TopTop
Begin typing your search above and press return to search.

2019: വാഹനവിപണിയിൽ തുടരുന്ന 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് തുടക്കമിട്ട വർഷം

2019: വാഹനവിപണിയിൽ തുടരുന്ന 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് തുടക്കമിട്ട വർഷം

ഇന്ത്യൻ ഓട്ടോമൊബൈൽ മേഖല കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യം നേരിട്ട വർഷമാണ് കടന്നു പോയത്. വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞു. കമ്പനികൾ പുതിയ നിക്ഷേപങ്ങൾ നടത്താൻ മടിക്കുകയാണ്. വൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടും വാഹനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ഷോറൂമുകളിലേക്ക് എത്തുന്നില്ല. മാന്ദ്യം എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെങ്കിലും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ഓട്ടോമൊബൈൽ മേഖലയുടെ ഇടിവാണ്.

കഴിഞ്ഞ ഉത്സവസീസണിൽ ലക്ഷങ്ങളുടെ ഡിസ്കൗണ്ട് നല്കിയാണ് ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകർഷിക്കാന്‍ കാർനിർമാതാക്കൾ ശ്രമം നടത്തിയത്. ചരിത്രത്തിൽ അപൂർവ്വമായ ഡിസ്കൗണ്ടുകൾ കണ്ട് ആളുകൾ ഷോറൂമുകളിലെത്തുകയും ചെയ്തു. പക്ഷെ, ഇത് കാർനിർമാതാക്കളെ തൃപ്തരാക്കിയില്ല. മാരുതി സുസൂക്കി ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. ഇത്രയും വിൽപന തങ്ങൾ പ്രതീക്ഷിച്ചിരുന്നതാണെന്നും അത്തരം ഓഫറുകളാണ് തങ്ങൾ മുമ്പോട്ടു വെച്ചതെന്നും ആർ സി ഭാർഗവ പറയുകയുണ്ടായി.

ഇതുവരെ ലഭ്യമായ കണക്കുകളനുസരിച്ച് 2019ൽ ആകെയുണ്ടായ പാസഞ്ചർ വാഹനവിൽപ്പന (വാൻ, എസ്‍യുവി, കാര്‍ എന്നിവയടങ്ങുന്ന വിഭാഗം) 30 ലക്ഷത്തിൽ താഴെയാണ്. 2016-17 കാലത്ത് 30 ലക്ഷം കടന്നിരുന്നു. വളർച്ച 9.23 ശതമാനമായിരുന്നു. തൊട്ടുമുമ്പത്തെ വർഷം 27,89,208 യൂണിറ്റ് വിൽപ്പനയായിരുന്നു പാസഞ്ചർ വാഹനമേഖലയിലേത്. 2017-18 കാലത്ത് ഇത് 30,46,727 യൂണിറ്റിലേക്ക് വളർന്നു. 2019ൽ ഇത് ഗണ്യമായി കുറഞ്ഞെന്നാണ് വിവരം. കണക്കുകൾ സിയാം പുറത്തു വിടാനിരിക്കുന്നതേയുള്ളൂ.

എല്ലാ പ്രധാനപ്പെട്ട ബ്രാൻഡുകളും പ്രതിസന്ധിയിലായി എന്നതാണ് ഈ മാന്ദ്യത്തിന്റെ വിശേഷം. മാരുതി സുസൂക്കിയും മഹീന്ദ്രയും ഹ്യൂണ്ടായിയും ടാറ്റയുമെല്ലാം കുടുങ്ങിയിരിക്കുകയാണ്.

2008ലെ മാന്ദ്യത്തിനു പിന്നാലെ വാഹനവിപണിയിൽ ഒരു മാന്ദ്യം സംഭവിച്ചിരുന്നു. ഇതിനുശേഷം 2011 മുതൽ ശക്തമായ മറ്റൊരു മാന്ദ്യം സംഭവിച്ചു. എന്നാൽ ഈ സന്ദർഭങ്ങളിലൊന്നും വിപണി ഇത്ര വലിയ നൈരാശ്യത്തിലേക്ക് വീണിരുന്നില്ല. കാർനിർമാതാക്കൾ കൂടുതൽ നിക്ഷേപം നടത്താൻ‌ മടി കാണിച്ചില്ല. വളർച്ചയിലേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസം അവർ കാണിച്ചു. എന്നാൽ ഇത്തവണത്തെ മാന്ദ്യം മുൻകാലങ്ങളിലേതിനോട് സമാനതകളില്ലാത്തതാണ്. 13 ശതമാനം കണ്ടാണ് വിപണി ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ആറ് ശതമാനത്തിൽ കൂടുതൽ വിപണിയിടിവ് മുമ്പുണ്ടായിട്ടില്ല.

ഗ്രാമീണമേഖലയിൽ ഉണർവുണ്ടായാലേ എന്തെങ്കിലും നടക്കൂ എന്നാണ് മാരുതി സുസൂക്കിയുടെ മാർക്കറ്റിങ് ഡയറക്ടറായ സുശാന്ത് ശ്രീവാസ്തവ പറയുന്നത്.


Next Story

Related Stories