TopTop
Begin typing your search above and press return to search.

ഉപ്പിലിട്ടുസൂക്ഷിച്ച ഓര്‍മ്മകള്‍

ഉപ്പിലിട്ടുസൂക്ഷിച്ച ഓര്‍മ്മകള്‍

ചരിത്രം സമരങ്ങളുടെയും നേതാക്കളുടെയും സ്മാരകങ്ങളുടെയും മാത്രം കഥയല്ല. സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയും നമുക്ക് ചരിത്രത്തെ മനസിലാക്കാം. കുടുംബഫോട്ടോകള്‍, കത്തുകള്‍, മറ്റുസ്വകാര്യരേഖകള്‍ എന്നിങ്ങനെ പലതരം ചരിത്രസങ്കേതങ്ങളിലൂടെ ഒരു രാജ്യത്തിന്റെ ഓര്‍മ്മയെ അടുക്കി സൂക്ഷിക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ മെമ്മറി പ്രോജക്റ്റ് (www.indianmemoryproject.com) എന്ന വെബ്സൈറ്റ്.

ഇന്ത്യന്‍ മെമ്മറി പ്രോജക്റ്റില്‍ 1920കള്‍ മുതലുള്ള സ്വകാര്യശേഖരങ്ങളിലെ ഫോട്ടോകളും ഫോട്ടോയിലെ ആളുകളെപ്പറ്റിയുള്ള ഓര്‍മ്മകളുമാണുള്ളത്. കൈവശമുള്ള 1991-നു മുന്‍പുള്ള ചിത്രങ്ങള്‍ അവയുടെ പിന്നാമ്പുറകഥ സഹിതം ആര്‍ക്കുവേണമെങ്കിലും ഈ ശേഖരത്തില്‍ ചേര്‍ക്കാനും അവസരമുണ്ട്. അനുഷാ യാദവ് എന്ന ഫോട്ടോഗ്രാഫര്‍ 2010ല്‍ ആരംഭിച്ച ഈ സംരംഭം ഫേസ് ബുക്കും ബ്ലോഗ്‌ പേജും കടന്ന് ആളുകളുടെ പിന്തുണയോടെയുള്ള വെബ്സൈറ്റ് ആയി മാറിക്കഴിഞ്ഞു. കഴിഞ്ഞുപോയ കാലത്തെ മനസിലാക്കാനാകുന്ന സങ്കേതങ്ങളില്‍വെച്ച് ഒരു സാധാരണവായന/കാഴ്ചക്കാരന് ഏറ്റവും താല്‍പ്പര്യം ജനിപ്പിക്കുക ഫോട്ടോഗ്രാഫുകളായിരിക്കും. ഇതേ താല്‍പ്പര്യം തന്നെയാണ് ഈ വെബ്‌സൈറ്റിന്റെ വിജയത്തിനുപിന്നില്‍.

ഒട്ടുമിക്ക വീടുകളിലും ഫോട്ടോ ആല്‍ബങ്ങള്‍ ഉണ്ടാകും, അതില്‍ നിറയെ കുടുംബത്തിലെ പലവഴി പിരിഞ്ഞുപോയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളും. കുടുംബങ്ങളില്‍ ഈ ആല്‍ബം കഥകളുടെ കെട്ടഴിക്കുന്ന ഒരു ഷെഹരസാദിനെപ്പോലെയാണ് പ്രവര്‍ത്തിക്കാറ്. വീടുകളില്‍ സന്ദര്‍ശകര്‍ വരുമ്പോള്‍ ഈ ആല്‍ബത്തിലെ ഓരോ ഫോട്ടോയും കഴിഞ്ഞുപോയ കാലത്തെപ്പറ്റിയുള്ള ചര്‍ച്ചകളിലേയ്ക്ക് പോകും. ഓരോ കുടുംബങ്ങളിലും മറച്ചും സൂക്ഷിച്ചും വെച്ചിരിക്കുന്ന രഹസ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇറങ്ങിവരികയും ചെയ്യും. ഏതൊക്കെയോ വീടുകളില്‍ പോയിരുന്ന് അവരുടെ ഫോട്ടോ ആല്‍ബങ്ങള്‍ കാണുകയും കഥകള്‍ കേള്‍ക്കുകയും ചെയ്യുന്നത് പോലെയാണ് ഈ വെബ്സൈറ്റ്. ഇന്ത്യന്‍ ഗൃഹാതുരത്വത്തെ പായ്ക്കുചെയ്തിരിക്കുകയാണ് ഇതില്‍ നിറയെ.

