത്ത് ഇക്കഴിഞ്ഞ ഒക്ടോബറിൽ 17,57,264 യൂണിറ്റ് മാത്രമേ വിറ്റിട്ടുള്ളൂ.

വാണിജ്യവാഹനങ്ങളുടെ വിൽപ്പനയും പ്രതീക്ഷാജനകമല്ല. കഴിഞ്ഞവർഷം ഒക്ടോബറിൽ 87,067 വാണിജ്യവാഹനങ്ങൾ വിറ്റിരുന്നിടത്ത് ഇത്തവണ 66,773 വാഹനങ്ങൾ മാത്രമേ വിറ്റിട്ടുള്ളൂ. 2018 ഒക്ടോബറിൽ 69,483 മുച്ചക്ര വാഹനങ്ങളാണ് വിറ്റിരുന്നത്. കഴിഞ്ഞ മാസത്തിൽ ഇത് 66,985 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്.

മോട്ടോർസൈക്കിളുകളുടെ കാര്യം മാത്രമെടുത്താൽ 16 ശതമാനമാണ് ഇടിവ്. സ്കൂട്ടറുകളുടെ വിൽപ്പനയിൽ 10 ശതമാനവും ഇടിവ് വന്നതായി സിയാം പറയുന്നു.

നവംബർ-ഡിസംബർ കാലയളവിൽ വിൽപ്പന മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് സിയാം പങ്കുവെക്കുന്നത്. ഉത്സവ സീസണിലെ വിൽപ്പന ഒരു നല്ല ലക്ഷണമാണെന്ന് സിയാം കരുതുന്നു. മാന്ദ്യത്തിൽ നിന്നും പതുക്കെ പുറത്തുവരുന്നതിന്റെ ലക്ഷണമാണ് ദീപാവലിക്കാലം കാണിക്കുന്നത്. വാഹനങ്ങളുടെ മൊത്തം കാറ്റഗറികളിലെ ചില്ലറ വിൽപ്പനയെടുക്കുമ്പോൾ അനുകൂലമായ മാറ്റം കാണാനുണ്ടെന്നതാണ് സിയാമിന് പ്രതീക്ഷ നൽകുന്നത്. ഏതാണ്ട് 8 ശതമാനത്തിന്റെ വളർച്ച ചില്ലറ വിൽപ്പനയിൽ ഉത്സവ സീസണിലുണ്ടായിട്ടുണ്ട്. 2018 ഒക്ടോബറിൽ 16,82,995 യൂണിറ്റ് വിറ്റിരുന്നിടത്ത് ഇത്തവണ 18,16,440 യൂണിറ്റ് വിൽപ്പന നടന്നിട്ടുണ്ട്.


Next Story

Related Stories