TopTop
Begin typing your search above and press return to search.

കാര്‍നിര്‍മാണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയേക്കും; നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍

കാര്‍നിര്‍മാണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയേക്കും; നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍

കാര്‍നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പരിമിതമായ തോതില്‍ മാത്രമായിരിക്കും നിര്‍മാണ അനുമതി. നിലവില്‍ എല്ലാ പ്ലാന്റുകളും അടച്ചിട്ടിരിക്കുകയാണ്. അതെസമയം ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍‍ക്കാര്‍.

ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രി, ഇലക്ട്രിക് ഉപകരണ നിര്‍മാണ മേഖല എന്നിവയെയും ഉല്‍പാദനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വകുപ്പ് ചില നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ടു വെച്ചിട്ടുണ്ട്.

സാനിറ്റൈസേഷന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ് തുടങ്ങിയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന ഉറപ്പിന്മേലായിരിക്കും ഉല്‍പാദന പരിപാടികള്‍ വീണ്ടും തുടങ്ങാനുള്ള അനുമതി നല്‍കേണ്ടതെന്നാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. പ്ലാന്റുകളുടെ പൂര്‍ണമായ ശേഷി ഉപയോഗിക്കാന്‍ അനുവദിക്കില്ല. പകരം 20-25% ശേഷി ഉപയോഗിക്കാം. ഇതിനാവശ്യമായ ജീവനക്കാരെയും ഉപയോഗിക്കാം. തൊഴിലാളികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം കമ്പനികള്‍ ഏര്‍പ്പാടാക്കണം. ഇല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഫാക്ടറി പരിസരത്ത് താമസസൗകര്യം ഒരുക്കണം.

ഈ വിഷയം നിലവില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീരുമാനം അധികം വൈകില്ലെന്നും അറിയുന്നു.

ഓണ്‍ലൈന്‍ വ്യാപാരമാണ് നിലവില്‍ കാര്യമായി നടക്കുന്നത്. ബുക്കിങ്ങുകള്‍ സജീവമായി നടക്കുന്നുണ്ട്. വെയ്റ്റിങ് പിരീഡ് കൊറോണ ലോക്ക്ഡൗണ്‍ കാലം കഴിയുംവരെയെങ്കിലും ഉണ്ടാകും. വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറയുന്നു. എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന ഡിമാന്‍ഡുണ്ടെന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്-19 പകര്‍ച്ച മൂലം രാജ്യത്തെ ബിസിനസ് രംഗം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഉത്തേജക പാക്കേജുകള്‍ ആവശ്യമായി വരുമെന്ന് മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ നേരത്തെ ചൂണ്ടിക്കാട്ടുകയുണ്ടായി.


Next Story

Related Stories