TopTop
Begin typing your search above and press return to search.

രണ്ടുവയസ്സുകാരി തേജസ്വിനിയുടെ വേര്‍പാടിന്റെ ഈ ദിവസങ്ങളിലെങ്കിലും ഒരു മാറ്റത്തിനായി ശ്രമിച്ചു കൂടേ?

രണ്ടുവയസ്സുകാരി തേജസ്വിനിയുടെ വേര്‍പാടിന്റെ ഈ ദിവസങ്ങളിലെങ്കിലും ഒരു മാറ്റത്തിനായി ശ്രമിച്ചു കൂടേ?

മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞന്‍ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ രണ്ടുദിവസം മുന്നെ അപകടത്തില്‍പ്പെട്ട് അദ്ദേഹവും ഭാര്യയും ഡ്രൈവറും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് എന്ന ദുരന്തവാര്‍ത്തയാണ് ഈ കുറിപ്പെഴുതാനുണ്ടായ കാരണം. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് അവരുടെ ദൈനംദിന ജിവിതത്തിലേക്ക് മടങ്ങിവരട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ദമ്പതികളുടെ രണ്ടു വയസ്സുകാരിയായ പൊന്നോമന മകള്‍ തേജസ്വിനി ഈ അപകടത്തില്‍ ദാരുണമായി മരണപ്പെടുകയുണ്ടായി എന്നത് മറക്കാനാവാത്ത വിങ്ങലായി അവശേഷിക്കുന്നു.

റോഡുകളുടെ നിര്‍മാണത്തിലെ പരിമിതികളും അറ്റകുറ്റപ്പണികള്‍ക്കുണ്ടാകുന്ന കാലതാമസവും നിരത്തുകളിലെ വാഹനങ്ങളുടെ അനിയന്ത്രിതമായ എണ്ണക്കൂടുതലുമൊക്കെ അടിക്കടിയുണ്ടാകുന്ന നിരവധിയായ റോഡപകടങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമാകാമെങ്കിലും ചില അടിസ്ഥാന വാഹന/റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പലപ്പോഴും നമ്മള്‍ വിമുഖത കാണിക്കുന്നു എന്നത് അസുഖകരമായ ഒരു സത്യമായി ഇന്നും നിലനില്‍ക്കുന്നു. സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റുമൊക്കെ നമ്മളുപയോഗിക്കുന്നത് മനസ്സില്ലാമനസ്സോടെ സ്ഥിരം ശല്യക്കാരായ പോലീസുകാരില്‍ നിന്നും താല്‍ക്കാലികമായെങ്കിലും 'രക്ഷപെടാന്‍' വേണ്ടി മാത്രമാണ് എന്നതാണ് യാഥാര്‍ഥ്യം. സത്യത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണമൊക്കെ തുടങ്ങിയിട്ട് എട്ടോ പത്തോ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അതും ഡ്രൈവര്‍ മാത്രം സൈറ്റ് ബെല്‍റ്റിട്ടാല്‍ മതിയാവും അല്ലെങ്കില്‍ ഇരുചക്രവാഹനം നിയന്ത്രിക്കുന്നയാള്‍ മാത്രമേ ഹെല്‍മെറ്റ് ധരിക്കേണ്ടതുള്ളു തുടങ്ങി നിയമത്തിന്റെ ഏതെങ്കിലും പഴുതുകളിലൂടെ കാരണം കാണിച്ച് രക്ഷപ്പെടാനാണ് നമ്മളൊക്കെ എപ്പോഴും ശ്രമിക്കാറുള്ളത്. ഇത്തരം ന്യായികരണങ്ങളിലൂടെ നാമറിയാതെ പൊലിയുന്നത് വിലപ്പെട്ട ജീവനുകളാണെന്ന പരമാര്‍ത്ഥം ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അപകടം പിണയുന്ന നേരം മാത്രമാണ് നമ്മളൊക്കെ തിരിച്ചറിയുന്നത്. എങ്കിലും മേല്‍പ്പറഞ്ഞ അപകടങ്ങളില്‍ നിന്നൊന്നും നമ്മള്‍ അത്രയൊന്നും പാഠങ്ങളുള്‍ക്കൊള്ളുന്നില്ല, അല്ലെങ്കില്‍, തിരിച്ചറിവുകളൊക്കെ ആയുസെത്താതെ മറവിയുടെ ഇരുളിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ മറഞ്ഞില്ലാതാവും.

