TopTop
Begin typing your search above and press return to search.

കലാലയ രാഷ്ട്രീയനിരോധനം എന്ന സര്‍ക്കാര്‍ അക്രമം

കലാലയ രാഷ്ട്രീയനിരോധനം എന്ന സര്‍ക്കാര്‍ അക്രമം

നിലീന എസ് ബലറാം

ഇടത് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സ്വാശ്രയക്കരാറിനെതിരെ സമരം കൊടുമ്പിരിക്കൊള്ളുന്ന സമയം. ലാത്തിച്ചാര്‍ജോ ജലപീരങ്കിയോ പ്രത്യക്ഷപ്പെടാത്ത ദിനപത്രങ്ങളില്ലെന്നു തന്നെ പറയാം. അന്ന് സ്‌കൂളില്‍ പോകാന്‍ നേരം അമ്മമ്മ (മുത്തശ്ശി) ഒരു ചോദ്യം, 'ഇഞ്ഞ്യും വിദ്യാഭ്യാസക്കച്ചോടത്തിനു പോവ്വാ?!' എന്ന്. അന്ന് പത്രങ്ങളില്‍ നിരന്തരമായി വന്നു കൊണ്ടിരുന്ന വാര്‍ത്തകളിലെ ഒരു പദം തമാശയായി ഉപയോഗിച്ചതാണെങ്കിലും കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന, ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്തുകൊണ്ടോ ആ ഡയലോഗ് ഓര്‍മിപ്പിച്ചു.

'രാഷ്ട്രീയം' എന്ന പദം ഒരു തെറി പോലെ ഉപയോഗിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത് (ഞാനുള്‍പ്പെടെ). നിലവിലുള്ള വ്യവസ്ഥിതിയെ ഉടച്ച് വാര്‍ക്കാന്‍ രാഷ്ട്രീയമല്ല വേണ്ടതെന്ന് വാദിക്കുന്ന ഒരു പാട് പേരെ നമുക്ക് കാണാന്‍ കഴിയും. ഒരു പക്ഷെ, രാഷ്ട്രീയത്തെ നിലപാടുകള്‍/ആശയങ്ങള്‍ എന്നതിലുപരി കക്ഷി രാഷ്ട്രീയം എന്നതിലേക്കൊതുക്കുന്നത് കൊണ്ടാകാം ഇത്. പാര്‍ട്ടി പൊളിറ്റിക്‌സ് എല്ലാക്കാലവും ഏതെങ്കിലുമൊരു വിഭാഗത്തെ ചൊടിപ്പിക്കുന്നത് കൊണ്ടുതന്നെ ഇത്തരമൊരു വിമര്‍ശനം സ്വാഭാവികം. പക്ഷെ, ഇവിടുത്തെ ചര്‍ച്ചാവിഷയം കക്ഷി രാഷ്ട്രീയമല്ല. കലാലയ രാഷ്ട്രീയമാണ്.

ചിന്താശേഷിയുള്ള, സര്‍ഗധനരായ ഒരു പാട് നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും നമുക്ക് സംഭാവന ചെയ്തത് കലാലയ രാഷ്ട്രീയമാണെന്നത് വളരെ കൗതുകകരമായ ഒരു വസ്തുതയാണ്. ലാത്തിച്ചാര്‍ജ്ജും തല്ലും പിടിയും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പര്യായങ്ങളായി മാറുന്ന ഈ കാലഘട്ടത്തിന് ചിലപ്പൊള്‍ അതൊരു അത്ഭുതമായേക്കാം. എഴുപതുകളിലെയും എണ്‍പതുകളിലെയും കാമ്പസുകളെ സുവര്‍ണ കാലഘട്ടമായി ഗ്ലോറിഫൈ ചെയുന്നതിനു പ്രധാന കാരണം ആ സമയങ്ങളിലെ സജീവമായ കാമ്പസ് ജീവിതമായിരുന്നു. അന്നും ഇന്നും താരതമ്യം ചെയ്ത് 'അതൊക്കെ ഒരു കാലം' എന്ന് പറഞ്ഞ് ആഞ്ഞൊരു നിശ്വാസം വിട്ട് ഇന്നിനെ പുച്ഛിക്കുന്ന ആള്‍ക്കാരുടെ മക്കളാണ് ഈ തലമുറയെന്നത് ഈ കൗതുകത്തെ പ്രതിരോധിക്കുന്ന ഒരു വൈരുധ്യമാണ്.

