TopTop
Begin typing your search above and press return to search.

ഒരു പുസ്തകത്തിന് ജീവിതം മാറ്റിമറിക്കാനാവുമോ?

ഒരു പുസ്തകത്തിന് ജീവിതം മാറ്റിമറിക്കാനാവുമോ?

എ എന്‍ ഡേവേര്‍സ് (സ്ലേറ്റ്)

ചില വായനക്കാരോട് പ്രിയപ്പെട്ട പുസ്തകം ഏതാണെന്ന് ചോദിച്ചാല്‍ അവര്‍ അഞ്ചോ പത്തോ പുസ്തകങ്ങളുടെ പേര് പറയും. എന്നാല്‍ ഒരു പുസ്തകമോ ഒരു എഴുത്തുകാരനെയോ ചൂണ്ടിക്കാണിക്കാന്‍ ബുദ്ധിമുട്ടാണ്. മറ്റുചില വായനക്കാരുണ്ട്, ചോദിച്ചാല്‍ ഉടന്‍ തന്നെ ഒരു സംശയവുമില്ലാതെ പ്രിയപ്പെട്ട പുസ്തകം ഏതെന്ന് പറയും. ന്യൂയോര്‍ക്കറിലെ എഴുത്തുകാരി റബേക്ക മീഡ് രണ്ടാമത്തെ തരത്തില്‍ പെട്ട എഴുത്തുകാരിയാണ്. അവരുടെ പ്രിയ എഴുത്തുകാരി ജോര്‍ജ് ഇലിയറ്റ് ആണ്. അവരുടെ ജീവിതം മാറ്റിയ പുസ്തകം മിഡില്‍മാര്‍ച്ചും. ജേന്‍ ഓസ്റ്റന്‍ നോവലുകള്‍ സന്തോഷകരമായ വിവാഹങ്ങളില്‍ അവസാനിക്കുന്നത് ആഘോഷിച്ചുകൊണ്ടിരുന്നകാലത്താണ് മിഡില്‍മാര്‍ച്ച്‌ പുറത്തുവരുന്നത്, 1874ല്‍. നായിക ഡോറോത്തിയയുടെ പ്രേമം ഒരു സന്തോഷമില്ലാത്ത വിവാഹത്തില്‍ കലാശിക്കുന്നത് പുസ്തകത്തിന്‍റെ തുടക്കത്തില്‍ തന്നെയാണ്.

മീഡിന്‍റെ പുതിയ പുസ്തകത്തിന്‍റെ പേര് മൈ ലൈഫ് ഇന്‍ മിഡില്‍മാര്‍ച്ച് എന്നാണ്. തന്നെ ഇത്രയും ഭ്രമിപ്പിച്ച പ്രിയനോവലിനെപ്പറ്റി ന്യൂയോര്‍ക്കറില്‍ എഴുതിയ ഒരു എസ്സേയായാണ്‌ പുസ്തകം തുടങ്ങിയത്. എഴുതപ്പെട്ട വാക്കിനോടുള്ള പ്രണയം എഴുതിവയ്ക്കുന്ന പുസ്തകങ്ങളുടെ ഗണത്തിലാണ് ഈ പുസ്തകം പെടുക. ഒരു പുസ്തകത്തിന് അതിനെ വായനക്കാരിയുടെ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിക്കാന്‍ കഴിയുമെന്നും അത് പിന്നീട് വായനക്കാരിയുടെ ജീവിതവുമായി ഇഴചേര്‍ന്ന് പിന്നീട് അത് ജീവിതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ പറ്റാതാകുമെന്ന് മീഡ് പറയുന്നു. മിഡില്‍മാര്‍ച്ചിലൂടെ തന്റെ ജീവിതപാത തെളിഞ്ഞുകാണുന്നതിനെപ്പറ്റിയാണ്‌ മീഡിന്‍റെ പുസ്തകം.


