TopTop
Begin typing your search above and press return to search.

ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ നിയമപരിരക്ഷ;കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു

ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ നിയമപരിരക്ഷ;കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു

അന്തര്‍സംസ്ഥാന സ്വകാര്യബസുകള്‍ക്ക് തടസ്സമില്ലാതെ രാജ്യത്തെവിടെയും സര്‍വീസ് നടത്താന്‍ നിയമ പരിരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകപദ്ധതി തയ്യാറാക്കുന്നതായി റിപോര്‍ട്ടുകള്‍. 2019-ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പദ്ധതി തയ്യാറാക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു നല്‍കിയിരുന്നു. ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന ബസുകള്‍ക്ക് അവിടങ്ങളിലെ നിയമവും നികുതിഘടനയിലെ വ്യതിയാനവും തടസ്സമാകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. കെഎസ്ആര്‍ടിസിക്കു ഭീഷണിയാകാനിടയുള്ള നടപടി മുന്നില്‍ക്കണ്ട് എതിര്‍പ്പറിയിക്കാന്‍ സംസ്ഥാനസര്‍ക്കാരും നടപടിയാരംഭിച്ചു. അതേസമയം അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുവേണ്ടിയാണ് ഈ നടപടി.

ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പമാണ് പുതിയ നിയമം. ഓണ്‍ലൈന്‍ അഗ്രഗേറ്റര്‍ പോളിസി അനുസരിച്ചാണ് അന്തര്‍സംസ്ഥാന സ്വകാര്യബസുകളെ നിയമവിധേയമാക്കുന്നത്. ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഏത് റൂട്ടിലും ഓടിക്കാന്‍ അനുമതി നല്‍കുന്നതാണ് നിയമം. അഞ്ചു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപയായിരിക്കും ലൈസന്‍സ് ഫീസ്. 100 ബസുകളും 1000 ത്തില്‍ അധികം മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരു ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടക്കണം. സഹകരണ നിയമപ്രകാരം രജിസ്ട്രര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിനായി അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാരുകളോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളോ ആയിരിക്കും ലൈസന്‍സ് നല്‍കേണ്ടത്. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനങ്ങളും മൊബൈല്‍ ആപ്പും വഴിയായിരിക്കും പ്രവര്‍ത്തനം.


Next Story

Related Stories