TopTop
Begin typing your search above and press return to search.

ഗതകാല സൗന്ദര്യത്തിൽ ഒരു ന്യൂ ജനറേഷൻ വാഹനം: ചരിത്രത്തിൽ നിന്നും ഇന്ത്യൻ തെരുവുകളിലേക്ക് മോറിസ് വീണ്ടും സഞ്ചരിച്ചെത്തുമ്പോൾ

ഗതകാല സൗന്ദര്യത്തിൽ ഒരു ന്യൂ ജനറേഷൻ വാഹനം: ചരിത്രത്തിൽ നിന്നും ഇന്ത്യൻ തെരുവുകളിലേക്ക് മോറിസ് വീണ്ടും സഞ്ചരിച്ചെത്തുമ്പോൾ

മോറിസ് കമേഴ്സ്യൽ എന്ന കമ്പനിക്ക് ഇന്ത്യയുമായുള്ള ബന്ധം അറുത്തു മാറ്റാനാകാത്തതാണ്. ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കാർ പുറത്തിറക്കിയത് മോറിസ് കമേഴ്സ്യലിന്റെ 'മോറിസ് 10' എന്ന കാറിനെ ആധാരമാക്കിയായിരുന്നു. 1948ൽ പുറത്തിറങ്ങിയ ഈ കാറിന്റെ പേര് 'ഹിന്ദുസ്ഥാൻ 10' എന്നായിരുന്നു. മോറിസ്സിന്റെ കാർ മോഡലുകളെ പിൻപറ്റി നിറയെ വാഹനങ്ങൾ വേറെയും പുറത്തിറങ്ങി ഹിന്ദുസ്ഥാൻ മോട്ടോഴ്സിലൂടെ. ഈ മോറിസ് വാഹനങ്ങൾ ഇന്ത്യയിൽ അംബാസ്സഡർ കാറുകൾ എന്ന പേരിൽ ഖ്യാതി നേടി.

ഈ പഴങ്കഥയെല്ലാം ഇപ്പോൾ പറയുന്നതിന് ഒരു കാരണമുണ്ട്. മോറിസ് കമേഴ്സ്യൽ ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തിയേക്കും. ഒരു ഇലക്ട്രിക് വാനുമായാണ് ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണികളിലൊന്നിലേക്ക് മോറിസ് കടന്നു വരാനൊരുങ്ങുന്നത്. ഈ വാഹനത്തിന്റെ ഡിസൈനും ഏറെ കൗതുകകരമാണ്. 40കളിലെയും 50കളിലെയും ഡിസൈൻ ശൈലിയിലാണ് ഈ വാൻ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മോറിസ് കമേഴ്സ്യൽ ജെഇ എന്നു പേരായ ഈ വാനിന്റെ ഡിസൈൻ പഴയതാണെങ്കിലും സാങ്കേതികത ഏറ്റവും പുതിയതാണ്. ഇതൊരു ഇലക്ട്രിക് വാഹനമാണ്. ലണ്ടനിൽ കഴിഞ്ഞമാസം നടന്ന ദി ഡിസൈൻ മ്യൂസിയം എക്സിബിഷനിൽ ഈ ഡിസൈൻ പ്രദർശിപ്പിച്ചിരുന്നു. 2021ൽ വിപണികളിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

സബർജല്ലി ആകൃതിയിലുള്ള ഗ്രില്ലും രണ്ട് ഭാഗമായി തിരിച്ചിട്ടുള്ള ഫ്രണ്ട് വിൻഡ് ഷീൽഡും, പിന്നാക്കം ചാഞ്ഞിറങ്ങുന്ന എയ്റോഡൈനമിക് റൂഫുമെല്ലാം ചേര്‍ന്ന് ജെഇയുടെ ഡിസൈനിനെ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നു. വിന്റേജ് ശൈലിയിലുള്ള വാഹനങ്ങളോട് വലിയ താൽപര്യം വളരുന്നുണ്ട് വിപണികളിൽ. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് മോറിസ് കമേഴ്സ്യൽ ഇന്ത്യയിലെത്തുന്നത്.

തുടക്കത്തിൽ യൂറോപ്പിലാണ് ജെഇ വിൽക്കുകയെന്ന് കമ്പനി സിഇഒ ഡോ. ക്യു ലി പറയുന്നു. പിന്നീട് ഇതര മാർക്കറ്റുകളിലേക്ക് നീങ്ങും. വാഹനത്തിന്റെ ഗതകാല രൂപം പരിഗണിച്ചാണ് ഏതെല്ലാം വിപണികളിലേക്ക് പോകണമെന്ന് നിശ്ചയിക്കുക. ഇന്ത്യയിൽ മോറിസ് വണ്ടികൾ പണ്ട് വിൽപ്പനയിലുണ്ടായിരുന്നതു കൊണ്ട് ഇവിടവും പരിഗണനയിലുണ്ട്.


Next Story

Related Stories