TopTop
Begin typing your search above and press return to search.

സഞ്ജയ് ബാരു: കളിപ്പാവയോ, തുറന്നു പറച്ചിലോ?

സഞ്ജയ് ബാരു: കളിപ്പാവയോ, തുറന്നു പറച്ചിലോ?

ടീം അഴിമുഖം2004-ല്‍ യുപിഎ സര്‍ക്കാര്‍ അധികാ:രത്തില്‍ വന്നയുടന്‍ തന്നെ മാധ്യമ ഉപദേഷ്ടാവാകാന്‍ ഡോ. മന്‍മോഹന്‍സിംഗ് തെരഞ്ഞെടുത്തത് സഞ്ജയ് ബാരുവിനെയാണ്. 2004 മെയ് മുതല്‍ 2008 ഓഗസ്റ്റ് വരെ ബാരു ആ പദവിയില്‍ തുടര്‍ന്നു. അതിനുമുന്‍പും ആ പദവി ഉപേക്ഷിച്ച ശേഷവും ഒരു പത്രപ്രവര്‍ത്തകന്‍, കമന്‍റെറ്റര്‍, നയതന്ത്രകാര്യ വിദഗ്ധന്‍ എന്നീ നിലകളില്‍ ബാരുവിന്‍റെ കരിയര്‍ മികവുറ്റതായിരുന്നു. എങ്കിലും ഒറിജിനലായ ആശയങ്ങളുള്ള ഒരാളായല്ല ബാരു മനസിലാക്കപ്പെട്ടിട്ടുള്ളത്‌. മറ്റുള്ള ഇന്ത്യന്‍ കമന്റെറ്റര്‍മാരെപ്പോലെ തന്നെ പരമ്പരാഗതവാദങ്ങളും പരക്കെയുള്ള വിശ്വാസങ്ങളും വളരെ കുറച്ചുമാത്രം അക്കാദമിക ഗവേഷണവുമാണ് ബാരുവിന്റെയും ആയുധങ്ങള്‍ എന്നാണ് പരക്കെയുള്ള പറച്ചില്‍. അയാളുടെ കോളം അത്യാവശ്യം നന്നായി ബോറടിപ്പിക്കുകയും ചെയ്യും.എങ്കിലും പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ തന്റെ ദിവസങ്ങളെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പുമായി വരാന്‍ ബാരു കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. ഓഫീസില്‍ നിന്ന് പുറത്തിറങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ, അതും നമ്മുടെ വൃത്തികെട്ട ഇലക്ഷനുകളില്‍ ഒന്നിന്റെ മധ്യത്തില്‍ വെച്ചുതന്നെയാണ് ബാരുവിന്റെ “ദി ആക്സിഡെന്റല്‍ പ്രൈംമിനിസ്റ്റര്‍” പുസ്തകക്കടകളിലും വാര്‍ത്താ തലക്കെട്ടുകളിലും പ്രത്യക്ഷപ്പെട്ടത്.ഗവണ്മെന്റിന്‍റെ പ്രധാനപദവികളില്‍ ഇരുന്ന ആളുകള്‍ അവരുടെ ഓഫീസ്കാല വിവാദകഥകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു സംസ്കാരം ഇന്ത്യയിലില്ല. പല വികസിതരാജ്യങ്ങളിലും സമ്പ്രദായം മറിച്ചാണ്. പദവി ഉപേക്ഷിച്ച് മാസങ്ങള്‍ക്കുള്ളില്‍ പ്രമുഖവ്യക്തികള്‍ തങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ അനുഭവങ്ങളെ കൃത്യമായി രേഖപ്പെടുത്തിവയ്ക്കാറുണ്ട്. അവരുടെ കാലഘട്ടത്തില്‍ നടന്ന പ്രധാനസംഭവങ്ങളെപ്പറ്റിയുള്ള മികച്ച ഒരു റെഫറന്‍സ് കൂടിയാകും അവരുടെ പുസ്തകം. ഇത്തരം എഴുത്തുകള്‍ ചരിത്രത്തിലേയ്ക്കും ആനുകാലിക ചര്‍ച്ചകളിലേയ്ക്കും മികച്ച സംഭാവനയാകുമെന്നു മാത്രമല്ല ഭാവി ഗവണ്‍മെന്റുകള്‍ക്ക് പഠിക്കാന്‍ ഉപകാരപ്പെടുകയും ചെയ്യും.

