Top

ഒരു വിഷക്കുപ്പി തരാമോ....? കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ ചോദിക്കുന്നു

ഒരു വിഷക്കുപ്പി തരാമോ....? കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ ചോദിക്കുന്നു

കെ.ആര്‍ ധന്യഓമനക്കുട്ടന് ഒരു സ്വപ്‌നമുണ്ടായിരുന്നു. ഒരു വീട്. ആ സ്വപ്‌നവുമായാണ് ഇത്തവണ 7400 താറാവുകളെ നീറ്റിലിറക്കിയത്. ബ്ലേഡ് പലിശക്കാരനില്‍ നിന്ന് പണം കടമെടുത്ത് താറാവുകളെ വാങ്ങി. താറാവുകളെ വളര്‍ച്ചയെത്തിച്ച് വിറ്റാല്‍ കടവും വീടി പഞ്ചായത്തിന്റെ സഹായത്തോടെ വീടും വയ്ക്കാം എന്നായിരുന്നു അമ്പലപ്പുഴ കഞ്ഞിപ്പാടം നാലാംചിറയിലെ ഓമനക്കുട്ടന്റെ പ്രതീക്ഷ. 2014ല്‍ വന്നൊടുങ്ങിയ ആ മാരി ഇനി വരില്ലെന്ന് കരുതി ജീവിതം കരുപ്പിടിപ്പിക്കുമ്പോഴാണ് അശനിപാതം പോലെ ആ ദുരന്തം വീണ്ടും വന്നു പതിക്കുന്നത്. ഓമനിച്ചുവളര്‍ത്തിയ താറാവുകള്‍ വെന്ത് വെണ്ണീറായപ്പോള്‍ അക്കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ സ്വപ്‌നവുമുണ്ടായിരുന്നു.''ഒരു ദിവസം പ്രായമായ താറാംകുഞ്ഞ് ഒന്നിന് 21 രൂപ നിരക്കിലാണ് 7400 താറാവുകളെ വാങ്ങുന്നത്. സ്വാഭാവിക മരണത്തില്‍ 200 എണ്ണം ചത്തു. കോഴിത്തീറ്റ, ഊപ്പ, അരി ഇതിനെല്ലാം കൂടി ഒരു ദിവസം 7000 രൂപ ചെലവ് വരും. ക്രിസ്മസ് സീസണ്‍ മുന്നില്‍ കണ്ട് വളര്‍ത്തുന്ന ചിങ്ങക്കുഞ്ഞാണിത്. ഇനി ഈസ്റ്റര്‍ സീസണിലേക്ക് വളര്‍ത്തുന്ന കുംഭക്കുഞ്ഞേയുള്ളൂ. അതുവരെ ഇവിടെ പണിയില്ല. കര്‍ഷകരുടെ കയ്യില്‍ കാശുമില്ല. കടം തീര്‍ക്കാനെന്തു ചെയ്യും? പലിശ കൊടുക്കണ്ടേ? മകളെ കല്യാണം കഴിച്ചയച്ചതിന്റെ കടം വീടി വരുന്നതേയുള്ളൂ. അവളുടെ പണ്ടോം കൂടി പണയത്തില്‍ വച്ചാണ് താറാവുകളെ വാങ്ങിയത്. മേഷും എന്റൊപ്പം താറാവ് കൃഷിയാണ്. അവന്റെ കല്യാണം നടത്തണമെന്ന് വച്ചാല്‍ ഞങ്ങള്‍ക്കൊരു പുരയില്ല. ഉള്ള ഒരു കൂര പൊളിച്ച്, കച്ചവടത്തില്‍ ലാഭം കിട്ടുന്ന കാശും പഞ്ചായത്തിന്റെ സഹായോം കൂടി എടുത്ത് പുതിയത് വയ്ക്കാമെന്നായിരുന്നു. കഴിഞ്ഞ തവണേം എന്റെ രണ്ടായിരം താറാവുകളെങ്കിലും ചത്തു. പിറ്റേന്ന് തന്നെ ചെക്കും കിട്ടി. ഇതിപ്പോ സര്‍ക്കാര്‍ ധനസഹായം എന്ന് കിട്ടുമെന്ന് കരുതീട്ടാ. ചെറുതിന് 100ഉം വലുതിന് 200-ഉം തരുമെന്നാ കണക്ക്. ശരിക്കും വളര്‍ച്ചയെത്തിയ താറാവിനെ ഞങ്ങള്‍ കൊടുക്കുമ്പോള്‍ 300-350 രൂപ സൂക്ഷം കിട്ടും. ഞാനീ തൊഴില്‍ 10 വയസ്സുമുതല്‍ ചെയ്യുന്നതാ. ഇനിയിതൊട്ട് മാറ്റാനും ഒക്കത്തില്ല. കടം കൊണ്ട് ചാവാനാണെങ്കില്‍ അങ്ങനെ.' -ചത്ത താറാവുകളെ കത്തിക്കാനായി വാരിക്കൂട്ടുന്നതിനിടെ ഓമനക്കുട്ടന്‍ തന്റെ നിസ്സഹായതയെ ഇങ്ങനെ പറഞ്ഞൊപ്പിച്ചു. ഇതൊരു ഓമനക്കുട്ടന്റെ മാത്രം കഥയല്ല. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയും പക്ഷിപ്പനിയുടെ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആലപ്പുഴയിലെ നൂറുകണക്കിന് കര്‍ഷകരുടെ ഗതിയാണിത്.ഭീതിയൊഴിയാതെ താറാവ് കര്‍ഷകര്‍; വാഗ്ദാനങ്ങള്‍ ജലരേഖയായി
രോഗം വന്ന്‍ ചത്ത താറാവുകളെ കൂട്ടിയിട്ട് കത്തിക്കുന്നു


'ഒരു വിഷക്കുപ്പി തരാമോ? അത് കിട്ടിയിരുന്നെങ്കില്‍...' കഞ്ഞിപ്പാടത്തെ മറ്റൊരു കര്‍ഷകനായ സന്തോഷിന് ഇതില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവുന്നില്ല. 'രണ്ട് പെണ്‍മക്കളാണ്. സ്‌കൂളില്‍ പഠിക്കുന്നു. ഞാനും എന്റെ സഹോദരനും ചേര്‍ന്നാണ് കൃഷി നടത്തുന്നത്. 7500 താറാവുകളെയാണ് ഇത്തവണ വാങ്ങിയത്. 3000 എണ്ണം ചത്തു. ഇതിനെ വിറ്റുള്ള പൈസ കിട്ടിയിട്ട് വേണം കടമെടുത്തതിന്റെ പലിശയെങ്കിലും അടച്ചു തീര്‍ക്കാന്‍. അല്ലാതെ മറ്റൊന്നും സ്വപ്‌നം കാണാന്‍ പോലും ഞങ്ങളെപ്പോലുള്ളവര്‍ക്ക് കഴിയുകേല. ഭാര്യയുടെ കെട്ടുതാലി വരെ പണയത്തിലാണ്. ഇവറ്റകളെ വളര്‍ത്തുന്നതിന് ദിവസവും വരുന്ന ചെലവ് തന്നെ താങ്ങാന്‍ പറ്റുന്നില്ല. ഇപ്പോ, ഈ പക്ഷിപ്പനി വന്നേപ്പിന്റെ മൂന്ന് ഇന്‍ജക്ഷന്‍ വീതം എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനു തന്നെയായി ഒരു ലക്ഷത്തിലധികം രൂപ. ഈ കാശ് വെള്ളത്തില്‍ പോയത് തന്നെ. മൂന്ന് മാസം പ്രായമായ താറാവുകളാണ് എനിക്ക്. ഒരു മാസം കൂടി കഴിഞ്ഞിരുന്നേല്‍ വില്‍ക്കാന്‍ പാകമായേനെ. തൃശൂരാണ് ക്രിസ്മസിന് കൂടുതലും താറാവ് ഇറച്ചി ചെലവാകുന്നത്. തൃശൂരില്‍ നിന്നുള്ള ടീമാണ് ഞങ്ങളെ താറാവുകളെ കൂട്ടത്തോടെ വാങ്ങുന്നത്. ഇനീപ്പോ പനി വന്നതുകൊണ്ട് ചാവാതെ രക്ഷപെട്ടവയെക്കൂടി ഇവര്‍ വാങ്ങാന്‍ കൂട്ടാക്കത്തില്ല. കഴിഞ്ഞ വര്‍ഷത്തെ കടവും വീട്ടി മിച്ചം പിടിച്ച് വല്ലതും നടത്താമെന്ന് കരുതുമ്പോഴാണ് ഇങ്ങനെയൊക്കെ'.
