TopTop
Begin typing your search above and press return to search.

കുറച്ചത് 10 നിയമ ലംഘനങ്ങളുടെ പിഴ തുകകൾ, മദ്യപിച്ച് വാഹനോടിച്ചാൽ 10,000 തന്നെ

കുറച്ചത് 10 നിയമ ലംഘനങ്ങളുടെ പിഴ തുകകൾ, മദ്യപിച്ച് വാഹനോടിച്ചാൽ 10,000 തന്നെ

ഗതാഗത നിയമ ലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്ത പുതിയ മോട്ടോർ വാഹന നിയമത്തിലെ പിഴത്തുക സംബന്ധിച്ചുള്ള ഭേദഗതിക്ക് മന്ത്രി സഭയുടെ അംഗീകാരം. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിനുള്ള പിഴത്തുക പകുതിയാക്കി കുറയ്ക്കാനാണ് തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

കുറവ് വന്നതിങ്ങനെ-

സീറ്റ് ബെല്‍റ്റ്: സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപയായിരുന്നത് 500 രൂപയായി കുറച്ചു. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ 500 രൂപയാക്കി.

അമിത വേഗം: ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000 രൂപ മുതല്‍ 2000 രൂപ വരെയായിരുന്നു പിഴ. ഇത് 1500 രൂപയാക്കി (പിടിക്കപ്പെടുന്നത് ആദ്യമായാണെങ്കില്‍ ). മീഡിയം - ഹെവി വാഹനങ്ങള്‍ക്ക് 2000 മുതല്‍ 4,000 രൂപ വരെയുള്ളത് 3000 രൂപയായും നിജപ്പെടുത്തി. ആംബുലന്‍സ്, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ക്ക് വഴിമുടക്കിയാൽ 10,000 രൂപ എന്നത് 5,000 രൂപയായി കുറച്ചു.

അപകടകരമായ ഡ്രൈവിങ്: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം 1000 രൂപ, ഉയർന്ന തുക 5000 രൂപയിൽ നിന്നും പൊതുവായി 2000 രൂപയും സാമുഹ്യസേവനവും എന്ന് ചുരുക്കി. കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴയിൽ നിന്നും 5000 രൂപയും സാമൂഹ്യ സേവനവും എന്നാക്കി. മത്സര ഓട്ടം ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 5000 രൂപയായി.

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍: ആദ്യകുറ്റമാണെങ്കില്‍ പിഴയില്‍ മാറ്റമില്ല. ആവര്‍ത്തിച്ചാല്‍ 4000 രൂപ എന്നത് 2000 രൂപയാക്കി. നിർദേശങ്ങൾ പാലിക്കാതിരിക്കുക, തെറ്റായ വിവരമോ രേഖയോ നല്‍കുക എന്നിവയ്ക്ക് 2000 രൂപ എന്നത് 1000 രൂപയാക്കി. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000 രൂപയായിരുന്ന പിഴ 1000 രൂപയാക്കി. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍, ശബ്ദ - വായു മലിനീകരണം എന്നിവ സംബന്ധിച്ച ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 2000 രൂപയായി കുറച്ചു.

പെര്‍മിറ്റ് ഇല്ലെങ്കില്‍:ആദ്യ കുറ്റത്തിന് 2000 രൂപ മുതല്‍ 5000 രൂപ വരെ എന്നത് 3000 രൂപയാക്കി. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ മുതല്‍ 10000 രൂപ എന്നുള്ളത് 7500 രൂപയാക്കി നിജപ്പെടുത്തി.

അമിതഭാരം: പരമാവധി 20000 രൂപ എന്നത് പരമാവധി 10000 രൂപയായി കുറച്ചു. അമിതഭാരം കയറ്റിയ വാഹനം പരിശോധയ്ക്കിടെ നിര്‍ത്താതെ പോയാല്‍ 40,000 രൂപ എന്നത് 20,000 രൂപയായി കുറച്ചു. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 100 രൂപ പിഴ നൽകണം. 200 രൂപ വീതം എന്നതാണ് കുറച്ചത്.

അതേസമയം, റജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം ഉപയോഗിച്ചാല്‍ ആദ്യകുറ്റത്തിന് 2000 രൂപ എന്നത് 3000 രൂപയായി വര്‍ധിപ്പിച്ചു. ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങൾക്ക് നിരക്ക് 500 രൂപ എന്നത് 250 രൂപയായും ആവര്‍ത്തിച്ചാല്‍ 1500 രൂപ എന്നത് 500 രൂപയായും പുതുക്കി നിശ്ചയിച്ചു. ഇതില്‍പ്പെടാത്ത മറ്റു വകുപ്പുകളില്‍ കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍വന്ന നിരക്കുകള്‍ തുടരും.

മോട്ടോർ‌ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിരുന്ന ഉയർന്ന പിഴ വലിയ തോതിൽ വിമർശനം ഏറ്റിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോവുന്നത്. എന്നാൽ നിയമ ഭേദഗതിക്ക് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്നതരത്തിൽ ചർച്ചകളും നേരത്തെ പുരോഗമിച്ചിരുന്നു.
പിഴത്തുക കുറച്ച് കൊണ്ട് മറ്റ് ചില സംസ്ഥാനങ്ങൾ നടപ്പാക്കിയ നടപടികൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പാണ് പിഴത്തുകയിൽ ഇളവ് സംബന്ധിച്ച് നിയമ വകുപ്പിന് ശുപര്‍ശ നൽകിയത്. ഇതിന് പിന്നാലെയാണ് നടപടി. എന്നാൽ നിയമ പ്രശ്നം ഉണ്ടാകാത്ത തരത്തിലുള്ള ഇടപെടലാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.



Next Story

Related Stories