TopTop
Begin typing your search above and press return to search.

അസ്ഹർ; ജീവചരിത്രവും കല്പിത കഥയും തമ്മിലൊരു കണ്ണുപൊത്തിക്കളി

അസ്ഹർ; ജീവചരിത്രവും കല്പിത കഥയും തമ്മിലൊരു കണ്ണുപൊത്തിക്കളി

ഉണ്ണുക, ഉറങ്ങുക, സ്വപ്നവും ക്രിക്കറ്റും കാണുക എന്നൊരു ആഹ്വാനം കുറഞ്ഞ പക്ഷം 90കളിലെ സ്കൂൾ കുട്ടികൾക്കെങ്കിലും ഓർമയുണ്ടാവും. 1983 ലെ ലോകകപ്പ് വിജയത്തിന് ശേഷം, ഏകദിന ക്രിക്കറ്റും ടി വിയും ഒന്നിച്ചു ജനകീയമായ 90കളുടെ തുടക്കത്തിൽ ക്രിക്കറ്റിനോളം ജനപ്രീയമായ മറ്റൊന്നുണ്ടായിരുന്നോ എന്ന് സംശയമാണ്. ആഗോളവത്കരണത്തിന്‍റെ സൃഷ്ടി, അമിത ദേശീയത ഉണ്ടാക്കുന്ന ഒന്ന്, സമയം കൊല്ലി എന്നൊക്കെയുള്ള ആരോപണങ്ങളെ മറികടന്നു ഇടവഴികളിലും സ്ക്കൂൾ ഗ്രൌണ്ടിലും വീട്ടു മുറ്റത്തുമെല്ലാം നമ്മൾ ബൌണ്ടറികൾ പായിച്ചു കൊണ്ടേ ഇരുന്നു. ഇന്ത്യയിൽ ക്രിക്കറ്റിനെ ഹൃദയം കൊണ്ടും യുക്തികൊണ്ടും ഉൾക്കൊണ്ടവർ അത്ര സന്തോഷത്തോടെ ആയിരിക്കില്ല മുഹമ്മദ്‌ അസറുദ്ദീൻ എന്ന പേരിനെ ഓർക്കുക. ഏറ്റവും വിജയകരമായ കരിയറിന്റെ അവസാനത്തിൽ കേട്ട ഒത്തുകളി വിവാദം ഇന്ത്യയിൽ ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനിൽ നിന്നും ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനാക്കി അത് അദ്ദേഹത്തെ മാറ്റി. കോടതി ക്ലീൻ ചിറ്റ് നല്കി എങ്കിലും അസ്ഹർ ഇന്നും ആ ബെറ്റിംഗ് വിവാദം ഉണ്ടാക്കിയ സംശയത്തിന്റെ നിഴലിലാണ്. അത്തരമൊരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം എന്ന നിലയിൽ ആണ് നോവലിസ്റ്റ്‌ കൂടിയായ ടോണി ഡിസൂസയുടെ അസ്ഹറിനു വേണ്ടി സിനിമാ, ക്രിക്കറ്റ് പ്രേമികൾ ഒരുപോലെ കാത്തിരുന്നത്.

ഒരു വർഷത്തിൽ ഏറെയായി അസ്ഹർ സിനിമയുടെ മിനി ട്രെയിലർ പുറത്തിറങ്ങിയിട്ടു. തന്നോട് യാതൊരു രൂപസാദൃശ്യവും ഇല്ലാത്ത അസ്ഹറിനെ ഇമ്രാൻ ഹാഷ്മി എങ്ങനെ അവതരിപ്പിക്കും എന്നറിയാൻ കൌതുകമുണ്ടായിരുന്നു. സമാനതകൾ ഇല്ലാത്ത അസ്ഹറിന്റെ ബാറ്റിങ്ങും ഫീൽഡിങും വെള്ളിത്തിരയിൽ എത്തിക്കാൻ പറ്റുമോ എന്നതും ആശങ്ക ആയിരുന്നു. അസ്ഹറിന്റെ ഇന്നിങ്ങ്സുകൾ പുനാരാവിഷ്ക്കരിക്കുക വളരെ ശ്രമകരമായ ജോലി ആണ്.

