TopTop
Begin typing your search above and press return to search.

വാരാണസി: അശ്വതി സേനന്‍റെ ക്യാമറാ കാഴ്ചകള്‍

വാരാണസി: അശ്വതി സേനന്‍റെ ക്യാമറാ കാഴ്ചകള്‍
വോട്ട് പെട്ടി നാട്ടിലും വോട്ടര്‍ അന്യനാട്ടിലുമായ ഒരായിരം മലയാളികളില്‍ ഒരാളാണ് ഞാനും. നാട്ടില്‍ ആണേല്‍ നടന്നും കാറിലും ജീപ്പിലും ഒക്കെ വരുന്ന സ്ഥാനാര്‍ഥികളെ കണ്ട്, പ്രകടന പത്രിക ഒക്കെ വായിച്ച് മനോരമ, മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി പത്രങ്ങള്‍ ഒക്കെ ഓടിച്ചു നോക്കി, നികേഷിനെയും വേണുവിനെയും ഒക്കെ കണ്ട് സമയം അങ്ങനെ സംഭവബഹുലമായേനെ; ശോ! നൊസ്റ്റാല്‍ജിക്ക് ആയി പോയി! വിഷുവും വരുവല്ലേ, അത് കൊണ്ടാവും! എന്തായാലും ഈ ഇലക്ഷനു വോട്ട് ചെയ്യാത്തിരിക്കുക എന്ന ഭീകര അപരാധത്തിന്റെ കറ കളയാന്‍ 2014-ലെ താരമണ്ഡലമായ ഉത്തര്‍ പ്രദേശിലെ വാരാണസിക്ക് തിരിച്ചു. രണ്ടു ദിവസങ്ങളിലായി അവിടെ കണ്ട കാഴ്ചകള്‍ കൂട്ടി ചേര്‍ത്ത ഒരു ഫോട്ടോ പ്രദക്ഷിണം.
പല തരം കരകൌശല ഉത്പന്നങ്ങളുടെ കേന്ദ്രമാണ് അമ്പലങ്ങളുടെ നാടായ വാരാണസി. അതില്‍ ഏറ്റവും അറിയപ്പെടുന്നത് ബനാറസി സാരികള്‍ തന്നെ. മുസ്ലിം സമുദായത്തിലെ അന്‍സാരി വിഭാഗമാണ് പാരമ്പര്യമായി ഇവിടെ നെയ്ത്ത് നടത്തുന്നത്. സ്വന്തം വീട്ടിലെ ഒരു കോണില്‍, നെയ്ത്തു സാമഗ്രികളില്‍ നെയ്തെടുക്കുന്ന സാരികള്‍ കടകളില്‍ കൊണ്ട് വില്ക്കുകയാണ് ഇവിടെ പതിവ്. കമദന്‍പുരയിലെ അത്തരം ഒരു കേന്ദ്രത്തില്‍ നിന്ന്.
ഡല്‍ഹിയിലെ ദില്ലി ഹാട്ടിലും മറ്റും പലപ്പോഴും കണ്ടു പരിച്ചയമുള്ളവയാണ് തടിയില്‍ ചെയ്ത പക്ഷി, മൃഗ തൊപ്പികള്‍ ഉള്ള പെന്‍സിലുകള്‍. അര ഇഞ്ച് വലിപ്പതില്ലുള്ള ഗണപതിയും ശിവനും ലക്ഷ്മിയുമൊക്കെ ഇവിടുത്തെ തെരുവില്‍ ലഭിക്കും.
വാരാണസിയില്‍ ഏറ്റവും പ്രസിദ്ധമായത് അവിടുത്തെ 'ഘാട്ടു'കള്‍ ആണ്. ഗംഗാനദിയിലേക്ക് നീളുന്ന പടികളാണ് ഘാട്ട് . അത്തരം നൂറോളം ഘാട്ടുകള്‍ വാരാണസിയിലുണ്ട്. വിശ്വനാഥ അമ്പലത്തിനു അടുത്തായ ദശാശ്വമേധ ഘാട്ട് തിരഞ്ഞു നടക്കുമ്പോഴാണ് അവിടുത്തെ സി പി ഐ (എം) ഓഫീസിന്റെ ബോര്‍ഡ് കണ്ണില്‍ പെട്ടത്. കയറി നോക്കുമ്പോള്‍ മീറ്റിംഗ് നടക്കുകയാണ്. ഇലക്ഷന്‍ കാര്യപരിപാടികള്‍ തീരുമാനിക്കുകെയാണ് അംഗങ്ങള്‍. ഭഗത് സിംഗിന്റെയും ഇ എം എസ്സിന്റെയും മറ്റും ചിത്രങ്ങള്‍ തൂക്കിയിട്ടുള്ള ആ ഒരു മുറി ഓഫീസില്‍ വെളിച്ചം ഇല്ല. ദിവസവും ആറു മണിക്കൂര്‍ പവര്‍ കട്ടാണ് വാരാണസിയില്‍ എന്ന് റിക്ഷക്കാരന്‍ പറഞ്ഞത് ഓര്‍ത്തു.
രാജേന്ദ്ര പ്രസാദ് ഘാട്ടില്‍ ആദ്യം കണ്ടത് വെള്ളതൊപ്പി വെച്ച ആം ആദ്മി പ്രവര്ത്തകരെ ആണ്. മോഡി ജയിക്കും അതിനാല്‍ മോഡിക്ക് വോട്ട് ചെയ്യും എന്ന് പറയുന്നവരാണ് അവിടെ കണ്ട മിക്കവരും. അവരോട് വിലകയറിതിനെ കുറിച്ചും, അപടകരമായ റോഡിനെ കുറിച്ചും, ഗംഗയിലെ മലിനമായ വെള്ളത്തിനെ കുറിച്ചും, കേജ്രിവാലിനെ കുറിച്ചും സംസാരിക്കുകെയായിരുന്നു അവര്‍. പിന്നീടു കണ്ട ആം ആദ്മി പാര്‍ട്ടി ഓഫീസിന്റെ ഫോട്ടോയും ചേര്‍ക്കുന്നു. ഇതും ഒറ്റ മുറി ഓഫീസി ഓഫീസ്. ചൂലിനോടൊപ്പം പ്രിന്റെരും കമ്പ്യൂട്ടറുമൊക്കെ ഉള്ള ഒരു ഭേദപെട്ട ഓഫീസ്.
അപ്പോ പിന്നെ ബി ജെ പി ഓഫീസോ? ഞെട്ടരുത്. അല്ല, ഞെട്ടാന്‍ മാത്രമൊന്നും ഇല്ല. മിനിറ്റിനു ഇടവിട്ട് പരസ്യവും 100 മീറ്റര്‍ ഇടവിട്ട് ഫ്‌ലക്‌സ് ബോര്‍ഡും വെയ്ക്കാന്‍ കാശുള്ള പാര്‍ടിക്ക് 12 നില കെട്ടിടം വാടകയ്ക്ക് എടുക്കാനാണോ ബുദ്ധിമുട്ട്! അതും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ മണ്ഡലത്തില്‍. എന്റെ പ്രിയപ്പെട്ട പത്രപ്രവര്‍ത്തക സുഹൃത്തുക്കളെ, നിങ്ങള്‍ക്കായി അവിടെ ശ്രീ നാമോ പ്രത്യേകം ഒരു നില തന്നെ ഒരുക്കിയിട്ടുണ്ട്. പോയി താമസിച്ച് നല്ലത് മാത്രം എഴുതൂ...
വാരാണസിയില്‍ എത്തിയാല്‍ ഒരു പ്രാവശ്യമെങ്കിലും ബോട്ട് യാത്ര നടത്തുക നിര്‍ബന്ധമാണ്. അര മണിക്കൂറോ മറ്റോ നീണ്ടു നില്ക്കുന്ന ഈ യാത്രയില്‍ ഏറ്റവും ശ്രദ്ധിക്കപെടുന്നത് മണികര്‍ണിക ഘാട്ട് ആണ്. ഇവിടെയാണ് ശവസംസ്‌ക്കാരം നടക്കുന്നത്. 'ഡോം' എന്ന കീഴ്ജാതരാണ് ഈ പ്രക്രിയ ചെയ്യുന്നത്. കത്തിത്തീരാറായ ശരീരത്തെ ഗംഗയിലെ ആമകള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് ഇവരാണ്.
1916-ല്‍ സ്ഥാപിച്ച ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലാണ് പിറ്റേന്ന് രാവിലെ ആദ്യം പോയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുണിവേഴ്സിറ്റികളില്‍ ഒന്നായ ബി എച് യു ശാന്തമായിരുന്നു. ചൂട് പിടിച്ച രാഷ്ട്രീയ ചര്‍ച്ചകളോ പാംലെഫ്റ്റ് വിതരണം ചെയ്യുന്ന വിദ്യാര്‍ത്ഥികളോ ഇല്ലാതെ അവിടുത്തെ കാന്റീന്‍ വിജനമായിരുന്നു. ഒരു പക്ഷെ 1997-ല്‍ യുണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച കാമ്പസിന്റെ യാഥാര്‍ത്ഥ്യം ഇതാവാം.
ക്യാമ്പസിനുള്ളിലെ ഒരു പുസ്തക കടയിയില്‍ നിന്ന്... ബാല നരേന്ദ്രയുടെ കഥകള്‍ വായിക്കേണ്ടതാണ്... മുതലകള്‍ നിറഞ്ഞ കുളം നീന്തിക്കടന്ന് ഗ്രാമത്തിലെ അമ്പലത്തില്‍ കൊടി നാട്ടിയ വീരഗാഥയോട് കൂടിയാണ് ഈ 'പ്രഗതി പുരുഷന്റെ' കഥ തുടങ്ങുന്നത്.
മെയ് 12-നു ആ 'മഹാന്റെ' കഥ എങ്ങനെ പുരോഗമിക്കും എന്ന് ഇന്ത്യ വിധിഎഴുതാനിരിക്കെ രണ്ടു കാഴ്ച്ചകളോട് കൂടി അവസാനിപ്പിക്കട്ടെ...
ഘാട്ടില്‍ നിന്ന് തിരിച്ചു വരവേ ഫോട്ടോയ്ക്ക് പോസ് ചെയ്ത ഒരു ദിവ്യന്റെ അടുത്തിരുന്നു പെപ്‌സി (മാത്രമാവുമോ?) കുടിക്കുന്ന മറ്റൊരു ദിവ്യന്‍. പിന്നെ, 'ഥന്‍ഥായി' എന്ന ബദാം മില്‍ക്കിന്റെ സ്വാദുള്ള ബനാറസ് സ്‌പെഷ്യല്‍ കൂള്‍ ഡ്രിങ്ക് കടയില്‍ (5 രൂപയ്ക്ക് ഭാംഗ് ഗോലിയും ലഭിക്കും) കണ്ട ഒരു ഫോട്ടോ. Dedicated to Kerala Traffic Police!


Next Story

Related Stories