TopTop
Begin typing your search above and press return to search.

ഭീതിയൊഴിയാതെ താറാവ് കര്‍ഷകര്‍; വാഗ്ദാനങ്ങള്‍ ജലരേഖയായി

ഭീതിയൊഴിയാതെ താറാവ് കര്‍ഷകര്‍; വാഗ്ദാനങ്ങള്‍ ജലരേഖയായി

കെ ആര്‍ ധന്യ

'ഒന്നുകില്‍ രോഗം വന്നതിനെ മുഴുവന്‍ കൊല്ലണം. ഇല്ലെങ്കില്‍ അതിന് തീറ്റ കൊടുക്കാനെങ്കിലും അനുവദിക്കണം. ഇത് രണ്ടുമില്ലാതെ താറാവുകളേം പാവപ്പെട്ട കര്‍ഷകരേം നരകിപ്പിക്കുകയാണ്. ഇവിടെ പിന്നേം ആയിരക്കണക്കിന് താറാവുകള്‍ ചത്തോണ്ടിരിക്കുകയാണ്. ഇവരെന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടി വരും'- താറാവ് കര്‍ഷകനായ കുട്ടപ്പന്‍ നിലവിളിയോടെയാണ് ഇത് പറയുന്നത്. ഇയാളുടെ രണ്ടായിരം താറാവുകളെ കൊന്നെങ്കിലും രോഗം ബാധിച്ച ബാക്കിയുള്ളവയെ കൊല്ലാന്‍ അധികൃതര്‍ ഇനിയുമെത്തിയിട്ടില്ല. ഇവയ്ക്ക് തീറ്റ നല്‍കാനും അനുവാദമില്ല.

2014ലെ പക്ഷിപ്പനി ബാധയുടെ ക്ഷീണത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന താറാവ് കര്‍ഷകരുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ടാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരണം. ആലപ്പുഴയിലെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന പനിബാധയെ തളയ്ക്കാന്‍ ഇനിയും അധികൃതര്‍ക്കായിട്ടില്ല. ആലപ്പുഴ കൂടാതെ കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും രോഗം പടര്‍ന്നു പിടിച്ചതായി സ്ഥിരീകരണമുണ്ട്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി അത്രകണ്ട് മാരകശേഷിയില്ലാത്ത എച്ച് 5 എന്‍8 വൈറസുകളാണ് ഇത്തവണ പക്ഷിപ്പനിയ്ക്ക് കാരണമായതെന്ന് മാത്രമാണ് ആകെ ആശ്വാസകരം.

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇതിനോടകം 3000-ത്തോളം താറാവുകളെ ചുട്ടുകൊന്നു. എന്നാല്‍ പലയിടങ്ങളിലും വീണ്ടും താറാവുകള്‍ കൂട്ടത്തോടെ ചാവുന്നത് പക്ഷിപ്പനി മൂലമാണെന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പും കര്‍ഷകരും. എന്നാല്‍ ഇതിന് വ്യക്തമായ സ്ഥിരീകരണമുണ്ടായിട്ടില്ല.

2014 നവംബറിലാണ് ആലപ്പുഴയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മനുഷ്യരിലേക്ക് വരെ രോഗം പടര്‍ത്താന്‍ ശേഷിയുള്ള അപകടകാരികളായ എച്ച്5 എന്‍1 വൈറസുകളുടെ സാന്നിധ്യമായിരുന്നു അന്ന് കണ്ടെത്തിയത്. 1997ലാണ് എച്ച്5 എന്‍1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ലോകത്ത് 400-ല്‍ താഴെയാളുകള്‍ രോഗം ബാധിച്ച് മരിച്ചതായാണ് കണക്ക്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം ബാധിച്ചവയെ കൂടാതെ രോഗബാധിത പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍ പക്ഷികളേയും ചുട്ടുകൊല്ലാനായിരുന്നു അന്നത്തെ തീരുമാനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പടര്‍ന്ന് പിടിച്ച രോഗത്തെ ഉന്മൂല നാശം ചെയ്യുന്നതിനായി അന്ന് രണ്ട് ലക്ഷത്തിലധികം താറാവുകളേയും ആയിരക്കണക്കിന് കോഴികളേയും ചുട്ടുകൊന്നിരുന്നു. എന്നാല്‍ എച്ച് 5 എന്‍ 8 വൈറസുകള്‍ മാരകമല്ലാത്തതിനാല്‍ രോഗം ബാധിച്ച താറാവുകളെ മാത്രം കൊല്ലാനാണ് ഇപ്പോഴത്തെ തീരുമാനം.

ദേശാടന പക്ഷികളില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. സൈബീരിയയില്‍ നിന്നുള്ള പക്ഷികളായിരിക്കാം രോഗം പടര്‍ത്തിയതെന്നാണ് അനുമാനം. സൈബീരിയയില്‍ നിന്നു പാകിസ്താനിലേക്കും ഡല്‍ഹിയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും ഇവ എത്തിപ്പെടാനാണ് സാധ്യത. ഡല്‍ഹിയില്‍ കണ്ടെത്തിയ വൈറസും എച്ച്5 എന്‍8 വിഭാഗത്തില്‍ പെടുന്നവയായിരുന്നു എന്നത് ഈ കണ്ടെത്തലിന് ബലംകൊടുക്കുന്നു.

