TopTop
Begin typing your search above and press return to search.

അംബേദ്ക്കറിന്റെ നിന്ന്‍ അംബാനിയുടെ ഇന്ത്യയിലേക്ക്

അംബേദ്ക്കറിന്റെ നിന്ന്‍ അംബാനിയുടെ ഇന്ത്യയിലേക്ക്

വംശീയ ഭൂരിപക്ഷത്തിന്റെ ശക്തി തെളിയിക്കപ്പെടുന്ന ഇക്കാലത്ത് ഇന്ത്യന്‍ ജനാധിപത്യം നട്ടുച്ചയിലായിട്ടും അതിനു മേല്‍ ഇരുട്ടു വീണുകൊണ്ടിരിക്കുകയാണെന്നും അംബേദ്ക്കറിന്റെ ജനാധിപത്യമല്ല അംബാനിയുടെ ഭരണമാണ് നടക്കുന്നതെന്നും ഈയിടെ ഒരാള്‍ തുറന്നു പറഞ്ഞിരുന്നു - മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും ഗാന്ധിജിയുടെ കൊച്ചുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി. പക്ഷേ ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ വാക്കുകളെ കണ്ടില്ലെന്നു നടിച്ചു. വാര്‍ത്തകള്‍ കൊടുത്തവരില്‍ ഭൂരിഭാഗവും ആകട്ടെ, രാഷ്ട്രീയ, കോര്‍പ്പറേറ്റ്, ഹിന്ദുത്വ യജമാനമാര്‍ക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് നേരെ പൂര്‍ണമായി കണ്ണടയ്ക്കുകയും ചെയ്തു. ഏപ്രില്‍ 15-നു ഡല്‍ഹിയിലെ വിജ്ഞ്യാന്‍ ഭവനില്‍ 15-മത് ഡി.പി കോഹ്ലി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഗാന്ധി. "നട്ടുച്ചയിലെ ഇരുട്ട്: ഇന്ത്യന്‍ മനസാക്ഷിയുടെ മേല്‍ വീണ നിഴലുകള്‍" എന്ന പ്രസംഗത്തിന്റെ സംക്ഷിപ്തം അഴിമുഖം പ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം: പ്രഭ സക്കറിയാസ്ഇന്ത്യയില്‍ ഇത് പല കാരണങ്ങള്‍ കൊണ്ടും നല്ല സമയമാണ്. നമ്മുടെ ജനാധിപത്യം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. നമുക്കു ചുറ്റുമുള്ള രാജ്യങ്ങളില്‍ ജനാധിപത്യം മുറിവേല്‍ക്കുകയും ചതഞ്ഞമരുകയും ചെയ്യുമ്പോള്‍ നമ്മള്‍ പതിനാറാമത് ലോകസഭയിലെയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്തുകയാണ്. കോടിക്കണക്കിന് ആളുകള്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്ന ഒരു മഹാമഹമാണിത്. ഇവിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ ശരിയാക്കാനും തലകുത്തിമറിക്കാനും അറിയാം. ആളുകളെയും പാര്‍ട്ടികളെയും അവര്‍ ഉദാരപൂര്‍വം ജയിപ്പിക്കുകയും അതേപോലെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കുകയും ചെയ്യും. അവര്‍ നിരക്ഷരരായിരിക്കും, ദരിദ്രരായിരിക്കും, എന്നാല്‍ ബൂത്തുകളില്‍ എത്തിയാല്‍ അവര്‍ ചക്രവര്‍ത്തിമാരാണ്. പരമശക്തനായ ഒരു ചക്രവര്‍ത്തിയുള്ള ജനാധിപത്യമാണ് നമ്മുടേത്‌- അത് മറ്റാരുമല്ല; വോട്ടറാണ്.