TopTop
Begin typing your search above and press return to search.

ഓട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യം നീങ്ങിയോ? ദീപാവലി വില്‍പ്പന പറയുന്നതെന്ത്?

ഓട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യം നീങ്ങിയോ? ദീപാവലി വില്‍പ്പന പറയുന്നതെന്ത്?

ദീപാവലിക്കാലം ഓട്ടോമൊബൈല്‍ വിപണിയുടെ ചാകരക്കാലമാണ്. ഈ കാലത്ത് വസ്തുക്കള്‍ വാങ്ങുന്നത് കുടുംബത്തിന് ഐശ്വര്യദായകമാണെന്ന് ഉത്തരേന്ത്യയില്‍ പൊതുവിലും ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലെങ്കിലും വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താല്‍ തന്നെ, ഉറപ്പുള്ളൊരു വിപണിയാണ് ദീപാവലിയുടേത്. എല്ലാ വാഹന നിര്‍മാതാക്കളും തങ്ങളുടെ വാര്‍ഷിക വില്‍പ്പനാ ലക്ഷ്യങ്ങള്‍ ദീപാവലിക്കാലത്തെ വില്‍പ്പനയുമായി കൂട്ടിക്കെട്ടിയാണ് സ്ഥാപിക്കാറുള്ളത്. ഈ കാലയളവിലാണ് മിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ പുതിയ മോഡലുകള്‍ അവതരിപ്പിക്കുക. ഇത്തവണയും സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല. വിപണിയിലേക്ക് പുതിയ വാഹനങ്ങള്‍ വന്നു. വില്‍പ്പനയിലും വര്‍ധനയുണ്ടായി.

എന്നാല്‍, ഇത് ഓട്ടോമൊബൈല്‍ വിപണി തളര്‍ച്ചയില്‍ നിന്നുംരക്ഷ നേടുന്നതിന്റെ ലക്ഷണമായി എടുക്കാമോയെന്ന ചോദ്യം നിര്‍ണായകമാണ്. ശരിയായി അവലോകനം ചെയ്യുകയാണെങ്കില്‍ ഓട്ടോമൊബൈല്‍ വിപണിയുടെ വളര്‍ച്ചയുടെ പ്രതിഫലനമല്ല ദീപാവലിക്കാലത്തെ തരക്കേടില്ലാത്ത വില്‍പ്പന കാണിക്കുന്നതെന്ന് പറയാനാകും. ഇതിന് കാരണങ്ങള്‍ പലതുണ്ട്.

ഓട്ടോമൊബൈല്‍ വിപണിക്ക് കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നടപ്പ് സര്‍ക്കാരിന്റെ പരാജയത്തിന് ഉത്തമോദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് ഓട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യത്തെയാണ് എന്നതായിരിക്കാം ഇതിനു കാരണം. രാജ്യത്തിന്റെ വളര്‍ച്ച ഏറ്റവും ദര്‍ശനീയമാകുന്ന വിപണികളിലൊന്നാണ് ഓട്ടോമൊബൈല്‍ വിപണി. 2016ലെ നോട്ടുനിരോധനത്തോടെ ഇന്ത്യയില്‍ മാന്ദ്യം തലപൊക്കിത്തുടങ്ങിയെങ്കിലും ഓട്ടോമൊബൈല്‍ രംഗം തളരാനോ പിന്‍വലിയാനോ തയ്യാറാവുകയുണ്ടായില്ല. ഇന്ത്യയുടെ പൊതുവളര്‍ച്ചയില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു എന്നതാണ് കാരണം. ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നിന്റെ ശേഷികളില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ ആരും പിന്നാക്കം പോയില്ല. ഭാവി വിപണിക്കു വേണ്ടി ഇപ്പോഴേ അടിത്തറയിട്ടില്ലെങ്കില്‍ വലിയ സാധ്യതകളാണ് നഷ്ടമാകുക എന്നവര്‍ കരുതി. പുതിയ ബ്രാന്‍ഡുകളും ഇന്ത്യയിലേക്ക് ഈ കാലയളവില്‍ വന്നു.

