TopTop
Begin typing your search above and press return to search.

വേനല്‍ കാലത്ത് കാര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

വേനല്‍ കാലത്ത് കാര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

വേനല്‍ കാലത്ത് കാര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ചെറിയ കാര്യങ്ങളെന്നു തോന്നാം, പക്ഷേ ഇവ ശ്രദ്ധിക്കുന്നത് വാഹനമോടിക്കുന്നവരുടെ മാത്രമല്ല, കാല്‍നടക്കാരുടെ കൂടെ ജീവന് സുരക്ഷിതത്വമേകുന്നു.

വാഹനത്തിനു വേണം തയ്യാറെടുപ്പ്

എന്‍ജിന്റെ ചൂട് കുറയ്ക്കുന്നതിനുള്ള സംവിധാനമാണ് റേഡിയേറ്റര്‍ എന്നറിയാമല്ലോ. വേനല്‍ ചൂടില്‍ റേഡിയേറ്ററിന്റെ ചെറിയ തകരാര്‍ പോലും എന്‍ജിന്‍ ഓവര്‍ ഹീറ്റാകാന്‍ ഇടയാകും. ഇത് ചെലവേറിയ എന്‍ജിന്‍ പണിയ്ക്ക് കാരണമാകും.

കൂളന്റ് പഴകിയതെങ്കില്‍ മാറുക. റേഡിയേറ്റര്‍ ക്യാപ്പ് നീക്കി കൂളന്റ് പരിശോധിക്കുക. നിറവ്യത്യാസമുണ്ടെങ്കില്‍ മാറുക. റേഡിയേറ്റര്‍ ഫാന്‍ ബെല്‍റ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്ന് ഉറപ്പാക്കണം. റേഡിയേറ്ററിനു ചോര്‍ച്ചയില്ലെന്നും ഉറപ്പ് വരുത്തണം.

എ സിയ്ക്ക് ഏറെ ഉപയോഗമുള്ള കാലമാണിത്. എ സിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എ സി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാര്‍ പരിഹരിക്കുക. മതിയായ അളവില്‍ റഫ്രിജറന്റ് ഇല്ലെങ്കില്‍ തണുപ്പ് കുറയും.

പൊടിയുടെ ശല്യമുണ്ടാകുന്നതിനാല്‍ ഇടയ്ക്കിടെ വിന്‍ഡ് സ്‌ക്രീന്‍ വൃത്തിയാക്കേണ്ടി വരും. അതിനാല്‍ വാഷര്‍ റിസര്‍വോയറില്‍ പതിവായി വെള്ളം നിറച്ച് വയ്ക്കുക.

വാഹന നിര്‍മാതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അളവില്‍ ടയറുകളില്‍ വായു കാത്തുസൂക്ഷിക്കുക. ടയറില്‍ കാറ്റ് കുറവാണെങ്കില്‍ അത് ഘര്‍ഷണം വര്‍ധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാല്‍ ടയറിന്റെ തേയ്മാനം കൂടും. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും സ്‌റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായു മര്‍ദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കില്‍ നികത്തണം. ടയറില്‍ നിറയ്‌ക്കേണ്ട കാറ്റിന്റെ അളവ് ഡ്രൈവര്‍ സൈഡിലെ ഡോര്‍ തുറക്കുമ്പോള്‍ കാണാനാവും.

കുട്ടികളെ കാറില്‍ ഇരുത്തിയിട്ട് പോകരുത്

യാതൊരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് കാറില്‍ ഇരുത്തിയിട്ട് പുറത്തേയ്ക്ക് പോകരുത്. നിര്‍ത്തിയിട്ട കാറിനുള്ളിലെ ചൂട് പത്ത് മിനിറ്റ് കൊണ്ട് അപകടകരമാം വിധം ഉയരും. ഇത് കുട്ടികള്‍ക്ക് താപാഘാതം എല്‍ക്കാന്‍ ഇടയാക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച് മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വേഗത്തിലാണ് കുട്ടികളുടെ ശരീരതാപനില ഉയരുകയെന്ന് ഓര്‍ക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ പൂട്ടിയിടാന്‍ ശ്രദ്ധിക്കുക. കുട്ടികളെ കാറിനുള്ളില്‍ കളിക്കാന്‍ അനുവദിക്കരുത്.

കാല്‍നട യാത്രക്കാര്‍ക്ക് കൂടിയ പരിഗണന

പൊരിവെയിലത്ത് ചുട്ടുപഴുത്ത റോഡിലൂടെ നടക്കുമ്പോഴുള്ള അവസ്ഥ അതികഠിനം തന്നെ. ആ സ്ഥിതി മനസില്‍ വച്ച് അനുഭാവപൂര്‍വം കാല്‍നട യാത്രക്കാരോട് പെരുമാറുക. റോഡ് മുറിച്ച് കടക്കാന്‍ ഒരുങ്ങുന്നവരെ കാര്‍ നിര്‍ത്തി കടത്തിവിടുക. കാറിന്റെ മേല്‍മൂടി നല്‍കുന്ന തണലും എസിയുടെ തണുപ്പുമൊന്നും അവര്‍ക്കില്ലല്ലോ.