സന്തോഷ്, അനുജന്‍ സുമേഷ്, കഞ്ഞിപ്പാടം എട്ടാം വാര്‍ഡ് മെമ്പര്‍ പ്രദീപ് എന്നിവര്‍പള്ളിപ്പാട് മേഖലയിലൈ കര്‍ഷകരായ സെബാസ്റ്റ്യന്റേയും അപ്പായിയുടേയുമൊന്നും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. 'ഇന്നലേം കൂടി പോയി പണ്ടം പണയം വച്ചു. എന്തോരം രൂപയാ നെനച്ചിരിക്കാതെ ചെലവാകുന്നത്. കുഞ്ഞുങ്ങള്‍ കഞ്ഞികുടിക്കേണ്ട കാശാ താറാവുകളുടെ മരുന്നെന്നും പറഞ്ഞ് ചെലവാകുന്നത്. എന്നിട്ടെന്തേലും പ്രയോജനമുണ്ടേല്‍ തരക്കേടില്ലായിരുന്നു. ഞാന്‍ രാത്രി ഉറങ്ങാറില്ല. നിമിഷം തോറും ചത്തോണ്ടിരിക്കുന്ന താറാവുകള്‍ക്ക് കൂട്ടിരിപ്പാണ്. കുറേ എണ്ണം ചാവുമ്പോള്‍ അവ കിടക്കുന്ന സ്ഥലത്തൂന്ന് ബാക്കിയുള്ളവയെ തെളിച്ച് ദൂരേക്ക് മാറ്റും. അവിടന്നും ചാവും കുറേ എണ്ണം. ഇങ്ങനെ തെളിച്ച് തെളിച്ച് എവിടെയെത്താനാ?' -സെബാസ്റ്റ്യന്റെ വാക്കുകള്‍. അപ്പായിയ്ക്ക് ഇരുന്നയിടത്തു നിന്ന് എഴുന്നേല്‍ക്കണമെങ്കില്‍ പരസഹായം വേണം. എന്നിട്ടും താറാവ് കൃഷിയില്‍ നിന്ന് പിന്നോട്ട് പോയില്ല. കാരണം അതില്ലാതായാല്‍ കുടുംബം പട്ടിണിയാവും.

കാവാലം കുന്നുമ്മയില്‍ അവശേഷിക്കുന്ന 1000 താറാവുകളേയും കൂടി കത്തിക്കാന്‍ വിറകുമായെത്തുന്ന കുട്ടപ്പായിയുടെ മുഖത്ത് നിര്‍വ്വികാരതയാണ്. 2014ലും ഇപ്പോഴും ആദ്യം പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് കുട്ടപ്പായിയുടെ താറാവുകള്‍ക്കാണ്. അന്നും ഇന്നും ഉണ്ടായിരുന്ന മുഴുവന്‍ താറാവുകളും ചത്തു. കഴിഞ്ഞ തവണ അത് 20,000 താറാവുകളായിരുന്നെങ്കില്‍ ഇത്തവണ 29,000 ആണ്. പക്ഷെ താറാവുകള്‍ ചത്തൊടുങ്ങുന്നതിനേക്കാള്‍ കുട്ടപ്പായിയെ സങ്കടപ്പെടുത്തുന്ന മറ്റൊന്നുണ്ട്. 'എല്ലാ കര്‍ഷകരും ചേര്‍ന്ന് എന്നെ ഒറ്റപ്പെടുത്തിയിരിക്കുവാ. ഒരുതരം ഊരുവിലക്ക് പോലെ. ഞാനാണ് കുട്ടനാട്ടില്‍ പക്ഷിപ്പനി കൊണ്ടു വന്നതെന്നാ എല്ലാവരും പറയുന്നത്. ഞാനൊരൊറ്റ തെറ്റേ ചെയ്തിട്ടുള്ളൂ. രോഗം വന്ന താറാവിനെ ചികിത്സിക്കാനായി പോയി. അതു പോകരുതോ? ആദ്യമൊന്നും താറാവ് ചത്തത് അത്ര ശ്രദ്ധിച്ചില്ല. പിന്നെ കഴിഞ്ഞ തവണത്തെ അനുഭവത്തീന്ന് എനിക്ക് സംശയം തോന്നി. രോഗം തോന്നിയതിനെ തിരുവല്ലയിലെ ലാബില്‍ കൊണ്ടുചെന്നു. ഡോക്ടര്‍ തല്‍ക്കാലത്തേക്ക് 'മോസ്‌ക്ലാവ്' എന്ന മരുന്ന് തന്നുവിട്ടു. ഒരു ഇഞ്ചക്ഷന്‍ എടുക്കുന്നതിന് 50,000 രൂപയായി. എന്നിട്ടും മാറ്റമൊന്നും കാണാത്തതുകൊണ്ട് ചത്തതിനേം ജീവനുള്ളതിനേം കൊണ്ട് വീണ്ടും ലാബില്‍ പോയി. അവിടുന്ന് സംശയം തോന്നി ടെസ്റ്റ് ചെയ്തപ്പോഴാണ് പക്ഷിപ്പനി തന്നെയാണെന്ന് മനസ്സിലായത്. പിന്നെയാണ് ഭോപ്പാലില്‍ ടെസ്റ്റിനയക്കുന്നത്. ഇത്രേം ചെയ്തതില്‍ എന്താണ് തെറ്റ്? എന്തിനാണ് എന്നെ ക്രൂശിക്കുന്നത്?'
