TopTop
Begin typing your search above and press return to search.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ വഴികള്‍

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ വഴികള്‍

ഓജസ് അഥവ ഉയര്‍ന്ന പ്രതിരോധശേഷി ആരോഗ്യമുള്ള ജീവിതത്തിന് ആവശ്യമാണ്. ശരീരത്തെ രോഗങ്ങള്‍ക്ക് അടിമപ്പെടാതെ പിടിച്ചുനിര്‍ത്താന്‍ പ്രതിരോധശക്തി കൂടിയേ തീരൂ. ഓജസ് വര്‍ധിക്കാന്‍ ആയുര്‍വ്വേദം നിഷ്‌കര്‍ഷിക്കുന്ന 5 വഴികള്‍ നോക്കാം.

1. ആഹാരം ബുദ്ധിയോടെ തിരഞ്ഞെടുക്കുക

എല്ലാ കാലാവസ്ഥയിലും നമ്മുടെ ഭക്ഷണരീതി ഒന്നുപോലെ ആയിരിക്കും. പക്ഷെ കഴിക്കുന്ന ഭക്ഷണം അതത് കാലത്തിന് യോജിച്ചതാണോ എന്ന് ശ്രദ്ധിക്കണം. വേനല്‍ കാലത്ത് ശരീരം തണുപ്പിക്കുന്ന ഭക്ഷണ ക്രമീകരണവും പാനീയങ്ങളും കഴിക്കുമ്പോള്‍ തണുപ്പ് കാലത്ത് ഇവ പ്രോട്ടീനിന് വഴിമാറണം. ജങ്ക് ഫുഡിന് കല്പിക്കുന്ന പ്രാധാന്യം ശുദ്ധമായ വേവിച്ച പച്ചക്കറികള്‍ക്ക് നല്‍കണം. കലോറി കുറഞ്ഞ ആഹാരം കഴിക്കാനും അതുവഴി ദഹനം സുഗമമാക്കാനും കഴിയണം. ഇടനേരത്തെ പലഹാരങ്ങള്‍ക്ക് പകരം പഴങ്ങളും സൂപ്പും കഴിക്കണം.

ആഹാരം അഞ്ചുനേരമാക്കാം. മൂന്ന് നേരം കാര്യമായ ഭക്ഷണവും രണ്ടുനേരം വളരെ ചെറിയ ഭക്ഷണരീതിയും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിങ്ങനെയെല്ലാം ആവശ്യത്തിന് ശരീരത്തില്‍ എത്തണം.

2. വ്യായാമം ചിട്ടയോടെ

നഗരവത്കരണത്തിന്റെ സംഭാവനയാണ് പിരിമുറുക്കം/സമ്മര്‍ദ്ദം. അനാവശ്യമായ ഉറക്കം, അമിത ആഹാരം, പുകവലി, മദ്യപാനം എന്നിങ്ങനെ ശരീരത്തിന് വേണ്ടാത്ത ശീലങ്ങള്‍ സംഭാവന ചെയ്യുന്ന ഘട്ടം. യോഗയും മെഡിറ്റേഷനും ചിട്ടയായി ചെയുന്ന ഒരു വ്യക്തിക്ക് സമ്മര്‍ദ്ദം ഒഴിവാക്കാനാകും. ഈ ദുശ്ശീലങ്ങളും അകറ്റിനിര്‍ത്താന്‍ കഴിയും. തലച്ചോറിലെ രാസപ്രവര്‍ത്തനത്തെ ഉദ്വീപിപ്പിക്കാന്‍ ശാരീരിക അധ്വാനം സഹായിക്കും. അതിന് ജിമ്മിനെ ആശ്രയിക്കണമെന്നില്ല. നടത്തം, ഓട്ടം എന്നിങ്ങനെ ശരീരം വിയര്‍ത്ത് സുഖം തോന്നുന്ന ഒരു വ്യായാമശീലം. അതാണ് അത്യാവശ്യം

