TopTop
Begin typing your search above and press return to search.

അവീക് സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞു; ടെലിഗ്രാഫിന് ഇനി മലയാളി എഡിറ്റര്‍

അവീക് സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞു; ടെലിഗ്രാഫിന് ഇനി മലയാളി എഡിറ്റര്‍

അഴിമുഖം പ്രതിനിധി

ഏറ്റവും ധൈര്യശാലിയായ എഡിറ്ററും മാധ്യമസ്ഥാപന ഉടമയും എന്ന് പേരുകേട്ട അവീക് സര്‍ക്കാര്‍ എബിപി ന്യൂസ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ദി ടെലഗ്രാഫ്, ആനന്ദബസാര്‍ പത്രിക എന്നീ സ്ഥാപനങ്ങളുടെ മുഖ്യ പത്രാധിപ സ്ഥാനത്തു നിന്നും രാജിവച്ചു. അവീക് സര്‍ക്കാരിന്റെ സഹോദരനും നിലവില്‍ മാധ്യമ സ്ഥാപനത്തിന്‍റെ ബംഗാളി മാഗസിന്‍ വിഭാഗം ചീഫ് എഡിറ്ററുമായ അരൂപ് സര്‍ക്കാര്‍ പകരം ചാര്‍ജ് ഏറ്റെടുക്കും. "വാര്‍ത്താ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ്" അരൂപ് സര്‍ക്കാര്‍ തല്‍സ്ഥാനത്തേക്ക് എത്തുന്നതെന്ന് ഗ്രൂപ്പ് വക്താക്കള്‍ അറിയിച്ചു.

മാധ്യമമേഖലയ്ക്ക് പുതുവഴികള്‍ കാണിച്ചുകൊടുത്ത അപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖനാണ് അവീക് സര്‍ക്കാര്‍. രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ 'ദി സ്റ്റേറ്റ്സ് മാന്‍' കയ്യാളിയിരുന്ന പ്രമാണിത്വം തകര്‍ത്ത ചരിത്രമാണ് 'ദി ടെലഗ്രാഫ്' എന്ന മാധ്യമ സംരംഭത്തിന് പറയാനുള്ളത്. എബിപി ഗ്രൂപ്പിന്‍റെ മാഗസിനുകളായ 'സണ്‍ഡെ', 'രവിവാര്‍' എന്നിവ ആളുകള്‍ നല്ല രീതിയില്‍ സ്വീകരിച്ച സംരംഭങ്ങളാണ്. ഈ മാഗസിനുകളിലൂടെയാണ് ഇന്ന് രാജ്യം ശ്രദ്ധിക്കുന്ന പല മാധ്യമപ്രവര്‍ത്തകരും ഉയര്‍ന്നുവന്നത്. എം ജെ അക്ബര്‍,വീര്‍ സാംഘ്വി, ജയ്ദീപ് ബോസ് (ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റര്‍), സഞ്ജയ്‌ നാരായണ്‍, അനിതാ പ്രതാപ്, രാജ്ദീപ് സര്‍ദേശായ്, തവ്ലീന്‍ സിംഗ്, മാലിനി ചാറ്റര്‍ജി തുടങ്ങിയ പ്രമുഖരെ മാധ്യമ ലോകത്തേക്ക് കൊണ്ടുവരുന്നത് അവീക് ബാബു ആണ്.

മലയാളിയായ ആര്‍ രാജഗോപാല്‍ ഇംഗ്ലീഷ് ദിനപത്രമായ 'ദി ടെലഗ്രാഫി'ന്റെ എഡിറ്ററായും അനിര്‍ബന്‍ ചാറ്റര്‍ജി 'ആനന്ദബസാര്‍ പത്രിക'യുടെയും ടാബ്ലോയിഡായ 'എബെല'യുടെയും എഡിറ്ററായും നിയമിക്കപ്പെട്ടു. നിയമനം സംബന്ധിച്ച അറിയിപ്പ് കമ്പനിയുടെ എംഡിയും സിഇഒയുമായ ദീപാങ്കര്‍ ദാസ് തൊഴിലാളികളെ അറിയിച്ചു.

തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജഗോപാല്‍ മാര്‍ ഇവനിയോസ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്നു. 'ദി ടെലഗ്രാഫ്' പത്രത്തില്‍ രണ്ടാമനായിരുന്നു രാജഗോപാല്‍ ഇതുവരെ. അടുത്തിടെ വലിയ ശ്രദ്ധ നേടിയ ‘AUNTY NATONAL’ എന്ന തലക്കെട്ട്‌ രാജഗോപാലിന്റെ ഡെസ്ക്കില്‍ നിന്നാണ്. (കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കളിയാക്കി ഇറങ്ങിയ തലക്കെട്ടായിരുന്നു ആന്‍റി നാഷണല്‍). അവീക് സര്‍ക്കാര്‍ ഇനി മുതല്‍ എബിപി ഗ്രൂപ്പിന്‍റെ വൈസ് ചെയര്‍മാനായി തുടരും.

"അദ്ദേഹം വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ തുടര്‍ന്നും ഗ്രൂപ്പിനെ സഹായിക്കും. ഉപദേശകന്റെ റോളില്‍ ആയിരിക്കും അദ്ദേഹം ഇനി മുതല്‍ തുടരുക. പക്ഷേ ഡിജിറ്റല്‍ പതിപ്പുകളുടെ ചുമതല തുടര്‍ന്നും അദ്ദേഹത്തിന് തന്നെയായിരിക്കും." പുര്‍കയസ്ഥ പറഞ്ഞു.

എഴുപത് വയസ്സിനടുത്ത് പ്രായമായ അവീക് സര്‍ക്കാര്‍ പിന്മാരുന്നതിന്റെ സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് അദ്ദേഹഹത്തോട് ഏറ്റവും അടുത്ത വ്യക്തികള്‍ പറഞ്ഞു.

കമ്പനിയുടെ ബംഗാളി ചാനലായ എബിപി ആനന്ദയിലൂടെയും മറ്റ് പബ്ലിക്കേഷനുകളിലൂടെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ അവീക് നടത്തിയിരുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ വിജയമാണ് തൃണമൂല്‍ നേടിയത്. ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇപ്പോള്‍ അവീക് പടിയിറങ്ങുന്നതെന്നും സൂചനയുണ്ട്.


Next Story

Related Stories