എന്നാല്‍ രാജ്യത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിച്ചത് ദേശാടന പക്ഷികളിലൂടെയാണെന്ന് ഉറപ്പിച്ച് പറയാനുള്ള തെളിവുകള്‍ ലഭ്യമല്ലെന്നാണ് പക്ഷി ഗവേഷകര്‍ പറയുന്നത്. പക്ഷികളുടെ വരവിന് മുമ്പേ തന്നെ ഡല്‍ഹിയില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നെന്നും എന്നു മാത്രമല്ല ഡല്‍ഹിയില്‍ നിന്ന് ആലപ്പുഴയിലേക്ക് ദേശാടന പക്ഷികള്‍ വരുന്നതായി വിവരമില്ലെന്നുമാണ് ഇവരുടെ വാദം. ഈ സാഹചര്യത്തില്‍ പക്ഷിപ്പനി വരാനുള്ള മറ്റ് സാധ്യതകള്‍ കൂടി പരിഗണിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.

ഹാച്ചറികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹാച്ചറികളുടെ പ്രവര്‍ത്തനം കൃത്യമായാണോ നടക്കുന്നത്, മുട്ട എവിടെ നിന്ന് കൊണ്ടു വരുന്നു, ആര്‍ക്കൊക്കെ ഇത് വിതരണം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പകര്‍ച്ചപ്പനികള്‍ക്ക് പേരുകേട്ട ആലപ്പുഴയിലാണ് പക്ഷിപ്പനിയും ആദ്യമായി സ്ഥിരീകരിച്ചതെന്നതാണ് വസ്തുത. വൈറസുകള്‍ക്ക് വളരാന്‍ അനുയോജ്യമായ കാലാവസ്ഥയും പ്രകൃതിയുമുള്ള ഇവിടെ പക്ഷിവളര്‍ത്തലിന് പാലിക്കേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് പക്ഷിപ്പനി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നതെന്നാണ് പക്ഷിരോഗ ഗവേഷകര്‍ പറയുന്നത്. ചെറു തോടുകളിലും കനാലുകളിലും വയലുകളോട് ചേര്‍ന്ന നീര്‍ച്ചാലുകളിലുമൊക്കെയാണ് കൂടുതലും കര്‍ഷകര്‍ താറാവുകളെ വളര്‍ത്തുന്നത്. ഇവ വൃത്തിയാക്കാനോ ശാസ്ത്രീയമായ താറാവ് വളര്‍ത്തലിലേക്ക് കടക്കാനോ കര്‍ഷകര്‍ പലപ്പോഴും തയ്യാറാവാറില്ല. ഇതിന് മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് വേണ്ട സഹായമോ സഹകരണമോ ലഭിക്കാറില്ലെന്ന ആക്ഷേപവുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന സങ്കരയിനം താറാവുകളെയാണ് കേരളത്തില്‍ കൂടുതലായി വളര്‍ത്തുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞ ഇവയെ കുറഞ്ഞ വിലയ്ക്കും ആവശ്യത്തിനും കിട്ടുമെന്നതാണ് കര്‍ഷകരെ ആകര്‍ഷിക്കുന്നത്. കുട്ടനാടിന്റെ സ്വന്തം താറാവുകളായ ചാര, ചെമ്പല്ലി ഇനങ്ങളെ വളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഇവയ്ക്ക് ഉയര്‍ന്ന പ്രതിരോധ ശേഷിയും കുറഞ്ഞ തീറ്റയും മതി. എന്നാല്‍ നാടന്‍ മുട്ടകള്‍ അടവെച്ചിറക്കാന്‍ നല്ല ഹാച്ചറികളില്ലാത്തതിനാല്‍ ഈ ഇനം താറാവ് കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. കഴിഞ്ഞ തവണ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിലവിലുള്ള ഹാച്ചറികള്‍ നവീകരിക്കാനും പുതിയവ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ പോലും ഇതേവരെ സ്വീകരിച്ചിട്ടില്ല.

തിരുവല്ല മഞ്ഞാടിയിലുള്ള പക്ഷിരോഗ നിര്‍ണയ ലാബിലെ പരിശോധനകളിലാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഭോപ്പാലിലെ ഹൈട്ടെക് ലാബിലെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം ഭോപ്പാലിലെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാവൂ. ഇതിന് താമസം നേരിടുന്നത് രോഗം കൂടുതല്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമാവുന്നതായി വിമര്‍ശനമുണ്ട്. ദേശീയ നിലവാരത്തിലുള്ള ലബോറട്ടറി കുട്ടനാട്ടില്‍ തന്നെ സ്ഥാപിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുമുണ്ടായില്ല. ശാസ്ത്രീയമായ താറാവ് വളര്‍ത്തലിനുള്ള നടപടി, ആധുനിക സംവിധാനങ്ങളുള്ള ഹാച്ചറി, മാലിന്യ സംസ്‌കരണം, താറാവ് ഗവേഷണ കേന്ദ്രം തുടങ്ങി നിരവധി വാഗ്ദാനങ്ങളും ജലരേഖയായി.

