ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് തന്നെ ബുള്ളറ്റ് സര്‍വീസ് ചെയ്യാന്‍ സൗകര്യം ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്. കോവിഡ്19 ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് സര്‍വീസ് ഓണ്‍ വീല്‍സ് സംവിധാനവുമായി കമ്പനി എത്തുന്നത്. പുതിയ സംവിധാനം അനുസരിച്ച് റോയല്‍ എന്‍ഫീല്‍ഡിലെ ജീവനക്കാര്‍ ഉപയോക്താക്കളുടെ വീട്ടിലെത്തി സര്‍വീസ് നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.രാജ്യത്തുടനീളം 800 മൊബൈല്‍ സര്‍വീസിങ്ങ് യൂണിറ്റാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലെ 80 ശതമാനം സര്‍വീസുകളും നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ മൊബൈല്‍ സര്‍വീസ് യൂണിറ്റുകളില്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഷെഡ്യൂള്‍ഡ് മെയിന്റനന്‍സ് സേവനം, ചെറിയ അറ്റകുറ്റപ്പണികള്‍ എന്നിവയുള്‍പ്പെടെ ഉപഭോക്താവിന്റെ പടിവാതില്ക്കല് എത്തി സേവനം ഏറ്റെടുക്കുന്നതിന് ഉപകരണങ്ങള്‍, സ്പെയര്‍ പാര്‍ട്സ് എന്നിവ വഹിക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന മൊബൈല്‍ സര്‍വീസ് റെഡി മോട്ടോര്‍സൈക്കിളുകളുടെ ഒരു കൂട്ടമാണ് സര്‍വീസ് ഓണ്‍ വീല്‍സ്.ഓയില്‍ ചേഞ്ച് ഉള്‍പ്പെടെയുള്ള കിലോമീറ്റര്‍ സര്‍വീസ്, ചെറിയ തകരാറുകള്‍ പരിഹരിക്കല്‍, കോംപോണെന്റ് ടെസ്റ്റിങ്ങ്, പാര്‍ട്സുകള്‍ മാറ്റിവെക്കല്‍, ഇലക്ട്രിക്കല്‍ പരിശോധനകള്‍ തുടങ്ങിയ മൊബൈല്‍ സര്‍വീസിങ്ങ് യൂണിറ്റില്‍ സാധ്യമാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേകം പരിശീലനം നേടിയ ടീമിനെയാണ് ഒരുക്കിയിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട് സര്‍വീസ് ഓണ്‍ വീലുകള്‍ ബുക്ക് ചെയ്യാം.
സര്‍വീസ് ഓണ്‍ വീലിന് പുറമെ, കോണ്ടാക്ട് ലെസ് പര്‍ചേസ് ആന്‍ഡ് സര്‍വീസ്, പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സംവിധാനവും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഷോറൂമില്‍ എത്താതെ തന്നെ വാഹനം വാങ്ങാനും സര്‍വീസ് ചെയ്യാനുമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്ഫോമും കമ്പനി ഒരുക്കിയിട്ടുണ്ട്.