TopTop
Begin typing your search above and press return to search.

അലങ്കാരങ്ങള്‍ വേണ്ട; ടൂറിസ്റ്റ് ബസുകള്‍ ഇനി ഇങ്ങനെ

അലങ്കാരങ്ങള്‍ വേണ്ട; ടൂറിസ്റ്റ് ബസുകള്‍ ഇനി ഇങ്ങനെ

സംസ്ഥാനത്തോടുന്ന കോണ്‍ട്രാക്ട് ഗാരേജ് ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. വെളളയില്‍ വൈലറ്റും ഗോള്‍ഡന്‍ വരകളുമാണ് പുതിയ കോഡ്. ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും നടുഭാഗത്ത് പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണ നിറത്തിലെ വരയും അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. മാത്രമല്ല മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ലെന്നും ഉത്തരവിലുണ്ട്. ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യതീരുമാനം ഇതില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ തീരുമാനം. മുന്‍വശത്ത് ടൂറിസ്റ്റ് എന്നതിനു പകരം ഓപ്പറേറ്ററുടെ പേരെഴുതാനും പുതിയ ഉത്തരവില്‍ അനുമതിയുണ്ട്. എന്നാല്‍ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കി.

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13-ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. മാര്‍ച്ച് മുതല്‍ നിറംമാറ്റം നിലവില്‍വരും. നിലവില്‍ മറ്റ് നിറങ്ങള്‍ അടിച്ചിട്ടുള്ള ബസുകള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ വെള്ളനിറത്തിലേക്ക് മാറണം. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവരവര്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിച്ചിരുന്നത്. ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്.

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ നിയമലംഘനങ്ങള്‍ നടന്നിരുന്നു. ഇവയെല്ലാം ചൂണ്ടികാണിച്ച് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ തന്നെ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്ടിഎ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്.


Next Story

Related Stories