ഓട്ടോമൊബൈല്‍ ഈ ഉത്സാഹം ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് സത്യം. രാജ്യം മാന്ദ്യത്തെ അതിജീവിക്കുമെന്ന വിശ്വാസം ഇപ്പോഴും വിപണിക്കുണ്ട്. എന്നാല്‍, ഈ ദീപാവലിക്കാലത്തിന്റെ വില്‍പ്പന ആശ്വാസം പകരുന്ന ഒന്നാണെന്ന് കരുതാന്‍ നിര്‍വ്വാഹം തല്‍ക്കാലമില്ലെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.

മുന്‍കാലങ്ങളിലൊന്നും ഓട്ടോമൊബൈല്‍ വിപണി ദര്‍ശിച്ചിട്ടില്ലാത്ത തരം ഡിസ്കൗണ്ടുകളോടെയാണ് ഇത്തവണ വാഹനനിര്‍മാതാക്കള്‍ ദീപാവലിക്ക് ഉപഭോക്താക്കളെ സമീപിച്ചത്. ഇതിന്റെ പ്രധാന കാരണം എമിഷന്‍ ചട്ടങ്ങളില്‍ അടുത്ത ഏഴെട്ട് മാസത്തിനിടയില്‍ വന്നു ചേരാനുള്ള മാറ്റമാണ്. സുപ്രീംകോടതി ഉത്തരവ് പ്രമാണിച്ച് നിലവിലെ നാലാം എമിഷന്‍ ചട്ടങ്ങള്‍ പാലിക്കുന്ന എന്‍ജിനുകളുടെ വില്‍പ്പന സര്‍ക്കാര്‍ 2020 ഏപ്രില്‍ മാസത്തോടെ തടയും. ഇതിനപ്പുറത്തേക്കും നാലാം എമിഷന്‍ ചട്ടം പാലിക്കുന്ന എന്‍ജിനുകള്‍ക്ക് ജീവിക്കാനാകുമെങ്കിലും കാര്‍നിര്‍മാതാക്കളുടെ ഭാഗത്തു നിന്നുള്ള വില്‍പ്പന അവസാനിക്കും. പിന്നീട് ആറാം എമിഷന്‍ ചട്ടങ്ങള്‍ പാലിക്കുന്ന എന്‍ജിനുകള്‍ക്ക് മാത്രമായിരിക്കും വില്‍‌പ്പനാനുമതിയുണ്ടാവുക.

കാര്‍വിപണിയില്‍ വലിയൊരു പരിവര്‍ത്തനത്തിനാണ് സുപ്രീംകോടതിയുടെ ഈ നീക്കം അരങ്ങൊരുക്കിയിരിക്കുന്നത്. സമൂഹത്തിന് അനുകൂലമായ ഈ മാറ്റം പക്ഷെ, കാര്‍നിര്‍മാതാക്കളെ തരക്കേടില്ലാത്തയളവില്‍ വലച്ചിട്ടുമുണ്ട്. തങ്ങളുടെ നാലാം എമിഷന്‍ ചട്ടപ്രകാരമുള്ള വാഹനങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കേണ്ടതായി വരും. ഇത് വലിയ ചെലവുള്ള പ്രക്രിയയാണ്. ഇതോടെ പരമാവധി വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ സാധ്യമായ ഏറ്റവും കൂടിയ തോതിലുള്ള ഡിസ്കൗണ്ടുകളാണ് ഇത്തവണ കാര്‍നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. ഈ അസാധാരണമായ ഡിസ്കൗണ്ട് പ്രഖ്യാപനം സ്വാഭാവികമായ ഉപഭോക്തൃ പ്രതികരണമുണ്ടാക്കി.

മറ്റൊന്ന്, സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ശ്രമങ്ങളാണ്. ദീപാവലിക്കാലത്ത് വിപണിയെ സജീവമാക്കാന്‍ സ്വകാര്യ ബാങ്കുകളുടെ ഇടപെടല്‍ വേണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടിരുന്നു. ഓരോ ബാങ്കിനെയും നേരിട്ടു പോയിക്കണ്ടാണ് ധനമന്ത്രി ഈ അപേക്ഷ ഉന്നയിച്ചത്. ബാങ്കുകള്‍ കൈയില്‍ പണം വെച്ചിരിക്കുകയാണെന്നും വിപണിയുടെ ഉറപ്പില്ലായ്മ കണ്ട് പണം ചെലവിടാതിരിക്കുകയാണെന്നുമെല്ലാം നിരീക്ഷണങ്ങള്‍ വന്നിരുന്നു. വായ്പ എടുക്കാന്‍ ആളില്ലാത്തതല്ല, കൊടുക്കാന്‍ ബാങ്കുകള്‍ക്ക് ധൈര്യമില്ലാത്തതാണെന്ന് നിരീക്ഷിക്കപ്പെട്ടു. ഈ പ്രശ്നത്തെ നേരില്‍ച്ചെന്ന് അഭിസംബോധന ചെയ്യാന്‍ ധനമന്ത്രി ശ്രമിച്ചതിന് ഫലമുണ്ടായി. സ്വകാര്യ ബാങ്കുകള്‍ ദീപാവലിക്കാലത്ത് തരക്കേടില്ലാത്ത വിധത്തില്‍ വിപണിയിടപെടല്‍ നടത്തി. ഇതും ഇത്തവണത്തെ വില്‍പ്പനയെ സഹായിച്ചിരിക്കണം.

50 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് വിപണിയില്‍ ദീപാവലിക്കാലത്തുണ്ടായത്. ഇത് ആഹ്ലാദിക്കാന്‍ വലിയ സാധ്യതയൊന്നും തരുന്നില്ല. കഴിഞ്ഞവര്‍ഷം ദീപാവലിക്കാലത്ത് വില്‍പ്പന മെച്ചമായിരുന്നില്ല. ആ വില്‍പ്പനയുടെ അടിത്തറയിലാണ് ഈ 50 ശതമാനത്തിന്റെ വളര്‍ച്ച സംഭവിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ചില്ലറ വില്‍പ്പനയില്‍ 49 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നാണ് കമ്പനി വക്താവ് വെളിപ്പെടുത്തിയത്.

സത്യസന്ധമെന്ന് പറയാവുന്ന ഒരു പ്രസ്താവന വന്നത് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതിയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് വില്‍പ്പന കൂടിയിട്ടുണ്ടെന്ന് സമ്മതിച്ച അവര്‍ അതില്‍ വലിയ വിശേഷമൊന്നുമില്ലെന്ന നിലപാടാണെടുത്തത്. തങ്ങളുടെ എക്കാലത്തെയും വലിയ പ്രമോഷന്‍ പരിപാടികളുടെ ഫലമാണിതെന്നും ഈ വില്‍പ്പന പ്രതീക്ഷിച്ചിരുന്നെന്നും മാരുതി വിശദീകരിച്ചു.

