പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സും, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ചെറുകിട, ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മൂന്ന് വര്‍ഷത്തേക്കുള്ള ധാരണാപത്രം ഒപ്പുവെച്ചു. തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് പുറമേ, ഈ പരസ്പര സഹകരണം ടാറ്റാ മോട്ടോഴ്സിന്റെ ബി എസ് 6 വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോണ്ടാക്ട്ലെസ് ലെന്‍ഡിങ് പ്ലാറ്റ്ഫോം സാങ്കേതികവിദ്യയിലൂടെ ഏകീകൃത രൂപത്തിലും, സുതാര്യമായും, കുറഞ്ഞ സമയപരിധിക്കുള്ളിലും വായ്പ അനുവദിക്കാന്‍ സാധിക്കും. എസ്ബിഐയുമായുള്ള ഈ സഹകരണം ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് അനുസ്യൂതമായ വായ്പ നേടുന്നതിനും എസ്ബിഐയുടെ സാങ്കേതികവിദ്യ നിറഞ്ഞ ഓഫറുകള്‍ ലഭ്യമാക്കുന്നതിനും സഹായിക്കും . ഈ പങ്കാളിത്ത പ്രകാരമുള്ള വായ്പകളിലൂടെ ബിഎസ് 4 ബി എസ് 6 വാഹനങ്ങള്‍ തമ്മില്‍ ഉള്ള ചെലവ് വ്യത്യാസം ലഘൂകരിക്കുന്നതിനും അതുവഴി ഡൗണ്‍പെയ്മെന്റ്, ഇഎംഐ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.