TopTop
Begin typing your search above and press return to search.

സൂപ്പര്‍ഡ്യുവല്‍ ടി - 'പണക്കാരന്‍' ബൈക്കുകളിലെ 'പാവപ്പെട്ടവന്‍' - 600 സിസി അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയിലേക്ക്

സൂപ്പര്‍ഡ്യുവല്‍ ടി - പണക്കാരന്‍ ബൈക്കുകളിലെ പാവപ്പെട്ടവന്‍ - 600 സിസി അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയിലേക്ക്

അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വന്നുതുടങ്ങിയിട്ട് അധികനാളായിട്ടില്ല. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ആണ് ഈ വിഭാഗത്തെ ജനകീയമാക്കിയതെന്ന് പറയാം. കൊച്ചി ഷോറൂം നിരക്ക് പ്രകാരം 1.82 ലക്ഷം രൂപ വില വരുന്ന ഈ ബൈക്ക് ഇന്ന് നമ്മുടെ നിരത്തുകളിലെ സജീവ സാന്നിധ്യമായിട്ടുണ്ട്. ഇന്ത്യയില്‍ വലിയ സാധ്യതകളാണ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍ സെക്കിളുകള്‍ക്കുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. കുറച്ചു വര്‍ഷങ്ങള്‍ കൂടി എടുത്തേക്കുമെങ്കിലും വളര്‍ച്ച സുനിശ്ചിതം.

ഇറ്റലിയിലെ മിലനില്‍ ജന്മം കൊണ്ട SWM മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയെ ലാക്കാക്കി ഒരു അഡ്വഞ്ചര്‍ ടൂറര്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചതും ഈ വലിയ വിപണി സാധ്യത മുന്നില്‍ക്കണ്ടാണ്. ഏതാണ്ട് 6 ലക്ഷത്തിനടുത്ത് വിലവരാനിടയുണ്ട് ഇക്കഴിഞ്ഞദിവസം വിപണിയില്‍ അവതരിപ്പിക്കപ്പെട്ട എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യുവല്‍ ടി 600 അഡ്വഞ്ചര്‍ ടൂറര്‍ മോഡലിന്. ഇന്ത്യന്‍ ഉടന്‍ നിരത്തിലിറങ്ങുകയാണെങ്കില്‍ ഈ വാഹനത്തിന് നിലവില്‍ നേരിട്ടുള്ള ഒരു എതിരാളി നിലവിലില്ല. എംവി അഗുസ്റ്റ മോഡലുകളെ ഇന്ത്യയിലെത്തിക്കുന്ന കൈനറ്റിക് ഗ്രൂപ്പാണ് എസ്ഡബ്യുഎമ്മിനെയും ഇന്ത്യയിലെത്തിക്കുന്നത്. ചെ ഗുവേരയിലൂടെ മലയാളിയുടെ ഹൃദയത്തിലേറിയ ബ്രാന്‍ഡായ നോര്‍റ്റണ്‍ മോട്ടോര്‍ സൈക്കിള്‍സിനെയും ഇന്ത്യയിലെത്തിക്കാന്‍ കൈനറ്റിക് ശ്രമിച്ചു വരുന്നുണ്ട്.

1971ല്‍ ചെറിയ എന്‍ജിന്‍ ശേഷിയുള്ള ക്രോസ് കണ്‍ട്രി ബൈക്കുകള്‍ നിര്‍മിച്ചാണ് എസ്ഡബ്ല്യുഎം രംഗത്തുവരുന്നത്. ഇവയ്ക്ക് അക്കാലത്ത് മികച്ച പ്രതികരണം ലഭിച്ചു. പിന്നീട് ട്രയല്‍സ് ബൈക്കുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. എസ്ഡബ്ല്യുഎം മോട്ടോക്രോസ് മോട്ടോര്‍സൈക്കിളുകളും ക്രോസ് കണ്‍ട്രി മോട്ടോര്‍സൈക്കിളുകളുമെല്ലാം തരക്കേടില്ലാത്ത ഖ്യാതി നേടി. ഓഫ് റോഡിങ് തന്നെയാണ് എസ്ഡബ്ല്യുഎമ്മിന്റെ ലോകം. ഇന്ന് ഈ മോട്ടോര്‍സൈക്കിളുകള്‍ക്കെല്ലാം ലോകത്തെമ്പാടും നല്ലൊരു കള്‍ട്ട് ഫോളോവിങ് ഉണ്ട്.

എല്ലാ വിവരങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു ചെറിയ ഡിജിറ്റര്‍ കണ്‍സോളാണ് സൂപ്പര്‍ഡ്യുവലില്‍ നല്‍കിയിരിക്കുന്നത്. വലിപ്പമേറിയ ഒരു വിന്‍ഡ്‌സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവയും എടുത്തു പറയേണ്ട സവിശേഷതകളാണ്. ഏതാണ്ടൊരു ദീര്‍ഘചതുരാകൃതിയില്‍ ഡിസൈന്‍ ചെയ്ത ഇന്ധന ടാങ്ക് മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ടി സൗന്ദര്യം കൂട്ടുന്നു. വിലക്കുറവ് ഉറപ്പുവരുത്തുന്നതിനായി ഇലക്ട്രോണിക് ഫീച്ചറുകളുടെ ധാരാളിത്തം വേണ്ടെന്നു വെച്ചിട്ടുണ്ട്. കൈപ്പലകയ്ക്ക് സംരക്ഷണം നല്‍കുന്ന നക്കിള്‍ ഗാര്‍ഡുകള്‍, ഓഫ് റോഡിങ് കൂടുതല്‍ സുഗമമാക്കാന്‍ താഴെയായി ബാഷ് പ്ലേറ്റ്, റേഡിയേറ്ററിനെ സംരക്ഷിക്കാന്‍ പ്രത്യേക ഗാര്‍ഡ്, വലിപ്പമുള്ള ലഗ്ഗേജ് റാക്ക് തുടങ്ങിയവ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

1510 മില്ലിമീറ്ററാണ് സൂപ്പര്‍ഡ്യുവല്‍ ടി 650 മോട്ടോര്‍സൈക്കിളിന്റെ വീല്‍ബേസ്. മൊത്തം നീളം 2240 മില്ലിമീറ്ററും. ഉയരം 1240 മില്ലിമീറ്റര്‍. എല്ലാ ആക്‌സസറികളോടും കൂടിയ ഭാരം (എണ്ണ നിറയ്ക്കാതെ) വെറും 169 കിലോഗ്രാമാണ്! ടാങ്കില്‍ 18 ലിറ്റര്‍ ഇന്ധനം നിറയ്ക്കാം. ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലിമീറ്ററാണ്.

സൂപ്പര്‍ഡ്യുവല്‍ ടി 650യുടെ സീറ്റുയരം 898 മില്ലിമീറ്ററാണ്. ഉയരം കുറഞ്ഞ റൈഡര്‍മാര്‍ ഈ ഭാഗത്തേക്ക് നോക്കുകയേ വേണ്ട എന്നൊരു തോന്നലിന് സാധ്യതയുണ്ട്. എന്നാല്‍, ഏതാണ്ടൊരു ഡര്‍ട്ട് ബൈക്ക് ശൈലിയില്‍ നിര്‍മിക്കപ്പെട്ട ഈ ബൈക്കിന്റെ സീറ്റിന്റെ മെലിവ് മൂലം ഒരുവിധമാള്‍ക്കാര്‍ക്കൊക്കെ കാലുകള്‍ ആയാസമില്ലാതെ നിലത്തെത്തിക്കാന്‍ സാധിക്കും. ഇന്ത്യന്‍ സാഹചര്യങ്ങളെ മുന്നില്‍ക്കണ്ടാകാം സീറ്റുയരം 20 മില്ലിമീറ്റര്‍ കുറയ്ക്കാന്‍ എസ്ഡബ്ല്യുഎമ്മിന് പദ്ധതിയുണ്ട് എന്നും അറിയുന്നു. ഇത് ശരിയാണെങ്കില്‍ ഉയരത്തിന്റെ പ്രശ്‌നം മിക്കവാറും പരിഹരിക്കപ്പെടും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷനുകളാണ്. മുന്നിലും പിന്നിലും യഥാക്രമം 270ഉം 210ഉം ട്രാവലുള്ള ഈ സസ്‌പെന്‍ഷനുകള്‍ ബൈക്കില്‍ ആളിരിക്കുന്നതോടെ പൂര്‍ണമായും താഴുന്നു. ചുരുക്കത്തില്‍ ബൈക്കിന്റെ ഉയരം ഒരു വലിയ പ്രശ്‌നമായി മാറില്ല.

