TopTop
Begin typing your search above and press return to search.

ആയാറാം ഗയാറാമുമാര്‍ (മല്ലു സ്റ്റൈല്‍)

ആയാറാം ഗയാറാമുമാര്‍ (മല്ലു സ്റ്റൈല്‍)

വിഷ്ണു എസ് വിജയന്‍

ആയാറാം ഗയാറാമുമാരുടെ കാലമാണ് തെരഞ്ഞെടുപ്പ്. സീറ്റ് കിട്ടാത്തവര്‍ വിമതരായും കൂടുതല്‍ ശക്തരായവര്‍ പാര്‍ട്ടി പിളര്‍ത്തി മറുകണ്ടം ചാടിയും സീറ്റൊപ്പിക്കും. സ്വന്തം നിലനില്‍പ്പും പാര്‍ലമെന്ററി വ്യാമോഹവുമാണ് രാഷ്ട്രീയക്കാരെ ഇതിന് പ്രേരിപ്പിക്കുന്നത്. മാറുന്ന രാഷ്ട്രീയ സമവായങ്ങള്‍ക്കനുസരിച്ച് മുന്നണികള്‍ ഇവരെയെല്ലാം സ്വന്തം പാളയങ്ങളിലേക്ക് സ്വാഗതം ചെയ്യും. അതുവരെ പരസ്പരം നടത്തിയിരുന്ന വിമര്‍ശനങ്ങള്‍ താല്‍ക്കാലികമായി മാറ്റി വയ്ക്കുകയും തോളില്‍ കയ്യിട്ട് കെട്ടിപ്പിടിച്ചു വോട്ടു ചോദിക്കുകയും ചെയ്യും. ഒരുമെയ്യായ ഇരുവരും ചേര്‍ന്ന് മറുവിഭാഗത്തെ വിമര്‍ശിക്കുകയും ചെയ്യും. അതുവരെ എതിര്‍ത്തവയെ അനുകൂലിക്കുകയും അനുകൂലിച്ചവയെ എതിര്‍ക്കുകയും ചെയ്യുകയെന്ന അവസ്ഥയുമായി അവര്‍ അതിവേഗം പൊരുത്തപ്പെടുകയും ചെയ്യും.

എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്കും തിരിച്ചും ഇത്തരം പോക്കു വരവുകള്‍ തുടര്‍ക്കഥയാണ്. ഇങ്ങനെ ചേരിമാറിക്കളിക്കുകയും കളിക്കിടെ വഴിയാധാരമായവരുമുണ്ട് ഇത്തവണ തെരഞ്ഞെടുപ്പ് കളത്തില്‍. അവരില്‍ ചിലരുടെ ചരിത്രത്തിലൂടെഎ എ അസീസ്(ആര്‍ എസ് പി)

2014-ലെ ലോകസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഇടതുപക്ഷത്തിന്റെ കൂടെ നിന്ന മുഖ്യ കക്ഷികളില്‍ ഒന്നാണ് ആര്‍എസ്പിയും അതിന്റെ നേതാവ് എ എ അസീസും. എന്നാല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം സീറ്റ് നിഷേധിച്ചുവെന്ന ആരോപണം ഉയര്‍ത്തി പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രായ്ക്കു രാമാനം യുഡിഎഫില്‍ ചേക്കേറുകയും അതുവരെ യുഡിഎഫില്‍ നിന്ന ഷിബു ബേബി ജോണിന്‍റെ ആര്‍എസ്പി ബിയുമായി ലയിക്കുകയും ചെയ്തപ്പോള്‍ അസീസും അവരോടൊപ്പം കളംമാറ്റി ചവിട്ടി. അതുവരെ യുഡിഎഫിനെയും അതിന്റെ നയങ്ങളെയും പരസ്യമായി വിമര്‍ശിക്കുകയും, സോളാര്‍ സമരം അടക്കമുള്ള വിഷയങ്ങളില്‍ സജീവ സമര രംഗത്തുണ്ടായിരുന്ന അസീസിനും പാര്‍ട്ടിക്കും യുഡിഎഫ് നല്ല പക്ഷവും എല്‍ ഡി എഫ് കെട്ട കക്ഷിയും ആയി മാറി. കോണ്‍ഗ്രസ് പാര്‍ട്ടിയെ കുടുംബ ആധിപത്യം ആണ് നയിക്കുന്നത് എന്നും, ജനാധിപത്യ സംവിധാനം കോണ്‍ഗ്രസ്സില്‍ ഇല്ല എന്നും അഹോരാത്രം പ്രസംഗിച്ചു നടന്ന എന്‍ കെ പ്രേമചന്ദ്രന് എപ്പോഴും പിന്തുണയുമായി രംഗത്തുണ്ടായിരുന്നത് അസീസ് ആണ്. എന്നാല്‍ വലതു മുന്നണിയില്‍ എത്തിയതിനു ശേഷം ആ നിലപാടുകളില്‍ എല്ലാം വെള്ളം ചേര്‍ത്ത് ഖദറിട്ട് ഇരവിപുരം മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസ്.വി സുരേന്ദ്രന്‍പിള്ള

കഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് ചേക്കേറിയിട്ടും ഇടതുപക്ഷം വിടാതിരുന്ന സുരേന്ദ്രന്‍പിള്ള ഇത്തവണ വലതു ചേരിയില്‍ ആണ്. വലതു മുന്നണിയിലേക്ക് ചേക്കാറാതെ ഇടതുമുന്നണിയില്‍ നിന്ന അദ്ദേഹത്തിന് മന്ത്രി സ്ഥാനം നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തു. സുരേന്ദ്രന്‍പിള്ള കിട്ടുന്ന സമയത്തെല്ലാം വലതന്മാരെ അടിക്കാന്‍ മിടുക്കനായിരുന്നു. സോളാര്‍ വിഷയത്തില്‍ ഇടതുപക്ഷം സെക്രട്ടറിയേറ്റ് ഉപരോധിച്ചപ്പോള്‍ പ്രതിഷേധവും ആയെത്തിയ സന്ധ്യക്കെതിരെ ആദ്യം പ്രതികരിച്ചവരുടെ കൂട്ടത്തില്‍ സുരേന്ദ്രന്‍പിള്ളയും ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് മാണിയില്‍ കലാപം നടത്തി പാര്‍ട്ടി പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം പഴയ ജോസഫ് വിഭാഗവും തിരിച്ചു എല്‍ഡിഎഫിലെത്തിയപ്പോള്‍ സുരേന്ദ്രന്‍ പിള്ള കറിവേപ്പിലയായി. ഇപ്പോള്‍ വലതിനൊപ്പം നിന്ന് നേമത്ത് ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് സുരേന്ദ്രന്‍പിള്ള.


ആന്റണി രാജു

കേരള കോണ്‍ഗ്രസുകാര്‍ക്ക് മുന്നണിമാറ്റങ്ങളും പുതിയ പാര്‍ട്ടി ഉണ്ടാക്കലും പുതിയതല്ല. കേരള കോണ്‍ഗ്രസ് പിളരുവാനും ഒന്നാകുവാനും തെരഞ്ഞെടുപ്പ് വരണം എന്നുമില്ല. തെരഞ്ഞെടുപ്പു പ്രമാണിച്ച് ഏറ്റവും പുതിയതായി രൂപം കൊണ്ട കേരള കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് മാണിയെ പിളര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജ് ആണ് പുതിയ കേരളകോണ്‍ഗ്രസ് ഉണ്ടാക്കിയത്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുടെ സമയത്ത് എല്‍ഡിഎഫ് വിട്ടു മാണിക്കൊപ്പം ചേര്‍ന്നപ്പോള്‍ മുതല്‍ ആന്റണി രാജു മാണിയുടെ വക്താവായി സ്വയം മാറുകയും മാണിയുടെ വീരചരിതം പാടിനടക്കുകയും ആയിരുന്നു.

ബാര്‍ കോഴ വിഷയത്തില്‍ മാണിയെ ചാനലുകളില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ പെടാപാട് പെട്ട മനുഷ്യന്‍ ആണ് ആന്റണി രാജു. ബാറില്‍ കോഴയില്ല, അത് ഇടതുപക്ഷം മനപ്പൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്ന നുണക്കഥ ആയിരുന്നു എന്നാണ് ആന്റണി രാജു ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചിരുന്നത്. ലാവലിന്‍ കേസും അന്ന് ഇടതുപക്ഷത്തിനെതിരെ ആന്റണി രാജു സജീവമായി ഉപയോഗിച്ചു. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സീറ്റ് ലഭിക്കില്ലെന്നും ഇനിയും വെള്ളം കോരിയും വിറകുവെട്ടിയും പാലായില്‍ കഴിയേണ്ടി വരുമെന്ന് ആന്റണി രാജു തിരിച്ചറിഞ്ഞു. അതിനാല്‍ ഫ്രാന്‍സിസ് ജോര്‍ജ് പുതിയ പാര്‍ട്ടി ഉണ്ടാക്കി കേരള കോണ്‍ഗ്രസിനെ പിളര്‍ത്തി ഇടതു ചേരിയില്‍ ചേക്കേറാന്‍ വട്ടം കൂട്ടിയപ്പോള്‍ മാണിക്കെതിരായ ഗൂഢാലോചനയില്‍ ആന്റണി രാജുവും പങ്കുചേര്‍ന്നു. പഴയ നേതാവായ പിജെ ജോസഫിനെ ഉപേക്ഷിക്കാനും ആന്റണി രാജു തയ്യാറായി. എല്‍ഡിഎഫില്‍ എത്തിയ ആന്റണി രാജുവിന് മാണി കൊള്ളരുതാത്തവനും, യുഡിഎഫ് അഴിമതി മുന്നണി ആകുകയും ചെയ്തു. എല്‍ഡിഎഫ് ആകട്ടെ ആന്റണി രാജുവിന് തിരുവനന്തപുരം സീറ്റു നല്‍കി 'സഖാവ് ആന്റണി രാജു' ആക്കി മാമോദീസ മുക്കി.കെബി ഗണേഷ് കുമാര്‍


യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രി ആയിരുന്ന ആളാണ് കെബി ഗണേഷ്‌കുമാര്‍. ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുരുങ്ങി രാജിവയ്‌ക്കേണ്ടി വന്ന ഗണേഷ്‌കുമാര്‍ ആ സമയം എല്‍ഡിഎഫിനും, വി എസ് അച്യുതാനന്ദനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചെറുതല്ല.

ഇടമലയാര്‍ കേസില്‍ ജയില്‍ മോചിതനായി തിരിച്ചെത്തിയ ബാലകൃഷ്ണപിള്ളക്ക് സ്വീകരണം നല്‍കുന്നതിനിടയില്‍ ആണ് ഗണേഷ് കുമാര്‍ വി എസ് അച്യുതാനന്ദന് എതിരെ 'കുപ്രസിദ്ധമായ' ഞരമ്പ് രോഗി പ്രയോഗം നടത്തുന്നത്. മാത്രവുമല്ല ഉമ്മന്‍ചാണ്ടി പിതൃതുല്യന്‍ ആണ് എന്ന് കൂടി പറഞ്ഞു കെ ബി ഗണേഷ്‌കുമാര്‍. എന്നാല്‍ ഇപ്പോള്‍ എല്‍ഡിഎഫിനു വേണ്ടി പത്തനാപുരത്ത് മത്സരിക്കുന്ന ഗണേഷ്‌കുമാര്‍ അക്കാര്യങ്ങള്‍ ഒക്കെ മറന്ന മട്ടാണ്, വിഎസ് ആകട്ടെ അങ്ങനെയൊരു സംഭവം നടന്നതായിപ്പോലും ഭാവിക്കുന്നില്ല.പിസി ജോര്‍ജ്


കേരള രാഷ്ട്രീയത്തില്‍ പി സി ജോര്‍ജ്ജിന്റെ നാവിന്റെ ചൂട് അറിയാത്തവര്‍ ആരുമുണ്ടാകില്ല. അങ്ങനെ മുന്നണിക്ക് അകത്തായാലും പുറത്തായാലും ഒറ്റയാനായി മേഞ്ഞ് നടന്ന പിസിക്ക് ഇപ്പോള്‍ എന്താണ് പറ്റിയതെന്നു തനിക്ക് തന്നെ മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാണിയോട് പിണങ്ങുംവരെ മാണിക്കും, യുഡിഎഫിനും വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു പിസി ജോര്‍ജ്. മാണിക്കെതിരെ പടപൊരുതാന്‍ അഴിമതി വിരുദ്ധ സമിതിയൊക്കെ ഉണ്ടാക്കി നോക്കിയെങ്കിലും രക്ഷപ്പെട്ടില്ല, തുടര്‍ന്ന് എല്‍ഡിഎഫില്‍ കയറിക്കൂടാന്‍ കേരള കോണ്‍ഗ്രസ് സെക്യുലറിനെ പുനരുജ്ജീവിപ്പിച്ച് പി എസ് ജോണിനെ അതിന്റെ പ്രസിഡന്റാക്കി.പിഎസ് ജോണ്‍ ആകട്ടെ പിസിയെ പുറത്താക്കി. അതിനുമുമ്പ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പതിനാറ് നിലയില്‍ പൊട്ടിയ പിസിയുടെ അഴിമതി വിരുദ്ധ സമിതിയുടെ കാറ്റ് പോകുകയും ചെയ്തിരുന്നു. പിണറായിയേയും, എല്‍ഡിഎഫിനേയും നിരന്തരം കടന്നാക്രമിച്ചു കൊണ്ടിരുന്ന പിസി എല്‍ഡിഎഫില്‍ കയറിക്കൂടാന്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ വിഴുങ്ങി എല്‍ഡിഎഫിനു സ്തുതി പാടി നടക്കുകയായിരുന്നു. എന്നാല്‍ ഇടതു പാളയത്തിലേക്ക് അഭയം തേടിയെത്തിയ പിസിയെ പിണറായിയും കൂട്ടരും കൊതിപ്പിച്ചശേഷം തള്ളിക്കളഞ്ഞു. പിസിക്ക് വിനയായത് സ്വന്തം നാവ് തന്നെയായിരുന്നു. പൂഞ്ഞാറില്‍ സ്വയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് വിനയായത്. ഇപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഇല്ലാത്ത അവസ്ഥയാണ് പൂഞ്ഞാര്‍ പുലിക്ക്. എന്നാലും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് പിസി ജോര്‍ജ്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ലേഖകന്‍)


Next Story

Related Stories