ഒരു വിക്ടോറിയന്‍ വിവാഹം പോലെ അത്ര ശക്തമാണ് മീഡിന് മിഡില്‍മാര്‍ച്ചുമായുള്ള ബന്ധം. ഞാന്‍ ഒരിക്കലും വായിച്ചുപൂര്‍ത്തിയാക്കാത്ത പുസ്തകം എന്നാണ് മീഡ് പറയുന്നത്. ആദ്യവായനയിലും തുടര്‍ന്നുള്ള വായനകളിലൂടെയും തന്റെ വ്യക്തിത്വത്തിനും ജീവിതത്തിനും മാറ്റങ്ങള്‍ വന്നുവെന്നാണ് മീഡ് പറയുന്നത്. ഓരോ ജീവിതസന്ധിയിലും ഈ നോവലും അതിലെ കഥാപാത്രങ്ങളും വ്യത്യസ്തമായാണ് തന്നോട് സംവദിക്കുന്നത്. പുസ്തകവുമായുള്ള ബന്ധം വളരെ സങ്കീര്‍ണ്ണമാണെങ്കിലും ഈ പുസ്തകം മാറ്റിവയ്ക്കുന്ന ചോദ്യമേ ഉദിക്കുന്നില്ല. എല്ലായ്പ്പോഴും തനിക്കുവേണ്ടി നിലകൊണ്ട പുസ്തകമാണിതെന്നും ഓരോ തവണ വായിക്കുമ്പോഴും ഇതില്‍ തനിക്കായി പുതിയ സന്ദേശങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എഴുത്തുകാരി പറയുന്നു. നോവലിലെ എവരിടൌണ്‍ പോലെയുള്ള ഒരു ബ്രിട്ടീഷ്‌ ടൌണിലെ തന്റെ ജീവിതത്തില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിച്ചിരുന്ന ഒരു പതിനേഴുകാരിയായാണ്‌ അവര്‍ ആദ്യമായി ഈ നോവലിനെ പരിചയപ്പെടുന്നത്.

ഈ പുസ്തകം എത്ര നല്ലതാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല, ഇത് എത്രത്തോളം എന്റെ ജീവിതത്തെ ബാധിക്കുന്നുവെന്നും. പതിനേഴാം വയസില്‍ ഞാന്‍ ഒരു പ്രേമത്തിനൊക്കെ തയ്യാറായിരുന്നു. എനിക്ക് ബൌദ്ധികമായ ആഗ്രഹങ്ങളുമുണ്ടായിരുന്നു, എലിയറ്റിന്റെ കഥാപാത്രങ്ങളെപ്പോലെ. ആ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങള്‍ എന്റേതുമായിരുന്നു. ജോര്‍ജ് ഇലിയറ്റ് ചോദിച്ച ചോദ്യങ്ങള്‍ എല്ലാം ഒടുവില്‍ എന്റെയും ആയിമാറേണ്ടവയായിരുന്നു. എങ്ങനെയാണ് വിവേകമുണ്ടാകുന്നത്? എങ്ങനെയാണ് സ്വകാര്യആഗ്രഹങ്ങളില്‍ നിന്ന് സംതൃപ്തികള്‍ ഉണ്ടാകുന്നത്? എങ്ങനെയൊക്കെയാണ് അവ മറ്റുള്ളവരുമായി ബന്ധപ്പെട്ടുകിടക്കുന്നത്? ഒരു നല്ല വിവാഹത്തിന്റെ ഘടകങ്ങള്‍ എന്തൊക്കെയാണ്? ഒരു മോശം വിവാഹം എങ്ങനെയാണ് ഉണ്ടാകുന്നത്? മുതിര്‍ന്നവര്‍ ചെറിയവരോടും ചെറിയവര്‍ തിരിച്ചും എന്തൊക്കെയാണ് ചെയ്യേണ്ടത്? സാന്മാര്‍ഗികതയുടെ അടിസ്ഥാനമെന്താണ്?


ഇങ്ങനെയൊരു പുസ്തകം ഒരു വായനക്കാരിയെ പിന്തുടരുമ്പോള്‍ അതൊരു ആനന്ദമാണ്. പുസ്തകത്തിലെ ലോകം നിങ്ങളുടേത് കൂടിയായി മാറുന്നു. എലിയറ്റിന്റെ ജീവിതം ഇത്ര സങ്കീര്‍ണ്ണമായിരുന്നുവെന്ന് ആരറിഞ്ഞു?

ഒരു പുസ്തകത്തെപ്പറ്റിയും അതിന്റെ എഴുത്തുകാരിയെപ്പറ്റിയും കൂടുതലറിയാനുള്ള ഒരു ആരാധികയുടെ അന്വേഷണമാണ് ഈ പുസ്തകം. ഒരു പുസ്തകത്തെ ഒരു ആരാധിക എങ്ങനെയൊക്കെ വായിക്കണമെന്നും എന്തിനൊക്കെ വായിക്കണമെന്നും ഈ പുസ്തകം പറയുന്നു.

ഇത്തരം എഴുത്തുകളെ സാഹിത്യസമ്പ്രദായങ്ങള്‍ അത്ര നന്നായല്ല കാണാറുള്ളത്. പലപ്പോഴും ഇത്തരം എഴുത്തുകളെ വിലകുറച്ച് കാണാറുമുണ്ട്. പലപ്പോഴും ഇതൊരു എഴുത്തുകാരന്റെയോ എഴുത്തുകാരിയുടെയോ ആത്മകഥയായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. സാഹിത്യവിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് ഒരു പുസ്തകം അതിനുള്ളില്‍ തന്നെ നിലനില്‍ക്കണമെന്നും അതിന് പുറംചട്ടയുടെ വെളിയില്‍ ഒരു ജീവിതം ഉണ്ടാകരുതെന്നുമാണ്. എന്നാല്‍ ഒരു വായനക്കാരിയെന്ന നിലയില്‍ എനിക്കിഷ്ടപ്പെട്ട ഒരു എഴുത്തുകാരിയെയോ അതെഴുതാന്‍ അവരെ പ്രേരിപ്പിച്ച സാഹചര്യങ്ങളെയോ മനസിലാക്കാതിരിക്കാന്‍ എനിക്കൊരിക്കലും തോന്നിയിട്ടില്ല. ലോര്‍ഡ്‌ ഓഫ് ദി റിംഗ്സ് വായിച്ച ശേഷം സ്കൂളില്‍ വെച്ച് ജെ ആര്‍ ആര്‍ ടോള്‍ക്കിയന്‍റെ ജീവിതകഥ അന്വേഷിച്ചതും ഹൈസ്കൂളില്‍ ലൂയിസ് കാരലിന്റെ ജീവചരിത്രം തെടിപ്പിടിച്ചതും ഒക്കെ ഓര്‍ക്കുന്നു. കുറച്ചുവര്‍ഷങ്ങളായി എന്റെ വായനശീലങ്ങള്‍ എഴുത്തുകാരുടെ വീടുകള്‍ സന്ദര്‍ശിക്കുക വരെയൊക്കെ എത്തിനില്‍ക്കുന്നു. മീഡും ഇതുതന്നെ ചെയ്യുന്നുണ്ട്.

എലിയറ്റിന്റെ വീടു സന്ദര്‍ശിക്കാന്‍ പോയതിനെപ്പറ്റി മീഡ് പറയുന്നത് ഇങ്ങനെയാണ്, “എഴുത്തുകാരുടെ വീടുകള്‍ കാണാന്‍ പോകുന്നത് പലപ്പോഴും സംതൃപ്തി തരുന്ന ഒരു കാര്യമല്ല. ഒരു ചിത്രകാരന്റെ സ്റ്റുഡിയോയില്‍ നിന്ന് വ്യത്യസ്തമായി ഒരു എഴുത്തുകാരന്റെ ഇടത്തില്‍ പ്രത്യേകിച്ചൊന്നും കാണാനുണ്ടാകില്ല. മീഡിനു ഈ നോവലിനോടുള്ള അഭിനിവേശം അറിഞ്ഞാല്‍ എലിയറ്റിനുതന്നെ അസ്വസ്ഥത തോന്നുമെന്നാണ് അവര്‍ പറയുന്നത്. മിഡില്‍ മാര്‍ച്ച് പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് പല സ്ത്രീകളും ഇത് തങ്ങളുടെ ജീവിതമാണെന്നും എലിയറ്റ് അവരെ മാതൃകയാക്കി എഴുതിയതാണെന്നും ആരോപിച്ചിരുന്നു. ഈ പുസ്തകത്തില്‍ എന്നെ എവിടെ കാണാം എന്ന രീതിയിലല്ല ഒരു സ്കോളര്‍ വായിക്കുക.


ഫ്രഞ്ച് നോവലുകളിലെ നായികമാരായി സ്വയം സങ്കല്‍പ്പിക്കുന്ന സ്ത്രീകളോട് എലിയറ്റിനു ദേഷ്യമായിരുന്നു. സാഹിത്യടൂറിസത്തിന്റെ വിശ്വാസ്യതയെയും എലിയറ്റ് ചോദ്യം ചെയ്തിരുന്നു. ഫ്രെഡറിച്ച് ഷില്ലറുടെ ജെര്‍മ്മന്‍ വസതിയിലെത്തിയ എലിയറ്റ് പറഞ്ഞത് “ആളുകളെ കബളിപ്പിക്കാന്‍ ഓരോന്നൊരുക്കാതെ എഴുത്തുകാരന്‍ കണ്ടതുപോലെയും ജീവിച്ചതുപോലെയും ആ സ്ഥലത്തെ നിലനിര്‍ത്തേണ്ടതായിരുന്നു” എന്നാണ്.