അമേരിക്കയെ നോക്കുക. ആദ്യമായി തന്റെ ഓഫീസ് ദിവസങ്ങളെപ്പറ്റി എഴുതിയത് ജെയിംസ് ബുക്കാനന്‍ എന്ന ബാച്ചിലര്‍ പ്രസിഡന്റ്റ് ആണ്. അദ്ദേഹത്തിന്റെ പ്രസിഡന്റ്റ് ഭരണം ഒരു ദുരന്തമായിരുന്നു. അതിനുശേഷം വന്നത് 1861-ല്‍ അബ്രാഹം ലിങ്കന്‍ ആണ്. ബുക്കാനന് ശേഷം പല അമേരിക്കന്‍ പ്രസിഡന്റുമാരും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. അവരുടെ വിവാദതീരുമാനങ്ങള്‍ ഓര്‍ത്തെടുക്കുകയും ആനുകാലിക ചരിത്രത്തിലേയ്ക്ക് ചെറുതല്ലാത്ത വെളിച്ചം വീശുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദശാബ്ദങ്ങളില്‍ സ്വന്തം പ്രസിഡന്റ്റ് കാലത്തെപ്പറ്റി ഓര്‍മ്മക്കുറിപ്പ് എഴുതാത്ത ഒരേയൊരു അമേരിക്കന്‍ പ്രസിഡന്റ്റ് ജോര്‍ജ് ബുഷ്‌ സീനിയര്‍ മാത്രമായിരിക്കും.യൂറോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. പ്രസിഡന്ടുമാരും പ്രധാനമന്ത്രിമാരും മാത്രമല്ല എഴുതാറ്. പല മുതിര്‍ന്ന ഉദ്യോഗസ്ഥരും തങ്ങള്‍ പദവിയിലുണ്ടായിരുന്ന കാലത്തെപ്പറ്റി സത്യസന്ധമായ വിവരണങ്ങള്‍ എഴുതാറുണ്ട്. ജോര്‍ജ് ഡബ്ലിയു ബുഷിന്റെയും ബരാക് ഒബാമയുടെയും കീഴില്‍ ഡിഫന്‍സ് സെക്രട്ടറിയായി ജോലിചെയ്ത റോബര്‍ട്ട് ഗേറ്റ്സ് ഈയിടെ തന്റെ ഓര്‍മ്മക്കുറിപ്പ്‌ പുറത്തിറക്കി. “ഡ്യൂട്ടി: മെമ്വാര്‍സ് ഓഫ് എ സെക്രട്ടറി അറ്റ്‌ വാര്‍” എന്ന് പേരിട്ട പുസ്തകത്തില്‍ സ്വന്തം തെറ്റുകളെപ്പറ്റിയും ലോകത്തിലെ മറ്റു മനുഷ്യരെയും സാഹചര്യങ്ങളെയും പറ്റിയുള്ള തുറന്നുപറച്ചിലുകളും ഉണ്ട്. ലോകത്തെവിടെയും നോക്കുക, ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.എന്നാല്‍ ഇന്ത്യയില്‍ നമുക്കൊരു നാണംകുണുങ്ങി സംസ്കാരമാണുള്ളത്. ഓഫീസ് വിട്ടുപോകുന്ന ഉദ്യോഗസ്ഥര്‍ ആ കാലത്തെപ്പറ്റി എഴുതാറില്ല. എഴുതിയാല്‍ തന്നെ അവ സത്യസന്ധമാകാറുമില്ല. പല ഇന്ത്യന്‍ റിട്ടയര്‍ഡ് ഉദ്യോഗസ്ഥരും തങ്ങളുടെ മുഖം രക്ഷിക്കാനും തങ്ങളെ ഒരു തരം സൂപ്പര്‍മാന്‍മാരായി ചിത്രീകരിക്കാനുമാണ് ആത്മകഥകള്‍ രചിക്കാറുള്ളത്. പല പുസ്തകങ്ങളും