TopTop
Begin typing your search above and press return to search.

മിമിക്രിയ അത്ര മോശം ക്രിയയല്ല ദാസാ!

മിമിക്രിയ അത്ര മോശം ക്രിയയല്ല ദാസാ!

പി. ജയകുമാര്‍

മസില്‍, ആര്‍ത്തവം, ഗര്‍ഭം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആരോഗ്യകാര്യങ്ങളില്‍ ആരോഗ്യ മാസികകള്‍ ആവശ്യത്തിലധികം ആശങ്ക പ്രകടിപ്പിച്ചതോടെ പറയാന്‍ കൊള്ളാതെ പടിക്കു പുറത്തായ രണ്ടു വാക്കുകളുണ്ട്; ബന്ധപ്പെടലും ഉദ്ധാരണവും. വായനശാല ഒന്ന് ഉദ്ധരിക്കണം, ഞാന്‍ നിന്നെ നേരിട്ടു ബന്ധപ്പെട്ടോളാം എന്നൊക്കെ നടുറോഡില്‍ നിന്നു പറഞ്ഞാല്‍ തുണിയുരിഞ്ഞു പോയ, പോലാകുന്ന അവസ്ഥയായി. സുരാജ് വെഞ്ഞാറമൂടിന്റെ തമാശകള്‍ മലയാള സിനിമയില്‍ നിറഞ്ഞപ്പോള്‍ പലവാക്കുകളുടെയും അര്‍ഥം പൊണ്ടാട്ടിയും ചിന്നവീടും എന്നു പറയുന്ന പോലായി. മലയാള സിനിമയില്‍ കരയിക്കാന്‍ ഗ്ലിസറിന്‍ എന്ന പോലെ ചിരിപ്പിക്കാന്‍ ദ്വയാര്‍ഥം എന്ന പ്രയോഗം കൂടിയേ തീരൂ എന്നുമായി. പക്ഷെ സത്യത്തില്‍ ദ്വയാര്‍ഥം എന്ന കുരിശ് സുരാജിന്റെ തലയിലായിപ്പോയതാണ്.

മലയാള സിനിമയുടെ തുടക്കകാലം മുതലേ അര്‍ഥവും അര്‍ഥഗര്‍ഭവുമുള്ള പ്രയോഗങ്ങള്‍ അനവധി നിരവധി ചിരികള്‍ക്കു കാരണമായിട്ടുണ്ട്. അടൂര്‍ഭാസി, ബഹദൂര്‍, തിക്കുറിശി, ആലുമ്മൂടന്‍, കടുവാക്കുളം ആന്റണി, അങ്ങനെ വാക്കിലും നോട്ടത്തിലും എന്തിനധികം ഇവരുടെ മൂളലുകളില്‍ പോലും പലപ്പോഴും രണ്ടര്‍ഥമുള്ള തമാശകളുണ്ടായിരുന്നു. നടന്നു പോകുന്ന നായികയുടെ നിതംബതാളത്തിനൊപ്പം പുരികങ്ങളിളക്കുന്ന ഭാസിയുടെ എത്ര ബ്ലാക്ക് ആന്റ് വൈറ്റ് തമാശകളുണ്ടായിട്ടുണ്ട്. അന്നൊന്നും അയ്യേ, എന്നു തോന്നിയിരുന്നില്ല. അതൊന്നം സ്ഥിരം സിനിമാ ഫോര്‍മുലകളായ അടി, ഇടി, വെടി എന്നിവയോടൊപ്പം കുത്തിനിറച്ചതു പോലെ തോന്നിയിരുന്നുമില്ല.