എങ്കിലും മീഡ് എലിയറ്റ് ജീവിച്ച ഇടങ്ങള്‍ കാണാന്‍ പോയി. ഫയര്‍ എസ്ക്കെപ്പ് സൈനുകള്‍ക്കും സൌണ്ട് സിസ്റ്റത്തിലെ പാട്ടിനും ഇടയിലൂടെ എലിയറ്റിന്റെ ബാല്യകാലവീട് കണ്ടത് മണ്ടത്തരമായി അവര്‍ക്ക് തോന്നി. എന്നാല്‍ കുറെ സ്ഥലങ്ങള്‍ കൂടി കണ്ടശേഷം ഒടുവില്‍ എലിയറ്റ് മിഡില്‍ മാര്‍ച്ച് എഴുതിയ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ മീഡിന് തന്റെ പ്രിയപ്പെട്ട എഴുത്തുകാരിയെ കാണാന്‍ കഴിഞ്ഞു. എലിയറ്റ് പുറത്തുനോക്കിയ അതേ ജനാലയിലൂടെ മീഡ് നോക്കി. “അവരെ എനിക്കിവിടെ സങ്കല്‍പ്പിക്കാം. മറ്റെവിടെയെന്നതിനെക്കാളും തെളിച്ചത്തോടെ ഇവിടെ അവരെ കാണാം.”

അവരുടെ യാത്രയിലൂടെ മീഡ് എലിയറ്റിന്റെ അവിശ്വസനീയമായ ജീവിതത്തിന്റെ ഒരു ചിത്രം വരയ്ക്കുന്നുണ്ട്. നോവലുകള്‍ എഴുതാന്‍ തുടങ്ങുന്നതിനുമുന്‍പ് എലിയറ്റ് ഒരു എഡിറ്റര്‍ ആയിരുന്നു. അവര്‍ക്ക് അനേകം വിവാദ പ്രേമങ്ങളുണ്ടായിരുന്നു. ഹെന്‍ട്രി ജെയിംസ് ഉള്‍പ്പെടുന്ന സാഹിത്യലോകം അവരെ കളിയാക്കിയിരുന്നു.ജോര്‍ജ് ഹെന്‍ട്രി ലൂയിസ് എന്ന വിവാഹിതനായ മനുഷ്യനുമായുള്ള ബന്ധം അവരുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കി.


എലിയറ്റിന്റെ ജീവിതം ഇത്രമേല്‍ സങ്കീര്‍ണ്ണമായിരുന്നെന്ന് ആരറിഞ്ഞു? ബ്രോണ്‍ടെ സഹോദരിമാരുടെയും ജേന്‍ ഓസ്‌റ്റന്‍റെയും ഒക്കെ ജീവിതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഇവരുടെ ജീവിതവും എഴുത്തുകളും. എലിയറ്റ് തന്റെ ജോലിയില്‍ ശ്രദ്ധിച്ചിരുന്ന ഒരു സ്ത്രീയാണ്. മീഡ് എന്ന പത്രപ്രവര്‍ത്തകയാവട്ടെ തന്റെ ജീവിതത്തിലും ജോലിയിലും പ്രേമങ്ങളിലും ഉള്ള സന്ദേഹങ്ങള്‍ക്ക് മിഡില്‍മാര്‍ച്ചില്‍ ഉത്തരം തേടുന്നു.

ഇത്തരം സ്വകാര്യ ബന്ധങ്ങള്‍ മാറ്റിനിറുത്തിയാല്‍ മീഡിന് മിഡില്‍മാര്‍ച്ചുമായുള്ള ബന്ധം തീര്‍ത്തും ബൌദ്ധികമാണ്. എന്നാല്‍ മീഡ് എലിയറ്റിന്റെ അരികിലെത്തുന്നയത്ര തന്റെ വായനക്കാരെ തന്റെ അരികിലെത്തിക്കാന്‍ മീഡ് ശ്രമിക്കുന്നില്ല എന്നത് സങ്കടകരമാണ്. എങ്കിലും അതില്‍ വലിയ കാര്യമില്ല. നിങ്ങള്‍ മിഡില്‍മാര്‍ച്ച് വായിച്ചിട്ടില്ലെങ്കില്‍ മീഡിന്‍റെ എഴുത്ത് അത് വായിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങള്‍ അത് വായിച്ചതാണെങ്കില്‍ വീണ്ടും വായിക്കാനും. ഒരു പുസ്തകത്തിന്‍റെയും ഒരു ജീവിതത്തിന്റെയും ഒരു വായനയുടെയും മനോഹരമായ വായനയാണ് ഈ പുസ്തകം.

A.N. Devers' work has appeared in Electric Literature, Tin House, and online in The New Yorker and the Paris Review. She is the founder of Writers’ Houses.


Next Story

Related Stories