പുസ്തകക്കടകളില്‍ അനാവശ്യമായി സ്ഥലം മെനക്കെടുത്തുന്നവയും വാങ്ങുന്നവര്‍ക്ക് ധനനഷ്ടം വരുത്തുന്നവയുമാണ്. എന്നാല്‍ വിവാദമായ ഒരു ഓര്‍മ്മക്കുറിപ്പ്‌ എഴുതിയതിന്റെ ക്രെഡിറ്റ് സഞ്ജയ ബാരുവിന് കൊടുക്കണം. യുപിഎയില്‍ മന്‍മോഹന്‍ സിംഗിന്റെയും സോണിയാ ഗാന്ധിയുടെയും രണ്ട് അധികാരകേന്ദ്രങ്ങളുണ്ടായിരുന്നു എന്ന വാദത്തെ ഉറപ്പിക്കുന്ന വാദങ്ങളാണ് ബാരു മുന്നോട്ടുവയ്ക്കുന്നത്. രസകരങ്ങളായ പല കഥകളും അദ്ദേഹം പറയുന്നുണ്ട്. പല നേതാക്കളെയും ഉദ്യോഗസ്ഥരെയും പറ്റി സുഖമില്ലാത്ത കമന്റുകളുമുണ്ട്.

വികൃതമായ ഒരു ഇലക്ഷന്‍ കാലത്തെ മുതലെടുക്കാനായി നയപരമായിത്തന്നെയാണ് പുസ്തകപ്രകാശനം കഴിഞ്ഞയാഴ്ചയാക്കിയത്. പബ്ലിഷറും എഴുത്തുകാരനും ഈ ഇലക്ഷന്‍കാലത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചതാണോ അതോ ഇതിനുപിന്നില്‍ കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്നതാണ് ചോദ്യം. പുസ്തകം ഇപ്പോള്‍ തന്നെ പുറത്തിറക്കാന്‍ മോദി ക്യാമ്പില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നോ?അതോടൊപ്പം മറ്റ് ചില കാര്യങ്ങള്‍ ഇവിടെ പറയേണ്ടതുണ്ട്. അവിടവിടെ മുഴച്ചുനില്‍ക്കുകയും ബാരുവിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ചിലതൊക്കെയാണത്. രണ്ട് അധികാര കേന്ദ്രങ്ങളെപ്പറ്റിയുള്ള ഈ കഥ തന്നെയാണ് സോണിയയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും നാണംകെടുത്താനായി ബിജെപിയും മറ്റുള്ളവരും ഉപയോഗിക്കുന്നത്. സോണിയയാണ് സര്‍ക്കാര്‍ നയിച്ചിരുന്നത് എന്നാണ് പറച്ചില്‍. പുസ്തകത്തിന്‍റെ ഒരു പ്രസക്തഭാഗത്ത് ഗാന്ധികുടുംബത്തോട് അടുത്തുനില്‍ക്കുന്ന, ഇപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പുലോക് ചാറ്റര്‍ജിയെപ്പറ്റി ഒരു കമന്റ് പറയുന്നുണ്ട്. “സോണിയാ ഗാന്ധി ആവശ്യപ്പെട്ട പ്രകാരം പുലോക് എന്നും എന്നോണം സോണിയാഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഓരോ ദിവസത്തെയും പ്രധാനപ്പെട്ട പോളിസി തീരുമാനങ്ങളെപ്പറ്റി സോണിയാ ഗാന്ധിയെ അറിയിക്കുകയും പിഎം തീരുമാനമേടുക്കേണ്ട പ്രധാന ഫയലുകളെപ്പറ്റി അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുമായിരുന്നു പുലോക് ചെയ്തിരുന്നത് എന്നാണ് പറയപ്പെടുന്നത്.”