Top

യുവാക്കളെ ലക്ഷ്യമിട്ട് വി സ്ട്രോമിന്റെ പുതിയ മോഡലുമായി സുസുക്കി

യുവാക്കളെ ലക്ഷ്യമിട്ട് വി സ്ട്രോമിന്റെ പുതിയ മോഡലുമായി സുസുക്കി
രാജ്യത്ത് മോട്ടോർസൈക്കിൾ രംഗത്ത് വൻതരംഗമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നല്ല കപാസിറ്റിയോട് കൂടിയ ബൈക്കുകളും അവയിൽ നിന്നും മാറ്റം ഉൾക്കൊണ്ട് പിറവിയെടുത്ത മോഡലുകളും നിലവിൽ ഒരുപാടുണ്ട് വിപണിയിൽ. എന്നാൽ കുറഞ്ഞ പവറുള്ള ബൈക്കുകൾ പുതുക്കി മിനുക്കി വിപണിയിൽ പുതിയ ​ട്രെൻഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് സുസുക്കി. സുസുക്കി XT പതിപ്പായ വി സ്ട്രോം 650 ആണ് ഈ രീതിയിൽ വിപണിയിൽ അ‌വതരിച്ചിരിക്കുന്നത്.

645 സിസിയോട് കൂടിയ വി സ്ട്രോം 650യിൽ വി -ട്വിൻ ഫ്യൂവൽ ഇൻജെക്ടഡ് മോട്ടോർ ആണ് ഘടിപ്പിച്ചിരിക്കുന്നത്. എബിഎസ് സുരക്ഷ ഒരുക്കിയിട്ടുള്ള ഈ മോഡലിന് സ്വിച്ചിങ് ട്രാക്‌ഷൻ കണ്ട്രോൾ ഓഫോടുകൂടിയ രണ്ട് റൈഡിങ് മോഡുകൾ ഉണ്ട്. യാത്രകൾ സുഗമമാക്കാൻ 650 XT 12 വിഡിസി ഔട്‍ലെറ്റ് ആണ് ഇതിൽ സ്റ്റാൻഡേർഡ് അയി ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന വിൻഡ് സ്ക്രീൻ ഉള്ള ഈ മോഡലിന് 20 ലിറ്റർ ഫ്യുവൽ ടാങ്ക് ആണ് നൽകിയിരിക്കുന്നത്.

മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വരുന്നതാണ് 650 XTയുടെ ടയറുകൾ. ബാറ്റ്‌ലസ് അഡ്വഞ്ചർ ടയർ ആയതിൽനാൽ ഓഫ് റോഡ് ട്രിപ്പുകൾക്കും ഈ മോഡൽ അനുയോജ്യമാണ്. വിസ്ട്രോം 650 XT ചാമ്പ്യൻ യെല്ലോ കളർ നമ്പർ 2, പേൾ ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്. 7.46 ലക്ഷം രൂപയാണ് ഇതിന്റെ ഡൽഹി ഷോറൂം വില.

ഫോർ സ്‌ട്രോക്, ലിക്വിഡ് കൂൾഡ് എൻജിൻ ആണ് വി സ്ട്രോമിന് കരുത്തേകുന്നത്. 8,800 ആർപിഎമ്മിൽ 70 ബിഎച്ച്പി കരുത്തും 66എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ ഇതിനു കഴിയും. ഹയാബുസാക്കും ജിഎസ്‌എക്സ് -എസ്‌ 750ക്കും ശേഷം സുസുക്കി പുറത്തിറക്കുന്ന മൂന്നാമത്തെ സാഹസിക മോഡൽ ആണ് ഇത്.

​നിത്യോപയോഗത്തിനും ദീർഘദൂര സവാരിക്കും ഓഫ് റോഡിലും ഉപയോഗിക്കാവുന്നതാണ് എന്നതാണ് വി സ്ട്രോമിന്റെ പ്രത്യേകതയെന്ന് സുസുക്കിയുടെ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ പറഞ്ഞു. "ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്തെടുത്ത മികച്ച സാഹസിക ബൈക്കായ സുസുക്കി വി സ്ട്രോം 650 XT ABS ഇന്ത്യൻ ഉപഭോക്താക്കൾക്കു വേണ്ടി ഈ ബൈക്ക് ഇന്ത്യയിൽത്തന്നെ അസംബ്ൾ ചെയ്യാൻ കഴിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഉടമകളുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന നിലയിലേക്കു ഇന്ന് മോട്ടോർസൈക്കിൾ പരിണാമം കൊണ്ടിരിക്കുകയാണ്. ആഗ്രഹങ്ങൾ എല്ലാം അനുഭവിച്ചറിയാൻ വേണ്ടി പണം നിക്ഷേപിക്കാൻ ഇന്ന് ആളുകൾ തയ്യാറാണ്. ബൈക്കിനൊത്ത ഗുണങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള വി സ്ട്രോം 650 XT ABS മോഡൽ സാഹസിക പ്രേമികൾക്ക് ദൈനംദിന യാത്രകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പതിപ്പാണ്" -ഉചിഡ വ്യക്തമാക്കി.

വി സ്ട്രോംമിന്റെ സഹോദര മോഡലായ വി സ്ട്രോം 1000ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കമ്പനി വി സ്ട്രോം 650 നിർമിച്ചിരിക്കുന്നത്. 6 സ്പീഡ് ഗിയർ ബോക്സ് ആണ് വി സ്ട്രോം 650യുടേത്. ഈസി സ്റ്റാർട്ട് സിസ്റ്റം, എബിഎസ് സുരക്ഷ തുടങ്ങിയവയാണ് വി സ്ട്രോം 650യുടെ മറ്റു സവിശേഷതകൾ.

Next Story

Related Stories