ഇന്നത്തെ കാമ്പസുകള്‍ക്ക് എന്തു പറ്റിയെന്ന ചോദ്യം നേരിടും മുന്‍പ് മറ്റൊരു കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു. എണ്‍പതുകളില്‍ നിന്ന് തൊണ്ണൂറുകളിലേക്കും മില്ലേനിയത്തിലേക്കും കടക്കുമ്പോള്‍ എന്താണ് നമുക്ക്/ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്? ആഗോളവത്കരണം വളരെ നല്ലൊരു ക്ലീഷേയായ് തൊട്ടു മുന്നില്‍ തന്നെയുണ്ട്. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും അതിന്റെ ഭാഗമായി വന്ന അലയൊലികളിലേക്ക് ഒന്നു കണ്ണോടിക്കാം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ഒറ്റയടിക്ക് മാര്‍ക്കറ്റ് വാല്യൂ കൂടി. ഹ്യൂമാനിറ്റീസ്, മറ്റ് ശാസ്ത്രവിഷയങ്ങള്‍ എന്നിവ രണ്ടാം തരത്തിലേക്കൊതുങ്ങി. സ്വാഭാവികമായും പ്രൊഫഷണല്‍ മേഖലയിലേക്ക് ഉണ്ടായ കുത്തൊഴുക്ക് സ്വാശ്രയ സ്ഥാപനങ്ങളുടെ പിറവിക്ക് വഴി തെളിച്ചു. 'എത്തിക്‌സ്' എന്നത് പണം കൊടുത്താല്‍ തുറക്കപ്പെടുന്ന വാതിലായി മാറി. പുതിയ ഇനം 'educated breeds' കമ്പോളമാകെ നിറഞ്ഞു. ഈ സാഹചര്യത്തെ നിലവിലുള്ള വ്യവസ്ഥിതിക്ക് അനുകൂലമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരില്‍ നിന്ന് എതിര്‍പ്പുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നതായിരുന്നു.

കലാലയരാഷ്ട്രീയം തുറന്നു പറച്ചിലുകളുടെ വേദിയാകുമ്പോള്‍ ഇത്തരമൊരു ശ്രമം സ്വാഭാവികം മാത്രം. യെസ് എന്നു പറയാന്‍ മാത്രം അറിയുന്ന തലമുറയെ ആവശ്യമുള്ള കമ്പോള വ്യവസ്ഥിതി കലാലയങ്ങളിലേക്ക് അച്ചടക്കത്തിന്റെ വിഷപ്പുക കടത്തി വിടാന്‍ തുടങ്ങി. ഡിസിപ്ലിനറി കമ്മിറ്റികള്‍ മുതല്‍ സിസിടിവി മോണിറ്ററിംഗ് വരെ ഒരു വിദ്യാര്‍ഥിയെ നിശ്ശബ്ദനാക്കാന്‍ നൂറായിരം വഴികള്‍. എന്നാല്‍ ഇതിന്റെയൊക്കെ പരിണിതഫലം അച്ചടക്കമാര്‍ന്ന ഒരു തലമുറയായിരുന്നില്ല. മൂല്യാടിസ്ഥിത വിദ്യാഭ്യാസം മെറ്റീരിയലിസ്റ്റിക് ബേസിലേക്ക് പോയതോട് കൂടെ പഠനം മറ്റൊരു കമ്പോളോപാധി മാത്രമായി മാറി. 'ഞാനും എന്റോളും പിന്നൊരു തട്ടാനും' എന്നതില്‍ നിന്ന് ഭാര്യയും തട്ടാനും മാറി 'ഞാനും എന്റെ ലാപ്‌ടോപ്പും പിന്നെ സ്മാര്‍ട്ട് ഫോണും' എന്ന നിലയിലേക്കെത്തി.