നമ്മുടെ സമ്പദ്വ്യവസ്ഥ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കണക്കുകള്‍ പറഞ്ഞു ഞാന്‍ മുഷിപ്പിക്കുന്നില്ല. എന്നാല്‍ ഞാന്‍ പറയുന്നതിനോട് നിങ്ങളും യോജിക്കും. മുന്‍പെന്നത്തെക്കാളും സമൃദ്ധി ഇപ്പോള്‍ രാജ്യത്തുണ്ട്. കൂടുതല്‍ ആളുകള്‍ ‘നല്ല’ വീടുകളില്‍ സ്വന്തമായോ വാടകയ്ക്കോ താമസിക്കുന്നു. കൂടുതല്‍ ആളുകള്‍ റോഡ്‌, തീവണ്ടി, വിമാനമാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നു. കൂടുതല്‍ ആളുകള്‍ ആനന്ദത്തിനുവേണ്ടി യാത്ര ചെയ്യുന്നു. കൂടുതല്‍ ആളുകള്‍ വിനോദങ്ങള്‍ക്ക് വേണ്ടി പണം ചെലവിടുന്നു. കൂടുതല്‍ ആളുകള്‍ നല്ല ഭക്ഷണം കഴിക്കുകയും നല്ല ഉടുപ്പുകളും മറ്റു സൌകര്യങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. ആരും ഇപ്പോള്‍ വാച്ചോ ചെരിപ്പോ ഇല്ലാതെ നടക്കാറില്ല. എല്ലാ വീടുകളിലും, അവിടെ അത്യാവശ്യ ഫര്‍ണിച്ചറുകള്‍ ഇല്ലെങ്കില്‍ കൂടി, ടീവി ഉണ്ടാകാറുണ്ട്. സുഖസൌകര്യങ്ങള്‍ കൂട്ടാനായി പണം ഉപയോഗിക്കണമെന്നാണ് മധ്യവര്‍ഗം വിശ്വസിക്കുന്നത്. ഫ്രിഡ്ജ് ഒരു ആഡംബരവസ്തുവായി ആരും കാണാറില്ല ഇപ്പോള്‍. ചെറിയ എസികളും കൂളറുകളും കൂടി. ഒട്ടുമിക്ക ഇന്ത്യാക്കാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്, രണ്ടുവീതം ഉണ്ടെങ്കിലേയുള്ളൂ. മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ പോലും അത് വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ടല്ല അത് ഉപയോഗിക്കാത്തത്.

അതുപോലെ, ഇന്ത്യന്‍ ശാസ്ത്രത്തിന് സ്വന്തമായ ഒരു പേരുണ്ട്. മൈക്രോയും നാനോയും മുതല്‍ മെഗാവരെ നമുക്ക് വേണ്ടതെന്തും നമ്മള്‍ ഉണ്ടാക്കും, ഉപയോഗിക്കും. നമ്മുടെ കലകളും പാരമ്യത്തിലാണ്. ക്ലാസിക്കല്‍ കലകളോ നാടോടികലകളോ നോക്കുക, സിനിമയും സാഹിത്യവും നോക്കുക. നമ്മള്‍ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന സമയമാണിത്. ലോകം - എന്‍ആര്‍ഐകള്‍ മാത്രമല്ല മറ്റുള്ളവരും - നമ്മുടെ കലാകാരന്മാരെ അത്ഭുതത്തോടെ കാണുകയും അവരെ വിളിക്കുകയും അവരുടെ ജീനിയസിനെ ആഘോഷിക്കുകയും ചെയ്യുന്നു. നമ്മുടെ എഴുത്തുകാര്‍ തിരക്കിലാണ്, അവര്‍ എന്നത്തെയുംകാള്‍ കൂടുതല്‍ പ്രസിദ്ധീകരിക്കപ്പെടുന്നു, വായിക്കപ്പെടുന്നു.നമ്മുടെ നീതിന്യായവ്യസ്ഥയെയോര്‍ത്തും നമുക്ക് അഭിമാനിക്കാം. അത് സ്വതന്ത്രവും നിര്‍ഭയവുമാണ്. നമ്മുടെ രാജ്യത്തിന്റെ ജീവിതനിലവാരത്തെ നിര്‍ണ്ണയിക്കുന്ന പലഇടപെടലുകളും അത് നടത്തിയിട്ടുണ്ട്. നമ്മുടെ സമയം മികച്ചതാണ്.
നമ്മള്‍ നട്ടുച്ചയിലാണ്. എങ്കിലും ഇത് തന്നെയാണ് ഏറ്റവും മോശമായ സമയവും.