ഈ കമന്റ് വല്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് രാജ്യം ഭരിക്കുകയായിരുന്നോ? സര്‍ക്കാരിന്റെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്യുകയോ രാജ്യകാര്യങ്ങളുടെ രഹസ്യസ്വഭാവം പരിപാലിക്കുമെന്ന് പ്രതിജ്ഞയാല്‍ ഉറപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത സോണിയ ഗാന്ധിയുടെ പക്കല്‍ ഔദ്യോഗിക രഹസ്യങ്ങളും ഫയലുകളും എത്തിയിരുന്നോ? അവര്‍ പ്രധാനമന്ത്രിയും ആയിരുന്നില്ല. രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും നിയമങ്ങള്‍ അവര്‍ ലംഘിച്ചോ? ബാരു ആരോപിക്കുന്നത് ശരിയാണെങ്കില്‍ അവര്‍ മറുപടി പറയേണ്ടിവരും. മൌനം ഒരു ഉത്തരമല്ല.എന്നാല്‍ ബാരു പറയുന്നതിലും അലോസരപ്പെടുത്തുന്ന ഒരു സംഗതിയുണ്ട്. ബാരുവിന്‍റെ തന്നെ വാക്കുകള്‍ ഒന്നുകൂടി പരിശോധിക്കുക. "ഓരോ ദിവസത്തെയും പ്രധാനപ്പെട്ട പോളിസി തീരുമാനങ്ങളെപ്പറ്റി സോണിയാ ഗാന്ധിയെ അറിയിക്കുകയും പിഎം തീരുമാനമേടുക്കേണ്ട പ്രധാന ഫയലുകളെപ്പറ്റി അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുമായിരുന്നു പുലോക് ചെയ്തിരുന്നത് [എന്നാണ് പറയപ്പെടുന്നത്].” അതായത് 'അങ്ങനെ പറയപ്പെടുന്നു' എന്നാണ് ബാരു പറയുന്നത്. അല്ലാതെ ബാരുവിന് ഉറപ്പുണ്ടെന്നല്ല. ഒരു ഗോസിപ്പ് ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത്രയും ഗൌരവമായ ഒരു വിഷയത്തെപ്പറ്റി ഒരു ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥന്‍ ഇങ്ങനെയാണോ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത്? ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ വേഗം ശ്രദ്ധിക്കപ്പെടാനുള്ള തിരക്കിലായിരുന്നോ അദ്ദേഹം? അതോ 2009-ല്‍ ജോലി തിരികെ ലഭിക്കാഞ്ഞതിന്റെ കൊതിക്കെറുവ് തീര്‍ക്കുകയായിരുന്നോ?