3. സമ്മര്‍ദ്ദമകറ്റും മെഡിറ്റേഷന്‍ വിദ്യകള്‍

നേരത്തെ പറഞ്ഞതുപോലെ പുകവലിയിലും മദ്യപാനത്തിലും എത്തിനില്‍ക്കുന്നതാണ് മാനസിക സമ്മര്‍ദത്തിന്റെ അനന്തരഫലങ്ങള്‍. അത് ആരോഗ്യപരമായ പ്രശ്‌നങ്ങളിലേക്കും നയിക്കും. ജീവിതകാലം മുഴുവന്‍ ഒരു രോഗിയാക്കും! മെഡിറ്റേഷന്‍ തെറാപ്പി ആണ് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രതിവിധി. മാനസിക ഉല്ലാസത്തിനും സമാധാനത്തിനും മെഡിറ്റേഷന്‍ ഉത്തമമാണെന്ന വസ്തുത ആഗോളതലത്തിലും അംഗീകരിക്കപ്പെട്ടതാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടാനും, മാനസിക നിയന്ത്രണങ്ങള്‍ക്കും ഇത് ഗുണം ചെയ്യും. ഉറക്കത്തിന് ഒരു ചിട്ട വേണം. ആരോഗ്യമുള്ള ഭക്ഷണ ശീലം വേണം. കംപ്യൂട്ടറിന് മുന്‍പില്‍ ചെലവിടുന്ന സമയത്തിനും നിയന്ത്രണം ഉണ്ടാകണം.

4. വിഷമയമായ അന്തരീക്ഷം വേണ്ട

അന്തരീക്ഷ മലിനീകരണം മനസിനെയും ശരീരത്തെയും വരെ മലിനമാക്കും. മദ്യപിക്കുമ്പോഴും പുകവലിക്കുമ്പോഴും പാര്‍ശ്വഫലങ്ങള്‍ ഇരട്ടിയാകും. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, സസ്യ എണ്ണ എന്നിവയിലെ ആന്റി ന്യുട്രിയന്റ്‌സ് കുടലിനെ നശിപ്പിക്കും. പകരം ആയുര്‍വേദം നിര്‍ദേശിക്കുന്നത് പഴവും പച്ചക്കറികളും ആണ്. മലിനമായ അന്തരീക്ഷത്തില്‍ ശരീരത്തെ രോഗപ്രതിരോധ ശേഷിയുള്ളതാക്കാന്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ക്ക് കഴിയുമത്രേ.

5. ഉറക്കത്തിന്റെ അളവിന് പ്രാധാന്യം നല്‍കണം

വിശ്രമമില്ലാത്ത ജോലി രോഗപ്രതിരോധ ശേഷി നശിപ്പിക്കും. എത്ര നല്ല ആഹാരം കഴിച്ചാലും അവ ദഹിക്കാന്‍ ശരീരത്തെ അനുവദിക്കാത്തത് വിപരീത ഫലമുണ്ടാക്കും.

നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനുമാണ് ആയുര്‍വ്വേദം നിര്‍ദേശിക്കുന്നത്. സൂര്യനുദിക്കും മുന്‍പ് ഉണര്‍ന്നാല്‍ മാത്രമേ ആരോഗ്യത്തോടെ ദിവസം തുടങ്ങാന്‍ കഴിയൂ എന്നതാണ് ആയുര്‍വേദത്തിന്റെ നിര്‍ദേശം. ശരീരം ശുദ്ധിയാകാനും ഇത് ആവശ്യമാണത്രെ! പ്രാണായാമം അഭ്യസിക്കുന്നത് ഉള്‍പ്പെടെ സൂര്യനുദിക്കും മുന്‍പ് ചെയ്യണം. ഇത് ഉന്മേഷഭരിതമായ ദിവസങ്ങള്‍ക്ക് ആവശ്യമാണെന്നും നിര്‍ദേശിക്കുന്നു


Next Story

Related Stories