നമ്മുടെ ജനാധിപത്യം വലിയതാണ്, ചുറുചുറുക്കുള്ളതാണ്; എന്നാല്‍ അത് കുറ്റമറ്റതല്ല. വലിപ്പവും അളവുമൊന്നും ഒരു ജനാധിപത്യത്തെ നിര്‍ണ്ണയിക്കില്ല. ഗുണം എന്ന ഒരു സംഗതി കൂടിയുണ്ട്. വോട്ടര്‍ എന്ന ചക്രവര്‍ത്തിക്ക് അധികാരമുണ്ടെങ്കിലും അത് പലപ്പോഴും അട്ടിമറിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യത്തിനു കത്തിവെച്ചിരിക്കുന്നത് പണമാണ്. പണത്തിന് വലിയ അപകടങ്ങള്‍ ചെയ്യാനാകും, അത് ചെയ്യുകയും ചെയ്യും. അതിന് തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും കഴിയും. അതിന് അക്രമങ്ങള്‍ക്ക് പണം മുടക്കാനാകും, മുറിവേല്‍പ്പിക്കാനും മുറിവേറ്റതായി നടിക്കാനും കഴിയും. അതിനു മരണത്തെ വിലയ്ക്കെടുക്കാം. നോട്ടുകെട്ടുകള്‍ ഇലക്ഷന്‍ ചന്തയിലെത്തുന്നത് ആദ്യം കണ്ടെയ്നരിലും പിന്നെ കാര്‍ഗോയായും പിന്നെ ട്രക്ക് കണക്കിനുമാണ്. അവ ഒന്നുകില്‍ നിയമസാധുതയോടെ കമ്പനി ഡൊണേഷനുകളായി പലയിടത്തുനിന്നും വരുന്നതാകാം. ഇവ നമ്മുടെ വിഭവസ്രോതസുകളായ മൈനുകള്‍, കാടുകള്‍, ഭൂമി എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുപോകുന്നു. ഇവിടെയെല്ലാം നടക്കുന്ന നിയമവിരുദ്ധ ഇടപാടുകളില്‍ നിന്നും കൊയ്തെടുക്കുന്നത് കള്ളപ്പണമാണ്. ഇതാണ് രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പുകാലത്ത് വോട്ടുകള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നത്. നമ്മുടെ ഭരണഘടനയുടെ നിര്‍മ്മിതിയെത്തന്നെ ഈ ഇന്ത്യ തകിടം മറിച്ചേക്കുമെന്ന് ഡോക്ടര്‍ അംബേദ്‌കര്‍ പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ട് ഇതേവരെ സംഭവിച്ചില്ല എന്നതാണ് എനിക്ക് മനസിലാകാത്തത്.മാര്‍ക്ക് ഹന്നയുടെ പ്രശസ്തമായ ഒരു വാചകമുണ്ട്: “രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങളുണ്ട്. ഒന്നാമത്തെത് പണമാണ്. രണ്ടാമത്തേത് എന്താണെന്ന് എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല.”രണ്ടാമത്തേതിനെപ്പറ്റി നിങ്ങള്‍ക്ക് അറിയുന്ന ചിലത് ഞാന്‍ പറയാം. അതിന് വിരട്ടുക എന്ന് പറയും. ഇലക്ഷന്‍ സമയത്ത് സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന ചില പ്രത്യേക പരിരക്ഷകളുടെ കാര്യം ഒരു തുറന്ന രഹസ്യമാണ്. വേറെ നല്ല വാക്കില്ലാത്തത് കൊണ്ട് ഇതിനെ ഗുണ്ടാസര്‍വീസ് എന്ന് വിളിക്കാം. ഗുണ്ടകള്‍ സമൂഹത്തിന്റെ ഭാഗമാണ്, അവര്‍ നമ്മുടെയിടയില്‍ ഉള്ളവരാണ്. അവരെ പണം കൊണ്ട് വാടയ്ക്കെടുക്കാന്‍ കഴിയും. അവരുടെ കഴിവ് ആളെ വിരട്ടലാണ്. പണവും മറ്റുലഹരികളും കൊടുത്ത് അവരെ കൂടെനിറുത്തിയാല്‍ അത് നിയമവിരുദ്ധമായ ഒരു ആയുധം കൈയിലുള്ളത് പോലെയാണ്.ശരിയായ നേതാക്കള്‍ക്ക് പകരം ഇത്തരം ലീഡര്‍വൈകൃതങ്ങള്‍ ഉണ്ടായതിനെപ്പറ്റിയൊക്കെ ആരന്വേഷിക്കുന്നു? നേതാക്കള്‍ ഇപ്പോള്‍ കുറവാണ്, നേതാവ് ചമയുന്നവര്‍ക്ക് എണ്ണമില്ലതാനും.ഒരു തെരഞ്ഞെടുപ്പുകൂടി നമ്മള്‍ കാണുകയാണ്. എന്നാല്‍ അന്തരീക്ഷത്തില്‍ എന്തോ നിശ്ചലമായി നില്‍ക്കുന്നത് നമുക്ക് മറക്കാതിരിക്കാം. മറൈന്‍ ജിയോഗ്രാഫര്‍മാര്‍ക്ക് ഇതിന് ഒരു പേരുണ്ട് - ഡോള്‍ഡ്രം. ചരാചരങ്ങള്‍ എല്ലാം അനക്കമറ്റ് നിശ്ചേതതരായി നില്‍ക്കുന്ന ഒരു അവസ്ഥയാണിത്‌. ഈ ഇലക്ഷന്‍ കാലത്ത് നമ്മുടെ ദേശം വലിയ ചലനങ്ങളിലൂടെ കടന്നുപോകേണ്ടതാണ്. എന്നാല്‍ അത് അനങ്ങുന്നുണ്ടോ? ആര്‍ക്കുമറിയില്ല. എങ്ങോട്ടെങ്കിലും നമ്മള്‍ പോകുന്നുണ്ടെങ്കില്‍ തന്നെ അത് എങ്ങോട്ടാണെന്നും ആര്‍ക്കുമറിയില്ല. ഈ ഡോള്‍ഡ്രം തോന്നല്‍ സത്യമാണെന്ന് നമുക്ക് തിരിച്ചറിയാം. എന്നാല്‍ അതൊരു തോന്നലായി മാത്രമാണ് സത്യമാകുന്നത്.
ഈ അനക്കമറ്റ അവസ്ഥയ്ക്ക് താഴെ ഒരു വലിയ കലാപമൊരുങ്ങുന്നുണ്ട്. ഒരു വംശീയ ഭൂരിപക്ഷത്തിന്റെ കാലം വരുന്നു, മതഭ്രാന്തിന്റെ കാലം വരുന്നു, വിഭാഗീയ സ്വേച്ഛാധിപത്യം വരുന്നു. എല്ലാം “ശക്തി” എന്ന പേരില്‍

മാധ്യമങ്ങളുടെ ഒരു വിഭാഗവും വരാന്‍ പോകുന്ന മാറ്റത്തിന്റെ കുഴല്‍വിളിക്കാരായി മാറിക്കഴിഞ്ഞു. പണം കൊടുത്തു നല്‍കുന്ന വാര്‍ത്തകളെപ്പറ്റി നമ്മള്‍ കേട്ടുകഴിഞ്ഞു. എന്നാല്‍ ഇത് സൌജന്യ പരസ്യത്തിന്റെ കാലമാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് മേല്‍ നട്ടുച്ചയില്‍ മഷികൊണ്ട് നിഴല്‍ വീണുകഴിഞ്ഞു. അത് ടെലിവിഷനിലും കാണാം.


ഇത് ജനാധിപത്യത്തിന്റെ നല്ലകാലമാണ്; ചീത്തക്കാലവുമാണ്.മറുവശം കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ നമ്മുടെ സമ്പദ്വ്യവസ്ഥ പുരോഗമിക്കുകയാണെന്ന് തന്നെ പറയാം. എന്നാല്‍ മറുവശം കൂടി കണ്ടാല്‍ സമ്പദ്വ്യവസ്ഥയുടെ ഇരട്ടവ്യക്തിത്വം മനസിലാകും. കോര്‍പ്പറേറ്റ് ആര്‍ത്തി അതിന്റെ എല്ലാ അതിര്‍ത്തികളും ഭേദിച്ചിരിക്കുന്നു. നമ്മള്‍ കള്ളപ്പണത്തെ ഒരു സമാന്തരസമ്പദ്വ്യവസ്ഥയായി കണ്ടുവന്നിരുന്നു, അത് തുടരുന്നു.
എന്നാല്‍ റിലയന്‍സ് ഒരു സമാന്തര രാജ്യഭരണ വ്യവസ്ഥ തന്നെയാണ്. ഒരു സ്ഥാപനത്തിന് ഒരു രാജ്യത്തിനുമേല്‍ ഇത്രയധികം അധികാരം വേറെ എവിടെയെങ്കിലും ഉണ്ടോ എന്നെനിക്ക് സംശയമാണ്. അവര്‍ക്ക് നമ്മുടെ പ്രകൃതി സ്രോതസ്സുകളില്‍, ധനസ്രോതസ്സുകളില്‍, പ്രൊഫഷണല്‍ സ്രോതസ്സുകളിലും അവസാനമായി നമ്മുടെ മാനവികസ്രോതസ്സ്കളില്‍ കൂടി അധികാരമുണ്ട്‌. സാമ്പത്തിക ജനാധിപത്യത്തെപ്പറ്റി പറഞ്ഞ അംബേദ്കറില്‍ നിന്ന് അംബാനിയുടെ ടെക്നോ-കൊമേര്‍ഷ്യല്‍ കുത്തകയുടെ അസാമാന്യകണക്കുകളില്‍ എത്തിനില്‍ക്കുമ്പോള്‍ മാറ്റം വല്ലാത്തത് തന്നെ.

ഓരോ മണിക്കൂറിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ഇടം നഷ്ടപ്പെട്ട ഉള്‍നാടന്‍ ദരിദ്രര്‍ ജീവിതമാര്‍ഗം തേടി കന്നുകാലികളെപ്പോലെ അലയുമ്പോള്‍, കുട്ടികളുടെ മരണനിരക്കും കുട്ടികളുടെ പോഷകാഹാരക്കുറവും പ്രസവാനന്തരമരണങ്ങളും പെണ്‍ഭ്രൂണണഹത്യകളും ഇങ്ങനെ തുടരുമ്പോള്‍ ഇതിനെയൊക്കെ ആരുചോദ്യം ചെയ്യാനാണ്?
ഇന്ത്യന്‍ ശാസ്ത്രത്തിന്റെ കാര്യമെടുക്കുക. ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രരംഗത്തിന് എന്തോ ഒരു കുറവില്ലേ? ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. നമുക്ക് ഇല്ലാത്തത് സുതാര്യവും പ്രാപ്തവുമായ ഒരു ശാസ്ത്രനയമാണ്. ഇന്ന് സയന്‍സ് പോളിസി ഒരു രാജ്യരഹസ്യം പോലെയാണ് കാണപ്പെടുന്നത്. സംസ്കൃതം പോലെ സാധാരണജനങ്ങള്‍ക്ക് മനസിലാക്കാന്‍ പാടില്ലാത്ത ഒന്നാണ് ശാസ്ത്രവും.സുതാര്യതയുടെ കാര്യം പോകട്ടെ, ഇത്രയധികം അത്ഭുതങ്ങള്‍ കാണിച്ച ഇന്ത്യന്‍ ശാസ്ത്രം എന്തുകൊണ്ടാണ് ഇതേ വരെ നെഹ്‌റു പറയുന്ന സയന്റിഫിക് ടെമ്പര്‍ രാജ്യത്ത് കൊണ്ടുവരാത്തത്? നമ്മുടെ രാജ്യത്ത് അന്ധവിശ്വാസങ്ങള്‍ കൂടിവരികയാണ്. എന്നോടുള്ള സ്നേഹവും പരിഗണനയും കൊണ്ട് എന്റെ കൈത്തണ്ടയില്‍ നൂലുകളും തകിടുകളും കെട്ടിത്തരുന്നവരുടെ സ്നേഹത്തെയും വിശ്വാസത്തെയും ഞാന്‍ മാനിക്കുന്നു. എന്നാല്‍ നമ്മുടെ രാഷ്ട്രീയനേതാക്കളുടെ വിരലുകളിലും കൈത്തണ്ടകളിലും കാണുന്ന മോതിരങ്ങളും ചരടുകളും അവരുടെ പീടികളുടെയും വിഹ്വലതകളുടെയും, ദൃഷ്ടിദോഷം ഒഴിവാക്കാനുള്ള ശ്രമങ്ങളുടെയും ചിഹ്നങ്ങളാണ്.അഭിഭാഷകര്‍ കഴിഞ്ഞാല്‍ നമ്മുടെ രാഷ്ട്രീയനേതാക്കള്‍ ഏറ്റവുമധികം കാണുന്നത് ജ്യോതിഷികളെയാണ്, അത്രയുണ്ട്‌ അവരുടെ കുറ്റബോധവും പേടിയും. നമ്മുടെ രാഷ്ട്രീയനേത്രുത്വം ഇലക്ഷനുകള്‍ വരുമ്പോള്‍ വന്‍പണസംഖ്യകള്‍ നോട്ടമിടുകയും അവരുടെ സുരക്ഷയ്ക്കായി നക്ഷത്രങ്ങളെ കൂട്ടുപിടിക്കുകയും ചെയ്‌താല്‍ നമ്മള്‍ എന്ത് ചെയ്യണം?ഇത് ഏറ്റവും മോശം സമയം തന്നെയാവണം. നമ്മുടെ നട്ടുച്ചയാണിത്‌, എന്നാല്‍ നമുക്കുമീതെ ഇരുട്ടുവീഴ്ത്തുന്ന ഗ്രഹണവും നിസ്സാരമല്ല. ജ്യോതിശാസ്ത്രപരമായോ ജ്യോതിഷപരമായോ അല്ല ഞാന്‍ ഗ്രഹണം എന്ന വാക്കുപയോഗിച്ചത്. ഇത് നമ്മുടെ കൂട്ടായ മന:സാക്ഷിയുടെ മേല്‍ ഇരുട്ടുപരത്തുന്ന ഒരു നിഴല്‍ തന്നെയാണ്.ധാര്‍മ്മികമായ ഒരു വരള്‍ച്ചയാണ് ഇപ്പോള്‍ ഉള്ളത്. മൂല്യങ്ങളുടെ പട്ടിണി, സംസ്കാരജീവിതത്തിന്റെ മരുഭൂമിവല്‍ക്കരണം, അതാണ്‌ നടക്കുന്നത്.