TopTop
Begin typing your search above and press return to search.

നിസാന്‍ കിക്‌സിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് തുടക്കമായി

നിസാന്‍ കിക്‌സിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് തുടക്കമായി

ജാപ്പനീസ് നിര്‍മാതാക്കളായ നിസാന്റെ പുതിയ എസ്യുവിയായ കിക്‌സിനുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങിനു തുടക്കമായി അടുത്ത മാസം അരങ്ങേറ്റം കുറിക്കുന്ന കിക്‌സിനുള്ള ബുക്കിങ്ങുകള്‍ക്കൊപ്പം 25,000 രൂപയാണു കമ്പനി അഡ്വാന്‍സായി ഈടാക്കുന്നത്. നിലവില്‍ നിസാന്‍ ശ്രേണിയിലുള്ള എസ്യുവിയായ ടെറാനൊയുടെ അതേ വിലയ്ക്കാവും കിക്‌സ് വില്‍പ്പനയ്‌ക്കെത്തുകയെന്നാണു സൂചന. മാത്രമല്ല, കിക്‌സിന്റെ വരവോടെ ഫ്രഞ്ച് പങ്കാളിയായ റെനോയുടെ കോംപാക്ട് എസ് യു വിയായ ഡസ്റ്ററിന്റെ ബാഡ്ജ് എന്‍ജിനീയറിങ് വകഭേദമായ ടെറാനൊ കളമൊഴികയും ചെയ്യും.

ടെറാനൊയെ അപേക്ഷിച്ച് ഏറെ അധുനികമാണു കിക്‌സ്; ആഡംബരം തുളുമ്പുന്ന അകത്തളത്തില്‍ ബ്രൗണും കറുപ്പും നിറത്തിലുള്ള ഇരട്ട വര്‍ണ സങ്കലനമാണു തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള കിക്‌സിലെ ഒട്ടേറെ സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ത്യയ്ക്കുള്ള മോഡലിലും നിസാന്‍ നില നിര്‍ത്തിയിട്ടുണ്ട്. ലതറിന്റെയും സില്‍വര്‍ അക്‌സന്റുകളുടെയും ഉപയോഗത്തിലും നിസ്സാന്‍ ധാരാളിത്തം കാട്ടുന്നുണ്ട്. ഡാഷ് ബോഡ്, ഡോര്‍ പാനല്‍, സ്റ്റീയറിങ് വീല്‍ എന്നിവയിലാണു ലതര്‍ ഇടംപിടിക്കുന്നത്; വൃത്താകൃതിയിലുള്ള സൈഡ് എ സി വെന്റ്, സ്റ്റീയറിങ് വീല്‍, ഡോര്‍ ആം റസ്റ്റ്, ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഗീയര്‍ഷിഫ്റ്റ് ഹൗസിങ് തുടങ്ങിയവയില്‍ സില്‍വര്‍ അക്‌സന്റുണ്ട്. മധ്യത്തിലുള്ള കണ്‍സോളിലെ എട്ട് ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും പാര്‍ശ്വത്തിലെ എ സി വെന്റുകളും ചേര്‍ന്ന് ചിറകിന്റെ ആകൃതി സൃഷ്ടിക്കുന്നു.

അതേസമയം ടെറാനൊയിലെ എന്‍ജിനുകള്‍ തന്നെയാണു കിക്‌സിനും കരുത്തേകുന്നത്. 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 106 പി എസ് കരുത്തും 142 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സോ നിസ്സാന്‍ എക്‌സ് ട്രോണിക് സി വി ടിയോ ആണു ട്രാന്‍സ്മിഷന്‍ സാധ്യത. 1.5 ലീറ്റര്‍, കെ നയന്‍ കെ, ഡി സി ഐ ഡീസല്‍ എന്‍ജിനാവട്ടെ 110 പി എസ് കരുത്തും 240 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും; ആറു സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറു സ്പീഡ് എ എം ടിയാണു ട്രാന്‍സ്മിഷന്‍ സാധ്യത. അടുത്ത മാസം അരങ്ങേറ്റ വേളയിലാവും നിസ്സാന്‍ കിക്‌സിന്റെ കൃത്യമായ വില പ്രഖ്യാപിക്കുക; 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കും വില.


Next Story

Related Stories