TopTop
Begin typing your search above and press return to search.

ചെഗുവേരയുടെ മോട്ടോര്‍സൈക്കിള്‍ യാത്രയുടെ ചരിത്രം പേറുന്ന നോര്‍ട്ടണ്‍ ഇനി ടിവിഎസ്സിനു കീഴില്‍

ചെഗുവേരയുടെ മോട്ടോര്‍സൈക്കിള്‍ യാത്രയുടെ ചരിത്രം പേറുന്ന നോര്‍ട്ടണ്‍ ഇനി ടിവിഎസ്സിനു കീഴില്‍

നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് എന്നു പറഞ്ഞാല്‍ എല്ലാ മലയാളികള്‍ക്കും അറിയണമെന്നില്ല, താല്‍പര്യമുണ്ടാകണമെന്നുമില്ല. എന്നാല്‍ ചെഗുവേര തന്റെ യൗവനകാലത്ത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ യാത്ര നടത്താനുപയോഗിച്ച മോട്ടോര്‍സൈക്കിള്‍ എന്നു പരിചയപ്പെടുത്തിയാല്‍ സ്ഥിതി മാറും. മലയാളിയായി മാര്‍ഗം കൂടിയ അര്‍ജന്റീനക്കാരനാണല്ലോ ചെ ഗുവേര! പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ നോര്‍ട്ടന്‍ ഒരു ഇന്ത്യന്‍ കമ്ബനിയുടെ കീഴിലേക്ക് വരുന്നുവെന്നാണ്. 122 വര്‍ഷത്തെ ചരിത്രമുള്ള ഈ ബ്രിട്ടീഷ് കമ്ബനിയെ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്ബനിയായ ടിവിഎസ്സാണ്.

16 ദശലക്ഷം ഡോളറിന്റെ ഡിലാണിതെന്നാണ് അറിയുന്നത്. ടിവിഎസ്സിന്റെ വിദേശ അനുബന്ധ സ്ഥാപനങ്ങളിലൊന്നിലൂടെയാണ് കച്ചവടം. അന്തര്‍ദ്ദേശീയ വിപണികളിലേക്ക് കടന്നുചെല്ലാനുള്ള ഇന്ത്യന്‍ കമ്ബനികളുടെ നീക്കം കഴിഞ്ഞ ഒരു ദശകത്തിനിടെ വര്‍ധിച്ചു വരികയായിരുന്നു.

ചെ ഗുവേര തന്റെ സുഹൃത്തായ ബയോകെമിസ്റ്റ് ആല്‍ബര്‍ട്ടോ ഗ്രനാഡോയുമായി ചേര്‍ന്ന് 8000 കിലോമീറ്റര്‍ ദൂരമാണ് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിളില്‍ താണ്ടിയത്. ഒരു 490 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച സിഎസ്1 എന്ന നോര്‍‍ട്ടന്‍ മോഡലായിരുന്നു അത്. നോര്‍ട്ടന്‍ കമ്ബനിയുടെ ആദ്യകാല ഡിസൈനര്‍മാരിലൊരാളായ വാള്‍ട്ടര്‍ മൂര്‍ ഡിസൈന്‍ ചെയ്ത മോഡല്‍. 25 കുതിരശക്തിയാണ് ഈ എന്‍ജിന് പുറത്തെടുത്തിരുന്നത്. വാഹനത്തിന്റെ പരമാവധി വേഗത 137 കിലോമീറ്റര്‍.

ഇന്റര്‍നാഷണല്‍ ഐല്‍ ഓഫ് മാന്‍ ടിടി റേസിനു വേണ്ടി നിര്‍മിച്ചതാണ് നോര്‍ട്ടണ്‍ സിഎസ്1. ഐല്‍ ഓഫ് മാന്‍ ടിടിയില്‍ റോഡ് ലീഗല്‍ മോട്ടോര്‍സൈക്കിളുകളാണ് ഉപയോഗിക്കുക. അക്കാലത്ത് 15 മൈല്‍ ദൂരമായിരുന്നു ട്രാക്കിന്. റോഡ് ബൈക്ക് എന്ന നിലയില്‍ ഈ വാഹനം വിജയകരമാകുമെന്ന് കണ്ടതോടെ കമ്ബനി സിഎസ്1നെ വിപണിയിലെത്തിക്കുകയായിരുന്നു.

ക്രൂയിസ് മോട്ടോര്‍സൈക്കിളുകള്‍ ലോകത്തില്‍ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും, അവയില്‍ പലതും നോര്‍ട്ടണ്‍ സിഎസ്സി1നെക്കാള്‍ ഖ്യാതി നേടിയിട്ടുണ്ടെങ്കിലും ചെഗുവേരയുടെ പേരിനൊപ്പം അറിയപ്പെട്ട സിഎസ്1ന് ആ വഴിക്ക് ലഭിച്ച ഇതിഹാസമാനം മറ്റൊരു മോട്ടോര്‍സൈക്കിളിനും ലഭിച്ചിട്ടില്ല. സിഎസ്1ന് പില്‍ക്കാലത്ത് നിരവധി ക്രൂയിസ് രൂപങ്ങള്‍ വരികയുണ്ടായി.


Next Story

Related Stories