പഴങ്കഥകള്‍ വായിക്കാനും പഴയ ചിത്രങ്ങള്‍ കാണാനുമുള്ള രസത്തിനും മീതെ ഈ ഓണലൈന്‍ വിഷ്വല്‍ ആര്‍ക്കൈവിന് മറ്റൊരു പ്രധാന ലക്‌ഷ്യം കൂടിയുണ്ട്. ഇന്ത്യന്‍ മനുഷ്യരുടെ ജീവിതങ്ങള്‍, ജോലികള്‍, ശീലങ്ങള്‍, വേഷവിധാനങ്ങള്‍, ആചാരങ്ങള്‍, ജീവിതസാഹചര്യങ്ങള്‍ എന്നിങ്ങനെ കഴിഞ്ഞ കാലത്തിന്‍റെ സമാന്തരമായ ഒരു ചരിത്രം കൂടി ഈ ചിത്രങ്ങളിലൂടെ കാണാനാകും. കത്തുകളും ചിത്രങ്ങളും കഥകളും ഒക്കെ കൂടിചേര്‍ന്ന് വൈകാരികവും രസകരവുമായ ഒരു ലോകമാണ് ഈ വെബ്സൈറ്റിലുള്ളത്. ഇതിലെ ചിത്രങ്ങള്‍ ഓരോന്നും ആളുകള്‍ ഷെയര്‍ ചെയ്തതാണെന്നും ഈ ശേഖരം ഇങ്ങനെ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ് എന്നതും വെബ്‌സൈറ്റിന്റെ പ്രാധാന്യം കൂട്ടുന്നു. പൊതുജനപങ്കാളിത്തത്തോടെ ഒരു വിഷ്വല്‍ ആര്‍ക്കൈവ് ഇങ്ങനെ ഉണ്ടായിവരുന്നത് ചിലപ്പോള്‍ ഇന്ത്യയിലെങ്കിലും ആദ്യമായായിരിക്കും. ഓരോരുത്തര്‍ക്കും അനുഭവിച്ചറിയാന്‍ കഴിയുന്നതരം ഒരു സ്വകാര്യഓര്‍മ്മപ്പുസ്തകമാണിത്.

ചില കഥകള്‍ ഇവരെയൊക്കെപ്പറ്റിയാണ്‌.

1 ഇന്ത്യന്‍ ഭരണഘടന എഴുതാനുപയോഗിച്ച പേന നിര്‍മ്മിച്ച കുടുംബത്തിന്റെ ചിത്രം. (1951)

2 ഇന്ത്യന്‍ ചൂടില്‍ മുടികൊഴിച്ചില്‍ ഉണ്ടായ സിഡ്നി എന്ന ഇംഗ്ലീഷ്കാരന്‍. (1944)

3 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യക്യാപ്റ്റന്‍ സികെ നായിഡു. (1940)

4 പൂര്‍ണ്ണസ്വരജിനുവേണ്ടിയുള്ള സമരത്തിനുശേഷം ലാഹോര്‍ ജയിലില്‍ കിടക്കേണ്ടിവന്ന ചമേലി ദേവി ജയിന്‍. (1923)

5 രാഷ്ട്രീയവ്യത്യാസങ്ങള്‍ സൂക്ഷിച്ചിരുന്ന ദയാനന്ദ്‌ സഹായ്, ഭാര്യ സുശീലാ സഹായ് (1956)

6 സ്വാതന്ത്ര്യസമരപെന്‍ഷന്‍ നിഷേധിച്ച സുഭാഷ് ചന്ദ്രബോസ് അനുയായി പി ദേവരാജന്‍

7 മാര്‍ഗരറ്റ് എന്ന ആംഗ്ളോ ഇന്ത്യന്‍ പെണ്‍കുട്ടിയുമായി ഉണ്ടായിരുന്ന ബന്ധം മരണം വരെ രഹസ്യമാക്കി സൂക്ഷിച്ചിരുന്ന ബെര്‍ട്ട് സ്കോട്ട് (1930). മരണശേഷം നെഗറ്റീവുകള്‍ കണ്ടെത്തിയ കൊച്ചുമകന്‍ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങള്‍.

8 ഇന്ത്യയിലേയ്ക്കുള്ള സില്‍ക്ക് റൂട്ടിലെ അവസാനത്തെ കച്ചവടക്കാരന്‍ മുന്‍ഷി അസീസ്‌ ഭട്ട്. (1945)

9 ഒരുപാട് വിഭജനകാല ഓര്‍മ്മകള്‍.

10 എഴുപതുകളില്‍ വിദ്യാര്‍ഥികളായിരുന്ന ബെല്‍ബോട്ടം പാന്‍റുകാര്‍.

ഇന്ത്യന്‍ ഓര്‍മ്മകളുടെ ഈ കടലില്‍ ആണ്ടുപോവുക. മറ്റൊരു കാലത്തിനും ജീവിതത്തിനും സമയം കൊടുക്കുക.


Next Story

Related Stories