TopTop
Begin typing your search above and press return to search.

ചെറു ഹാച്ച്ബാക്ക് സെഗ്മെന്റിൽ മസിൽ പെരുപ്പിച്ചെത്തുന്ന മാരുതി സുസൂക്കി എസ് പ്രെസ്സോ: കൂടുതൽ വിവരങ്ങൾ ലീക്കായി

ചെറു ഹാച്ച്ബാക്ക് സെഗ്മെന്റിൽ മസിൽ പെരുപ്പിച്ചെത്തുന്ന മാരുതി സുസൂക്കി എസ് പ്രെസ്സോ: കൂടുതൽ വിവരങ്ങൾ ലീക്കായി

രാജ്യത്തെ ഏറ്റവും വലിയ കാർനിർമാതാവായ മാരുതിയുടെ പുതിയ എൻട്രി ലെവൽ മോഡൽ 'എസ്-പ്രെസ്സോ' വിപണിയിലേക്ക് ദീപാവലിക്കാലത്ത് എത്തിച്ചേരും. ഈ വാഹനം ഇന്ത്യൻ നിരത്തുകളിൽ പലയിടങ്ങളിലായി ഈ ചെറുകാറിനെ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറെ നാളുകളിൽ ഈ ടെസ്റ്റുകൾ വ്യാപകമായി ശ്രദ്ധയിൽ പെട്ടതോടെ ലോഞ്ച് ദിനം അടുത്തെന്ന് അനുമാനിക്കപ്പെടുകയും ചെയ്തിരുന്നതാണ്. ഓട്ടോകാർ ഇന്ത്യ പറയുന്നതു പ്രകാരം ലോഞ്ച് സെപ്തംബർ 30ന് നടക്കും.

നിലവിൽ ഈ കാറിന്റെ യഥാർത്ഥ രൂപം പുറത്തു വന്നിട്ടില്ല. ഓട്ടോഷോകളിൽ അവതരിപ്പിക്കപ്പെട്ട കൺസെപ്റ്റ് മോഡൽ ചിത്രങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഇതു കൂടാതെ വിവിധയിടങ്ങളിൽ സര്‍വ്വാംഗം മൂടപ്പെട്ട നിലയിൽ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയതിന്റെ ചിത്രങ്ങളുമുണ്ട്.

2018 ഓട്ടോഎക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട 'ഫ്യൂച്ചർ എസ്-കണ്‍സെപ്റ്റി'നെ ആധാരമാക്കിയാണ് എസ്-പ്രെസ്സോ ഡിസൈൻ ചെയ്തിട്ടുള്ളത്.

ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത് ഈ കാറിന് കുറച്ചധികം മസിലൻ ഭാവം പകരാൻ‌ സുസൂക്കി ശ്രമിച്ചിട്ടുണ്ടെന്നാണ്. മുൻവശത്ത് ഏതാണ്ടൊരു എസ്‌യുവിക്ക് സമാനമായ എടുപ്പ് കാണാവുന്നതാണ്. നിലവിൽ ചെറു ഹാച്ച്ബാക്ക് സെഗ്മെന്റിൽ മസിൽ പെരുപ്പിക്കാൻ വെമ്പുന്ന ചില ഡിസൈനുകൾ മാരുതിക്ക് എതിരാളിയായുണ്ട്. ഇതിനെക്കൂടി ലക്ഷ്യമിട്ടാകണം എസ്-പ്രെസ്സോയുടെ വരവ്.

രാജ്യത്തെ ഉപഭോക്താക്കളുടെ സൗന്ദര്യപരമായ മനോഭാവത്തിൽ വന്ന മാറ്റം കൂടി ഈ മോഡൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറയാം. മുൻകാലങ്ങളിൽ എസ്-പ്രെസ്സോയെപ്പോലൊരു 'ബോക്സി ഡിസൈൻ' ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സുസൂക്കി ധൈര്യപ്പെടുമായിരുന്നില്ല. ഉയരമേറിയ ഈ ഡിസൈനിൽ മികച്ച ഹെഡ്‌റൂം പ്രതീക്ഷിക്കാവുന്നതാണ്. ഏറെ സ്പോർട്ടിയായ ഡിസൈൻ ശൈലി യുവാക്കളെ വലിയ തോതിൽ ആകർഷിക്കുമെന്നതിൽ സംശയമില്ല. കുറെക്കൂടി പ്രീമിയം മോഡലായ ഇഗ്നിസിനോട് ഈ ഡിസൈനിനുള്ള സാമ്യവും ശ്രദ്ധേയമാണ്.