എവിടെയെങ്കിലും പക്ഷിപ്പനിയെ സംശയിക്കുന്ന രോഗബാധ കണ്ടാല്‍ മൃഗസംരക്ഷണ വകുപ്പില്‍ വിവരമറിയിക്കണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കര്‍ഷര്‍ അത് ചെവിക്കൊണ്ടില്ല. തിരുവല്ല ലാബില്‍ നിന്ന് പരിശോധനാ ഫലം വരുന്നതിന് ഏതാണ്ട് രണ്ടാഴ്ച മുമ്പ് തന്നെ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ ക്രിസ്മസ് വിപണിയെ ലക്ഷ്യം വച്ച് താറാവുകളെ വളര്‍ത്തിയ കര്‍ഷകര്‍ ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നു. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിക്കാനും രോഗം പടര്‍ന്ന് പിടിക്കാനും കാരണമായി. താറാവുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ തുടങ്ങിയില്ല. താറാവുകളുടെ ആരോഗ്യം നിരീക്ഷിക്കാന്‍ നിരീക്ഷണ സമിതിയെ നിയോഗിക്കുമെന്നും, പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടായാല്‍ അടിയന്തിര ധനസഹായം നല്‍കുന്നതിന് ഫണ്ട് സ്വരൂപിക്കുമെന്നും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെ പോയതിന്റെ പ്രതിഷേധത്തിലാണ് താറാവുകള്‍ ചത്തിട്ടും അത് മറച്ച് വയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് കര്‍ഷക പ്രതിനിധികള്‍ പറയുന്നത്. 'ക്രിസ്മസ്, ഈസ്റ്റര്‍ കച്ചവടം കണക്കാക്കിയാണ് കര്‍ഷകരിലേറെയും താറാവുകളെ വളര്‍ത്തുന്നത്. ആ സമയത്ത് താറാവ് ചത്താല്‍ ഞങ്ങളുടെ കഞ്ഞികുടിയാണ് മുട്ടുന്നത്. നഷ്ടപരിഹാരം തരാമെന്നൊക്കെ പറയുമെങ്കിലും കര്‍ഷകര്‍ക്ക് വന്ന നഷ്ടമൊന്നും തിരിച്ചുപിടിക്കാനൊക്കില്ല. ആറു മാസത്തേക്ക് ഞങ്ങള്‍ക്കിനി തൊഴിലില്ല. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളൊന്നും നടത്തുന്നുമില്ല'- അയ്യായിരം താറാവുകളെ വളര്‍ത്തുന്ന കുന്നുമ്മ സ്വദേശി സാമുവലിന്റെ വാക്കുകള്‍. ഇയാളുടെ ആയിരത്തിലധികം താറാവുകളെ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊന്നു.

പക്ഷിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് സൂര്യപ്രകാശത്തില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ അതിജീവിക്കാനാവില്ല. ശൈത്യകാല അന്തരീക്ഷത്തിന്റെ ആനുകൂല്യത്തിലാണ് വൈറസുകള്‍ വളരുന്നത്. അതിനാല്‍ ഒക്ടോബര്‍ മുതല്‍ ഫിബ്രവരി വരെയുള്ള മാസങ്ങളിലാണ് പക്ഷിപ്പനി സാധ്യതയേറി നില്‍ക്കുന്നതെന്ന് തിരുവല്ല പക്ഷിരോഗ നിര്‍ണയ ലാബിലെ ഗവേഷകനായ ഡോ. മഹേഷ് പറയുന്നു. ഈ കാലയളവിലാണ് ദേശാടനപ്പക്ഷികള്‍ കൂടുതലായും കുട്ടനാട് മേഖലകളിലേക്കെത്തുന്നതും. പക്ഷിപ്പനി പ്രതിരോധ വാക്‌സിനുകള്‍ നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ രണ്ടോ മൂന്നോ രാജ്യങ്ങള്‍ മാത്രമാണ് ഈ വാക്‌സിന്‍ പരീക്ഷിച്ചിട്ടുള്ളത്. നിലവിലുള്ള വാക്‌സിനുകള്‍ ഉപയോഗിച്ചാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമായ പഠനം ഇല്ലാത്തതാണ് മിക്ക രാജ്യങ്ങളും ഇതില്‍ നിന്ന് പിറകോട്ട് പോവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ പക്ഷിപ്പനി രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ഉടനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രോഗത്തെ അകറ്റി നിര്‍ത്തുക മാത്രമാണ് സാധ്യമായ കാര്യം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories