UPDATES

കേരളം

ഇനി അമ്പലങ്ങളില്‍ നിന്ന് ഇറങ്ങുകയാണ് വേണ്ടത്

കാല്‍വിന്‍
 
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ വിലക്കുന്നതിനെതിരെയുള്ള വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനവും തുടര്‍ന്നുള്ള ചര്‍ച്ചകളും ശ്രദ്ധിച്ചപ്പോള്‍ ഓര്‍മ വന്നത് ഡിഗ്രിക്ക് കോഴിക്കോട് ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന കാലത്തെ ഒരു സംഭവമാണ്. സുജീഷ് (യഥാര്‍ത്ഥ പേരല്ല) എന്നൊരു സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു എന്റെ തൊട്ടടുത്തെ മുറിയില്‍ താമസിച്ചിരുന്നത്. വലിയ ഭക്തനായിരുന്ന സുജീഷിനു എന്നും വൈകീട്ട് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കണമെന്നത് വലിയ നിര്‍ബന്ധമായിരുന്നു. തളി ക്ഷേത്രത്തിലായിരുന്നു ദിവസേനയെന്നോണം പൊയ്‌ക്കോണ്ടിരുന്നത്. എന്നാല്‍ ഒരു ദിവസം അവിചാരിതമായി ഒരു ചെറിയ സംഭവമുണ്ടായി. സ്വതേ മെല്ലിച്ച ശരീരപ്രകൃതക്കാരനായിരുന്ന സുജീഷ് ധാരാളം വലിയ രുദ്രാക്ഷമാലകളും ധരിക്കുമായിരുന്നു. ക്ഷേത്രത്തില്‍ ഷര്‍ട്ടിടാതെ പോയ സുജീഷിനെക്കണ്ട് ഏതാനും സ്‌കൂള്‍ക്കുട്ടികള്‍ കളിയാക്കിച്ചിരിക്കാന്‍ തുടങ്ങി. പൊതുവേ ലോലമനസ്‌കന്‍ കൂടിയായിരുന്ന സുജീഷ് ആ സംഭവത്തോടെ ആകെ തകര്‍ന്നു. അതിനു ശേഷം അവിടെ നിന്നും കുറച്ച് മാറിയുള്ള രേണുക മാരിയമ്മന്‍ കോവിലിലേക്ക് ആയി സുജീഷിന്റെ യാത്രകള്‍. തമിഴ് ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരണമെന്ന് നിര്‍ബന്ധമില്ല. പാന്റ്‌സും ധരിക്കാം ആവശ്യമെങ്കില്‍. ചുരിദാര്‍ മുതലായ വസ്ത്രങ്ങള്‍ക്കുമില്ല അയിത്തം.
 
അന്നേ അവിശ്വാസിയായിരുന്ന എനിക്ക് ഇതൊരു തമാശയില്‍ കവിഞ്ഞ് ഒന്നുമായിരുന്നില്ലെങ്കില്‍ കൂടി ചില ചോദ്യങ്ങള്‍ ഈ സംഭവം എന്നില്‍ അവശേഷിപ്പിച്ചു. ഒരു വിശ്വാസിക്ക് തന്നെ അനാവശ്യമായ വേലിക്കെട്ടുകള്‍ ഈ ക്ഷേത്രങ്ങളിലെന്തിനാണ്? അതേ പോലെ ശബരിമല പോലെയുള്ള ഇടങ്ങളില്‍ സ്ത്രീകളോട് മാത്രമായിട്ട് എന്തിനാണീ വിവേചനം? ഒരു രണ്ടാം ക്ഷേത്രപ്രവേശനസമരത്തിനുള്ള സമയമായെന്നാണോ ഇതെല്ലാം സൂചിപ്പിക്കുന്നത്?
 
 
ക്ഷേത്രപ്രവേശനസമരങ്ങള്‍ക്കും അതിന്റെ വിജയത്തിനുമെല്ലാം അവ സംഭവിച്ച കാലഘട്ടത്തില്‍ വലിയ പ്രസക്തിയുണ്ടായിരുന്നു. കാലമാണ് സമരത്തിന്റെ പ്രസക്തി നിര്‍ണയിക്കുന്നത്. ക്ഷേത്രത്തിലെന്നല്ല, പൊതുവഴികളില്‍ കൂടെ അവര്‍ണര്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലത്താണ് അയ്യങ്കാളി വില്ലുവണ്ടിയുമായി സവര്‍ണര്‍ക്കെതിരെ സമരം തുടങ്ങുന്നത്. പൊരുതി നേടിയ അനേകം പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് തുടര്‍ച്ചയെന്നോണമാണ് ക്ഷേത്രങ്ങളില്‍ സവര്‍ണരല്ലാത്തവര്‍ക്കും പ്രവേശനമാവശ്യപ്പെട്ടുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത സമരമാരംഭിക്കുന്നതും മര്‍ദ്ദനമുറകള്‍ ഉള്‍പ്പടെ എല്ലാത്തരം തടസങ്ങളെയും നേരിട്ടുകൊണ്ട് വിജയിക്കുന്നതും. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് അവര്‍ണജാതിക്കാരുടെ ക്ഷേത്രപ്രവേശനമെന്നതില്‍ തര്‍ക്കമില്ല. ഈഴവശിവനെ പ്രതിഷ്ഠിച്ചുകൊണ്ട് ഇതരയിടങ്ങള്‍ സൃഷ്ടിച്ച ശ്രീനാരായണനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളും ഇതേ രീതിയില്‍ പ്രസ്താവനാര്‍ഹമാണ്.
 
എന്നാല്‍ അക്കാലമത്രയും വരെ ഹിന്ദുമതമെന്ന് സമീപകാലത്ത് മാത്രം വിളിച്ചു തുടങ്ങിയ അനവധി ചെറുമതങ്ങളുടെ പരിസരങ്ങളില്‍ പോലും ദളിതരെയും ആദിമ നിവാസികളെയും അടുപ്പിച്ചിരുന്നില്ല എന്നത് മറ്റൊരു വാസ്തവമാണ്. വര്‍ണവ്യവസ്ഥയില്‍ പോലും ഇടമില്ലാത്തവരും ശൂദ്രരിലും താഴെ സ്ഥാനം കല്‍പിക്കപ്പെട്ടവരുമായിരുന്നു അയിത്തജാതിക്കാര്‍. ഹൈന്ദവമെന്ന് പേര്‍ കേട്ട സാംസ്‌കാരികതയില്‍ അവര്‍ക്കൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ഒരേ ഭൂമിയില്‍ തുടരുമ്പോഴും പ്രധാന മനുഷ്യവാസപ്രദേശങ്ങളില്‍ നിന്നും മാറി മറ്റ് ഇടങ്ങളിലായിരുന്നു അവര്‍ക്ക് എങ്ങിനെയെങ്കിലുമൊക്കെ പെഴയ്ക്കാന്‍ ഇടം നല്‍കപ്പെട്ടത്. അവര്‍ക്കാകട്ടെ സ്വന്തമായി ദൈവങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം അവരെയെല്ലാം ഹിന്ദു എന്ന ബ്ലാങ്കെറ്റ് മതത്തില്‍ ചേര്‍ക്കുകയും ഹൈന്ദവ ക്ഷേത്രങ്ങളില്‍ അവര്‍ക്ക് തൊഴാനും ഭണ്ഡാരത്തില്‍ കാണിക്കയര്‍പ്പിക്കാനും വേണ്ടി മാത്രം സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുക വഴി ഗുണഫലമനുഭവിച്ചത് ദളിതരേക്കാള്‍ കൂടുതല്‍ അവരുടെ പണം കൊണ്ട് ജീവിക്കുന്ന പുരോഹിതവര്‍ഗമായിരുന്നു. പിന്നെ അമ്പലം വിഴുങ്ങികളായ സവര്‍ണരും.
 
 
ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവസാനപാദത്തോടനുബന്ധിച്ച് ദളിതരെ ഹിന്ദുമതത്തിന്റെ അക്കൗണ്ടില്‍ ചേര്‍ത്തതിനു കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നു. അംബേദ്കര്‍ ഇതിന്റെ അപകടസാദ്ധ്യതകളെ നേരത്തെ തന്നെ തിരിച്ചറിയുകയും അതിനെ പരമാവധി എതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജനാധിപത്യത്തിന്റെ പിറവിയോടെ തങ്ങള്‍ക്ക് ദളിതര്‍ക്ക് മേലുള്ള അധികാരം നഷ്ടപ്പെടുമെന്ന് സവര്‍ണരായ അധികാരിവര്‍ഗം ഭയന്നു. അവര്‍ ദളിതര്‍ക്ക് താല്‍ക്കാലിക സൗജന്യങ്ങള്‍ ചിലത് നല്‍കി പകരം ഹിന്ദുമതത്തിനുള്ളില്‍ തന്നെ അവരെ തളച്ചിടാന്‍ വേണ്ട ഒത്താശകള്‍ ചെയ്തു. അന്ന് വരെ വിലക്കപ്പെട്ട ചിലയിടങ്ങളില്‍ ഭാഗികമായ ചില സ്വാതന്ത്ര്യങ്ങള്‍ നല്‍കിയതിനു പിന്നിലും ഇത്തരമൊരു രാഷ്ട്രീയലക്ഷ്യമുണ്ടായിരുന്നു.
 
ദളിതരെ ഹിന്ദുമതത്തില്‍ നിന്ന് അകറ്റാനാഗ്രഹിച്ചെങ്കിലും സാമൂഹ്യസൃഷ്ടിക്ക് മതം എന്ന ചട്ടക്കൂട് അനിവാര്യമാണ് എന്ന പക്ഷക്കാരനായിരുന്ന അംബേദ്കര്‍ ദളിതര്‍ക്കായി പകരം മറ്റൊരു വിശ്വാസസംഹിത നല്‍കാനാണ് ശ്രമിച്ചത്. പുതിയൊരു മതം ഉണ്ടാക്കുമ്പോഴുള്ള നൂലാമാലകള്‍ ഒഴിവാക്കാനാകണം നിലവില്‍ ഭേദമെന്ന് തോന്നിയ ബുദ്ധമതത്തെ ഇതിനായി ഉപയോഗപ്പെടുത്താന്‍ അംബേദ്കര്‍ തീരുമാനിച്ചത്. അതിനു അവശ്യം വേണ്ട ബൗദ്ധിക അടിത്തറകള്‍ പണിയാനും തന്റെ ലേഖനങ്ങളിലൂടെയും മറ്റും അദ്ദേഹം ശ്രമിക്കുകയുണ്ടായി. അംബേദ്കറിന്റെ ബുദ്ധമതം അന്ധമായ ഏതെങ്കിലും വിശ്വാസങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നില്ല. അംബേദ്കര്‍ സ്വയം ഒരു ഈശ്വരവാദിയുമായിരുന്നില്ല. പക്ഷെ ഒരു ചട്ടക്കൂട് എന്ന നിലയില്‍ മതം ആവശ്യമെന്നു തന്നെ അംബേദ്കര്‍ വിശ്വസിച്ചു. എന്നാല്‍ ബുദ്ധമതം ഉപയോഗിച്ചുകൊണ്ടുള്ള ഈ ശ്രമം വേണ്ടത്ര വിജയം കണ്ടില്ല.
 
 
കാലം പിന്നെയും മുന്നോട്ട് നീങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ ഉയരേണ്ട ചോദ്യം നൂറ്റാണ്ടുകളായി അധഃസ്ഥിത വര്‍ഗക്കാര്‍ക്ക് നിഷേധിക്കപ്പെട്ട സവര്‍ണക്ഷേത്രാങ്കണങ്ങള്‍ ഇനിയുമവര്‍ക്ക് എന്തിന് എന്ന് തന്നെയാണ്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഷര്‍ട്ടിടാതെ കേരളത്തിലെ അമ്പലങ്ങളില്‍ കയറാന്‍ സാധിക്കേണമെന്ന വെള്ളാപ്പള്ളി നടേശന്റെ എന്ന ബിസിനിസുകാരന്റെ ആഹ്വാനത്തില്‍ സത്യത്തില്‍ വിപ്ലവകരമായി ഒന്നും തന്നെയില്ല. നല്ലൊരു ശതമാനം വരുന്ന ദളിതരുടെയും മറ്റ് പിന്നാക്കവര്‍ഗക്കാരുടെയും പണത്തിന്റെയും ആള്‍ബലത്തിന്റെയും ശക്തിയിലാണ് ഈ ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രപൗരോഹിത്യമടക്കമുള്ള സ്ഥാനങ്ങളില്‍ അവര്‍ണന് ഇന്നും വിലക്കപ്പെട്ടതാണ്. ഇതിനുള്ള മറുപടി ക്ഷേത്രബഹിഷ്‌കരണങ്ങളിലൂടെയാണ് ഇനി നല്‍കേണ്ടത്.
 
സവര്‍ണതയും അയിത്തവും ഒക്കെ പല രൂപങ്ങളിലായി ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. നിഷേധിക്കപ്പെടുന്ന ഇടങ്ങളെ കയ്യടക്കുക എന്നത് ഒരു സാര്‍ത്ഥകമായ രാഷ്ട്രീയപ്രവര്‍ത്തനവുമാണ് എന്നതും ശരിയാണ്. പക്ഷെ ഇന്ന് ക്ഷേത്രങ്ങളില്‍ എങ്ങനെയും ആളെക്കയറ്റുക എന്നത് അവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കച്ചവട താല്‍പര്യങ്ങളുള്ളവരുടെയോ അതല്ലെങ്കില്‍ അവ സൃഷ്ടിക്കുന്ന സാംസ്‌കാരിക പരിസരം മുതലെടുത്ത് കൊണ്ട് ഏതെങ്കിലും രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ കോപ്പു കൂട്ടുന്നവരുടെയോ മാത്രം ആവശ്യമാണ്.
 
കേരളത്തില്‍ ഈയിടെയായി മുക്കിനു മുക്കിനു പുതിയ ക്ഷേത്രങ്ങള്‍ ഉയരുന്നു. പൊടിപിടിച്ചു കിടന്ന പലതും ജീര്‍ണോദ്ധാരണത്തിനു വിധേയമാകുന്നു. എങ്ങും ഇതിനായി പണപ്പിരിവുകളും ഉല്‍സാഹക്കമ്മറ്റിക്കളുമാണ്. ആളൊന്നുക്ക് മൂന്നും നാലും വെച്ച് പണിയുന്ന ഈ ക്ഷേത്രങ്ങള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം? എന്തിനാണ് കഷ്ടപ്പെട്ട് ഇവിടെയെല്ലാം നാം പ്രവേശനം നേടിയെടുക്കുന്നത്? സത്യത്തില്‍ ഇതുകൊണ്ട് പ്രവേശനം നേടുന്നവര്‍ക്കാണോ, അതോ നല്‍കുന്നവര്‍ക്കാണോ പ്രയോജനം?
 
(യഥാര്‍ത്ഥ പേര് ശ്രീഹരി ശ്രീധരന്‍. ചെന്നൈയില്‍ ഐ.ടി മേഖലയില്‍ ജോലി. കോഴിക്കോട് സ്വദേശി)
 
അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം : മലയാളം വിക്കിപീഡിയ ആരുടെ സ്വകാര്യ സ്വത്താണ്?
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