പ്രമുഖ ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ , ആഡംബര ബ്രാന്‍ഡായ റേഞ്ച്റോവറിന് അന്‍പതാം പിറന്നാള്‍. 1970ല്‍ ആരംഭിച്ച റേഞ്ച് റോവര്‍ 2020ല്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഐസില്‍ ചിത്ര വിസ്മയം ഒരുക്കുകയാണ് ലാന്‍ഡ് റോവര്‍.
ലാന്‍ഡ് റോവറിന്റെ പുതിയ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനും, പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും എഞ്ചിനീയര്‍മാര്‍ക്ക് അനുയോജ്യമായ പ്രദേശമാണ് സ്വീഡനിലെ ആര്‍ട്ടിക് മേഖലയിലെ അര്ജെപ്ലോങ്. അര്ജെപ്ലോങ്ങിലെ തണുത്തുറഞ്ഞ് ഒരു മഞ്ഞ് മൈതാനമായി മാറിയ ഒരു തടാകത്തിനു മുകളിലാണ് സുവര്‍ണ ജൂബിലിയുടെ ഭാഗമായി പ്രശസ്ത സ്നോ ആര്‍ട്ടിസ്റ്റ് സൈമണ്‍ ബെക്ക് 53092 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള വാര്‍ഷിക ലോഗോ സൃഷ്ടിച്ചത്. റേഞ്ച് റോവറിന്റെ സ്റ്റിയറിംഗ് പാഡിന്റെ രൂപത്തിലാണ് ഐസ് കൊണ്ടുള്ള കലാസൃഷ്ടി അദ്ദഹം നിര്‍മ്മിച്ചിരിക്കുന്നത്. 260മീറ്ററാണ് സ്റ്റിയറിംഗ് പാഡിന്റെ വ്യാസം.
കലാസൃഷ്ടിക്ക് പുറത്തുള്ള ട്രാക്കില്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ മോഡലുകളുടെ പരീക്ഷണ ഓട്ടവും നടന്നതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ശൈത്യകാലത്ത് ലാന്‍ഡ് റോവറിന്റെ സാഹസിക ഐസ് ഡ്രൈവുകള്‍ക്ക് പേരുകേട്ട സ്വീഡനിലെ ഈ മേഖല, വാഹനങ്ങളുടെ പരീക്ഷണ ഓട്ടങ്ങളുടെയും, സാഹസിക ഐസ് ഡ്രൈവുകളുടെയും ഒരു കേന്ദ്രമാണ്.