പുസ്തകത്തില്‍ നിന്ന് ചില ഭാഗങ്ങള്‍


എ കെ ആന്റണി: സിയാച്ചിനു മീതെ ആന്റണി ഒരു “പരുന്തിനെപ്പോലെ” വട്ടമിട്ടിരുന്നു. സിയാച്ചിന്‍ നടപടിയോട് അദ്ദേഹത്തിന് എതിര്‍പ്പുള്ളത്‌ കൊണ്ടാണോ അതോ നെഹ്‌റു-ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത കൊണ്ടാണോ ആന്റണിയുടെ ഈ നിലപാടെന്ന് അദ്ദേഹത്തിന് അറിയില്ല എന്നാണ് പുസ്തകത്തില്‍ പറയുന്നത്. 'മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനോട് നെഹ്‌റു-ഗാന്ധി കുടുംബത്തിനു താല്‍പ്പര്യം ഉണ്ടാകില്ലെന്നും എത്രയായാലും കാശ്മീര്‍ പ്രശ്നത്തിന്റെ തുടക്കം നെഹ്‌റുവിന്റെ പോളിസികളില്‍ നിന്നാണല്ലോ' എന്നും ബാരു പറയുന്നു... 'രാഹുല്‍ പ്രധാനമന്ത്രിയാകുന്നതു വരെ കാത്തിരുന്ന ശേഷം പ്രശ്നം പരിഹരിക്കുകയും അതിന്റെ ക്രെഡിറ്റ് അങ്ങനെ രാഹുലിന് കിട്ടുകയും ചെയ്യാനാണ് സോണിയയുടെ താല്‍പ്പര്യമെന്ന് തനിക്ക് തോന്നിയിട്ടു'ണ്ടെന്ന് ബാരു പറയുന്നു.ടികെഎ നായര്‍: “ഗുജ്റാള്‍ പിഎംഓയില്‍ പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ നായര്‍ ഉയര്‍ന്ന സെക്രട്ടറി റാങ്കോടെ റെയ്സീനാ ഹില്ലിലെ പ്രമുഖ മന്ത്രാലയങ്ങളിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല - ആഭ്യന്തരമോ ധനകാര്യമോ, പ്രതിരോധമോ പോലെ പ്രാധാന്യമുള്ള യാതൊരു ധനകാര്യ മന്ത്രാലയങ്ങളിലും നായര്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഇവയുമായി താരതമ്യം ചെയ്താല്‍ പൊതുവെ ചെറിയ മിനിസ്ട്രികളായ ഗ്രാമവികസനം, വനം, പരിസ്ഥിതി ഒക്കെയായിരുന്നു നായര്‍ ജോലി ചെയ്ത സ്ഥലങ്ങള്‍. ഒരര്‍ത്ഥത്തില്‍ ഒരു 'കനം കുറഞ്ഞ' ബ്യൂറോക്രാറ്റായിരുന്നു നായര്‍. എപ്പോഴും നന്നായി വസ്ത്രം ധരിച്ച, പൊക്കം കുറഞ്ഞ, ചെറിയ മനുഷ്യനായ നായര്‍ ബ്രജേഷ് മിശ്രയെപ്പോലെ ഒറ്റനോട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരാളായിരുന്നില്ല. അപൂര്‍വമായി മാത്രമേ ഒരു ഫയലില്‍ തെളിഞ്ഞ, ഉറപ്പുള്ള അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളൂ. മിക്കവാറും എല്ലാ ഫയലുകളിലും “പ്ലീസ് ഡിസ്കസ്” എന്നെഴുതി സൈന്‍ ചെയ്തുവിടുകയായിരുന്നു നായരുടെ രീതി. ജൂനിയര്‍ ഓഫീസര്‍മാറായ ജോയിന്റ് സെക്രട്ടറിമാര്‍ക്കും ഡെപ്യൂട്ടി സെക്രട്ടറിമാര്‍ക്കും വാക്കാല്‍ നിര്‍ദേശങ്ങള്‍ നല്‍കാനായിരുന്നു നായര്‍ക്ക് താല്‍പ്പര്യം. പിന്നീട് നായരുടെ നിര്‍ദേശങ്ങള്‍ അവരുടെതായി ഈ ഉദ്യോഗസ്ഥര്‍ ഫയലില്‍ ചേര്‍ക്കേണ്ടിയിരുന്നു. റിസ്ക്‌ എടുക്കാതെ പ്രശ്നങ്ങളില്‍ നിന്നൊഴിഞ്ഞുമാറാനുള്ള ക്ലാസിക് ബ്യൂറോക്രാറ്റിക്ക് തന്ത്രമാണിത്. പ്രധാന പോളിസി തീരുമാനങ്ങള്‍ വരുമ്പോള്‍ രാജീവ് ഗാന്ധിയുടെയും സോണിയയുടെയും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജോയിന്റ് സെക്രട്ടറിയായ പുലോക് ചാറ്റര്‍ജിയുടെ സഹായം നായര്‍ സദാ ഉപയോഗപ്പെടുത്തിയിരുന്നു.പുലോക് ചാറ്റര്‍ജി ഐഎഎസ്: “സോണിയാഗാന്ധി ആവശ്യപ്പെട്ട പ്രകാരം പുലോക് എന്നും എന്നോണം സോണിയാഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഓരോ ദിവസത്തെയും പ്രധാനപ്പെട്ട പോളിസി തീരുമാനങ്ങളെപ്പറ്റി സോണിയാഗാന്ധിയെ അറിയിക്കുകയും പിഎം തീരുമാനമേടുക്കേണ്ട പ്രധാന ഫയലുകളെപ്പറ്റി അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുമായിരുന്നു പുലോക് ചെയ്തിരുന്നത് എന്നാണ് പറയപ്പെടുന്നത്. സോണിയയും പ്രധാനമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍ പുലോകാണ്. സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക കൌണ്‍സിലുമായും പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള പ്രധാനബന്ധം പുലോക് വഴിയായിരുന്നു.എം കെ നാരായണന്‍: “എം കെ നാരായണന്റെത് സോണിയയ്ക്കുവേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടത്തിയ മറ്റൊരു നിയമനമാകാന്‍ സാധ്യതയുണ്ട്. മൈക്ക് എന്ന് അടുപ്പമുള്ളവര്‍ വിളിച്ചിരുന്ന എംകെ രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും ഭരണകാലത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു. 1957ല്‍ കേരളത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടുന്നതില്‍ പ്രധാന പങ്കു വഹിച്ചതോടെയാണ് എംകെ പ്രധാനിയാകുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഡയറക്ടര്‍ ആയിരുന്നു എംകെ. “നിങ്ങളെപ്പറ്റി എന്റെ കയ്യില്‍ ഒരു ഫയലുണ്ട്” എന്നതായിരുന്നു എംകെയുടെ പ്രിയപ്പെട്ട വാചകം. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പത്രപ്രവര്‍ത്തകരോടും പരിചയപ്പെടുന്ന മറ്റുള്ളവരോടും തമാശയായി അദ്ദേഹം ഈ വാചകം പറഞ്ഞു. എന്നാല്‍ കേള്‍ക്കുന്നവര്‍ ഇത് തമാശയാകില്ല എന്ന അസ്വസ്ഥതയോടെയാണ് തിരിച്ചുപോവുക. ആള്‍ക്കാരെപ്പറ്റി അന്വേഷിച്ചുവയ്ക്കാനുള്ള തന്റെ അധികാര താല്‍പര്യത്തെപ്പറ്റി പ്രചരിച്ച കഥകള്‍ക്ക് നാരായണന്‍ തന്നെ കൂടുതല്‍ വിശ്വാസ്യത നല്‍കി.പ്രമുഖ എഡിറ്റര്‍മാരുടെ ക്രെഡിറ്റ് കാര്‍ഡ് കണക്കുകളെപ്പറ്റി താന്‍ നിരീക്ഷിച്ചു വെച്ചിട്ടുണ്ട് എന്ന് എന്നോട് പറയുന്നതില്‍ അദ്ദേഹം ഒരാനന്ദം അനുഭവിക്കുന്നത് പോലെ തോന്നിച്ചു. പ്രധാനമന്ത്രിയുടെ വിമാനത്തില്‍ ദീര്‍ഘദൂരയാത്രകള്‍ ചെയ്യുമ്പോള്‍ വിവിധ പ്രധാനമന്ത്രിമാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരെപ്പറ്റിയുള്ള വിവരങ്ങള്‍ തന്നോട് ആവശ്യപ്പെട്ടതിന്റെ കഥകള്‍ അദ്ദേഹം രസത്തോടെ പറയാറുണ്ടായിരുന്നു.
Next Story

Related Stories