അസ്ഹറിന്റെ പൂർണ്ണ സമ്മതം വാങ്ങി, സ്ക്രിപ്റ്റ് മുഴുവനായി അദ്ദേഹത്തിനു നല്കിയുമൊക്കെയാണ് സിനിമാ ഷൂട്ടിങ്ങ് തുടങ്ങിയത്. ട്രയിലറിൽ കണ്ട ഡയലോഗുകളും മറ്റും ഏറെ വിവാദമായ അസ്ഹറിന്റെ കരിയറും വ്യക്തി ജീവിതവും കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഇത് തന്റെ ജീവിതം ആണെന്ന അസ്ഹറിന്റെ സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരുന്നു. എന്നാൽ ഇത് അസ്ഹറിനെ ന്യായികരിക്കാൻ ഉള്ള ശ്രമം ആണെന്നും അദ്ദേഹം എല്ലാ കുറ്റങ്ങളും സമ്മതിച്ചെന്നും അയാളുടെ മറുപടികൾ തനിക്ക് ഒരു ക്രിമിനലിനെ കാണിച്ച് തന്നെന്നും മറ്റും കേസ് അന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥൻ ഗണപതിയും പറഞ്ഞു. എന്തായാലും ഇത് ഒരു ജീവചരിത്ര സിനിമ അല്ലെന്നും കേട്ടറിഞ്ഞ കുറെ കാര്യങ്ങളുടെ കൂട്ടി യോജിപ്പിക്കൾ മാത്രമാണെന്നും മുൻ‌കൂർ ജാമ്യം എടുത്താണ് സിനിമ തുടങ്ങുന്നത്. വിവാദത്തിനു തടയിടാൻ ഉള്ള ബുദ്ധിപരമായ ശ്രമം ആയിരുന്നു അത്.അസ്ഹർ ബെറ്റിംഗ് ആരോപണത്തിൽ കുടുങ്ങി ക്രിക്കറ്റ് അസോസിയേഷന്റെ ആജീവനാന്ത വിലക്ക് നേരിടുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ഇതിനെതിരെ അപ്പീൽ പോകുന്ന അദ്ദേഹം സുഹൃത്ത് കൂടി ആയ വക്കീലിനോട് തന്റെ ജീവിത കഥ പറയുന്നു. ഹൈദരാബാദിലെ (ഇന്നത്തെ തെലങ്കാന) ഗലികളിൽ തുടങ്ങി, ആദ്യ മത്സരങ്ങളിലെ സെഞ്ച്വറികളിലൂടെ വളർന്ന്, വലിയ വിജയിയായ ക്യാപ്റ്റനും ലോകം കാത്തിരിക്കുന്ന ബാറ്റ്സ്മാനും ആയി വളർന്ന് പിന്നീട് ഒറ്റുകാരനെന്ന ആരോപണത്തിൽ ഒടുങ്ങിയ നമുക്ക് സുപരിചിതമായ ജീവിതം തന്നെയാണ് ഇവിടെയും പറയുന്നത്. ഉപകഥയായി നൌറിനുമായുള്ള വിവാഹാനന്തര പ്രണയവും സംഗീതയുമായുള്ള വിവാഹാനന്തര പ്രണയവും കടന്നു വരുന്നുണ്ട്. ഇത് പതിവ് മസാല കാഴ്ച്ചകൾക്ക് വഴിയൊരുക്കുന്നുമുണ്ട്. ഇമ്രാൻ ഹാഷ്മി നായകൻ ആവുമ്പോൾ ചില പ്രേക്ഷരെങ്കിലും പ്രതീക്ഷിക്കുന്ന സുദീർഘ ചുംബനങ്ങൾക്ക് വഴിയൊരുക്കാനാണ് ഈ രംഗങ്ങൾ ഉപയോഗിച്ചിട്ടുള്ളതും.

