TopTop
Begin typing your search above and press return to search.

അവിജിത് റോയി: മതരാഷ്ട്രീയത്തിന്റെ കഠാരമുനകള്‍

അവിജിത് റോയി: മതരാഷ്ട്രീയത്തിന്റെ കഠാരമുനകള്‍

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പ്രസിദ്ധ ബംഗ്ലാദേശി അമേരിക്കന്‍ എഴുത്തുകാരനും നിരീശ്വരവാദിയുമായ അവിജിത് റോയിയെ വ്യാഴാഴ്ച രാത്രി കത്തിധാരികളായ ഒരു അജ്ഞാതസംഘം ആക്രമിക്കുകയും ധാക്കയിലെ തെരുവിലിട്ട് വെട്ടിക്കൊല്ലുകയും ചെയ്തു. ഗുരുതരമായി മുറിവേറ്റ അദ്ദേഹത്തിന്റെ ഭാര്യ റാഫിദ അഹമ്മദ്, മരണവുമായി മല്ലടിക്കുകയാണ്. സംഭവം നടന്ന ഉടന്‍, ആക്രമണത്തില്‍ വീഴ്ത്തപ്പെട്ട തന്റെ ഭര്‍ത്താവിന്റെയടുത്ത് ചോരയില്‍ കുളിച്ച്, തകര്‍ന്ന് നില്‍ക്കുന്ന റാഫിദയുടെ ഹൃദയഭേദകമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ കാണാന്‍ കഴിയും.

നേരത്തെ കേട്ടിട്ടില്ലാത്ത ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘമായ അന്‍സര്‍ ബംഗ്ല 7 സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇസ്ലാമിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിലാണ്,' റോയിയെ ലക്ഷ്യമിട്ടതെന്ന് അവര്‍ ട്വിറ്ററില്‍ വിശദീകരിച്ചു.

യുഎസില്‍ സ്ഥിരതാമസമാക്കിയ റോയി, ഒരു പുസ്തക പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി ഒരാഴ്ച മുമ്പാണ് ബംഗ്ലാദേശില്‍ മടങ്ങിയെത്തിയത്. വളരെ പ്രചാരമുള്ള ഒരു മതേതര ബ്ലോഗ് തുടങ്ങിയ എഞ്ചിനീയറായ റോയി, മാനവികതയുടെയും സഹനത്തിന്റെയും പ്രമുഖ വക്താവായാണ് അറിയപ്പെടുന്നത്. ഹിന്ദു പശ്ചാത്തലമുള്ളയാള്‍ എന്നതിനെക്കാള്‍, ശാസ്ത്രീയ യുക്തിവാദചിന്തകളുടെ പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെട്ടത്. മതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങളില്‍ അസ്വസ്ഥരായിരുന്ന യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിന് ധാരാളം വധഭീഷണികള്‍ ലഭിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

'സ്വതന്ത്രചിന്ത, അവിശ്വാസം, തത്വശാസ്ത്രം, ശാസ്ത്രീയ ചിന്തകള്‍, ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ എനിക്ക് അങ്ങേയറ്റം താല്‍പര്യമുണ്ട്,' എന്ന് തന്റെ വ്യക്തിവിവരണത്തിന്റെ ഭാഗമായുള്ള ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു. മുക്തോ-മോന ബ്ലോഗിലെഴുതിയ ഒരു കുറിപ്പില്‍ ഖുറാന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത 42 കാരനായ റോയി, ഈ മതഗ്രന്ഥം 'ശാസ്ത്രീയ' അടിത്തറയുള്ളതാണെന്ന ചില ഇസ്ലാമിക പണ്ഡിതന്മാരുടെ അവകാശവാദത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.പാകിസ്ഥാന്‍ പട്ടണമായ പെഷവാറിലെ സ്‌കൂളിലും ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി ഹെബ്ദോയുടെ പാരീസ് ഓഫീസിലും നടന്ന ഹീനമായ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന്, മതത്തെ ഒരു വൈറസിനോട് ഉപമിച്ചുകൊണ്ട് അദ്ദേഹം ലേഖനം എഴുതി.

