കെടിഎം 250 അഡ്വഞ്ചർ ബൈക്കിന്റെ വരവ് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. ഡിസംബർ മാസത്തിൽ ഗോവയിൽ വെച്ച് ഈ വാഹനം ഇന്ത്യൻ വിപണിയിലെത്തും. ഇതിനു മുമ്പായി 250 അഡ്വഞ്ചറിനെ കാത്തിരിക്കുന്നവർക്കിടയിൽ ആരവങ്ങളുയർത്തി ബൈക്കിന്റെ ചില ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
നിലവിൽ ഇന്ത്യയുടെ വിപണിയിലുള്ള കെടിഎം 390 അഡ്വഞ്ചർ മോഡലിനോട് സാമ്യം പുലർത്തുന്നതായിരിക്കും ഈ പുതിയ മോഡൽ. വില താരതമ്യേന കുറവുമായിരിക്കും. കാഴ്ചയിൽ ഇരുവാഹനങ്ങളും തമ്മിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്ന വ്യത്യാസം അവയുടെ ഹെഡ്ലാമ്പുകളാണ്. 250 അഡ്വഞ്ചറിന്റേത് ഹാലജൻ ലാമ്പാണ്. 390 അഡ്വഞ്ചറിന്റേത് ഫുൾ എൽഇഡി ലാമ്പും. രണ്ട് ബൈക്കിന്റെയും ഇന്ധന ടാങ്ക് 14.5 ലിറ്ററിന്റേതാണ്.
248.8 സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ, ലിക്യുഡ് കൂൾഡ്, ഫ്യുവൽ ഇൻജക്ടഡ് മോട്ടോറാണ് കെടിഎം 250 അഡ്വഞ്ചറിൽ ചേർത്തിരിക്കുന്നത്. 30 പിഎസ് കരുത്തും 24 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. 250 ഡ്യൂക്കിൽ ഇതേ എൻജിനാണ് ഉപയോഗിക്കുന്നത്. ഈ എൻജിൻ യൂറോ നാലാം കരിമ്പുകച്ചട്ടം പാലിക്കുന്നതാണ്. അടുത്ത വർഷം ഏപ്രിലിനു മുമ്പ് ആറാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന എൻജിനുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വില മത്സരക്ഷമമാക്കാൻ സ്വാഭാവികമായി ആവശ്യമായ ചില വിട്ടുവീഴ്ചകൾ കെടിഎം ചെയ്തിട്ടുണ്ട്. ഈ ബൈക്കിൽ റൈഡ് ബൈ വയർ സാങ്കേതികത ഉണ്ടായിരിക്കില്ല. ട്രാക്ഷൻ കൺട്രോൾ സംവിധാനവും ഉണ്ടാകില്ല.
2.50 ലക്ഷം രൂപ ഷോറും വിലയുണ്ടാകും ഈ ബൈക്കിനെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യ അടക്കമുള്ള വളരുന്ന വിപണികളെയാണ് ഈ മോഡൽ പ്രത്യേകമായി ലക്ഷ്യം വെക്കുന്നത്.