ഇനി കാര്യത്തിലേക്ക് വരാം. വെളുപ്പിനെ നാലരമണി സമയമാണ്. വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് തേജസ്വിനിക്കുട്ടി അച്ഛന്റെ കൂടെ മുന്‍ സീറ്റില്‍ ആയിരുന്നു എന്നതാണ്. ഡ്രൈവര്‍ ഉറങ്ങിയതാവാം വണ്ടി നിരത്തില്‍നിന്ന് തെന്നിമാറാന്‍ കാരണമെന്നും പറയുന്നു. തികച്ചും സ്വാഭാവികമാണത്. എത്ര പരിചയമുള്ളയാളാണെങ്കിലും അര്‍ദ്ധരാത്രിയ്ക്ക് ശേഷമുള്ള വാഹനമോടിക്കലില്‍ ഉറക്കം വരാതിരിക്കാനുള്ള സാധ്യത വളരെ വിരളമാണ്. പ്രത്യേകിച്ചും കൂടെയുള്ളവര്‍ ഉറങ്ങുന്ന ഒരു സാഹചര്യവുമാണെങ്കില്‍. അല്ലെങ്കില്‍ ഒരു പകലുമുഴുവനുറങ്ങി രാത്രി വളയം പിടിക്കുന്ന ദിര്‍ഘദൂരസര്‍വ്വീസുകളിലെ ഡ്രൈവര്‍മാര്‍ ആയിരിക്കണം.

യാദൃശ്ചികമായി യാത്രചെയ്യുന്ന വാഹനം അപകടത്തില്‍പ്പെട്ടു എന്നിരിക്കട്ടെ. അതിലേറ്റവും പരിക്കുകളുണ്ടാവുന്നത് വാഹനത്തിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ്. ഇടിയുടെ ആഘാതത്തില്‍ മടിയില്‍ നമ്മള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്ന കൊച്ചുകുട്ടിയുടെ പിടി പൊടുന്നനെ വിടുവിക്കപ്പെടുന്നു. കുഞ്ഞുങ്ങള്‍ അതിശക്തിയില്‍ വാഹനത്തിനുള്ളിലേയ്‌ക്കോ അല്ലെങ്കില്‍ ദൂരേയ്ക്കോ വലിച്ചെറിയപ്പെടുന്നു. ആഘാതത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ച് സാരമായ പരിക്കുകളൊ ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്ന വേര്‍പാടുകളൊ ഉണ്ടാവുന്നു. സാധാരണയായി പരിക്കേല്‍ക്കുക തലച്ചോറിനോ സുഷുമ്‌നാ നാഡിക്കോ ആയിരിക്കാം. മിക്കതും മരണത്തിലേയ്ക്ക് നിളുന്നവയും.

നിരവധി അപകടങ്ങളെക്കുറിച്ച് നമ്മള്‍ നിരന്തരം കേള്‍ക്കുന്നു. മിക്കതും വലിയ വാര്‍ത്താ പ്രാധാന്യമൊന്നുമില്ലാതെ നമ്മളെ കടന്നുപോകുന്നു. എങ്ങനെയാണ് കുഞ്ഞുങ്ങളെ നമുക്ക് ഇത്തരത്തിലുണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ നിന്നും ഒരു പരിധിവരെയെങ്കിലും രക്ഷിക്കാനാവുക? വികസിതരാജ്യങ്ങളില്‍ നിയമനിര്‍മ്മാണത്തിലൂടെ സംരക്ഷിക്കപ്പെടുന്ന നിരവധി സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അവരുടെ പ്രായത്തിനും തൂക്കത്തിനുമൊത്ത് പാകപ്പെടുത്തിയ സുരക്ഷാസീറ്റുകള്‍ വാഹനങ്ങളില്‍ നിര്‍ബദ്ധമായും ഉപയോഗിക്കാന്‍ വാഹന ഉടമകളെയും രക്ഷിതാക്കളെയും ഡ്രൈവര്‍മാരെയും നിഷ്‌കര്‍ഷിക്കത്തക്കതരത്തിലുള്ള നിയമനിര്‍മ്മാണവും ബോധവത്കരണവും അടിയന്തിരമായി നമുക്കും വേണ്ടതാണ്.