സ്വാഭാവികമായും എതിര്‍പ്പുകളും ഉണ്ടായിരുന്നു. രാഷ്ട്രീയമെന്നത് ഉത്തരങ്ങളിലേക്കുള്ള ഒരു വഴിയാണെന്ന് ബോധ്യമുള്ള ഒരു വിഭാഗം അവശേഷിച്ചു. പക്ഷെ, കൃത്യമായ പ്ലാനിംഗോട് കൂടി ഇവരെയും ഒഴിവാക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. കക്ഷി രാഷ്ട്രീയത്തോടുള്ള വെറുപ്പ് കലാലയരാഷ്ട്രീയത്തിലേക്കും വഴി തിരിച്ച് വിട്ടു. പാര്‍ട്ടികളുടെ പോഷകസംഘടനകളാകുമ്പോഴൂണ്ടാകുന്ന പ്രത്യയശാസ്ത്രപരമായ ചായ്വിനെയും വിധേയത്വത്തിന്റെ കണക്കില്‍ പെടുത്തി. ചെറിയ ചെറിയ പ്രതിരോധങ്ങളെ പോലും ലാത്തിച്ചാര്‍ജ് പോലുള്ള മാര്‍ഗങ്ങള്‍ വഴി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും സ്വാഭാവികമായും ഉണ്ടാകുന്ന പ്രതിരോധങ്ങളെ 'അക്രമ' രാഷ്ട്രീയമെന്ന് ലേബലൈസ് ചെയ്യുകയും ചെയ്തു.

അരാഷ്ട്രീയ ചിന്തകളുള്ള ഒരു വിഭാഗം രാഷ്ട്രീയത്തെ വെറുമൊരു ആവശ്യം നിര്‍വഹിക്കാനുള്ള ഉപാധി മാത്രമാക്കിയ കാഴ്ചയും അവഗണിക്കാന്‍ കഴിയുന്നതല്ല. പാര്‍ലമെന്ററി പൊളിറ്റിക്‌സിലേക്കുള്ള എളുപ്പവഴി മുതല്‍ അറ്റന്റന്‍സ് ഷോര്‍ട്ടേജ് ഒഴിവാക്കാനുള്ള മാര്‍ഗം വരെയായി കലാലയ രാഷ്ട്രീയം ഇവര്‍ക്ക്. പക്ഷെ, ഇതിനൊക്കെ മരുന്നായി കലാലയ രാഷ്ട്രീയം നിരോധിക്കുക എന്നത് കടയ്ക്കല്‍ കത്തി വെക്കുന്നതിനു തുല്യമായിരിക്കും.

നല്ല രാഷ്ട്രീയ ബോധമുള്ള ഒരു തലമുറയുടെ അഭാവം രാഷ്ട്രപുരോഗതിക്ക് തന്നെ അപകടകരമാണ്. റാഗിംഗ്, ജെന്റര്‍ ഹരാസ്‌മെന്റ് തുടങ്ങി മയക്കുമരുന്ന് വിപണി വരെ പിടി മുറുക്കുന്ന ഒരു സാഹചര്യത്തിലേക്ക് കാമ്പസുകള്‍ വഴിമാറും. ശബ്ദമുയര്‍ത്താന്‍ കഴിവില്ലാത്തവരെ ചവിട്ടി മെതിച്ചു കൊണ്ട് അനീതി പടയോട്ടം തുടരുക തന്നെ ചെയ്യും. കലാലയ രാഷ്ട്രീയത്തെ അക്രമരാഷ്ട്രീയമെന്ന് പറഞ്ഞ് എഴുതിത്തള്ളുന്നതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ അത് ചേരയെ പോയിട്ട് അതിന്റെ നടുക്കണ്ടം പോലും തിന്നാന്‍ മടിയായത് കൊണ്ട് കൂടെയാകും. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

വാല്‍ക്കഷ്ണം: കാമ്പസിനകത്തും പുറത്തും യാതൊരു വിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഇടപെടില്ലെന്ന് എഴുതി ഒപ്പിട്ട് കൊടുത്തതിനാല്‍ സമത്വ സുന്ദര പരിമളപൂരിതമായ ഒരു കാമ്പസ് ജീവിതം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ് ഈ ലേഖികയിപ്പോള്‍.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയാണ് നിലീന)


Next Story

Related Stories