TopTop
Begin typing your search above and press return to search.

ചൈനയില്‍ നിന്ന് ചാംഗന്‍ വരുന്നു, ചൊങ്കന്‍ എസ്‌യുവികളുമായി

ചൈനയില്‍ നിന്ന് ചാംഗന്‍ വരുന്നു, ചൊങ്കന്‍ എസ്‌യുവികളുമായി

പ്രമുഖ ചൈനീസ് ബ്രാന്‍‌ഡായ ചാംഗന്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. വിപണിസാധ്യതകളും മറ്റും പഠിച്ചു വരികയായിരുന്നു അവര്‍. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ കമ്ബനി അധികം താമസിക്കാതെ ഇന്ത്യ പിടിക്കും. 2022ലോ 2023ലോ ഇത് സംഭവിക്കുമെന്നാണ് വിവരം. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്സുമായും, മറ്റൊരു ചൈനീസ് ബ്രാന്‍ഡായ ഗ്രേറ്റ് വാള്‍ മോട്ടോറുമായും ചാംഗന്‍ മോട്ടോഴ്സ് സഖ്യത്തിലേര്‍പ്പെടുമെന്നും അറിയുന്നു.

ഗ്രേറ്റ് വാള്‍ മോട്ടോര്‍ ജനറല്‍ മോട്ടോഴ്സിന്റെ ഇന്ത്യന്‍ പ്ലാന്റ് വിലയ്ക്കു വാങ്ങാന്‍ കമ്ബനി ധാരണയിലായിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ജനറല്‍ മോട്ടോഴ്സ് 2017ല്‍ ഉല്‍പാദനം അവസാനിപ്പിച്ചിരുന്നു. ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് അധികം താമസിക്കാതെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലേക്ക് ആദ്യമെത്തുക ചാംഗന്റെ സിഎസ് 75 പ്ലസ് എസ്‌യുവിയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനയില്‍ കമ്ബനിയുടെ ബെസ്റ്റ് സെല്ലിങ് മോഡലാണിത്. 1.5 ലിറ്റര്‍ ശേഷിയുള്ളതും 2.0 ലിറ്റര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളാണ് ഈ എസ്‌യുവിയിലുള്ളത്. ചാംഗന്റെ വലിപ്പം കുറഞ്ഞ എസ്‌യുവി മോഡലുകളിലൊന്നായ സിഎസ് 75 പ്ലസ്സിന്റെ നീളം 4.7 മീറ്ററാണ്.

ചാംഗന്റെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവി മോഡല്‍ സിഎസ് 35ഉം ഇന്ത്യക്ക് യോജിച്ചതാണെന്ന് സംസാരമുണ്ട്. ഒരുപക്ഷെ, ഈ മോഡലാകാം ഇന്ത്യയിലെത്തുക. ഇന്ത്യയില്‍ നാല് മീറ്ററിനു താഴെ വലിപ്പമുള്ള കാറുകള്‍ക്ക് നികുതിയില്‍ ലഭിക്കുന്ന ഇളവ് നേടാനായി ഈ എസ്‌യുവിയുടെ വലിപ്പം അല്‍പം കുറയ്ക്കാനും ഇടയുണ്ട്.

Next Story

Related Stories