കുട്ടപ്പായി'എന്റെ അപ്പനപ്പൂപ്പന്‍മാരുടെ കാലത്ത് തുടങ്ങിയ കൃഷിയാ. അച്ഛന്‍ 81 വയസ്സുവരെ ഇതു തന്നെയായിരുന്നു തൊഴില്‍. എനിക്കിപ്പോള്‍ 50 വയസ്സ്. എന്റെ 12 വയസ്സില്‍ പണിക്കിറങ്ങിയതാ. അന്നൊക്കെ താറാവിന് അസുഖം വന്നാല്‍ ചുക്ക്, വയമ്പ്, കുരുമുളക്, മഞ്ഞള്‍, തേങ്ങാപ്പീര, പച്ചരി ഇതെല്ലാം ചേര്‍ത്ത് ഒരു മരുന്നുണ്ടാക്കി കൊടുക്കും. അതങ്ങ് പോവും. ഇപ്പോ അത് പോരല്ലോ. പിന്നെ താറാവിന്റെ അസുഖം ഇവരൊക്കെ പറയുന്ന പോലെ മറച്ചുപിടിക്കാന്‍ എനിക്ക് കഴിയില്ല. അച്ഛന്‍ അധ്വാനിച്ച് വച്ച വീട് 20 ലക്ഷത്തിന് വിറ്റിട്ടാ കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത്. ഇത്തവണ എന്റെ വീട് പണയത്തില്‍ വച്ചു. അതിപ്പോ ജപ്തിയ്ക്കരികിലാണ്. 45 ലക്ഷത്തിന്റെ കടബാധ്യതയുണ്ട്. ഓരോ തവണയും പലിശയ്ക്ക് കടം വാങ്ങിച്ചും പണ്ടം പണയം വച്ചുമെല്ലാം കൂടുതല്‍ താറാവുകളെ വാങ്ങുന്നത് മുന്‍വര്‍ഷം പോയ പണം കിട്ടുമെന്ന് കരുതിയിട്ടാണ്. കഴിഞ്ഞ തവണ എനിക്കു കത്തിച്ചതിന് മാത്രമല്ല, പനി വന്ന് ചത്തതിനും പൈസ കിട്ടിയിരുന്നു. ഇത്തവണത്തെയൊന്നും തീരുമാനമായിട്ടില്ല'.
ചത്ത താറാവുകളെ കത്തിക്കാനായി പെരുക്കിയിടുന്ന ഓമനക്കുട്ടനും സന്തോഷുംകര്‍ഷകരില്‍ നിന്ന് മാറി കുട്ടനാടിന്റ രുചിശാലകളായ ഷാപ്പുകളിലേക്ക് എത്താം. സ്വദേശികളേയും വിദേശികളേയും ഒരു പോലെ ആകര്‍ഷിക്കുന്നതായിരുന്നു കുട്ടനാടന്‍ ഷാപ്പുകളിലെ താറാവ് കറി. പക്ഷിപ്പനി ബാധിച്ചയിടങ്ങളില്‍ പോലും താറാവുകളെ ഭക്ഷണമാക്കുന്നതില്‍ ഭയക്കാനില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും താറാവ് കറി അന്വേഷിച്ച് ഇപ്പോള്‍ ആരും ഷാപ്പുകളിലെത്താറില്ല. 'ഷാപ്പുകളിലെ പ്രധാന ആകര്‍ഷണം താറാവ് തന്നെയായിരുന്നു. അതില്ലാതായതോടെ ഇവിടെ കച്ചവടം കുറഞ്ഞു. ഇപ്പോള്‍ ആരും തന്നെ വരാറില്ല. ഷാപ്പില്‍ വരുന്നവരല്ലാതെ പാഴ്‌സലായി ഷാപ്പിലെ താറാവ് കറി കൊണ്ടു പോവുന്നവരുമുണ്ടായിരുന്നു. വിനോദസഞ്ചാര സീസണായതുകൊണ്ട് സാധാരണ ഗതിയില്‍ ഇത് ഞങ്ങളുടേം സീസണാണ്. ഈ മാസങ്ങളിലെ കച്ചവടത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് ക്രിസ്മസ് ആഘോഷം. ഇത്തവണ എന്തായാലും അത് പ്രതീക്ഷിക്കണ്ട'- 40 വര്‍ഷമായി കാവാലത്ത് ഷാപ്പ് നടത്തുന്ന ചിന്നപ്പന്‍ പറയുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories