TopTop
Begin typing your search above and press return to search.

ഒന്നര ലക്ഷം രൂപ മാസ വരുമാനം; കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളില്‍ വീണ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പെരുവഴിയില്‍

ഒന്നര ലക്ഷം രൂപ മാസ വരുമാനം; കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളില്‍ വീണ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പെരുവഴിയില്‍

"വമ്പന്‍ ഓഫറുകള്‍ നിരത്തി അവര്‍ ഞങ്ങളെ വലയില്‍ വീഴ്ത്തുകയായിരുന്നു. ഒന്നര ലക്ഷം രൂപയിലധികം പ്രതിമാസ വരുമാനം, കൂടാതെ ചെറിയ ഡൗണ്‍പേയ്‌മെന്റ് നല്‍കി കാറുകള്‍ സ്വന്തമാക്കാം തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയോ? കാറിന്റെ സിസി അടച്ചു കഴിഞ്ഞാല്‍ കൈയ്യില്‍ കിട്ടുന്നത് തുഛമായ തുക മാത്രം". ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറും ഓൾ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റുമായ ലിജു തോമസ് അഴിമുഖത്തോട് പറഞ്ഞു.

രണ്ടര വര്‍ഷം മുമ്പാണ് ദുബായിലെ സ്വകാര്യ കമ്പനിയുടെ പ്ലാന്റ് എഞ്ചിനിയറായിരുന്ന ലിജു പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടില്‍ എത്തിയത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കൂടുംബമുള്ള ഇദ്ദേഹത്തിന് കാറിന്റെ ഇഎംഐ അടച്ചതിന് ശേഷം വീട്ടുചിലവിനായി വളരെ തുഛമായ തുകയാണ് ലഭിക്കുന്നത്. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാവരുടെയും അവസ്ഥ ലിജുവിന്റേതിന് സമാനമോ അതിലും ദയനീയവുമാണ്.

ഒന്നര ലക്ഷം രൂപയിലധികം പ്രതിമാസ വരുമാനം ലഭിക്കുമെന്ന പത്രപരസ്യം കണ്ടാണ് രണ്ടര വര്‍ഷം മുമ്പ് ഈ രംഗത്തേക്ക് കടന്നു വരുന്നത്. കൂടാതെ ചെറിയ ഡൗണ്‍പേയ്‌മെന്റില്‍ കാറുകള്‍ സ്വന്തമാക്കാമെന്ന കാര്‍ കമ്പനികളുടെ വാഗ്ദാനവും ഈ പരസ്യത്തിനൊപ്പം ചേര്‍ത്തിരുന്നു. നാട്ടില്‍ പ്രതിമാസം ഇത്രയധികം വരുമാനം ലഭിക്കുമെന്നറിഞ്ഞതിനാലാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. പണമെറിഞ്ഞ് യാത്രക്കാരെയും ജീവനക്കാരെയും അതിരു കടന്ന് തൃപ്തിപ്പെടുത്തിയ കമ്പനികള്‍ ഇപ്പോഴിതാ കുത്തക നയം പുറത്തെടുത്തിരിക്കുന്നു. ഒന്നര ലക്ഷം രൂപയെന്ന വരുമാനം ആദ്യ മാസങ്ങളില്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും പിന്നീടിത് കുറഞ്ഞു വന്നു. ആദ്യമൊന്നും ഇത് തങ്ങള്‍ കാര്യമാക്കിയില്ല. ജീവനക്കാരെ പിടിച്ച് നിര്‍ത്താനുള്ള തന്ത്രം മാത്രമായിരുന്നു ഇതെന്ന് പിന്നീടാണ് മാനസിലായത്. ആറു മാസത്തിനകം ജീവിക്കാനാവശ്യമായ ശരാശരി വരുമാനം മാത്രമായി ഇതു ചുരുങ്ങി. ആദ്യ മാസങ്ങളില്‍ ഒരു ദിവസം 2000 മുതല്‍ 3000 വരെ രൂപ ലഭിക്കുന്ന സ്ഥാനത്ത് ഇപ്പോള്‍ 2000 പോലും കിട്ടാത്ത അവസ്ഥയാണ്. നൂറോ നൂറ്റന്‍പതോ കിലോമീറ്റര്‍ ദിവസേന ഓടിയാല്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളു. 20, 22 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന കാറിന്റെ കാര്യമാണ് പറയുന്നത്. ഒരു കിലേമീറ്ററിന് 8.50 പൈസ എന്ന നിരക്കലാണ് നിലവില്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന വരുമാനം. പുതുതായി എത്തുന്ന പലര്‍ക്കും ഈ കണക്കുകളെ കുറിച്ച് കൃത്യമായി അറിയില്ലെന്നും ലിജു പറയുന്നു.

http://www.azhimukham.com/uber-labour-issue-trade-union-protest-kochi-dhanya/

പലരും വാഹനങ്ങള്‍ ഉപേക്ഷിച്ചു പോകുന്നു

പുതുതായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കമ്പനിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പലരും വാഹനം വില്‍ക്കുകയാണ്. പലരും മൂന്നുമാസം കഴിഞ്ഞ് വാഹനം ഉപേക്ഷിച്ചു പോകുന്ന അവസ്ഥയാണ് ഉള്ളത്. ഓണ്‍ലൈന്‍ ടാക്‌സികളുടെ പൂള്‍ സംവിധാനത്തെ നല്ലൊരു ശതമാനം ആളുകളും ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീ യാത്രക്കാരോടൊപ്പം മദ്യപിച്ച് യാത്ര ചെയ്യുന്നവര്‍ മോശമായി പെരുമാറുന്നു. ഇക്കാരണത്താല്‍ പലരും ഡ്രൈവര്‍മാര്‍ക്ക് വളരെ മോശം റേറ്റിംഗ് നല്കുന്നു. ഇതെല്ലാം ഡ്രൈവര്‍മാരെയാണ് ബാധിക്കുന്നത്. ഇന്ധന വിലയിലുണ്ടായ വ്യത്യാസവും, കമ്പനിയുടെ കമ്മീഷന്‍ ഉയര്‍ത്തിയതുമാണ് ജീവനക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. എന്നാല്‍ കമ്പനി തുടങ്ങിയപ്പോഴുള്ള യാത്രാ നിരക്കാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതെല്ലാം മനസിലാക്കി അധികൃതര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാകണമെന്നുമാണ് ഡ്രൈവര്‍മാരുടെ ആവശ്യം. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ കമ്പനിയെ നിലനിര്‍ത്താന്‍ ഇന്‍സെന്റീവ് നല്കി ജീവനക്കാരെ പിടിച്ചു നിര്‍ത്തുകയാണ് കമ്പനി ഇപ്പോള്‍ ചെയ്യുന്നത്.

http://www.azhimukham.com/uber-taxi-auto-service-driver-traveler-cpim-kochi-kiran/

മാസം വാഹനം ഓടി കിട്ടുന്ന 60000 രൂപയില്‍ 20,000 രൂപ ഇന്ധന ചിലവിന് മാറ്റിവെയ്ക്കണം. 12,000 രൂപ ഇഎംഐക്ക് കരുതണം, വാഹനത്തിന്റെ സര്‍വീസ് ഉള്‍പ്പെടെയുള്ളവയ്ക്കുള്ള തുക വേറെയും എല്ലാം കഴിഞ്ഞ് 15,000 രൂപയാണ് ലഭിക്കുന്നത്. ജീവനക്കാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ 60000 രൂപ പോലും പ്രതിമാസ വരുമാനം ലഭിക്കാത്തവരാണ് ഏറെയും. 30 ശതമാനമെന്ന ഭീമമായ കമ്പനി ഈടാക്കുന്ന കമ്മീഷന്‍ കുറച്ചാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേക്കും. പൊതുജനത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഓണ്‍ലൈന്‍ ടാക്‌സികളുടെ സേവനം ജീവനക്കാരോടുള്ള കമ്പനിയുടെ മനോവഭാവം മൂലം ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് പ്രശ്‌നങ്ങള്‍ എത്തി നില്‍ക്കുന്നത്. കമ്പനികള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാര്‍.

http://www.azhimukham.com/technology-convoy-car-bike-pooling-app-becomes-huge-hit-reports-amal/


Next Story

Related Stories