രവി, കപിൽ, മനോജ്‌, നവജ്യോത്, സച്ചിൻ, രാഹുൽ, സൌരവ്, വിനോദ്, സനത്ത്, ചാമിന്ദ, ജാവേദ് ഇങ്ങനെ ലോക പ്രശസ്തമായ പേരുകളുടെ ആദ്യ ഭാഗമാണ് സിനിമയിൽ ഉപയോഗിക്കുന്നത്. പെണ്ണ് പിടിയനായ രവി (അയാൾ അസ്ഹറിന്റെ സഹകളിക്കാരനും ലോകം അറിയുന്ന കമന്റെറ്ററും ആണ് സിനിമയിൽ.) ഭാര്യയുടെ കണ്ണ് വെട്ടിച്ച് സ്ത്രീകൾക്കു പിറകെ പോകുന്ന രംഗം, സച്ചിൻ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്റെ വരവോടെ അസ്വസ്ഥനായി അസ്ഹർ ഭാര്യയെ വിളിക്കുന്ന രംഗം ഇതൊക്കെ ഒഴിവാക്കാമായിരുന്നു. അതെ സമയം അസ്ഹറിന്റെ ജീവിതത്തോട് ചെറുതായെങ്കിലും സാമ്യം ഉള്ള, സിനിമയിൽ ഉണ്ടാകേണ്ടി ഇരുന്ന അജയ് ജഡേജയുടെ പങ്ക്, ഹാൻസി ക്രോന്യയുടെ മരണം ഇതൊക്കെ മനഃപൂർവമോ അല്ലാതെയോ വിട്ടുകളയുകയും കേവല പരാമർശമായി ഒതുക്കി കളയുന്നുണ്ട് സംവിധായകൻ. അവിടെ ഒക്കെ നായകന്‍റെ പ്യാർ ഇഷ്ക് മൊഹബത്ത് വേദനകൾ കുത്തി നിറയ്ക്കുകയാണ്. അസ്ഹറിനെ ബെറ്റിംഗ് മാഫിയയിൽ പെടുത്തിയത് ആണെന്ന് പറയാൻ ശ്രമിക്കുമ്പോളും അയാൾ കുറ്റം ചെയ്തോ ഇല്ലയോ എന്നൊന്നും സിനിമ വ്യക്തമാക്കുന്നില്ല. അത്തരം രംഗങ്ങളിൽ കൊടും ഹീറോ ഡയലോഗുകൾ കുത്തി നിറച്ച് ശ്രദ്ധ മാറ്റുകയാണ് സംവിധായകൻ. അവ്യക്തതയിലാണ് കുറെ ഭാഗങ്ങൾ കടന്നു പോവുന്നത്. അസ്ഹറിന്റെ രാഷ്ട്രീയ പ്രവേശം, മകന്റെ മരണം, ഇപ്പോഴുള്ള ജീവിതം ഇതൊന്നും സിനിമയിൽ ഇല്ല. സാധ്യതകൾ ഉണ്ടായിട്ടും അസ്ഹറിന്റെ മൂന്നാമത്തെയും നാലാമത്തെയും പ്രണയ ജീവിതത്തെയും സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടില്ല. കുറ്റവിമുക്തനായി നടന്നു പോകുന്ന അസ്ഹറിൽ ക്യാമറ ഫ്രീസ് ചെയ്യുന്നു. അപ്പോൾ നമ്മൾ സ്ക്രീനിൽ കാണുന്നത് ആജീവനാന്ത വിലക്ക് നേരിട്ട, വിവാദങ്ങൾ ഇന്നും പൊതിയുന്ന മുഹമ്മദ്‌ അസ്ഹറുദ്ദീനെ അല്ല. വിജയി ആയി നടന്നു പോകുന്ന നായകനെ ആണ്; തന്റെ നൂറാമത്തെ ടെസ്റ്റ്‌ മാച്ച്, ഏറ്റവും കഠിനമായ ടെസ്റ്റ്‌ മാച്ച് ഈ കുറ്റവിചാരണ ആയിരുന്നു എന്ന് പറഞ്ഞു നടന്നു പോകുന്ന നായകനെ.അസ്ഹറുദ്ദീന്റെ പ്രത്യേകതകൾ ഉള്ള ചലനങ്ങളും ക്രിക്കറ്റ് ഗ്രൌണ്ടിലെ ചടുലതയും ഇമ്രാൻ ഹാഷ്മി നന്നായി ഉൾക്കൊണ്ടു. സംഗീതയായ നർഗീസ് ഫക്ക്രിക്കും നൌറിൻ ആയ പ്രാചി ദേശായിക്കും കാര്യമായി ഒന്നും ചെയ്യാനില്ല. ലാറ ദത്തയുടെ മീരയുടെ കഥാപാത്രം സ്ത്രീ വിരുദ്ധ പൊതു ബോധത്തിന്റെ സൃഷ്ടിയാണ്. നായകന് നേരെ തോല്കാനായി യുദ്ധം ചെയ്യുന്നവളും, നായകന്റെയും മറ്റു കഥാപാത്രങ്ങളുടെയും നെടു നീളൻ ഡയലോഗുകൾ കേള്ക്കാൻ മാത്രം വിധിക്കപ്പെട്ട കഥാപാത്രം. ക്രിക്കറ്റ് മൈതാനത്തെ കളിയുടെ ദൃശ്യങ്ങള്‍ പരിക്കേൽപ്പിക്കാതെ ഉപയോഗിച്ചിട്ടുണ്ട്. അനാവശ്യ ഗാന രംഗങ്ങളും കൃത്യമായ നിലപാടില്ലാത്ത കഥാപാത്രങ്ങളും നല്ല കാഴ്ച അല്ല.

90 കളിലെ കൊടിയ ക്രിക്കറ്റ് പ്രണയികൾക്ക് തങ്ങളുടെ ഗൃഹാതുരതകളിലേക്കും കണ്ടു കൊതി തീരാത്ത ഇന്നിങ്ങ്സുകളുടെ ഓർമയിലേക്കും തിരികെ പോകാമെങ്കിലും ഒരു ബയോപിക് എന്ന രീതിയിൽ തൃപ്തികരമായ അനുഭവമല്ല അസ്ഹർ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories