റോഡപകടങ്ങൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ വാഹനം ഓടിക്കുന്നവരും കാൽനടക്കാരും ഒരു പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അപകടങ്ങൾ ഒരു പരിധി വരെ നമ്മൾ ക്ഷണിച്ചു വരുത്തുന്നതാണ്. നമ്മുടെ ചില ശീലങ്ങളും അശ്രദ്ധയുമൊക്കെ ഒഴിവാക്കിയാൽ തന്നെ അപകടസാധ്യത വലിയൊരളവിൽ കുറയ്ക്കാം. റോഡപകടങ്ങൾ കുറയ്ക്കാൻ ഈ പത്തു മന്ത്രങ്ങൾ ശ്രദ്ധിക്കൂ.
1. കണ്ണുകൾ റോഡിൽ തന്നെ ആണോ? അല്ലെങ്കിൽ കളി കാര്യമാകുമേ!
വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒന്നും തന്നെ ഉപയോഗിക്കരുത്. അതായത് ഫോൺ, ടാബുകൾ മുതലായവ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത് വഴി വലിയ അപകടങ്ങൾ ഉണ്ടാക്കിയേക്കാം. വാഹനം ഓടിക്കുമ്പോൾ മറ്റൊന്നിലും ഏർപ്പെടാതെ റോഡിലെ സിഗ്നൽ ബോർഡ്സ് ശ്രദ്ധിച്ച് മുന്നോട്ട് പോകുക. ഫോൺ കോളുകൾ വന്നാൽ വാഹനം ഒതുക്കി നിർത്തി മാത്രം സംസാരിക്കുക. മറ്റുള്ള കാര്യങ്ങളിൽ ഏർപ്പെടേണ്ട സന്ദർഭമല്ല ഇത് എന്ന് മനസിലാക്കിയാൽ തന്നെ റോഡപകടങ്ങളിൽ ഗണ്യമായ മാറ്റം ഉണ്ടാകും. വാഹനം നിങ്ങൾക്ക് മുടി ചീകാനും ഷേവ് ചെയ്യാനും ഉള്ള ഇടം അല്ല.
2. സെൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യൂ, ഡ്രൈവിങ്ങിൽ ശ്രദ്ധിക്കൂ
വാഹനം ഓടിക്കുമ്പോൾ സെൽ ഫോൺ ഉപയോഗിക്കുന്നത് എന്ത് കാരണം കൊണ്ടാണെങ്കിലും വലിയൊരു ട്രാഫിക് നിയമ ലംഘനം ആണ്. ഇത് ഒരു തരത്തിലും നമുക്ക് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം. ഹാൻഡ് ഫ്രീ മോഡിലുള്ള ഫോൺ അല്ലെങ്കിൽ ഡയൽ ചെയ്യാനും മറ്റും ഫോൺ നോക്കേണ്ടി വരുന്നത് ഡ്രൈവിങ്ങിലെ ശ്രദ്ധ തിരിക്കാൻ ഇടയാക്കുന്നു. ഫോൺ ഹാൻഡ് ഫ്രീ മോഡിൽ ആണെങ്കിൽ പോലും പരിസരം മറന്നുള്ള സംസാരം ദുന്തങ്ങൾ സൃഷ്ടിക്കാം.
3. മദ്യവും ഡൈ്രവിങ്ങും വിരുദ്ധർ
മദ്യപിച്ച് വാഹനമോടിച്ചാൽ പിഴ ഈടാക്കുക മാത്രമല്ല ജയിൽ ശിക്ഷ കിട്ടാനുള്ള വകുപ്പും നമുക്കുണ്ട്. വണ്ടി തടഞ്ഞു വെക്കാനും ഒരു വർഷത്തേക്ക് വരെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നിയമമുണ്ട്. മദ്യപിച്ചുള്ള ഡ്രൈവിംഗ് നമ്മുടെ ചിന്തയെയും കാഴ്ചയെയും മന്ദീഭവിപ്പിക്കുകയും വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുകയും ചെയുന്നു. മദ്യപിച്ചിരിക്കുകയാണെങ്കിൽ ഒരു കാരണവശാലും വാഹനം ഓടിക്കരുത്. പകരം മറ്റേതെങ്കിലും യാത്ര മാർഗങ്ങൾ തേടുക അല്ലെങ്കിൽ ഡ്രൈവറെ നിയോഗിക്കുക. നിങ്ങൾ മൂലം മറ്റുള്ളവർക്ക് ദുരന്തങ്ങൾ വരുത്തിവെക്കാതിരിക്കുക.