ഓഫ് റോഡിങ് ശേഷി ഉറപ്പു നല്‍കുന്ന സ്‌പോക്ക് വീലുകളാണ് സൂപ്പര്‍ഡ്യുവലിനുള്ളത്. മുന്‍വീലിനോട് ചേര്‍ത്തിട്ടുള്ളത് 210 മില്ലിമീറ്റര്‍ ട്രാവലുള്ള അപ്‌സൈഡ് ഡൗണ്‍ സസ്‌പെന്‍ഷനാണ്. പിന്നില്‍ 270 മില്ലിമീറ്റര്‍ ട്രാവലുള്ള മോണോഷോക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു. മുന്നില്‍ 300mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 270mm ഡിസ്‌ക് ബ്രേക്കും ചേര്‍ത്തിരിക്കുന്നു.

600സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യുവല്‍ ഇന്‍ജക്റ്റഡ് എന്‍ജിനാണ് എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യുവല്‍ ടി 600 മോഡലില്‍ ചേര്‍ത്തിട്ടുള്ളത്. 7,500 ആര്‍പിഎമ്മില്‍ 53 കുതിരശക്തിയും 6,500 ആര്‍പിഎമ്മില്‍ 52 എന്‍എം ചക്രവീര്യവും (ടോര്‍ക്ക്) ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. ഒരു 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.

എതിരാളികളുടെ കാര്യമെടുത്താല്‍, നേരത്തെ പറഞ്ഞതുപോലെ, നേരിട്ടേല്‍ക്കാന്‍ ആരുമില്ല. നിലവില്‍ ഇന്ത്യയില്‍ ഹോണ്ട ആഫ്രിക്ക ട്വിന്‍, ട്രയംഫ് ടൈഗര്‍, ഡുകാട്ടി മള്‍ടിസ്ട്രാഡ 1200 എന്നിവയാണ് അഡ്വഞ്ചര്‍ ടൂററുകള്‍ എന്ന് പേരുചൊല്ലി വിളിക്കാന്‍ പാകത്തിനുള്ളത്. 13 ലക്ഷം മുതല്‍ 16 ലക്ഷം വരെയാണ് ഈ മോട്ടോര്‍സൈക്കിളുകളുടെ ഷോറൂം വില. 'പാവപ്പെട്ട' അഡ്വഞ്ചര്‍ ടൂറര്‍ പ്രേമികള്‍ക്ക് കുറെക്കൂടി കൈയെത്തും ദൂരത്തായി മാറും ഈ സെഗ്മെന്റ് സൂപ്പര്‍ഡ്യുവലിന്റെ വരവോടെ. ഈ വര്‍ഷം മണ്‍സൂണ്‍ കാലത്ത് സൂപ്പര്‍ഡ്യുവല്‍ ടി 600 മോഡല്‍ നിരത്ത് പിടിച്ചേക്കും.


Next Story

Related Stories