TopTop

2019 വര്‍ഷം ടാറ്റ വിറ്റത് ഒരു നാനോ കാര്‍ മാത്രം

2019 വര്‍ഷം ടാറ്റ വിറ്റത് ഒരു നാനോ കാര്‍ മാത്രം

സാധാരണക്കാരന്റെ വാഹനം എന്ന രീതിയില്‍ വിപണിയില്‍ എത്തിയ ടാറ്റയുടെ എന്‍ട്രി ലെവല്‍ കാറായ നാനോയ്ക്ക് ആവശ്യക്കാരില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ ഒരു നാനോ കാര്‍ മാത്രമാണ് ടാറ്റ വിറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2019 ഡിസംബറില്‍ ഒരു കാര്‍ പോലും നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്തില്ല 2018 ഡിസംബറില്‍ 88 യൂണിറ്റുകള്‍ നിര്‍മ്മിക്കുകയും ഇതില്‍ 82 എണ്ണം വില്‍ക്കുകയും ചെയ്ത സ്ഥാനത്താണിത്.

2019 നവംബറില്‍ ഒരു കാര്‍ പോലും നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്തില്ല. മുന്‍ വര്‍ഷം ഇതേ സമയം 77 യൂണിറ്റുകള്‍ നിര്‍മ്മിക്കുകയും 66 എണ്ണം വില്‍ക്കുകയും ചെയ്തിരുന്നു. 2019 ഒക്ടോബറിലും സമാന അവസ്ഥ തന്നെ. മുന്‍ വര്‍ഷം ഇക്കാലയളവില്‍ 71 യൂണിറ്റ് നിര്‍മ്മിക്കുകയും 54 എണ്ണം വില്‍ക്കുകയും ചെയ്തിരുന്നു. 2019 ല്‍ ടാറ്റാ മോട്ടോഴ്സ് ഒരു നാനോ കാര്‍ പോലും നിര്‍മ്മിച്ചില്ല. മാത്രവുമല്ല ഫെബ്രുവരിയില്‍ ഒരു കാര്‍ വിറ്റു എന്നതല്ലാതെ പിന്നീടുള്ള മാസങ്ങളില്‍ ഒരു കാറിന്റെ പോലും വില്‍പന നടന്നില്ല.

കുറഞ്ഞ വിലയില്‍ കാര്‍ എന്ന ആശയവുമായി രത്തന്‍ ടാറ്റയുടെ ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ കാറിന്റെ നിര്‍മ്മാണം കമ്പനി നിര്‍ത്തിവക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഒദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ലെങ്കിലും ഇത് വില്പനയെ ബാധിച്ചു. വില്പന കുറഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണത്തിന് അനുസൃതമായി നിര്‍മ്മാണം നടത്താമെന്നാണ് കമ്പനിയുടെ തീരുമാനമെന്നും സൂചനയുണ്ട്. ബി എസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ നാനോക്ക് സാധിച്ചിട്ടില്ലെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരുലക്ഷം രൂപയ്ക്ക് കാര്‍ എന്ന ആശയവുമായി 2009 ലെ ഓട്ടോ എക്‌സ്‌പോയിലാണ് നാനോ കാര്‍ അവതരിപ്പിച്ചത്.


Next Story

Related Stories