TopTop

കിയ വിവാദം: കാരണം 75% പ്രാദേശിക സംവരണമെന്ന് സൂചന

കിയ വിവാദം: കാരണം 75% പ്രാദേശിക സംവരണമെന്ന് സൂചന

കിയ മോട്ടോഴ്സുമായി തങ്ങൾ ചർച്ചയൊന്നും നടത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ. ആന്ധ്ര പ്രദേശിൽ നിന്നും കിയ തങ്ങളുടെ പ്ലാന്റ് തമിഴ്നാട്ടിലേക്ക് മാറ്റുകയാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. 1.1 ബില്യൺ ഡോളറിന്റെ പ്ലാന്റ് തമിഴ്നാട്ടിലേക്ക് മാറ്റുകയാണെന്ന വാർത്ത ആന്ധ്രയെ പ്രശ്നത്തിലാക്കിയിരുന്നു. ആന്ധ്ര സർക്കാരുമായി ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനായാണ് കിയ ഇത്തരമൊരു തീരുമാനത്തിലേക്ക് പോകുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. തമിഴ്നാട് സർക്കാരുമായി കമ്പനി പ്രാഥമിക ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ പറഞ്ഞു. ഇതാണ് ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഓട്ടോമൊബൈൽ കമ്പനികൾക്ക് സുരക്ഷിതമായ താവളമൊരുക്കാൻ തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം എളുപ്പമാണ് എന്നത് ആന്ധ്ര ഭരണകേന്ദ്രങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇന്ത്യയുടെ 'ഓട്ടോമൊബൈൽ ഹബ്ബ്' ആയാണ് തമിഴ്നാട് അറിയപ്പെടുന്നത്.

കിയ തമിഴ്നാട്ടിലേക്ക് മാറുന്നുവെന്നത് റിപ്പോർ‌ട്ട് ചെയ്തത് റൂയിട്ടേഴ്സ് ആയിരുന്നു. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്.

കിയ മോട്ടോഴ്സിന്റെ ആരും തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. കിയയുടെ വലിയ പ്ലാന്റ് തമിഴ്നാട്ടിലേക്ക് മാറ്റുകയെന്നത് ഗതാഗതപരമായി സാധ്യമായ കാര്യമല്ലെന്നും തമിഴ്നാട് പറയുന്നു. കിയയ്ക്ക് പ്ലാന്റ് വിപുലീകരിക്കാൻ പദ്ധതിയുണ്ടെങ്കില്‍ മാത്രമേ മറ്റൊരു സ്ഥലത്തെക്കുറിച്ച് ആലോചിക്കാനാകൂ എന്നും തമിഴ്നാട് സർക്കാര്‍ വൃത്തങ്ങൾ പറയുന്നു.

ആന്ധ്രയിലെ ഇൻഡസ്ട്രീസ് ആൻ‌ഡ് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് കൊമേഴ്സ് ചീഫ് സെക്രട്ടറി രജത് ഭാർഗവയും വാർത്ത തെറ്റാണെന്ന് പ്രതികരിച്ചു. കിയ മോട്ടോഴ്സുമായുള്ള ബന്ധം ഉലച്ചിലില്ലാതെ പോകുന്നതായി അദ്ദേഹം പറഞ്ഞു.

3,00,000 വാഹനങ്ങള്‍ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റാണ് കിയ ആന്ധ്രയിലെ അനന്ത്പൂരിൽ നിർമിച്ചിരിക്കുന്നത്. ലോകത്തിലെ കിയ മോട്ടോഴ്സിന്റെ പതിനഞ്ച് പ്ലാന്റുകളിലൊന്നാണിത്. ഇന്ത്യൻ വിപണിയുടെ സാധ്യതകളെ മുന്നിൽക്കണ്ട് വിപുലമായ പ്ലാന്റാണ് ഒരുക്കിയിരിക്കുന്നത്. 536 ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

സർക്കാരുമായി വലിയ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് കിയ മോട്ടോഴ്സും പറയുന്നത്. ചെറിയ പ്രശ്നങ്ങളുള്ളത് പരിഹരിച്ചു വരികയാണെന്നും കിയ പറയുന്നു. ന്യൂസ് മിനിറ്റ് റിപ്പോർ‌ട്ട് ചെയ്യുന്നതു പ്രകാരം കിയയും ആന്ധ്ര സർക്കാരും തമ്മിൽ പ്രശ്നമുണ്ട് എന്നത് ശരിയാണ്. ആന്ധ്രയുടെ ചില നയപരമായ മാറ്റങ്ങളിൽ കിയ അസന്തുഷ്ടരാണ്. ആന്ധ്രയിലെ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലുകളും സംസ്ഥാനത്തുള്ളവർക്ക് മാത്രമേ നൽകാവൂ എന്ന നിയമം കൊണ്ടുവന്നത് കിയയെ വെട്ടിലാക്കിയിട്ടുണ്ട്. കൂടാതെ, കിയയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങളുടെ ഉടമകളുടെ കുടുംബങ്ങളിൽ ഒരാൾക്കു വീതം ജോലി നല്‍കാമെന്ന് കരാറുണ്ടായിരുന്നു. ഇത് ഇതുവരെ പാലിച്ചിട്ടില്ല കമ്പനി. ഇതും സർക്കാരുമായി പ്രശ്നത്തിന് കാരണമായിട്ടുണ്ട്. എങ്കിലും റൂയിട്ടേഴ്സ് വാർത്ത പൂർണമായും തെറ്റാണെന്നാണ് കിയ വക്താവ് പറയുന്നത്.

തെലുഗുദേശം പാർട്ടി സർക്കാരിനെ മോശമായി ചിത്രീകരിക്കാനായി ചിലത് കുത്തിപ്പൊക്കുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. റൂയിട്ടേഴ്സ് വാർത്ത അത്തരത്തിലൊന്നാണെന്നാണ് ആരോപണം.


Next Story

Related Stories