തമാശകള്‍ ഉണ്ടാവുകയായിരുന്നു സിനിമയില്‍. പിന്നീട് തമാശകള്‍ ഉണ്ടാക്കിത്തുടങ്ങിയപ്പോഴാണ് ഇക്കിളിയും തുടങ്ങിയത്. അങ്ങനെയാണ് സുരാജും ഒരു അയ്യേ നടനായി മാറുന്നത്. മഴത്തുള്ളിക്കിലുക്കത്തില്‍ സലിം കുമാറിന്റെ കുണ്ടി കണ്ട് ആര്‍ത്തു ചിരിച്ചവരാണ് ആദാമിന്റെ മകന്‍ അബുവായി സലിംകുമാര്‍ ദേശീയ അവാര്‍ഡ് വാങ്ങിയപ്പോള്‍ അയ്യേ ഇയാള്‍ക്കോ എന്നത്ഭുതം കൂറിയത്. പക്ഷെ, അതിനോടകം തന്നെ അച്ഛനുറങ്ങാത്ത വീട്, മഴയെത്തും മുമ്പേ തുടങ്ങിയ സിനിമകളിലഭിനയിച്ച് സലിംകുമാര്‍, ഭാവം കുണ്ടിയിലല്ല ശരിക്കും മുഖത്താണു വരുന്നതെന്നു തെളിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ അംഗീകരിക്കാന്‍ നമുക്ക് ഒത്തിരി ബുദ്ധിമുട്ടായിരുന്നു. എങ്ങനെയാ ഈ സലിംകുമാറിനെയൊക്കെ അത്ര സീരിയസായി കാണുന്നത് എന്നൊരു ചിന്ത ദഹിക്കാതെ കിടന്നു.

വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയെ പരിഗണിച്ചപ്പോഴും ഇതേ അസ്‌ക്യത പ്രകടിപ്പിച്ചവരാണു ഭൂരിപക്ഷവും. പണ്ട് വീട്ടിക്കേറ്റാന്‍ കൊള്ളാത്ത സാധനങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നിന്ന സില്‍ക്ക് സ്മിത ജീവനൊടുക്കിയ ശേഷമാണ് അഭിനയത്തിന്റെ സാധ്യകള്‍ ഒരുപാടുണ്ടായിരുന്ന നടിയായിരുന്നു എന്ന വിലയിരുത്തലുകള്‍ വന്നത്. അവര്‍ക്ക് ഉടുത്തൊരുങ്ങി പെണ്ണുങ്ങളുടെ വേഷത്തില്‍ അഭിനയിക്കാന്‍ നല്ല ഒന്നാന്തരമായി അറിയാമായിരുന്നു. പക്ഷെ ആരും സമ്മതിച്ചിരുന്നില്ല. അതായിരുന്നു സത്യം. സില്‍ക്ക് സ്മിതയ്ക്കു വേണ്ടി കമ്പിളിയുടുപ്പിട്ട ഒരു കഥാപാത്രത്തിന്റെ വേഷം ആരും നീക്കി വെച്ചിരുന്നില്ലെന്നതാണു യാഥാര്‍ഥ്യം. സ്ഥൂല ശരീരം കൊണ്ട് ആവര്‍ത്തന വളിപ്പുകളുടെ കുരുക്കിലകപ്പെട്ട ഇന്ദ്രന്‍സിനെയും മോചിപ്പിച്ചത് കഥാവശേഷനിലെ കള്ളന്റെ വേഷം പോലുള്ള ചില സീരിയസ് കഥാപാത്രങ്ങളായിരുന്നു.


ഡോ. ബിജു

ഇന്നലെ സുരാജിന് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴും കണ്ടു പലമുഖങ്ങളിലും ഒരു അയ്യേ ഭാവം. പക്ഷെ ജൂറി ചെയര്‍മാന്‍ സയീദ് അക്തര്‍ മിര്‍സയുടെ വിലയിരുത്തല്‍ ആ അയ്യേ മുഖങ്ങളിലൊഴിച്ച ആസിഡ് പോലെയായി. അതൊരു പൊളപ്പന്‍ തമാശയായിരുന്നു. സുരാജ് എന്ന മഹാ തമാശക്കാരന്‍ പൊടുന്നനെ വല്ലാതെ സീരിയസായി മാറുന്നു. ഡല്‍ഹിയിലെ മീഡിയ സെന്ററില്‍ ഇന്നലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം ജൂറി ചെയര്‍മാന്‍ സയീദ് അക്തര്‍ മിര്‍സയെ വളഞ്ഞ മലയാളി മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു. സാര്‍, മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സുരാജ് മലയാളത്തിലെ ഒരു കോമഡി നടനാണെന്നറിയാമോ. ഇല്ലേയില്ല. അങ്ങനെയൊരു കാര്യം ഇപ്പോഴാണറിയുന്നതെന്നായിരുന്നു മിര്‍സയുടെ മറുപടി. ഇനി കോമേഡിയന്‍ ആണെങ്കില്‍ തന്നെ എന്താണ്. അയാളുടെ അഭിനയത്തിലെ മാറ്റത്തെ അഭിനന്ദിക്കുകയാണു വേണ്ടത്. അവിശ്വസനീയമായ അഭിനയ പാടവമാണു സുരാജ്, 'പേരറിയാത്തവര്‍' എന്ന ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതെന്നു മിര്‍സ പറഞ്ഞു.