കാലിഫോര്‍ണിയയില്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റില്ലാതെ ഒരു കുട്ടി കാറിലോ മറ്റ് നാലുചക്രവാഹനങ്ങളിലോ യാത്ര ചെയ്താല്‍ വാഹന ലൈസന്‍സുള്ള രക്ഷിതാവ് കൂടെയുണ്ടെങ്കില്‍ അയാള്‍ക്ക് അല്ലെങ്കില്‍ വാഹനമോടിക്കുന്നയാള്‍ക്ക് ആദ്യത്തെ പിഴ നാനൂറ്റി അന്‍പതോളം ഡോളറുകളാണ്. ഇതേ കാരണത്താല്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ ആയിരം ഡോളറിനും മുകളില്‍പ്പോവും. ഇന്നത്തെക്കണക്കിന് എഴുപതിനായിരം ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍. കാര്യത്തിന്റെ തീവ്രത എത്രയാണെന്ന് ഈ പിഴത്തുകയില്‍ നിന്നും നമുക്ക് മനസ്സിലാവണം. ഇന്ത്യയിലിന്ന് ഏതാണ്ട് രണ്ടായിരം മുതല്‍ അയ്യായിരം രൂപയ്ക്ക് വരെ അത്യാവശ്യം ഗുണനിലവാരമുള്ള ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ ലഭ്യമാണ്. ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഡ്രൈവറുടെയോ മുന്‍പിലിരിക്കുന്ന യാത്രക്കാരന്റെയോ സീറ്റിന്റെ പിറകില്‍ വാഹനത്തിന്റെ പിന്‍ഭാഗത്തിന് അഭിമുഖമായി ബന്ധിപ്പിക്കാവുന്നതാണ്. യാതൊരു കാരണവശാലും നിങ്ങളുടെ കുഞ്ഞിനെ മടിയിലിരുത്തി നിങ്ങള്‍ യാത്രചെയ്യരുത്. കാരണം അപകടങ്ങള്‍ ഏതു നിമിഷവും സംഭവിക്കാം. രക്ഷാസീറ്റില്ലാതെയാണെങ്കിലും പിന്‍ സീറ്റിലിരുന്നാണ് കുട്ടി യാത്രചെയ്യുന്നതെങ്കില്‍ അപകടത്തില്‍ പരിക്കൊ മരണമോ സംഭവിക്കാനുള്ള സാധ്യത 25% വരെ കുറവാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. യാതൊരു സുരക്ഷാമാര്‍ഗ്ഗങ്ങളും നൂറുശതമാനം വിജയപ്രദമല്ല, എന്നാല്‍ ശരിയായ അളവിലും വലിപ്പത്തിലുമുള്ള സുരക്ഷാ സീറ്റുകള്‍ ഉപയോഗിക്കുക വഴി പരിക്ക് അല്ലെങ്കില്‍ മരണനിരക്ക് എണ്‍പത് ശതമാനം വരെയെങ്കിലും കുറയ്ക്കാനാവും എന്നതാണ് രാജ്യാന്തര ഏജന്‍സികളുടെ പഠനങ്ങള്‍ പറയുന്നത്.

നമുക്കുമൊരു നിയമനിര്‍മ്മാണ സഭയുണ്ട്. കാര്യങ്ങള്‍ വസ്തുതാപരമായി വിശകലനം ചെയ്യുന്ന സാമാജികരുമുണ്ട്. രണ്ടുവയസ്സുകാരി തേജസ്വിനിക്കുട്ടിയുടെ ദുഃഖകരമായ ഈ വേര്‍പാടിന്റെ ദിവസങ്ങളിലെങ്കിലും ഒരു മാറ്റത്തിനായി നമുക്ക് ശ്രമിച്ച് കൂടെ? അടുത്ത നിയമസഭാസമ്മേളനത്തിലെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുതകുന്ന തരത്തിലൊരു ചൈല്‍ഡ് സേഫ്റ്റി ലോ നമുക്ക് പാസ്സാക്കിക്കൂടെ? അങ്ങനെയെങ്കില്‍ നിയമപാലകര്‍ക്ക് സീറ്റ് ബെല്‍റ്റിനും ഹെല്‍മെറ്റിനുമൊപ്പം ചൈല്‍ഡ് സേഫ്റ്റി സീറ്റുകളും നമ്മുടെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനാവും.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് നിയമനിര്‍മ്മാണം വഴിയായി സീറ്റ് ബെല്‍റ്റുപയോഗം നിര്‍ബന്ധിതമാക്കിയതിന് മുന്‍പ് കേവലം അര ശതമാനം നാലുചക്രവാഹന യാത്രികരായിരുന്നു ഈ സുരക്ഷാസംവിധാനം ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത് അന്‍പത് ശതമാനത്തോളമായി മാറിയിരിക്കുന്നു. അതുകൊണ്ട് വാഹന സുരക്ഷാ നിയമങ്ങള്‍ക്കുള്ളില്‍ അടിയന്തിര ദേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ അനിവാര്യമാണ്. ഇപ്പറഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടതാണ്. എന്നാല്‍ അടിയന്തിരമായി സകല നാലുചക്രവാഹന യാത്രക്കാരും വാഹനഉടമകളും രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ പാകത്തിലുള്ള സേഫ്റ്റി സീറ്റില്ലാതെ നാലുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യിക്കില്ല എന്നൊരു ഉറച്ച തീരുമാനമെടുക്കണം. കാരണം, ഏതു നിമിഷമാണ് അപകടം ഉണ്ടാവുകയെന്നത് നമുക്കറിയില്ല. നമ്മുടെ കുട്ടികളെ നമ്മള്‍ സംരക്ഷിച്ചേ മതിയാവൂ.

ബാലഭാസ്‌കറും കുടുംബവും എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തേജസ്വിനിമോളുടെ വിയോഗദുഃഖത്തില്‍ പങ്കുചേരുന്നു.

*കണക്കുകളും ചാര്‍ട്ടുകളും ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നും

http://www.who.int/roadsafety/publications/Seat-beltsManual_EN.pdf


Next Story

Related Stories