സെപ്തംബര്‍ മാസം വരെ കടുത്ത തിരിച്ചടിയാണ് ഓട്ടോമൊബൈല്‍ വിപണി നേരിട്ടു കൊണ്ടിരുന്നത്. സിയാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ വാഹന വിപണിയില്‍ 24 ശതമാനവും വാണിജ്യവാഹനവിപണിയില്‍ 62 ശതമാനവും ഇടിവ് ആ മാസത്തില്‍ സംഭവിച്ചു. വാണിജ്യവാഹനങ്ങളുടെ വില്‍പ്പന 72.07 ശതമാനത്തോളമാണ് ഇടിഞ്ഞത്. ടാറ്റ അടക്കമുള്ള വമ്പന്മാര്‍ തങ്ങളുടെ പ്ലാന്റുകളില്‍ ഇടക്കാല അവധികള്‍ ഏര്‍പ്പാടാക്കുകയുണ്ടായി. 2018 സെപ്തംബര്‍ മാസത്തില്‍ രാജ്യത്താകെ 2,92,660 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റതെങ്കില്‍ 2019 സെപ്തംബറില്‍ അത് 2,23,317 യൂണിറ്റിലേക്ക് ഇടിഞ്ഞു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മാരുതി സുസൂക്കി തങ്ങളുടെ ഉല്‍പാദനം കുറയ്ക്കാന്‍ തുടര്‍ച്ചായി എട്ടാംമാസവും തീരുമാനിച്ചുവെന്നാണ്. 2019 ഒക്ടോബര്‍ മാസത്തില്‍ മാരുതി ഉല്‍പാദിപ്പിച്ചത് 119,337 വാഹനങ്ങളാണ്. 2018 ഒക്ടോബര്‍ മാസത്തില്‍ 150,497 വാഹനങ്ങള്‍ ഉല്‍പാദിപ്പിച്ച സ്ഥാനത്താണിത്. അതായത് വലിയ തോതിലുള്ള തൊഴില്‍നഷ്ടം മാരുതി എന്ന വമ്പന്‍ സ്ഥാപനത്തില്‍ തന്നെ സംഭവിച്ചിരിക്കുന്നുവെന്ന് ചുരുക്കം.

മാരുതിയുടെ മിനി സെഗ്മെന്റ്, കോംപാക്ട് സെഗ്മെന്റ് വാഹനങ്ങളെയാണ് മാന്ദ്യം ഏറെ ബാധിച്ചിരിക്കുന്നതെന്ന് കാണാം. മിനി സെഗ്മെന്റില്‍ 2018 ഒക്ടോബര്‍ മാസത്തില്‍ 34,295 വാഹനങ്ങള്‍ വിറ്റിരുന്നു. ഈ സ്ഥാനത്ത് 2019 ഒക്ടോബര്‍ മാസത്തില്‍ 20,985 വാഹനങ്ങള്‍ മാത്രമാണ് വിറ്റത്. കോംപാക്ട് സെഗ്മെന്റിലെ പുതിയ വാഗണ്‍ആര്‍, ഇഗ്നിസ്, സ്വിഫ്റ്റ് ഹാച്ച്ബാക്ക്, ഡിസൈര്‍ സെഡാന്‍, ബലേനോ തുടങ്ങിയവയെല്ലാം വില്‍പനയില്‍ ഇടിവാണ് കാണിക്കുന്നത്. അതെസമയം, യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രെസ്സ, എര്‍റ്റിഗ, എസ് ക്രോസ് തുടങ്ങിയവയ വളരെ ചെറിയതാണെങ്കിലും വളര്‍ച്ച പ്രകടിപ്പിക്കുന്നുണ്ട്.

ആയിരക്കണക്കിന് തൊഴിലുകളാണ് കഴിഞ്ഞ കുറെ മാസങ്ങള്‍ക്കുള്ളില്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ മാത്രം ഇല്ലാതായത്. കോര്‍പ്പറേറ്റ് നികുതിയിളവിലൂടെയും മറ്റും കാര്യങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയിച്ചെന്ന് ദീപാവലിക്കാലത്തെ വില്‍പ്പന മാത്രം നോക്കി പറയാനാകില്ല. പുതിയ തലമുറ കാറുകളും ബൈക്കും വാങ്ങാതെ ഓലയും ഉബറും ഉപയോഗിക്കുകയാണെന്നതു പോലെയുള്ള തൊടുന്യായങ്ങള്‍ സര്‍ക്കാരിന് ഇനിയും പുറത്തിറക്കേണ്ടതായി വരുമെന്നാണ് വിപണിയില്‍ നിന്നും ലക്ഷണങ്ങള്‍ പറയുന്നത്. സര്‍ക്കാരിനെ ന്യായീകരിക്കുന്നവര്‍ കൂടുതല്‍ വാട്സാപ്പ് ഫോര്‍വേഡുകള്‍ നിര്‍മിക്കേണ്ടതായും വരും.


Next Story

Related Stories