അവിശ്വസനീയമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്‍േറത്. വിശ്വോത്തര കലാകാരന്‍മാരുടേതിന് കിടനില്‍ക്കുന്ന ശരീരഭാഷയും. സുരാജ് വെഞ്ചറന്‍മുടു എന്ന പേര് ഏറെ കഷ്ടപ്പെട്ട് പറഞ്ഞൊപ്പിച്ച ദേശീയ ചലചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സഈദ് അക്തര്‍ മിര്‍സക്ക് പേരറിയാത്തവരിലെ സുരാജിന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. ശുചീകരണ തൊഴിലാളിയായി ആ ചിത്രത്തിലുടനീളം ജീവിക്കുകയായിരുന്നു ആ നടന്‍. വാസ്തുഹാരയിലെ കപ്പല്‍ ജീവനക്കാരന് മോഹന്‍ലാല്‍ ജീവന്‍ പകര്‍ന്നതുപോലെ. കൊമേഡിയന്‍ ആണെങ്കില്‍ അയാളുടെ അഭിനയരീതിയില്‍ വന്ന മാറ്റം അത്ഭുതകരമാണ്.

ദേശീയ അവാര്‍ഡ് ഹിന്ദി നടന്‍ ദിലീപ് കുമാര്‍ റാവുവുമായി പങ്കിട്ട സുരാജിനു കിട്ടിയ ഇരട്ടിമധുരമായി മിര്‍സയുടെ വാക്കുകള്‍. അത്രയും മതിയായിരുന്നു സുരാജ് വെഞ്ഞാറമൂട് എന്ന പേര് ഇന്ത്യ മുഴുവന്‍ അറിയാന്‍. തള്ളേ, പുള്ളേ, എന്തര്, അപ്പി തുടങ്ങിയ വാക്കുകള്‍ മാത്രമേ സുരാജിന്റെ നിഘണ്ടുവില്‍ ഉള്ളൂ എന്നു കരുതിയവര്‍ ആ നടന് അഭിനയിക്കാനറിയാം എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. ഞാനൊരു നടനാണ്, എന്നെക്കൊണ്ടു ഇതൊക്കെ പറ്റും എന്നു സുരാജിനു നെറ്റിയിലെഴുതി നടക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ തിരിച്ചറിവും ഒരു കലയാണ്. അക്കാര്യത്തില്‍ ഡോ. ബിജുവിനോടാണു നന്ദിയും കടപ്പാടും. ദേശീയ അവാര്‍ഡ് കിട്ടുന്ന ആദ്യത്തെ മലയാള നടനല്ല സുരാജ് വെഞ്ഞാറമൂട്. ഈ അവാര്‍ഡില്‍ വേദനിക്കുന്ന കോടീശ്വരന്‍മാരോടൊരു വാക്ക്. തിരുവനന്തപുരത്ത് നിന്ന് സൂപ്പര്‍ സ്റ്റാറിനു കിട്ടീട്ടൊണ്ട്. പക്ഷെ തിരോന്തോരത്ത്ന്ന് ഈ അപ്പിക്കു മാത്രമേ കിട്ടീട്ടൊള്ളൂ.

പിന്‍കുറിപ്പ്: അപ്പികളു കലക്കിയ നാരങ്ങാ വെള്ളം കുടിച്ച പോലെ ആയിട്ടുണ്ട് ചിലരുടെ മുഖം കണ്ടാല്‍.... മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ!

(ഡല്‍ഹിയില്‍ മാധ്യമ ഗവേഷകനാണ് ലേഖകന്‍)


Next Story

Related Stories