TopTop
Begin typing your search above and press return to search.

നീലക്കാറുകൾക്ക് വിൽപ്പന കൂടുന്നുവെന്ന് പഠനം

നീലക്കാറുകൾക്ക് വിൽപ്പന കൂടുന്നുവെന്ന് പഠനം

ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ വെള്ള നിറമുള്ള കാറുകളാണ് വാണിരുന്നത്. അന്തസ്സിന്റെയും കുലീനതയുടെയും നിറമായി വെള്ളയെ ഇന്ത്യൻ മനസ്സ് കാണുന്നു. ജനനത്തിനും മരണത്തിനും ഇന്ത്യയുടെ നിറം വെള്ളയാണ്. രാഷ്ട്രീയക്കാർക്കും തങ്ങളുടെ കറപുരളാത്ത വ്യക്തിത്വ പ്രതിച്ഛായയുടെ നിർമിതിക്ക് വെള്ള വസ്ത്രം വേണം. സ്വാതന്ത്ര്യസമര കാലത്തിന്റെ മൂല്യങ്ങളുടെ പ്രതിനിധാനം കൂടി ഈ വെള്ള നിറത്തിനുണ്ട്. ഇങ്ങനെ പൊതുസമൂഹത്തിലിറങ്ങി നടക്കുന്ന എന്തിനും വെള്ളനിറം വേണമെന്ന മനോഗതി നിലവിലുണ്ടായിരുന്നു. കാറുകൾ വന്നപ്പോൾ അതിലേക്കും ഈ നിറം സംക്രമിച്ചു. വെള്ളയോട് തീരെ ഇഷ്ടമില്ലാത്തവർ മറ്റ് ഇളംനിറങ്ങൾ മാത്രം തെരഞ്ഞെടുത്തു. ചുവപ്പ് നിറം അപകടമുണ്ടാക്കും എന്ന അന്ധവിശ്വാസം വരെ കാർ ഉപഭോക്താക്കൾക്കിടയിൽ നിലനിന്നിരുന്നു!

ഈ സ്ഥിതിക്കെല്ലാം ഇന്ന് വലിയ മാറ്റം വന്നിരിക്കുകയാണ്. ഡോ. മൻമോഹൻ സർക്കാരുകളുടെ കാലത്ത് ആക്രാമകമായ വിധത്തിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ ഓട്ടോമൊബൈൽ വിപണിയിൽ വസന്തം കൊണ്ടു വന്നു. പല നിറങ്ങളിലുള്ള വാഹനങ്ങൾ വിപണിയിലെത്തി. ഉപഭോക്താക്കൾക്ക് നിറങ്ങളിലും വലിയൊരളവു വരെ കസ്റ്റമൈസേഷൻ സാധ്യമാക്കുന്ന മാറ്റങ്ങള്‍ വന്നു.

പുതിയൊരു ഡാറ്റാ വിശകലനം കാണിക്കുന്നത് ഏഷ്യാ പസിഫിക് മേഖലയിൽ നീലക്കാറുകളോട് പ്രിയം കൂടുന്നുവെന്നാണ്. പെയിന്റ്, കോട്ടിങ് ഡവലപ്പർമാരായ പിപിജി നടത്തിയ ഡാറ്റാ വിശകലനത്തിലാണ് ഇത് പറയുന്നത്. നീലക്കാറുകളുടെ വില്‍പ്പന 7% കണ്ടാണ് വർധിച്ചിരിക്കുന്നത്.

റോഡിൽ ഒരൽപം സ്ഥൈര്യമുള്ള നിലപാട് ഫീൽ ചെയ്യിക്കാൻ ഈ നിറത്തിന് സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ അഡ്വഞ്ചർ തൽപ്പരരായവര്‍ നീലനിറം തെരഞ്ഞെടുക്കുന്നു. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ യുവ വാഹന ഉപഭോക്താക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതും നീലനിറത്തിന്റെ ഉപയോഗം കൂടാൻ കാരണമായിട്ടുണ്ടാകാം എന്നാണ് വിദഗ്ധമതം.


Next Story

Related Stories