TopTop

ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310;പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310;പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു


ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310ന്റെ 2020 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 പാലിക്കുന്ന മോട്ടോര്‍സൈക്കിളിന് 2.40 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 12,000 രൂപ കൂടുതല്‍. നിരവധി അധിക ഫീച്ചറുകള്‍ നല്‍കി ഫല്‍ഗ്ഷിപ്പ് മോട്ടോര്‍സൈക്കിള്‍ കാര്യമായി പരിഷ്‌കരിക്കുന്നതിന് ബിഎസ് 6 പരിവര്‍ത്തന അവസരം ടിവിഎസ് മോട്ടോര്‍ കമ്പനി ഉപയോഗിച്ചു. മോട്ടോര്‍സൈക്കിളിന് അഞ്ച് വര്‍ഷം വാറന്റി ലഭിക്കും.

ബിഎസ് 6 പാലിക്കുന്ന 312.2 സിസി എന്‍ജിന്‍ 9,700 ആര്‍പിഎമ്മില്‍ 34 എച്ച്പി കരുത്തും 7,700 ആര്‍പിഎമ്മില്‍ 27.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. റെയ്ന്‍, അര്‍ബന്‍, സ്പോര്‍ട്ട്, ട്രാക്ക് എന്നീ നാല് റൈഡിംഗ് മോഡലുകളാണ്്. വിവിധ മോഡുകള്‍ക്കനുസരിച്ച് എന്‍ജിന്‍ പവര്‍, ത്രോട്ടില്‍ റെസ്പോണ്‍സ്, എബിഎസ് സെറ്റിംഗ്സ് എന്നിവ വ്യത്യസ്തമായിരിക്കും. തെരഞ്ഞെടുക്കുന്ന മോഡ് അനുസരിച്ച് ടിഎഫ്ടി സ്‌ക്രീനിലെ ഡിസ്പ്ലേ തീമിനും മാറ്റം വരും. റെയ്ന്‍, അര്‍ബന്‍ മോഡുകളില്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കരുത്തും ടോര്‍ക്കും കുറയും. 7,600 ആര്‍പിഎമ്മില്‍ 25.8 എച്ച്പി, 6,700 ആര്‍പിഎമ്മില്‍ 25 എന്‍എം എന്നിങ്ങനെ. ടോപ് സ്പീഡ് 160 കിലോമീറ്ററില്‍നിന്ന് മണിക്കൂറില്‍ 125 കിലോമീറ്ററായി കുറയും.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം പുതിയ 5.0 ഇഞ്ച് കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് പാനല്‍ നല്‍കിയതാണ് 2020 മോഡല്‍ ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിലെ പ്രധാന മാറ്റങ്ങളിലൊന്ന്. 'ടിവിഎസ് സ്മാര്‍ട്ട്കണക്റ്റ്' നല്‍കിയതോടെ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ടിഎഫ്ടി സ്‌ക്രീനുമായി തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയും. 'ടിവിഎസ് കണക്റ്റ് ആപ്പ്' വഴി നിരവധി ഫംഗ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കാം. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോളറുടെ വിശദാംശങ്ങള്‍ എന്നിവ സ്‌ക്രീനില്‍ ഡിസ്പ്ലേ ചെയ്യും. കോള്‍ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. ട്രിപ്പ് അവസാനിച്ചുകഴിഞ്ഞാല്‍ റൈഡ് സ്റ്റാറ്റിസ്റ്റിക്സ് റെക്കോര്‍ഡ് ചെയ്യുന്നതിനും കാണുന്നതിനും പങ്കുവെയ്ക്കുന്നതിനും സാധിക്കും. ബാക്കിയെത്ര ഇന്ധനം, എപ്പോള്‍ സര്‍വീസ് ചെയ്യണം, എബിഎസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുക എന്നിവയെല്ലാം ടിഎഫ്ടി സ്‌ക്രീന്‍ ഡിസ്പ്ലേ ചെയ്യും. ചുറ്റുമുള്ള വെളിച്ചത്തിന് അനുസരിച്ച് പകല്‍/രാത്രി സെറ്റിംഗ്സ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതിന് സ്‌ക്രീനില്‍ സെന്‍സര്‍ നല്‍കി. ബിഎസ് 6 അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, ആര്‍ടിആര്‍ 200 4വി ബൈക്കുകളിലുള്ളതു പോലെ ഗ്ലൈഡ് ത്രൂ ടെക്നോളജി (ജിടിടി) സവിശേഷതയാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയ കാറിലെ ക്രീപ് ഫംഗ്ഷന് സമാനമായ ഫീച്ചറാണിത്.


Next Story

Related Stories