വെള്ളംകുടി അത്യാവശ്യം

മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെ അപകടകരമാണ് ആവശ്യത്തിനു വെള്ളം കുടിക്കാതെയുള്ള ഡ്രൈവിംഗ് എന്നാണ് യുകെയിലെ ലോഗ്ബറോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നത്. ബ്രേക്ക് ചെയ്യാന്‍ വൈകുക, ലൈന്‍ വിട്ടുപോകുക , പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയില്ലായ്മ എന്നിങ്ങനെയുള്ള തെറ്റുകള്‍ക്ക് നിര്‍ജലീകരണം കാരണമാകുന്നു. വരണ്ട വായ, തലവേദന, തലകറക്കം, ക്ഷീണം എന്നിവ ശരീരത്തില്‍ ജലാംശം കുറഞ്ഞെന്നതിന്റെ ലക്ഷണങ്ങളാണ്. വേനല്‍കാല യാത്രയ്ക്കിറങ്ങുമ്പോള്‍ നിര്‍ബന്ധമായും അവശ്യത്തിനു കുടിവെള്ളം കാറില്‍ കരുതുക. ഇടയ്ക്കിടെ ദാഹം തീര്‍ത്ത്ഡ്രൈവ് ചെയ്യുക.

സണ്‍ഗ്ലാസ് ഉപയോഗിക്കാം

കടുത്ത് സൂര്യപ്രകാശം കണ്ണുകളെ വേഗത്തില്‍ ക്ഷീണിപ്പിക്കും. അതുകൊണ്ടുതന്നെ നിലവാരമുള്ള സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നത് നന്നായിരിക്കും. കണ്ണില്‍ പൊടി കയറുന്നതും എസി യുടെ കാറ്റേറ്റ് കണ്ണുകള്‍ വരളുന്നതും തടയാനും സണ്‍ ഗ്ലാസ് സഹായിക്കും. വേനല്‍കാലത്ത് പൊടി കൊണ്ടുള്ള അലര്‍ജിയ്ക്കുള്ള സാധ്യത കൂടുതലുണ്ട്. അലര്‍ജിയോ ആസ്മയോ ഉള്ളവര്‍ ആവശ്യമായ മരുന്നുകള്‍ വാഹനത്തില്‍ കരുതുക.

വേനല്‍ മഴയെ സൂക്ഷിക്കുക

നീണ്ട ഇടവേളയ്ക്ക് ശേഷം മഴ പെയ്യുമ്പോള്‍ റോഡിലെ ഓയിലും അഴുക്കുമെല്ലാം കൂടിക്കുഴഞ്ഞ് വഴുക്കല്‍ ഉണ്ടാക്കും. ഇത്തരം വഴുക്കലുള്ള പ്രതലത്തില്‍ ടയറിനു മതിയായ പിടുത്തം കിട്ടില്ല. അതിനാല്‍ വേനല്‍ മഴയില്‍ വേഗം കുറച്ച് വാഹനം ഓടിക്കുക. അരമണിക്കൂര്‍ നിര്‍ത്താതെ മഴ കിട്ടിയാലേ റോഡിലെ ഓയിലും അഴുക്കുമെല്ലാം കഴുകിപോകൂ.

പെട്ടെന്ന് തണുപ്പിക്കാന്‍

വണ്ടിയില്‍ നിന്ന് ഇറങ്ങി അല്‍പ്പം കൂടുതല്‍ നടക്കേണ്ടിവന്നാലും തണലുള്ള സ്ഥലം നോക്കി വണ്ടി പാര്‍ക്ക് ചെയ്യുക. അല്ലാത്തപക്ഷം സൂര്യപ്രകാശം വാഹനത്തിനു പിന്നില്‍ പതിക്കും വിധം വണ്ടി പാര്‍ക്ക് ചെയ്യുക. സ്റ്റിയറിങ് വിലും സീറ്റുമൊക്കെ ചൂടാകുന്നത് ഇങ്ങനെ തടയാം. പാര്‍ക്ക് ചെയ്യുമ്പോള്‍ മുന്നിലെയും പിന്നിലെയും വിന്‍ഡ് സ്‌ക്രീനുകള്‍ക്ക് ഉള്ളില്‍ തിളക്കമുള്ള സണ്‍ഷേഡ് വയ്ക്കുന്നതും ഉള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.

ഏറെ നേരം വെയിലത്ത് കിടന്ന വാഹനം എടുക്കുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ എല്ലാം താഴ്ത്തി ഫാന്‍ പരമാവധി വേഗത്തില്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ട് ഓടിയ്ക്കുക, ചൂട് വായുവിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ ഇതു സഹായിക്കും. അതിനുശേഷം ഗ്ലാസുകള്‍ ഉയര്‍ത്തി എസി പ്രവര്‍ത്തിപ്പിക്കുക.

പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളില്‍ മാത്രം എസിയുടെ വെന്റിലേഷന്‍(പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന) മോഡ് ഇടുക. റിസര്‍ക്കുലേഷന്‍ മോഡില്‍ വാഹനത്തിനുള്ളിലെ വായുവാണ് എസി തണുപ്പിക്കുക. ക്യാബിന്‍ വേഗത്തില്‍ തണുപ്പിക്കാന്‍ ഈ മോഡാണ് ഉത്തമം.


Next Story

Related Stories