ബംഗ്ലാദേശിന്റെ സങ്കീര്‍ണ പരിതസ്ഥിതികളില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ വളരെ അപകടകരമായി മാറി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലീം ജനവിഭാഗങ്ങള്‍ ഉള്ള ബംഗ്ലാദേശ് ഇസ്ലാമിനെ ഔദ്യോഗിക മതമായി അംഗീകരിച്ചിട്ടുണ്ട്. 2013ല്‍ മറ്റൊരു മതേതര ബ്ലോഗറായ അഹമ്മദ് രജീബ് ഹൈദറിനെ തീവ്രവാദികള്‍ കൊന്നിരുന്നു. ഇപ്പോള്‍ റോയിയുടെ മരണത്തിന് ശേഷം സംഭവിച്ചത് പോലെ അന്നും അഭിപ്രായസ്വാതന്ത്ര്യ സമരങ്ങള്‍ അരങ്ങേറിയിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം അത്ര തീവ്രമായ ഒരു മതേതര പാരമ്പര്യം അവിടെ നിലനില്‍ക്കുന്നില്ല. 1971ല്‍ ഒരു രക്തരൂക്ഷിത യുദ്ധത്തെ തുടര്‍ന്നാണ് രാജ്യം പാകിസ്ഥാനില്‍ നിന്നും വിഭജിച്ച് സ്വതന്ത്രമായത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ വൈകാരികമായി അംഗീകരിക്കുന്ന ബംഗ്ലാ ദേശീയത, പാകിസ്ഥാന്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പാന്‍-ഇസ്ലാമിക വികാരങ്ങളെ അട്ടിമറിച്ചു. ബംഗ്ലാദേശില്‍ എന്തെങ്കിലും ദൈവനിന്ദാ ശിക്ഷ നിലനില്‍ക്കുന്നില്ല എന്ന് മാത്രമല്ല, രാജ്യത്ത് ഷെരിയ കോടതികളും ഇല്ല.

നാല് ദശാബ്ദം മുമ്പ് നടന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് എതിരായി നിന്ന പ്രധാനപ്പെട്ട രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ വിവാദപരവും പരക്കെ വിമര്‍ശിക്കപ്പെട്ടതുമായ ഒരു വേട്ടയാടലിന് ഇപ്പോഴത്തെ പ്രസിഡന്റ് ഷേഖ് ഹസീന തുടക്കം കുറിച്ചിരുന്നു. ഈ നടപടി പക്ഷെ ജനാധിപത്യത്തെ അനുകൂലിക്കുകയും യാഥാസ്ഥിതിക വാദങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും, 2013ല്‍ നടപടികളെ അനുകൂലിച്ച് കൂറ്റന്‍ റാലി നടത്തുകയും ചെയ്തു.എന്നാല്‍ റോയിയെ പോലുള്ള സ്വതന്ത്ര ചിന്തകരുടെ വാദങ്ങള്‍ക്ക് ബലം പകരാന്‍ ഹസീനയ്ക്ക് സാധിച്ചില്ല എന്ന് മാത്രമല്ല, എതിര്‍പ്പുകളെയും സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെയും അടിച്ചമര്‍ത്തുന്ന തരത്തിലുള്ള ഒരു ഏകാധിപത്യ പ്രവണത നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം ഉയരുകയും ചെയ്തു. രാജ്യത്തെ പ്രധാനപ്പെട്ട ഇസ്ലാമിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള അവരുടെ എതിര്‍ കക്ഷികളെല്ലാം പാര്‍ലമെന്റില്‍ നിന്നും വെളിയിലാക്കപ്പെട്ടു. അവര്‍ അരികുകളില്‍ പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍, കലാപങ്ങളും മൗലീകവാദവും വര്‍ദ്ധിക്കുമെന്ന ഭീതി വ്യാപകമാണ്.

ബംഗ്ലാദേശിന്റെ വിഷലിപ്തമായ ഏകപക്ഷ രാഷ്ട്രീയം, രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തെ തന്നെ അസ്ഥിരപ്പെടുത്തുന്ന നിയമവ്യവസ്ഥയ്ക്ക് അതീതമായ കലാപങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും തെരുവ് പ്രതിഷേധങ്ങള്‍ക്കും വളം വച്ചിട്ടുണ്ട്. റോയിയുടെ ഘാതകര്‍ അദ്ദേഹത്തിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകളില്‍ പ്രകോപിതരായിരുന്നിരിക്കാം. എന്നാല്‍ കൂടുതല്‍ ദൂര വ്യാപകമായ കാരണങ്ങളാണ് അവരെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്.

'കൊലപാതകങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു ഭൂമികയായി,' ബംഗ്ലാദേശ് മാറുകയാണെന്ന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനും ബംഗ്ലാദേശ് കാര്യ വിദഗ്ധനുമായ സലില്‍ ത്രിപാഠി ചൂണ്ടിക്കാണിക്കുന്നു. '(അവര്‍) ശിക്ഷയെ കുറിച്ച് ഭീതിയില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍, തങ്ങളുടെ പ്രതികരണങ്ങള്‍ വളരെ സൂക്ഷ്മമാക്കാനും തങ്ങളുടെ ആലോചനകള്‍ മനസില്‍ മൂടിവെക്കാനും എഴുത്തുകാര്‍ നിര്‍ബന്ധിതരാവുന്നു.'


Next Story

Related Stories