TopTop
Begin typing your search above and press return to search.

ഇത്തരം സിനിമകൾക്കൊക്കെ കഥ എഴുതുകയല്ലാതെ എന്ത് നിരൂപിക്കാന്‍?

ഇത്തരം സിനിമകൾക്കൊക്കെ കഥ എഴുതുകയല്ലാതെ എന്ത് നിരൂപിക്കാന്‍?

എന്‍ രവിശങ്കര്‍

തികച്ചും ഓൾഡ്‌ ജെനറേഷൻ ആണെന്നൊരു വലിയ ഗുണമുണ്ട് അവതാരം എന്ന ജോഷി-ദിലീപ് അവതാരത്തിന്. പുത്തൻ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ-സിബി ടീമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും. ആറാം തമ്പുരാൻ പോലുള്ള ഗമണ്ടൻ അവതാരമല്ല, ദിലീപിനോളം വിനയവാനായ ഒരു കുഞ്ഞു അവതാരമേ ഉദ്ദേശിച്ചിട്ടുള്ളൂ. നമ്മൾക്ക് കിട്ടുന്ന ഒരു ഗുണപാഠം ഇതാണ് - വലിയ IPS കാരനായിട്ടൊന്നും കാര്യമില്ല. ഒരു പൊതു പ്രവർത്തകന്റെ വിവരമെങ്കിലും വേണം. അത് യൂത്ത് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് തൊട്ട് ഡിഫി വരെയാകാം.

പഴമയിൽ അല്പം പോലും പുതുമയുടെ കലര്‍പ്പ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകൻ. നാട്ടുനടപ്പനുസരിച്ച് പേരിന്റെ സ്പെല്ലിങ്ങ് വരെ മാറ്റിയിരിക്കയാണല്ലോ അദ്ദേഹം!

സത്യസന്ധനായ ഒരു കസ്റ്റംസ് ഓഫീസർക്ക് എന്ത് സംഭവിക്കും? അതേ നായകൻറെ സ്നേഹനിധിയായ ചേട്ടനും സംഭവിച്ചിട്ടുള്ളു. ഒരു ആക്സിഡന്‍റ്. അത്രയേ ഉള്ളു. കാണികള്‍ക്കെല്ലാവർക്കും അറിയാം ഇതൊരു അപകടമല്ലെന്നും കൊലപാതകമാണെന്നും. ഇന്ന് വരെ ഏതെങ്കിലും കസ്റ്റംസ് ഓഫീസർ അപകടത്തിൽ മരിച്ചിട്ടുണ്ടോ? ചാൻസെ കെടയാത്. പക്ഷെ ഈ ഭീകര സത്യം അറിയാൻ നായകന് ഒരു മണിക്കൂര്‍ വേണ്ടി വന്നു. അല്ലെങ്കിലും ഇടുക്കി എന്ന കാട്ടു രാജ്യത്ത് നിന്നും നഗരത്തിലെത്തിയ ഒരു പൊതു പ്രവര്‍ത്തകന് ഇതെല്ലാം അറിയുമോ? അൽപ സ്വല്പം കൃഷി അറിയും, കൂട്ടത്തിൽ ഇച്ചിരി കഞ്ചാവും ഉണ്ടാവും. മാക്സിമം ആഷിക് അബുവിന്റെ ഇടുക്കി ഗോൾഡ്‌ ഷൂട്ടിങ്ങ് കണ്‍ട്രോള്‍ ചെയ്യാൻ നിന്നിട്ടുണ്ടാവും. അത്ര തന്നെ. നായകനെ കുറ്റം പറയണ്ട. വലിയ IPS എന്നും പറഞ്ഞു ഒരാൾ മീശ പിരിച്ചു നടക്കുന്നുണ്ട്. എന്ത് കാര്യം. ഒരു അണ്ടർ ഏജിനെ പോലും അയാള്ക്ക് പിടിക്കാൻ പറ്റിയിട്ടില്ല. പിന്നെയാണ്, നഗരം അടക്കി വാഴുന്ന രണ്ടു ഗുണ്ടാ സാമ്രാജ്യങ്ങളുടെ തലവന്മാരായ കരിമ്പൻ ജോണിനെയും ജാഫറിനെയും പിടിക്കാൻ.അതിനു നമ്മുടെ നായകന് തന്നെ വേണം. ഇതിനിടയിൽ ഒരു പ്രണയത്തിൽ വീഴുക എന്ന ഭാരിച്ച ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. കുറ്റം പറയരുതല്ലോ. അതീവ സുന്ദരിയാണ് ലക്ഷ്മി മേനോൻ. 'കാശ് മുതലായി' എന്ന് ഒരു കാണി. ഞാനും. അവൾ വരുന്ന ഏതാനും നിമിഷങ്ങിൽ മാത്രമേ തിരശ്ശീല ഉണരുന്നുള്ളൂ എന്ന് വേണമെങ്കിൽ പറയാം. (അങ്ങനെയേ പറയാവൂ). രണ്ടു നല്ല ഗാന രംഗങ്ങൾ അവൾ നമുക്ക് സമ്മാനിക്കുന്നു. അവളും ദീപക് ദേവും. പാട്ടുകൾ ഹിറ്റാണേ! എന്ത് ചെയ്യാൻ! റേപ് ചെയ്യപെട്ട അവൾ ശയ്യാവലംബിയാകുന്നു. പിന്നെ, ചക്രക്കസേരയിലാണ് അവളുടെ വരവും പോക്കും. കാശ് വീണ്ടും നഷ്ടം!