കാറിന്റെ ഇന്റീരിയറിനെക്കുറിച്ച് കാര്യമായ വിവരങ്ങൾ വന്നിട്ടില്ല. ടീം ബിഎച്ച്പി പറയുന്നതു പ്രകാരം സെന്റർ കൺസോളിൽ മധ്യത്തിലായി ഒരു സ്പീഡോമീറ്റർ ഉണ്ടായിരിക്കും. സീറ്റിങ് നില ഉയർന്നതായിരിക്കും. ഇത് ഡ്രൈവിന് കൂടുതൽ ആത്മവിശ്വാസം പകരും. മികച്ച ഗ്രൗണ്ട് ക്ലിയറൻസ് ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. മികച്ച കാബിൻ സ്പേസ് ഉണ്ടായിരിക്കും. ഇത് സെഗ്മെന്റിൽ തന്നെ ഏറ്റവും മികച്ചതാകാനിടയുണ്ട്.

മാരുതി സുസൂക്കിയുടെ ആറാം കരിമ്പുകച്ചട്ടം പാലിക്കുന്ന ആദ്യത്തെ കാറാണിതെന്ന സവിശേഷതയുമുണ്ട്. അടുത്ത ഒറു വർഷത്തിനുള്ളിൽ നിലവില്‍ പിന്തുടരുന്ന നാലാം കരിമ്പുകച്ചട്ടങ്ങളിൽ നിന്നും മാറാൻ തയ്യാറെടുക്കുകയാണ് രാജ്യം.

1.0 ലിറ്റർ ശേഷിയുള്ളതുമായ പെട്രോൾ എൻജിന്‍ ഘടിപ്പിച്ച് ഈ മോഡൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു സിഎൻജി വേരിയന്റിനും സാധ്യതയുണ്ട്. ഇത് പതുക്കെ എത്തും. ആൾട്ടോ കെ10നെ പുതിയ ചട്ടപ്രകാരം പുതുക്കുമ്പോൾ ഇവയിലൊരു എൻജിനായിരിക്കും ഉപയോഗിക്കുക. 800 സിസി എൻജിൻ ഇതിനകം തന്നെ പുതുക്കിയിട്ടുണ്ട്. 1.2 ലിറ്ററിന്റെയും 1.5 ലിറ്ററിന്റെയും എൻജിനുകളും പുതുക്കിക്കഴിഞ്ഞു.

എൻജിനോടൊപ്പം ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സ് ഘടിപ്പിക്കുമെന്നാണ് ടീം ബിഎച്ച്പി പറയുന്നത്. ഭാവിയിൽ എഎംടി (ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷന്‍) പതിപ്പും എത്തിയേക്കും.

ഡ്യുവൽ എയർബാഗ്സ്, ആന്റിലോക്ക് ബ്രേക്കിങ് സംവിധാനം, ഇബിഡി, റിയര്‍ പാർക്കിങ് സെന്‍സറുകൾ, സ്പീഡ് അലർട്ടുകൾ തുടങ്ങിയ സന്നാഹങ്ങൾ വാഹനത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

വിലനിലവാരം

ആൾട്ടോയുടെ അതേ സെഗ്മെന്റിൽ തന്നെയാണ് ഈ കാർ വരേണ്ടത്. എന്നാൽ, സെഗ്മെന്റിൽ അവനവനെതിരായ കുത്തിത്തിരിപ്പുണ്ടാക്കുന്ന വിലയിടലിന് മാരുതി തയ്യാറാകില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ആൾട്ടോയെക്കാൾ ഒരല്‍പ്പം ഉയർന്ന നിലയിലായിരിക്കും വിലകൾ. ഈ കാർ ആരെയെല്ലാം എതിരിടുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിൽ സെഗ്മെന്റിൽ മസിൽ സൗന്ദര്യമുള്ള റിനോ ക്വിഡ് ഹാച്ച്ബാക്കിന് ഒരു പുതുക്കൽ വരാനിരിക്കുകയാണ്. ഈ കാറിനെ പ്രത്യേകമായി മാരുതി കാണും. മറ്റൊരാൾ ഡാറ്റ്സൻ റെഡി-ഗോയാണ്.


Next Story

Related Stories