4. ഈരടികൾ മാറ്റുമ്പോൾ ജീവിതത്തിന്റെ താളം തെറ്റിയേക്കാം
വാഹനം ഓടിക്കുമ്പോൾ പാട്ട് കേൾക്കുന്നത് പലരുടെയും ശീലമാണ്. പാട്ടു കേൾക്കുന്നതിന് കുഴപ്പമില്ലെങ്കിലും പാട്ട് മാറ്റുന്നതിനും മറ്റുമായി പ്ലെയറിലേക്ക് ശ്രദ്ധ പോകുന്നത് അപകടകാരണമാകാം. നമ്മുടെ കണ്ണുകൾ റോഡിൽ നിന്നും മാറുന്ന നിമിഷം വൻ ദുരന്തങ്ങൾ ഉണ്ടായേക്കാം. ഡ്രൈവ് ചെയുമ്പോൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
5. സീറ്റ് ബെൽറ്റ്, സുരക്ഷ ബെൽറ്റ്
വാഹനത്തിൽ കയറിയാൽ ഉടൻ സേഫ്റ്റി ബെൽറ്റ് ധരിക്കുക. ഡ്രൈവർ ആയാലും സഹയാത്രികരായാലും അതിൽ ഉപേക്ഷ കാണിക്കരുത്. അപകടം ഉണ്ടായാൽ തെറിച്ച് വീഴാതിരിക്കാനും അതുമൂലം ഉണ്ടാകാൻ ഇടയുള്ള ഗുരുതരമായ പരുക്കുകൾ ഒരു പരിധി വരെ സീറ്റ് ബെൽറ്റ് കൊണ്ട് ഒഴിവാക്കാവുന്നതാണ്.
6. സഹയാത്രികരുടെ എണ്ണം നിയന്ത്രിക്കുക
ബൈക്കിലായാലും കാറിലായാലും മറ്റേത് വാഹനമായാലും ഓവർലോഡ് പ്രോത്സാഹിപ്പിക്കരുത്. വാഹനത്തിൽ ആളുകളെ കുത്തി നിറച്ചുള്ള യാത്രകളിൽ അപകടങ്ങൾ പതിയിരിക്കുന്നതായി സമകാലിക അനുഭവങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രം യാത്രക്കാരെ കയറ്റുക.
7. കാലാവസ്ഥയെ അവഗണിച്ചുള്ള യാത്രകൾ ഒഴിവാക്കുക.
കാലാവസ്ഥ വ്യതിയാനങ്ങൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ ഡ്രൈവിങ്ങിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കനത്ത മഴയും കാറ്റും ഉള്ള കാലാവസ്ഥയിൽ മാത്രമല്ല മഞ്ഞുകാലത്തും രാത്രി സഞ്ചാരങ്ങൾ നിയന്ത്രിക്കുക. മഴക്കാലത്ത് മരങ്ങൾ ഒടിഞ്ഞു വീഴാനും ഗതാഗതക്കുരുക്കുകൾ ഉണ്ടാകാനും ഉള്ള സാധ്യതകൾ തള്ളിക്കളയരുത്.
8. സേഫ്റ്റി റേറ്റിംഗ് വിലയിരുത്തി മാത്രം വാഹനങ്ങൾ വാങ്ങുക
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ സ്പോർട്സ് യൂട്ടിലിറ്റി കാറുകൾ പോലെ പുറം മോഡി നോക്കി തിരഞ്ഞെടുക്കാതെ സേഫ്റ്റി റേറ്റിംഗ് പരിശോധിച്ച് സുരക്ഷ ഘടകങ്ങൾക്ക് മുൻതൂക്കം നൽകുക. എബിഎസ് സുരക്ഷ, എയർ ബാഗുകൾ, ട്രാക്ഷൻ കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ സിസ്റ്റം, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത് അപകടമുണ്ടായാലും അതിന്റെ ആഘാതം വളരെയേറെ കുറയ്ക്കാൻ സഹായിക്കും.
9. ദൂരയാത്രയിൽ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടൂ
ദൂരയാത്രകളിൽ ഡ്രൈവിംഗ് പരിചയമുള്ള ഒരാളെ കൂടി കൂട്ടുക. അത് ക്ഷീണം ഇല്ലാതിരിക്കാനും അനായാസം ദൂരം പിന്നിടാനും സഹായിക്കും. മാത്രമല്ല നിങ്ങൾ ശ്രദ്ധിക്കാത്ത ബോർഡുകൾ, വഴികൾ മറ്റും ഇവർക്ക് ശ്രദ്ധിക്കാനാകും.
10. രാത്രി കാലങ്ങളിലുള്ള യാത്രകൾ ഒഴിവാക്കുക
രാത്രി 2 മണി മുതൽ പുലർച്ചെ 5 മണി വരെ യാത്രകൾ ഒഴിവാക്കുക. നമ്മുടെ തലച്ചോർ വിശ്രമിക്കുന്ന സമയമാണിത്. രാത്രി യാത്ര ചെയ്യേണ്ട ആവശ്യങ്ങൾ വന്നാൽ മതിയായ ഉറക്കം ലഭിച്ചിട്ട് മാത്രം പുറപ്പെടുക. യാത്രവേളയിൽ ഉറക്കം തോന്നിയാൽ വാഹനം ഒതുക്കി നിർത്തി കുറഞ്ഞത് 30 മിനിറ്റു എങ്കിലും വിശ്രമിച്ച് മാത്രം യാത്ര പുനരാരംഭിക്കുക.