ബെസ്റ്റ് ഓഫ് അഴിമുഖം

മീരാ നായരുടെ ഉഴപ്പന്‍ സിനിമ
ദയവായി നവാഗത പുരസ്കാരം തരരുത്
വെള്ളിയാഴ്ചകളിലെ വധശിക്ഷകള്‍
ഇത്തിരിപ്പൂവ് ചുവന്ന പൂവ്
നാടകമേ സിനിമ അഥവാ എഴുത്തിന്റെ വില

ചുരുക്കിപ്പറഞ്ഞാൽ, എന്തൊക്കെയോ ചെയ്തു നമ്മുടെ നായകന്‍ ചേട്ടനെ കൊന്നവരെ അവരുടെ ആള്‍ക്കാരെ കൊണ്ട് തന്നെ കൊല്ലിക്കയും ആ രണ്ടു ഗാങ്ങുകളെയും തമ്മിലടിപ്പിച്ചു അവരെ ഈ ലോകത്ത് നിന്ന് തന്നെ കെട്ടുകെട്ടിക്കുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ച ആ മണ്ടൻ IPS കാരൻ നായകന് കൈ കൊടുത്തു കൊണ്ട് അവതാരങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വാചാലനാകുകയും ചെയ്യുന്നു. അപ്പോഴാണ്‌ നമുക്ക് മനസ്സിലാകുന്നത്‌ ദിലീപ് എന്ന മാധവ് മഹാദേവൻ ഒരു അവതാരം ആയിരുന്നു എന്ന്. അദ്ദേഹത്തിന് IPS കിട്ടുമോ എന്ന് നമ്മൾ ഭയന്നിരിക്കെ സിനിമ അവസാനിക്കുന്നു.ഇത്തരം സിനിമകൾക്കൊക്കെ കഥ എഴുതുകയല്ലാതെ എന്ത് നിരൂപിക്കാനാണ്. ആ പണിയൊക്കെ ലോപസ്സിനുള്ളതല്ലേ? രണ്ടു പാട്ടുകളല്ലാതെ ലക്ഷ്മി മേനോനല്ലാതെ മറ്റൊന്നുമില്ലാത്ത ഈ സിനിമ വിജയകരമായി സംവിധായകൻ ഒപ്പിച്ചിരിക്കുന്നു. ജനം കാണുന്നുമുണ്ട്. ദിലീപിന്റെ പതിവ് കോപ്പിരാട്ടികൾ ഇതിലില്ല എന്നൊരു ആശ്വാസവുമുണ്ട്‌. ദ്വയാര്‍ഥം തീരെയില്ല. കോമഡി ട്രാക്കുമില്ല. മലയാളികള്ക്ക് വളരെ പ്രിയങ്കരരായ ഗുണ്ടകൾ ഇഷ്ടം പോലെയുണ്ടുതാനും.


Next Story

Related Stories