TopTop
Begin typing your search above and press return to search.

മാരുതി സുസൂക്കി ജിപ്സി: ഒരു ഓഫ് റോഡിങ് കാലഘട്ടം പിൻവാങ്ങുമ്പോൾ

മാരുതി സുസൂക്കി ജിപ്സി: ഒരു ഓഫ് റോഡിങ് കാലഘട്ടം പിൻവാങ്ങുമ്പോൾ

1985ൽ ഒരു 1 ലിറ്റർ എൻജിനുമായി മാരുതി സുസൂക്കി ജിപ്സി ഇന്ത്യൻ വിപണിയിലെത്തുമ്പോൾ അത്തരം വാഹനങ്ങൾ അധികമൊന്നും ഇന്ത്യൻ നിരത്തുകളിലുണ്ടായിരുന്നില്ല. അമേരിക്കൻ കാർനിർമാതാവായ ജീപ്പിൽ നിന്നും കടംവാങ്ങിയ പേരുമായി വില്ലിസ് ജീപ്പിന്റെ മാതൃകയിൽ മഹീന്ദ്ര പുറത്തിറക്കി വന്നിരുന്ന ഒരു കാർ മാത്രമാണ് സമാനകളുള്ളതെന്ന് പറയാൻ കഴിയുമായിരുന്ന ഒന്ന്. എല്ലാംകൊണ്ടും സ്പോർട് യൂട്ടിലിറ്റി വെഹിക്കിൾ എന്ന് വിളിക്കാൻ പോരുന്ന വാഹനങ്ങൾ മഹീന്ദ്ര 'ജീപ്പും' മാരുതി സുസൂക്കി ജിപ്സിയും മാത്രമായിരുന്നെന്നു പറയാം. ഇതിൽത്തന്നെ ജിപ്സിയുടെ നില കുറെക്കൂടി വരേണ്യമായിരുന്നു. ജീപ്പ് പണ്ടെപ്പോലെ പരുക്കൻ ഗ്രാമജീവിതത്തോട് ഇണങ്ങി ജീവിച്ചപ്പോൾ അർബൻ ക്ഷുഭിതയൗവനങ്ങൾക്ക് ജിപ്സി കൂട്ടായി. അക്കാലത്തെ സിനിമകളിൽ പലതിലും നായകസമാനമായ സ്ഥാനം ജിപ്സിക്ക് ലഭിക്കുകയുണ്ടായി.

85ൽ സുസൂക്കി തന്നെ വികസിപ്പിച്ചെടുത്ത ഒരു 970 സിസി എഫ്10എ എന്‍ജിന്‍ ഘടിപ്പിച്ചാണ് ജിപ്സി ഇന്ത്യൻ നിരത്തുകളിലെത്തിയത്. 45 കുതിരകളുടെ കരുത്താണ് ഈ എൻജിനിൽ ചേർത്തിരുന്നത്. ഒരു 4 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് എൻജിൻ കരുത്ത് ചക്രങ്ങളിലേക്ക് പകർന്നത്. ഫോർ വീൽ‌ ഡ്രൈവ് സന്നാഹവും കാറിലുണ്ടായിരുന്നു.

തുടക്കത്തിൽ സോഫ്റ്റ് ടോപ്പ് മാത്രമാണ് ലഭ്യമാക്കിയിരുന്നതെങ്കിലും പിന്നീട് ഹാർഡ് ടോപ്പുകളും വിപണിയിലെത്തി. അക്കാലത്ത് ഇന്ത്യൻ റാലികളിൽ പ്രീമിയർ പത്മിനിയാണ് വാണിരുന്നത്. ജിപ്സിയുടെ വരവോടെ സ്ഥിതി മാറി. കൂടുതൽ കരുത്തുറ്റതും കൈകാര്യക്ഷമതയേറിയതുമായ ജിപ്സി കാറുകൾ റാലി സർക്യൂട്ടുകളെ പ്രകമ്പനം കൊള്ളിച്ചു.

19993ൽ മാരുതി ജിപ്സിക്ക് വളരെ വിപുലമായൊരു പുതുക്കൽ നൽകി. ഇതിൽ അഴകളവുകളിൽ വലിയ മാറ്റങ്ങൾ വന്നു. വളവുകളിലും മറ്റും ജിപ്സി മറിയാനുള്ള സാധ്യതയുണ്ടെന്ന വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വീൽ ട്രാക്കുകളുടെ അളവുകൾ വർധിപ്പിച്ചത്.

1996ലാണ് മാരുതി സുസൂക്കി ജിപ്സിക്ക് പുതിയൊരു എൻജിൻ കിട്ടുന്നത്. ഒരു 1.3 ലിറ്റർ എൻജിനായിരുന്നു ഇത്. 60 കുതിരശക്തി ഉൽപാദിപ്പിക്കാന്‍ ഈ എൻജിന് ശേഷിയുണ്ടായിരുന്നു. രണ്ടായിരാമാണ്ടിൽ ജിപ്സിക്ക് 80 കുതിരശക്തിയുള്ള മറ്റൊരു എൻജിന്‍ കൂടി ലഭിച്ചു.

ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ എസ്‌യുവികൾ കടന്നുവന്നതോടെ ജിപ്സിക്ക് ഡിമാൻഡ് പതുക്കെ കുറഞ്ഞു വന്നു. 6 ലക്ഷത്തിന്റെ ചുറ്റുപാടിൽ വരുന്ന വില കൊടുക്കാൻ തയ്യാറാകുന്നവർ ജിപ്സി ആരാധകർ മാത്രമായി ചുരുങ്ങി. മഹീന്ദ്ര താർ പോലുള്ള കാറുകൾ കൂടുതൽ സന്നാഹപ്പെട്ടതാണ്. ഇതേ വിലയിൽ കിട്ടുകയും ചെയ്യും. ഫോഴ്സിന്റെ ഗൂർഖയും ഇതേ വിലനിലവാരത്തിൽ കിട്ടും. സ്റ്റൈലിന്റെ കാര്യത്തിൽ ഈ കാറുകളും ഒട്ടും പിന്നിലുമല്ല.

ഇന്നും ഈ വാഹനത്തെ ചുറ്റിപ്പറ്റി ഒരു 'കൾട്ട് ഫോളോവിങ്' ഉണ്ട്. വാഹനം വിപണിയിൽ നിന്ന് ഏറെക്കാലമായി ഏതാണ്ട് അപ്രത്യക്ഷം തന്നെയായിരുന്നു. ഡീലർഷിപ്പുകൾ ഈ വാഹനത്തിനുള്ള ബുക്കിങ് സ്വീകരിക്കുമെന്നായിരുന്നു ഔദ്യോഗികമായ വെപ്പെങ്കിലും അത് വലിയ തോതിൽ നടന്നിരുന്നില്ല. ആ വഴിക്ക് മാരുതി പരസ്യങ്ങൾ നൽകുകയും മറ്റും ഉണ്ടായിരുന്നുമില്ല. എൻജിൻ എമിഷൻ ചട്ടങ്ങൾ കർശനമാക്കിയതോടെ ജിപ്സിക്ക് പട്ടാള ക്യാമ്പുകളിൽ നിന്നും പുറത്തിറങ്ങുക എന്നത് ഏതാണ്ട് അസാധ്യമായിത്തുടങ്ങിയിരുന്നു. പൊതുജനത്തിന് അധികകാലം ഇത്തരം എൻജിനുകൾ വെച്ച് നിരത്തിലോടിക്കാൻ സാധിക്കില്ല.

ഈ കാറിന് ഡീസൽ എൻജിനില്ല എന്നതും പൊതുവിപണിയിൽ ഒരു പ്രശ്നമാണ്. പെട്രോൾ എൻജിൻ പതിപ്പുകൾ മാത്രമായി ഇന്ന് കാറുകൾ നിർമിച്ച് വിപണിയിൽ പിടിച്ചു നിൽക്കുക അസാധ്യമാണ്.

ഇന്ത്യൻ സൈന്യത്തിന് ഈ കാർ ഏറെ ഉപകാരപ്രദമായിരുന്നു. ഏത് ഇടുക്കുകളിലേക്കും സൈനികരെയും ചരക്കുകളും കൊണ്ടുപോകാൻ ജിപ്സി ഉപയോഗിച്ചു വന്നിരുന്നു. ഇപ്പോൾ ഈ സാധ്യതയും അടയുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിപ്സിക്ക് ലഭിച്ചു വന്നിരുന്ന ഓർഡറുകൾ ടാറ്റയുടെ കുറെക്കൂടി സന്നാഹപ്പെട്ട വാഹനങ്ങൾ കൈക്കലാക്കാൻ തുടങ്ങിയിരുന്നു. പുറത്തെ വിപണിയിലും പട്ടാളവിപണിയിലും ജിപ്സി പുറന്തള്ളപ്പെടുന്ന സാഹചര്യമെത്തിയതോടെയാണ് മാരുതി പിൻവാങ്ങാൻ തയ്യാറെടുത്തത്.

ഈ പിൻമാറ്റം കൊണ്ട് മാരുതിക്ക് നേട്ടങ്ങൾ ചിലതുണ്ട്. നിലവിൽ ജിപ്സി നിർമിക്കാനുപയോഗിക്കുന്ന പ്രൊഡക്ഷൻ ലൈൻ മറ്റു വാഹനങ്ങൾക്കായി ഉപയോഗിക്കാം. ഉയർന്ന കാത്തിരിപ്പു സമയമുള്ള നിരവധി വാഹനങ്ങൾ മാരുതിക്കുണ്ട്. ഇവയ്ക്കു വേണ്ടി ഈ പ്രൊഡക്ഷൻ ലൈൻ ഉപയോഗിക്കാം. പട്ടാളവിപണിയിലെ സാന്നിധ്യം നിലനിർത്തുക എന്നതു മാത്രമായിരുന്നു ജിപ്സി കൊണ്ട് മാരുതിക്ക് ഇടക്കാലത്ത് ഉണ്ടായിരുന്ന നേട്ടം. ഈ സാധ്യത അടയുമ്പോൾ പിൻവാങ്ങുക എന്നതു തന്നെയാണ് ഉചിതം.


Next Story

Related Stories