കേരളത്തിലെ വെള്ളപ്പൊക്കക്കെടുതികളിലുണ്ടായ നാശനഷ്ടങ്ങൾ ചില്ലറയല്ല. ഏറ്റവും വലിയ നഷ്ടമായ ജീവനഷ്ടത്തിൽ തുടങ്ങുന്നു അത്. സാമ്പത്തികരംഗത്ത് ഈ വെള്ളപ്പൊക്കമുണ്ടാക്കുന്ന നഷ്ടം വളരെ വ്യാപകമാണ്. തൽക്കാലം ഇത്രയിത്ര നഷ്ടങ്ങളുണ്ടായെന്ന് സ്ഥാവരജംഗമ വസ്തുക്കളുടെ നഷ്ടം കണക്കിലെടുത്ത് പറയാനേ നമുക്കാകൂ. പക്ഷെ, യഥാർത്ഥ നഷ്ടങ്ങൾ ദൂരവ്യാപകമായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് വാഹനങ്ങളുടെ കാര്യത്തിൽ ഇനി സംഭവിക്കാനിരിക്കുന്നത്.
സംസ്ഥാനത്ത് പല നഗരങ്ങളുടെയും മധ്യത്തിൽ വരെ വെള്ളമെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് നഗരത്തിൽ മലമ്പുഴ ഡാം തുറന്നതോടെ വെള്ളം കയറുകയുണ്ടായി. എറണാകുളം നഗരത്തിലെ പല ഭാഗങ്ങളും ഇതിനകം വെള്ളത്തിലാണ്. ഇവിടങ്ങളിലെല്ലാം വാഹനങ്ങളും വെള്ളത്തിലായിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ടെങ്കിൽ വാഹന ഡീലർമാരും യൂസ്ഡ് കാർ ഡീലർമാരുമാണ് വലിയ നഷ്ടം നേരിടാൻ പോകുന്നത്.
ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും ധാരാളം നടക്കുന്നുണ്ട്. 2013ലെ ഒരു വെള്ളപ്പൊക്കത്തിൽ കൊച്ചി കളമശ്ശേരിയിലെ റിനോ സ്റ്റോക്ക് യാർഡ് വെള്ളത്തിലായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഇത് വ്യാജപ്രചാരണമാണെന്ന് കളമശ്ശേരി റിനോ ഡീലർഷിപ്പ് അഴിമുഖത്തോട് വ്യക്തമാക്കി. 2013ൽ അപ്രതീക്ഷിതമായി സംഭവിച്ച വെള്ളപ്പൊക്കത്തിലാണ് കാറുകൾ മുങ്ങിപ്പോയത്. ഇത്തവണ സ്ഥിതിഗതികൾ നേരത്തെ തിരിച്ചറിഞ്ഞ് കാറുകളെല്ലാം യാർഡിൽ നിന്നും നീക്കം ചെയ്യാൻ റിനോ-ടിവിഎസ് ഡീലർഷിപ്പിന് സാധിച്ചിട്ടുണ്ട്. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് തങ്ങളെന്ന് റിനോ സീനിയർ വൈസ് പ്രസിഡണ്ട് തോമസ് സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഒന്നോർക്കുക, മനപ്പൂർവ്വം ഒരു ഡീലറും തങ്ങളുടെ ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയോ, അതിനുശേഷം വിൽപ്പനയ്ക്ക് വെക്കുകയോ ചെയ്യില്ല.
എങ്കിലും വെള്ളപ്പൊക്കം വാഹനവിപണിയിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം കുറച്ച് വലുതായിരിക്കും. അടുത്തമാസം, അതായത് സെപ്തംബർ മുതൽ കാർവിപണിയിൽ ഉത്സവസീസൺ തുടങ്ങുകയാണ്. കാർവിപണിയുടെ ചാകരക്കാലമാണിത്. ഈ കാലത്തിനു തൊട്ടു മുമ്പ് വന്നു ചേർന്ന വെള്ളപ്പൊക്കം ഉപഭോക്താക്കളെ പലരെയും പിന്നോട്ടടിപ്പിച്ചേക്കും; പ്രത്യേകിച്ചും വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലുള്ളവരെ.
വാഹനങ്ങളിൽ വെള്ളം കയറിയിരിക്കാമെന്ന സാധ്യത ഉപഭോക്താക്കളെ സംശയാലുക്കളാക്കാനിടയുണ്ട്.
മാരുതി പോലുള്ള പല കമ്പനികളും ഡീലർഷിപ്പുകളിൽ നിന്നും കാറുകൾ വെള്ളപ്പൊക്കമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. കാറുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള സാവകാശം എല്ലാവർക്കും ഇത്തവണ കിട്ടിയിട്ടുണ്ട് എന്നതിൽ സമാധാനിക്കാം. മുന്നനുഭവങ്ങൾ പല ഡീലർമാരെയും കാര്യങ്ങൾ പഠിപ്പിച്ചിരിക്കാമെന്നും കരുതാം.
2011, 2013, 2016 വർഷങ്ങളില്ലെല്ലാം കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കാർ സ്റ്റോക്ക് യാർഡുകളിൽ വെള്ളം കയറിയിരുന്നു. ടീം ബിഎച്ച്പിയിൽ ഇതെക്കുറിച്ച് 2011ലെ ഒരു ഡിസ്കഷൻ ത്രെഡ് നിലവിലുണ്ട്. കേരളത്തിൽ കാർ വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കണമെന്നും തനിക്ക് ഒരു ദുരനുഭവമുണ്ടായെന്നും ചർച്ചയിൽ പങ്കെടുത്ത് പറയുന്നു. കാർ ഡീലർ വെള്ളത്തിലകപ്പെട്ട കാറുകൾ വിൽക്കുന്നത് കാർ കമ്പനി തടയണമെന്നും പ്രസ്തുത കാറുകൾ തിരിച്ചു വിളിക്കണമെന്നുമെല്ലാം പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇതെല്ലാം നടക്കുക കമ്പനിയുടെ നയം, ഡീലർമാരുമായുള്ള കരാറിന്റെ രീതി തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും. ഇക്കാര്യത്തിൽ ഉപഭോക്താവിന് ചെയ്യാനുള്ളത് ഏറ്റവും മികച്ച ഉപഭോക്തൃ നയമുള്ള കമ്പനികളെ സമീപിക്കുക എന്നതാണ്. അത്തരം കാർ കമ്പനികൾ ഭാഗ്യവശാൽ നമുക്കുണ്ട്.
ഇനി കാർ വാങ്ങാൻ പോകുന്നവർ ഇക്കാര്യങ്ങളിൽ ഒരുറപ്പ് വരുത്താൻ ശ്രമിക്കുന്നത് നന്നായിരിക്കും. കാർ വാങ്ങാൻ പോകുന്ന ഡീലറുടെ സ്റ്റോക്ക് യാർഡ് സ്ഥിതി ചെയ്യുന്നത് വെള്ളം കയറുന്ന സ്ഥലത്താണോയെന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. ആണെങ്കിൽ, വെള്ളപ്പൊക്കത്തിനു മുമ്പ് ഡീലർ കാറുകൾ സ്ഥലത്തു നിന്നും മാറ്റിയിരുന്നോ എന്ന് അന്വേഷിക്കണം. ഓട്ടോമൊബൈൽ വാർത്തകൾ കൈകാര്യം ചെയ്യുന്ന വിവിധ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള വാർത്തകൾ തെരഞ്ഞ് കാര്യങ്ങളിൽ വ്യക്തത വരുത്തുക. ഇക്കാര്യത്തിൽ തങ്ങളുടെ നയം പ്രഖ്യാപിച്ചിട്ടുള്ള കാർനിർമാതാക്കളുണ്ടോയെന്നും പരിശോധനയ്ക്ക് വിധേയമാക്കുക. യൂസ്ഡ് കാറുകളാണ് വാങ്ങുന്നതെങ്കിലും വിശ്വസ്തരായ ഡീലർമാരിൽ നിന്നും വാങ്ങുക.