കൊവിഡ്-19 പകര്‍ച്ച മൂലം രാജ്യത്തെ ബിസിനസ് രംഗം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഉത്തേജക പാക്കേജുകള്‍ ആവശ്യമായി വരുമെന്ന് മാരുതി സുസൂക്കി ചെയര്മാന് ആര്‍സി ഭാര്‍ഗവ. വ്യവസായ രംഗത്ത് പൊതുവില്‍ ഇത്തരം ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനൊപ്പമാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതിയും ചേര്‍ന്നിരിക്കുന്നത്. വ്യവസായ രംഗത്തെ സര്‍ക്കാര്‍ ഇങ്ങനെ സഹായിക്കുന്നതിലൂടെ മാത്രമേ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാരുതി സുസൂക്കിയുടെ തൊഴിലാളികളില്‍ വലിയ അളവും കരാര്‍ തൊഴിലാളികളാണ്. കൊറോണ വ്യാപനത്തിനു മുമ്പു തന്നെ സാമ്പത്തിക മാന്ദ്യം നേരിടുന്ന ഘട്ടത്തില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ലക്ഷക്കണക്കിന് തൊഴില്‍ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. നിരവധി ഷോറൂമുകള്‍ അടയ്ക്കുന്ന സാഹചര്യവും ഉണ്ടായി.
വാഹനങ്ങള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിക്കേണ്ടത് ഈ ഘട്ടത്തില്‍ ആവശ്യമാണെന്ന് ഭാര്‍ഗവ പറഞ്ഞു. ഉപഭോക്തൃ ഉല്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടാകണം. കാറുകള്‍ക്കുള്ള ഡിമാന്‍ഡ് എത്രത്തോളമെന്ന് പഠിച്ചതിനു ശേഷമായിരിക്കും ഭാവിയിലെ നിക്ഷേപം നിശ്ചയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി. എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന ഡിമാന്‍ഡുണ്ടെന്നതാണ് ഇതെ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് നേരിട്ട് പണം നല്കുന്നതിനെക്കാള് തങ്ങള്‍ക്ക് നികുതിയിളവുകളും മറ്റും നല്‍കുന്നതായിരിക്കും മെച്ചമെന്ന് ആര്‍സി ഭാര്‍ഗവ അവകാശപ്പെട്ടു. "ജീവിക്കാന്‍ ഒരു വഴിയുമില്ലാത്തവര്‍ക്ക് പണം നല്‍കണം. വെറുതെ പണം നല്കുന്നതിനെക്കാള് പ്രധാനമായ കാര്യം സാമ്പത്തിക വ്യവസ്ഥയില്‍ ഡിമാന്‍ഡ് സൃഷ്ടിക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ചെലവ് കുറഞ്ഞതാക്കി മാറ്റുകയാണ് ഡിമാന്‍ഡ് സൃഷ്ടിക്കുന്നതിന് കാര്യക്ഷമമായ മാര്‍ഗം. എല്ലാവര്ക്കും പണം കൊടുത്തതു കൊണ്ട് കാര്യമുണ്ടാകണമെന്നില്ല. കാരണം എല്ലാവരും ഉപഭോക്താക്കളല്ല. വ്യാവസായിക ഉണര്‍വ്വ് ഉണ്ടാക്കാന്‍ ഇങ്ങനെ പണം നല്‍കുന്നത് കൊണ്ട് കഴിയണമെന്നില്ല," ഭാര്‍ഗവ പറഞ്ഞു.
മറ്റ് രാജ്യങ്ങളും സാമ്പത്തിക ഉത്തേജകങ്ങള്‍ നല്കാന് തുടങ്ങിയിട്ടുണ്ടെന്നും ഇന്ത്യയും ഈ വഴിക്ക് നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഭാര്‍ഗവ പറഞ്ഞു. രാജ്യത്തിന്റെ പാസഞ്ചര്‍ വാഹന വിപണിയിലെ രാജാവാണ് മാരുതി സുസൂക്കി. 50 ശതമാനത്തിലധികം വിപണിവിഹിതവും അടക്കിവെച്ചിരിക്കുന്നത് മാരുതിയാണ്.