UPDATES

കേരളം

വിദ്യാലയ മുത്തശ്ശിക്കുമേല്‍ മാഫിയകളുടെ ജെസിബിക്കൈകള്‍

കെ.പി.എസ് കല്ലേരി
 
ഒരു മരണവീട്ടിലെന്നപോലെ പൊട്ടിക്കരയുന്ന നാട്ടുകാര്‍, ഒരു കൊലപാതകം നടന്നിടത്തുണ്ടാകുന്നതിലും പ്രതിഷേധത്തോടെ രാഷ്ട്രീയം മറന്ന് ദേശീയപാതയടക്കം ഉപരോധിച്ച് സമരം ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍. സംസ്ഥാനം ഇക്കാലമത്രയും കണ്ടിട്ടില്ലാത്തെ ക്രൂരതയ്‌ക്കെതിരായി കോഴിക്കോട് മലാപ്പറമ്പില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
 
ഇവിടെയാണ് ഒറ്റ രാത്രികൊണ്ട് 140 വര്‍ഷത്തോളം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയെ സ്‌കൂള്‍ മാനേജ്‌മെന്റും റിയല്‍ എസ്റ്റേറ്റ് മാഫിയയും ഇടിച്ചുതകര്‍ത്തത്. തലേദിവസം പോളിംഗ് ബൂത്തായി പ്രവര്‍ത്തിച്ച, അതിനു പത്തുദിവസം മുമ്പുവരെ കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് പഠിച്ച സ്‌കൂളിനെയാണ് കണ്ണില്‍ച്ചോരയില്ലാത്ത പണക്കൊതിയന്‍മാരായ ഒരു സംഘം ജെസിബി എന്ന നീരാളിക്കൈയ്യനെക്കൊണ്ട് ഇടിച്ച് നിരത്തിയത്. അതും തെരഞ്ഞെടുപ്പിന്റെ ആലസ്യത്തില്‍ ഒരു നാട് ഒന്നാകെ ഉറങ്ങിക്കിടക്കുമ്പോള്‍. ഇതില്‍പ്പരം എന്ത് നാണക്കേടാണ് പ്രബുദ്ധ കേരളത്തിന് സംഭവിക്കാനുള്ളത്.
 
 
കോഴിക്കോട് വയനാട് ദേശീയപാതയില്‍ മലാപ്പറമ്പ് ജംക്ഷന്‍ കടന്ന ഉടനെയാണ് റോഡിനോട് ചേര്‍ന്ന് മലാപ്പറമ്പ് എ യു പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം കുറവാണെന്ന് ആരോപിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സഹായത്തോടെ സ്‌കൂള്‍ അടച്ചുപൂട്ടാനായി മാനെജ്‌മെന്റ് ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നിരവധിയായ ആരോപണങ്ങള്‍ നിരത്തി ഭരണസ്വാധീനത്തോടെ മാനേജ്‌മെന്റ് ഇടപെട്ടപ്പോള്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുകയുണ്ടായി. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് ലഭിച്ചത്. എന്നാല്‍ രാഷ്ട്രീയം മറന്ന് എല്ലാവരും പ്രദേശത്തെ അക്ഷരഗോപുരത്തിന്റെ പുനഃസ്ഥാപനത്തിനായി നിലകൊണ്ടപ്പോള്‍ തല്‍ക്കാലം തീരുമാനം മരവിച്ചു കിടക്കുകയായിരുന്നു. 
 
സ്‌കൂള്‍ മാനേജരുടെ റിയല്‍ എസ്റ്റേറ്റ് ബന്ധമാണ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിന് പ്രേരകമായിട്ടുള്ളതെന്നാണ് ആരോപണം. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുമതിതേടി മുന്‍പ് സ്‌കൂള്‍ മാനേജര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും എഇഒക്കും നല്‍കിയ അപേക്ഷ നിരസിച്ചിരുന്നു. ഇതിനെതിരെ മാനേജര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിധിയില്‍ നിര്‍ദേശിച്ചതനുസരിച്ച് സര്‍ക്കാറിന് അപ്പീല്‍ സമര്‍പ്പിച്ചു. സ്‌കൂള്‍ ആദായകരമല്ലെന്നും കോഴിക്കോട് – വയനാട് ദേശീയപാത- 212 വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ കുറച്ചുഭാഗം പൊളിച്ചുമാറ്റേണ്ടിവരുമെന്നുമാണ് മാനേജര്‍ അപ്പീലില്‍ പറഞ്ഞത്. പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സ്‌കൂള്‍ പരിസരത്ത് സ്ഥലം ലഭ്യമല്ലെന്നും അതിനാല്‍ അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്നും മാനേജര്‍ പരാതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യം കണക്കിലെടുത്ത് അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
 
 
എന്നാല്‍ ഇത്തരം വാദങ്ങളെയെല്ലം നാട്ടുകാരും ജനപ്രതിനിധികളും അക്കമിട്ടാണ് ഖണ്ഡിക്കുന്നത്. മാനേജരുടെ വാദങ്ങളെല്ലാം വാസ്തവവിരുദ്ധമാണ്. എട്ട് അധ്യാപകരും ഒരു പ്യൂണും ഒരു കുക്കും ജോലി ചെയ്യുന്ന ഈ സ്‌കൂളില്‍ 58 കുട്ടികള്‍ പഠിക്കുന്നുണ്ട്. 35 സെന്റിലധികം സ്ഥലം സ്‌കൂളിന്റേതായിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മറ്റും തടസ്സമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. റോഡ് വീതികൂട്ടുന്ന കാര്യമാണ് വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവില്‍ പറയുന്ന മറ്റൊരു കാര്യം. എന്നാല്‍   റോഡിന് സ്ഥലം നല്‍കിയാലും 35 സെന്റ് സ്ഥലമുള്ള സ്‌കൂളിന് പ്രവര്‍ത്തിക്കാന്‍ വേണ്ട സ്ഥല സൗകര്യമുണ്ടെന്നാന്ന് സ്‌കൂള്‍ സംരക്ഷണ സമിതി വ്യക്തമാക്കുന്നത്. റോഡ് വീതികൂട്ടല്‍ നടപടി യാതൊരു വിധത്തിലും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയുമില്ല. മലാപ്പറമ്പ് എ യു പി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അണ്‍-എക്കണോമിക്കലായി പ്രഖ്യാപിച്ചിട്ടുമില്ല.  പ്രധാനാധ്യാപികയുമായോ, പിടിഎയുമായോ അന്വേഷിക്കാതെയാണ് ഉത്തരവിറക്കിയത്. അതിനാല്‍ സ്‌കൂള്‍ പൂട്ടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ നടന്നത്. 
 
മലാപ്പറമ്പ് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളിലും പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ പഠിക്കുന്നതാണ് ഈ സ്‌കൂള്‍. ഫിസിക്കലി ഡിസേബിള്‍ഡ് ആയ അഞ്ച് കുട്ടികളുടേയും അനാഥരായ കുട്ടികകളുടെയും മികച്ച ഭാവിക്ക് വേണ്ടി പി ടി എയുടെ സഹായത്തോടെ പ്രത്യേക പരിഗണന നല്‍കുന്നതിനൊപ്പം ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട പ്രവൃത്തി പരിചയ ക്ലാസുകളും ഇവിടെ നടന്നു വരുന്നുണ്ട്. സമീപത്തെ എ ഡബ്യു എച്ച് ഫ്രീ ബേര്‍ഡ്‌സ് ഹോസ്റ്റലില്‍ നിന്നുള്ളവരും നിര്‍ധന കുടുംബത്തില്‍ പെട്ടവരുമായ വിദ്യാര്‍ത്ഥികളായിരുന്നു ഈ സ്‌കൂളില്‍ പഠിക്കുന്നവരില്‍ ഏറെയും. ഓട്ടിസം, എം ആര്‍, ഐ ഇ ഡി വിഭാഗത്തില്‍ പെട്ട നിരവധി വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ബോധപൂര്‍വ്വം സ്‌കൂളിന്റെ അംഗീകാരം ഇല്ലാതാക്കി കോടികള്‍ ലാഭം കൊയ്യുന്ന ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് വേണ്ടിയുള്ള നീക്കമാണ് മാനേജര്‍ നടത്തിയതെന്നായിരുന്നു ആരോപണം. 
 
 
എ. പ്രദീപ് കുമാര്‍ എംഎല്‍എ സ്‌കൂള്‍ പൂട്ടുന്നതിനെതിരെ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയും മറുപടിയായി സ്‌കൂള്‍ പൂട്ടുന്നത് പുനഃപരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. സ്‌കൂള്‍ സര്‍ക്കാറിന് കൈമാറിയാല്‍ നടക്കാവ് സ്‌കൂളിന്റെ മാതൃകയില്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എ. പ്രദീപ് കുമാര്‍ എം എല്‍ എ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതിനൊപ്പം വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ നടന്നു കൊണ്ടിരിക്കവെയാണ് സ്‌കൂള്‍ തകര്‍ത്തിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും ഒരു പ്രദേശത്തെ കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ തകര്‍ക്കാന്‍ ആരേയും അനുവദിക്കുകില്ലെന്നുമാണ് എംഎല്‍എയും മേയറുമടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം പ്രതിജ്ഞയെടുത്തിരിക്കുന്നത്.
 
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