TopTop
Begin typing your search above and press return to search.

കൊറോണ; 120-ാമത് ന്യൂയോര്‍ക്ക് ഓട്ടോ ഷോ മാറ്റിവെച്ചു

കൊറോണ; 120-ാമത് ന്യൂയോര്‍ക്ക് ഓട്ടോ ഷോ മാറ്റിവെച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ന്യൂയോര്‍ക്ക് ഓട്ടോ ഷോ മാറ്റിവെച്ചു. ഏപ്രില്‍ 10 മുതല്‍ 19 വരെ നടക്കേണ്ടിയിരുന്ന 2020 എഡിഷന്‍ ന്യൂയോര്‍ക്ക് ഓട്ടോഷോയാണ് ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിവെച്ചത്. ഓഗസ്റ്റ് 26, 27 ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കും 28 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 330 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക നേട്ടമാണ് ന്യൂയോര്‍ക്ക് ഓട്ടോഷോ നല്‍കിയിരുന്നത്.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയും ഉപേക്ഷിച്ചിരുന്നു. മാര്‍ച്ച് 3 മുതല്‍ 15 വരെ നിശ്ചയിച്ച ഇവന്റ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെയ്ക്കാന്‍ സംഘാടകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 15 വരെ ആയിരം പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന വലിയ ഇവന്റുകള്‍ സംഘടിപ്പിക്കുന്നത് സ്വിസ് സര്‍ക്കാര്‍ നിരോധിച്ചേതാടെ ജനീവ മോട്ടോര്‍ ഷോ ഉപേക്ഷിക്കുകയായിരുന്നു.

കൊറോണ വൈറസില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് ഷോ മാറ്റിവെക്കുന്നതായി ന്യൂയോര്‍ക്ക് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റാണ് അറിയിച്ചത്. കഴിഞ്ഞ 120 വര്‍ഷമായി നടത്തിവരുന്ന ഒന്നാണ് ന്യൂയോര്‍ക്ക് ഓട്ടോഷോ. ഇത് മാറ്റിവയ്ക്കുകയെന്നത് നിസാരമായ ഒന്നല്ല. എന്നാല്‍, ഷോയുടെ സുഗമമായ നടത്തിപ്പിന് ഈ തീരുമാനം അനിവാര്യമാണ്. ഇക്കാര്യം വാഹന നിര്‍മാതാക്കളെയും ജനങ്ങളെയും അറിയിച്ചിട്ടുണ്ട്. പുതിയ തീയതിയില്‍ നടത്തുന്ന ഷോ വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.


Next Story

Related Stories