ദൈവമനുഷ്യരുടെയും എണ്ണത്തില്‍ കുറവെങ്കിലും ദൈവമനുഷ്യത്തികളുടെയും കണക്ക് ഉയരുകയാണ് എന്നതാണ് മറ്റൊരു വിരോധാഭാസം. അവര്‍ പരസ്പരം മത്സരിക്കുകപോലും ചെയ്യുന്നു. അവര്‍ക്ക് വലിയ ബോര്‍ഡുകളും പരസ്യങ്ങളും പരിസ്ഥിതി ദുരന്തങ്ങളിലും രാഷ്ട്രീയപ്രശ്നങ്ങളിലും റോഡ്‌ഷോകളിലും കൃത്യമായ ഇടപെടലുകളും ഉണ്ട്. കുറെ വര്‍ഷം മുന്‍പ് ഒരു ധീരേന്ദ്ര ബ്രഹ്മചാരിയും ഒരു ചന്ദ്രസ്വാമിയും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഓരോ മരച്ചുവട്ടിലും ഉണ്ട്. ചിലര്‍ അവരുടെ വേഷവിധാനങ്ങള്‍ കൊണ്ട് മരങ്ങളെപ്പോലെയും ആകുന്നു. അവരെ വിളിക്കാന്‍ ഒരു പേരേയുള്ളൂ: ധര്‍മ്മ-വാണിജ്യകന്മാര്‍, മതക്കച്ചവടക്കാര്‍.ഇത് വിവേകത്തിന്റെ കാലമാകേണ്ടതായിരുന്നു, എന്നാല്‍ ഇത് വിഡ്ഢിത്തത്തിന്റെ കാലമാണ്. ഇത് പ്രകാശത്തിന്റെ കാലമാകേണ്ടിയിരുന്നു, എന്നാല്‍ ഇത് ഇരുട്ടിന്റെ കാലമാണ്.
നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്‍ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യവും അധികാരവുമാണ്. എന്നാല്‍ പലപ്പോഴും അതും നമ്മെ അമ്പരപ്പിച്ചുകൊണ്ട് താലിബാന്‍ രീതിയിലോ പ്രാകൃതമായ ഖാപ് പഞ്ചായത്ത് രീതിയിലോ ഒക്കെ പ്രവര്‍ത്തിക്കാറുണ്ട്. സെക്ഷന്‍ 377 സംബന്ധിച്ച പുതിയ വിധി തന്നെ ഉദാഹരണം.

ഏറ്റവും കൂടുതല്‍ ഇരുള്‍ വീണ ഒരിടം നമ്മുടെ തടവറകളാണ്. അവയെ കറക്ഷന്‍ ഹോമുകള്‍ എന്ന് പേര് മാറ്റുന്നത് ശരിയായ ദിശയിലുള്ള ഒരു മാറ്റമാണ്. എന്നാല്‍ നമ്മുടെ കറക്ഷന്‍ ഹോമുകളില്‍ കുറ്റവാളികളല്ലാതെ കഴിയേണ്ടി വരുന്നവരും നിരവധിയുണ്ട്. ഈ ഹോമുകള്‍ നന്നാക്കിയെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഓഫീസര്‍മാരെ എനിക്കറിയാം. എന്നാല്‍ ഈ ചുവരുകള്‍ക്കുള്ളില്‍ നടക്കുന്നത് എന്താണെന്നറിയാന്‍ സമൂഹത്തിനു തീരെ താല്‍പ്പര്യമില്ല. ഇവിടെ സമയം ചെലവഴിച്ചിട്ടുള്ള നമ്മുടെ വിഐപികളെങ്കിലും ഈ ഹോമുകള്‍ നന്നാക്കാന്‍ ശ്രമിക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അവരുടെ താല്‍പ്പര്യങ്ങള്‍ വേറെയാണ്.കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ കാര്യമായ ഒരു പ്രശ്നമുണ്ടായിട്ടുണ്ട്. സംവിധാനങ്ങള്‍ വളരുന്നതോടെ കുറ്റകൃത്യങ്ങളും വളരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ഒരു പടിമേലെയാണ് നില്‍ക്കുന്നത്. ഈ സമ്പ്രദായത്തിന്റെ വിശ്വാസ്യത നിലനിറുത്താനുള്ള ശ്രമങ്ങള്‍ പക്ഷെ കുറെ ബലിയാടുകളെയാണ് സൃഷ്ടിച്ചത്. “പോയി ആരെയെങ്കിലും കണ്ടെത്തൂ, ശിക്ഷ നടപ്പിലാക്കേണ്ടതാണ്” എന്ന് പറയുന്ന അവസ്ഥയാണിപ്പോള്‍. സാമൂഹിക അധികാരവും രാഷ്ട്രീയ അധികാരവും ക്രിമിനല്‍ നിയമമുപയോഗിച്ച് നിലനിറുത്താന്‍ ശ്രമിക്കുന്ന രീതിയുമുണ്ട്‌. ഒരു നിയമത്തെ ഏറ്റവും പരിതാപകരമായ രീതിയില്‍ ദുരുപയോഗപ്പെടുത്തുന്നതിന് ഉദാഹരണമാണിത്. ജനാധിപത്യപരമായി പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നും ആളുകള്‍ക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും പറയുന്നുവെങ്കിലും നടപ്പില്‍ വരുന്നത് ഇതൊന്നുമല്ല. ഇപ്പോഴുള്ള പ്രശ്നങ്ങളെ കൂടിതല്‍ സങ്കീര്‍ണമാക്കി ഉള്ള പ്രശ്നങ്ങള്‍ അതേപോലെ നിലനിറുത്തുകയാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്.ഒരു കാര്യത്തെപ്പറ്റി സംശയം വേണ്ട- സിബിഐക്ക് ഒരു മിശ്ര പ്രതിച്ഛായയാണുള്ളത്. അതില്‍ എല്ലാം പ്രശംസകളല്ല. അതിനെ ഗവണ്മെന്റിന്റെ സത്യസന്ധനായ സുഹൃത്തായല്ല, മറിച്ച് ആയുധമായാണ് കരുതപ്പെടുന്നത്. സിബിഐയെ ഡിഡിറ്റി എന്നും വിളിക്കാറുണ്ട്, നിറമോ മണമോ രുചിയോ ഇല്ലാത്ത കീടനാശിനിയല്ല (അങ്ങനെയാണ് വേണ്ടതെങ്കിലും), മറിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡേര്‍ട്ടി ട്രിക്ക്സ് എന്ന്. ഈ കാഴ്ചപ്പാട്, അതെത്ര സത്യമായാലും, മാറേണ്ടതുണ്ട്. അത് മാറുകയും ചെയ്യും. കാരണം അഴിമതിയെപ്പറ്റിയുള്ള രാജ്യത്തെ പൊതുധാരണ മാറിയിട്ടുണ്ട്. സിബിഐ ഇന്ത്യന്‍ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്ത്തിക്കേണ്ടത് പ്രധാനമാണ്. ഇപ്പോള്‍ സിബിഐയും ജനങ്ങളും രണ്ടു ധ്രുവങ്ങളിലാണ്. സിബിഐയെ ചുറ്റിപ്പറ്റി ഒരുപാട് രഹസ്യസ്വഭാവങ്ങളുണ്ട്, അത് മാറണം.കുറച്ചുകാലം സിബിഐയും ആര്‍റ്റിഐയുടെ കീഴില്‍ വന്നിരുന്നു. എന്നാല്‍ അപ്പോള്‍ ആകാശം ഇടിഞ്ഞുവീണില്ല. എന്നാല്‍ സിബിഐയുടെ രഹസ്യസ്വഭാവം മൂലം അതിനെ ആര്‍റ്റിഐയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ദയനീയമാണിത്. അഴിമതികളേയും കുറ്റങ്ങളെയും പറ്റി അന്വേഷിക്കുന്ന ഒരു സ്ഥാപനമാണിത്. ഇത് ഇന്റലിജന്‍സ് ഏജന്‍സിയൊ സെക്യൂരിറ്റി ഏജന്‍സിയോ അല്ല.സിബിഐക്ക് പ്രത്യേകതരം സ്വയംഭരണാധികാരം ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രത്യേകതരമാണ്, അല്ലാതെ വിവാദതരമല്ല. ഞാന്‍ വിശദീകരിക്കാം. സിബിഐ ഗവണ്മെന്റിനുകീഴില്‍ വന്നാല്‍ അതിനു സ്വയംഭരണാധികാരം ഉണ്ടാകില്ല. എന്നാല്‍ അത് രാജ്യത്തോട് ഉത്തരം പറയുകയും വേണം. ആര്‍മി എങ്ങനെ പ്രതിരോധമന്ത്രിയുടെ കീഴിലാണോ അതേപോലെ സിബിഐ ലോക്പാലിന്റെ കീഴില്‍ വരണമെന്നാണ് ഞാന്‍ കരുതുന്നത്.

സിബിഐ ഡയരക്ടര്‍ ഒരു ആര്‍മി. എയര്‍ഫോഴ്സ്, നേവി തലവനെപ്പോലെ പൂര്‍ണ്ണമായി ജോലിയില്‍ സ്വതന്ത്രനായിരിക്കണം, എന്നാല്‍ വ്യവസ്ഥയില്ലാതെയാവുകയുമരുത്. സിബിഐ ഡയരക്ടര്‍ ഒരു പ്രധാന ഉപകരണമാവണം, അല്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന റോബോട്ട് ആകരുത്. അദ്ദേഹവും അദ്ദേഹത്തിന്റെ ബ്യൂറോയും നിയമത്തിന്റെ പാലകരാകണം. സ്വയം നിയമമാകാന്‍ പാടില്ല. സിബിഐക്ക് സ്വയംഭരണം നല്‍കിയാല്‍ അത് വീണ്ടുവിചാരമില്ലാത്ത ഒരു സിബിഐയെ സൃഷ്ടിക്കുമെന്നാണ് ഗവണ്മെന്റിന്റെ പേടി. ഇങ്ങനെ നോക്കിയാല്‍ രാഷ്ട്രീയ അധികാരം കൈയാളുന്നവരുടെയെല്ലാം അവസ്ഥ ഒരേപോലെയാണ്. സിബിഐക്ക് സ്വയംഭരണാവകാശം നല്‍കിയാല്‍ അതിന്റെ ഡയറക്ടര്‍ ഒരു അധികാരകേന്ദ്രമായി മാറുമെന്നും സദാചാര ചാട്ട കൈയ്യിലുള്ള ഒരു കൊച്ചുദൈവമായി മാറുമെന്നുമാണ് പേടി. പേടിയുടെ കൂടെയുള്ള വാല്‍ക്കഷണം ഇങ്ങനെ: ഇതേ ഡയറക്ടര്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രശസ്തനുമായാലോ? ആലോചിക്കാനേ വയ്യ!ഈ പേടിയില്‍ വലിയ കാര്യമില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയോട് കൃത്യമായി മറുപടി പറഞ്ഞ ഒരു ഇന്ത്യയാണിത്‌. ഒരു പോലീസ് ഓഫീസര്‍ വലിയ ആളായി സ്വന്തം ഇമേജുകൊണ്ട് രക്ഷനേടാന്‍ ഈ ഇന്ത്യ അനുവദിക്കില്ല. ഇവിടെ ഒരു എകാധിപതിക്കും വിഹരിക്കാന്‍ കഴിയില്ല. സ്വയം ഉയര്‍ന്നുവരുന്ന ഒരു രാഷ്ട്രീയക്കാരനും “സ്വന്തം അതിര്‍ത്തിക്കുള്ളില്‍ രക്ഷകനാകാന്‍” കഴിയില്ലെങ്കില്‍ “ഇന്ത്യയുടെ സംരക്ഷകനാകാന്‍” കഴിയില്ല. തെളിച്ചുപറയട്ടെ. ഒരു ശരാശരി രാഷ്ട്രീയക്കാരന്‍ ഒരു സ്വയംഭരണാവകാശമുള്ള സിബിഐയെ ഇഷ്ടപ്പെടില്ല. അതില്‍ ഒരു വിരോധാഭാസമുണ്ട്. രാഷ്ട്രീയവൈരികള്‍ക്കെതിരെ പകപോക്കാനായാലും സിവില്‍സെര്‍വന്‍റുമാരെ വരുതിയില്‍ നിര്‍ത്താനായാലും സിബിഐയുടെ മേല്‍ സമര്‍ദ്ദം ചെലുത്തി ഒന്നും ചെയ്യാനാകില്ല. ഇതില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും വിശുദ്ധരല്ല. എന്നാല്‍ ഇത്തരം ചാഞ്ചല്യങ്ങളില്‍ സിബിഐക്ക് പങ്കുചേരാനാകില്ല.ഇന്നത്തെ സിബിഐ ലോക്പാലിനുകീഴിലുള്ള ഒരു സ്വയംഭരണാധികാരമുള്ള ഒരു സിബിഐ ആകുമ്പോള്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ തെറ്റായ സിഗ്നലിനോടോ തലകുലുക്കലിനോടോ തലോടലിനോടോ കണ്ണടയ്ക്കലിനോടോ “നോ സര്‍” എന്നോ “നോ മാഡം” എന്നോ പറയണം. ലോക്പാല്‍ ഇതേ രാഷ്ട്രീയക്കാരാല്‍ നിറഞ്ഞ് ചഞ്ചലസ്വഭാവം കാണിച്ചുതുടങ്ങിയാല്‍ അതിനോടും “നോ” പറയാന്‍ സിബിഐക്ക് കഴിയണം. അപ്പോഴാണ്‌ സിബിഐയും ജനങ്ങളും തമ്മിലുള്ള സഖ്യം സുതാര്യവും ദൃഡവുമാവുക. സര്‍വീസ് കാല മധുരങ്ങളോടും പോസ്റ്റ്‌ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളോടും ജോലി ഓഫറുകളോടും ഇതേ “നോ” പറയാന്‍ സിബിഐക്ക് കഴിയണം. സിബിഐ രാജ്യത്തിന്റെ ഉള്ളിലുള്ള നിരീക്ഷകനാകണം. എന്നാല്‍ സ്വന്തം ഉള്ളില്‍ തന്നെ ഒരു നിരീക്ഷകനായാലേ സിബിഐക്ക് ഇത് സാധിക്കൂ.Next Story

Related Stories