UPDATES

സയന്‍സ്/ടെക്നോളജി

ലോകത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രാം ജര്‍മ്മനിയിലെ പോട്സ്ഡാമില്‍

ട്രാക്കിന് വശങ്ങളിലുള്ള സിഗ്നലുകളോടും അപകടങ്ങളോടും മനുഷ്യരേക്കാൾ വേഗത്തിൽ പ്രതികരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ജർമ്മനിയിലെ പോട്സ്ഡാം നഗരത്തിൽ ലോകത്തിൽ ആദ്യമായി ഡ്രൈവറില്ലാതെ ഓടുന്ന ട്രാം ഇറങ്ങി. ജർമ്മന്‍ എഞ്ചിനിയറിങ്ങ് കമ്പിനി സീമെൻസിൽ 50ഓളം കമ്പ്യൂട്ടർ സയന്റിസ്റ്റുകൾ, എഞ്ചിനീയർമാർ, ഗണിതശാസ്ത്രജ്ഞർ, ഫിസിസ്റ്റുകൾ എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്. ഒന്നിലധികം റ‍ഡാറുകളും, ലിഡാറും ക്യാമറാ സെൻസറുകളും ചേർന്നാണ് യാത്രക്കിടെ ചുറ്റുപാടും നടക്കുന്നത് കാണാൻ ട്രാമിനെ സഹായിക്കുന്നത്. ട്രാക്കിന് വശങ്ങളിലുള്ള സിഗ്നലുകളോടും അപകടങ്ങളോടും മനുഷ്യരേക്കാൾ വേഗത്തിൽ പ്രതികരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ നിരക്കിൽ ഇത് ഉപയോഗിക്കാൻ കഴിയില്ലെങ്കിലും ഡ്രൈവറില്ലാതെ വാഹനമോടിക്കുന്ന സാങ്കേതികവിദ്യക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.

പോട്സ്ഡാമിലെ ട്രാൻസ്പോർട്ട് കമ്പനിയായ വിപ്പിന്റെ ട്രാം, ഡിപ്പോയിൽ നിന്ന് തിരക്കുപിടിച്ച ട്രാഫിക്കിന് ഇടയിലൂടെ യാത്ര തുടങ്ങി, ദക്ഷിണ കിഴക്കൻ ജില്ലയിലെ ജനവാസകേന്ദ്രം വരെയാണ് 6 കിലോമീറ്റർ യാത്ര നടത്തിയത്. ഇതിനിടയിൽ പലപ്പോഴും ബൈക്കുകളും കുട്ടികളെ ഇരുത്തികൊണ്ടുപോകാൻ ഉപയോഗിക്കുന്ന വണ്ടിയും ഇതിന് മുന്നിൽ പെട്ടിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ട്രാം പോകുന്ന വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും എന്നാൽ സെൻസറുകളുടെ സഹായത്തോടെ അത് തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ ബ്രെയ്ക്കിടാൻ ട്രാമിന് കഴിഞ്ഞുവെന്ന് ആദ്യ യാത്ര റിപ്പോർട്ട് ചെയ്യാൻ പോയ ദി ഗാർ‌ഡിയൻ ലേഖിക പറയുന്നു.

ജർമ്മനിയിലെ മറ്റ് നഗരങ്ങളെപ്പോലെ പോട്സ്ഡാമിന്റെ പൊതുഗതാഗത സംവിധാനത്തിന്റെയും നട്ടെല്ലാണ് ട്രാമുകൾ. 1880ൽ കുതിര വലിക്കുന്ന ട്രാമുകളാണ് ആദ്യം നിരത്തിൽ ഇറങ്ങിയത്. കിഴക്കന്‍ ജര്‍മ്മനിയില്‍ കമ്മ്യൂണിസ്റ്റ് ഭരണ കാലത്ത് ട്രാമുകൾ ഏറ്റവും കാര്യക്ഷമമായ പൊതുഗതാഗത സംവിധാനമായി ഉപയോഗിച്ചിരുന്നു.

കാറ്റ്, വെയിൽ തുടങ്ങി പുനരുത്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജമുപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത് എന്നതാണ് ഡ്രൈവറില്ലാത്ത ട്രാമിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട്തന്നെ 250 യാത്രക്കാരെ ഒരേസമയം കൊണ്ടുപോകാൻ കഴിയുന്ന ട്രാം ഏറ്റവും പരിസ്ഥിതി സൗഹാർദപരമായ പൊതുഗതാഗത സംവിധാനമാണെന്ന് വിപ്പ് അവകാശപ്പെടുന്നു. ഡ്രൈവറില്ലാത്ത ട്രാമുകൾ നിരത്തിൽ ഇറങ്ങുമ്പോൾ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക പോട്സ്ഡാമിലെ ഡ്രൈവർ‌മാർക്കിടയിൽ ഉണ്ട്. എന്നാൽ യാത്രക്കാരെ സഹായിക്കാനും മറ്റുമായി ഡ്രൈവർമാരെ നിയോഗിക്കുമെന്നും പുതിയ സാങ്കേതിക വിദ്യ കാരണം തൊഴിൽനഷ്ടങ്ങൾ ഉണ്ടാകില്ലെന്നും വിപ്പ് ഉറപ്പുനൽകുന്നു. 420 തൊഴിലാളികളുള്ള ഒരു വർഷം 33 മില്യൺ യാത്രക്കാരുള്ള കമ്പനിയായ വിപ്പ് സുരക്ഷിതത്വത്തിനും കാര്യക്ഷമതക്കുമാണ് പ്രാമുഖ്യം നൽകുന്നതെന്ന് മാനേജർ ദി ഗാർഡിയനോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