TopTop
Begin typing your search above and press return to search.

ആരോരുമല്ലാത്ത പാവം ജനം

ആരോരുമല്ലാത്ത പാവം ജനം

ആനീ ഗോവിന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു രാഷ്ട്രീയ നേതാവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കാന്‍ പോകുന്ന വി.ഐ.പികളുടെ മോട്ടോര്‍വാഹന ഘോഷയാത്ര കാരണം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ അഭിഭാഷകന് രണ്ടു മണിക്കൂര്‍ നേരം ഗതാഗതക്കുരുക്കില്‍ കാത്തുകിടക്കേണ്ടി വന്നു. ആ ട്രാഫിക് ജാമില്‍ നിന്ന് എന്നെങ്കിലും പുറത്തു കടക്കുകയാണെങ്കില്‍ നിയന്ത്രിക്കാനാവാത്ത വിധം പിഴച്ചു പോയ ഈ പ്രശ്നത്തിനെതിരെ എന്തെങ്കിലും ചെയ്യുമെന്ന് ഹരീഷ് സാല്‍വെ എന്ന ആ അഭിഭാഷകന്‍ ഉറച്ച തീരുമാനമെടുത്തത്.

ഇന്ന് ഇന്ത്യയില്‍ എല്ലാവരും വി.ഐ. പി കളാണ് ( ഭാഗ്യമുണ്ടെങ്കില്‍ വി.വി.ഐ.പി യും ആവാം).

മറ്റേതൊരു രാജ്യത്തെ ജനസേവകര്‍ക്കും സ്വപ്നം കാണാന്‍ പോലും പറ്റാത്ത സൌഭാഗ്യങ്ങളാണ് ഇന്ത്യയിലെ രാഷ്ടീയക്കാര്‍ക്കും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നത് : റെയില്‍വേ സ്‌റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമുള്ള സ്വകാര്യ വിശ്രമമുറി, ക്രിക്കറ്റ് മാച്ചുകളിലും സംഗീതക്കച്ചേരികളിലുമുള്ള പ്രത്യേകം ഇരിപ്പിടങ്ങള്‍. നിരനിരയായ് പിന്തുടരുന്ന വാഹനങ്ങളുടെ ഘോഷയാത്രയില്‍ മാത്രമേ രാഷ്ട്രീയ നേതാക്കള്‍ സഞ്ചരിക്കുകയുള്ളൂ. നിയമത്തിന്റെ പിടിയില്‍ പെടുന്ന ഇവരെ പാര്‍പ്പിക്കാനോ പ്രത്യേകം നിര്‍മ്മിച്ച വി.ഐ.പി ജയില്‍ സെല്ലുകളും.

ഇന്ത്യന്‍ ജനാധിപത്യത്തിനെ അധിക്ഷേപിക്കുന്ന, ബ്രിട്ടീഷ് ഭരണത്തോളം പഴക്കമുള്ള ഈ സമ്പ്രദായമിപ്പോള്‍ ഭീഷണി നേരിടുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഈ കസര്‍ത്ത് നിര്‍ത്തലാക്കാന്‍ സാല്‍വെ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ ഉന്നതാധികാരികളെ ' ജനാധിപത്യ ഭരണത്തിലെ വിരോധാഭാസമെന്നു' വിളിച്ച് മാറ്റി നിര്‍ത്തിയ സുപ്രീം കോടതി ബാക്കിയെല്ലാ വാഹന ഘോഷയാത്രകളുടെ ഉപയോഗവും നിരോധിച്ചിരുന്നു. ആരൊക്കെയാണ് ഈ ഘോഷയാത്ര നടത്താന്‍ അനുവാദമുള്ള 'വിശിഷ്ട വ്യക്തികളെന്ന് ' അടുത്ത മാസം തീരുമാനിക്കാനിരിക്കയാണ് കോടതി.

'മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും അനുഗമിക്കുന്ന കാവല്‍പ്പട റോഡുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച് വാഹന ഗതാഗതത്തെ തോക്കു കാട്ടി പേടിപ്പിച്ച് ഒരു ലഹളയുടെ അന്തരീക്ഷം തന്നെ തീര്‍ക്കും, ഈ അന്യായത്തിന് ഒരവസാനം കണ്ടേ മതിയാവൂ' ഒരഭിമുഖത്തില്‍ സാല്‍വെ ക്ഷോഭിച്ചു.

പുരാതനമായ ജാതീയ വ്യവസ്ഥയുടെ നിയന്ത്രണത്തില്‍ നിന്നും പുറത്തു കടന്ന് മെറിറ്റോക്രസിയുടെ മൂല്യങ്ങളെ നെഞ്ചോടു ചേര്‍ക്കാന്‍ മനസ്സുകാണിച്ച ഇന്ത്യയിലെ ഇടത്തരക്കാര്‍ ഇത്തരത്തിലുള്ള അസംബന്ധങ്ങളെ നേരിടാന്‍ രംഗത്തിറങ്ങുന്നുണ്ട്.' വി.ഐ.പി സംസ്‌കാരത്തിനെതിരെ ആഞ്ഞടിച്ച പാര്‍ലമെന്റ് മെംബറായ ബൈജയന്ത് പാണ്ഡയുടെ ഈ വാക്കുകളില്‍ പ്രത്യാശയുടെ സുഗന്ധമുണ്ട് .

രാജ്യത്തെ ഏറ്റവും വലിയ നീതിന്യായപീഠം ഈ മോട്ടോര്‍വാഹന ഘോഷയാത്രകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നെങ്കിലും ഇന്ത്യയിലെ റോഡുകളില്‍ നിന്നും ഇവയെ മാറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ മാസത്തെ ജമ്മു-കാശ്മീര്‍ അസംബ്ലിയില്‍ ഈ വിഷയം ചര്‍ച്ചക്ക് വെച്ചപ്പോള്‍ സഭയില്‍ നിന്ന് ചില അംഗങ്ങള്‍ ഇറങ്ങിപ്പോയ സംഭവം ഇതിനുള്ള തെളിവാണ്.

'ഈ ചുവപ്പു വെളിച്ചം ദൂരേക്ക് പോകുന്നതില്‍ പലര്‍ക്കും നീരസമുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചതിനു ശേഷവും ചിലര്‍ക്കീ ചുവപ്പു വെളിച്ചത്തോടുള്ള ഇഷ്ടം തള്ളിക്കളയാന്‍ സാധിച്ചില്ല. മാര്‍ക്കറ്റില്‍ നിന്നും ചുവന്ന ബള്‍ബ് വാങ്ങാന്‍ കാശുള്ള ആര്‍ക്കുമിത് തന്റെ കാറിന്റെ മണ്ടയില്‍ വെക്കാമെന്ന സ്ഥിതിയാണ് നമ്മുടെ രാജ്യത്ത്'- ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന മോട്ടോര്‍വാഹന ഘോഷയാത്രകള്‍ ജനങ്ങളുടെ പണവും അകമ്പടി പോകുന്ന പോലീസുകാരുടെ സേവനവും പാഴാക്കുന്നതല്ലാതെ വേറെന്തു ഗുണമാണ് ചെയ്യുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ഡല്‍ഹിയിലെ 84,000 ഉദ്യോഗസ്ഥരില്‍ മൂന്നിലൊന്നുപേര്‍ മാത്രമാണ് പോലീസിന്റെ ജോലി ചെയ്യുന്നത്, ബാക്കിയുള്ളവര്‍ രാഷ്ട്രീയക്കാര്‍ക്കും, നയതന്ത്രജ്ഞര്‍ക്കും മറ്റുള്ള വി.ഐ.പി കള്‍ക്കും സംരക്ഷണം നല്‍കുകയാണ്. 'ബ്രിട്ടീഷുകാര്‍ 60 വര്‍ഷം മുന്‍പ് സുരക്ഷ നല്‍കിയ ഒരു വിശിഷ്ടവ്യക്തിക്ക് ഇപ്പോഴും പോലീസ് സുരക്ഷ നല്‍കിവരുന്ന സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ട്'- സാല്‍വെ പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനമായ പഞ്ചാബിന്റെ മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദല്‍ നികുതിദായകരുടെ പണം ചിലവഴിച്ച് സ്വകാര്യ ഹെലികോപ്ടറിലാണ് തന്റെ കുടുംബവുമായി യാത്ര ചെയ്യുന്നത്, കൂടാതെ അദ്ദേഹത്തിന്റെ മോട്ടോര്‍വാഹന ഘോഷയാത്രയില്‍ 32 വാഹനങ്ങളാണ് സാധാരണ ഉണ്ടാവാറുള്ളതും. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ മകനും ഇതേ വലിപ്പമുള്ള അനുചരസംഘമുണ്ട്.

'പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ ജീവിതം മഹാരാജാവിന്റെ ജീവിതത്തിനു സമമാണ്'- മുഖ്യമന്ത്രിയുടെ യാത്രയുടെ ഇന്ധനച്ചിലവ് നാട്ടുകാരറിയാന്‍ വേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ ആക്ടിവിസ്റ്റായ ദിനേശ് ചധ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കുപോലും ശമ്പളം കൊടുക്കാനില്ലാതെ സംസ്ഥാനം കടത്തിന്റെ കെണിയിലകപ്പെട്ടിരിക്കുന്ന കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ ബാദലും അദ്ദേഹത്തിന്റെ മകനും തങ്ങളുടെ ഘോഷയാത്രക്കുവേണ്ടി 2.4 മില്യണ്‍ ഡോളറാണ് ഇന്ധനത്തിനുവേണ്ടി മാത്രം ചിലവഴിച്ചത്. 'സുരക്ഷക്കുവേണ്ടിയും യാത്രക്കുവേണ്ടിയും ഇത്രയും പണം ചിലവഴിക്കുക എന്നത് തീര്‍ച്ചയായും ന്യായീകരിക്കാന്‍ സാധിക്കാത്തതാണ്'. ദിനേശ് കുപിതനായി.

പഞ്ചാബ് ഭീകരവാദികളുടെ വിളനിലമാണെന്നും മുഖ്യമന്ത്രിയുടെ ജീവനു ഭീഷണിയുണ്ടെന്നും പറഞ്ഞ് ചിലവിനെ ന്യായീകരിക്കാനാണ് ബാദലിന്റെ വക്താവ് ശ്രമിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ വരവോടുകൂടി ഇന്ത്യയിലെ വി.ഐ.പി സംസ്‌കാരത്തിനെതിരെയുള്ള സമരത്തിനു ശക്തികൂടിയിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളോട് റെഡ് ലൈറ്റ് വാഹന ഘോഷയാത്ര ഉപയോഗിക്കില്ലെന്നും പോലീസ് സുരക്ഷ സ്വീകരിക്കില്ലെന്നും ഗവണ്മെന്റ് നല്‍കുന്ന ബംഗ്ലാവുകളില്‍ താമസിക്കില്ലെന്നും സത്യം ചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

ബംഗ്ലാവുകള്‍ വി.ഐ.പി സംസ്‌കാരത്തിന്റെ അടയാളമാണ്: ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വാസ്തുശില്പിയായ എഡ്വിന്‍ ലൂറ്റ്യെന്‍സ് രൂപകല്‍പന നടത്തിയ 2,000 ബംഗ്ലാവുകളാണ് ഡല്‍ഹിയിലുള്ളത്. അഴിമതിക്കറ പിടിച്ച ഇന്നത്തെ വ്യവസ്ഥയിലെ ഗവണ്മെന്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് ഈ ബംഗ്ലാവുകള്‍ ഉപയോഗിക്കുന്നത്.

ചില രാഷ്ട്രീയക്കാര്‍ ഭരണത്തില്‍ നിന്നിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാലും നാമമാത്രമായ വാടകയില്‍ ഈ ബംഗ്ലാവുകളില്‍ കടിച്ചു തൂങ്ങും. ചിലപ്പോള്‍ അവരുടെ കുടുംബങ്ങള്‍ വീടനുവദിച്ചിരുന്ന രാഷ്ട്രീയക്കാരന്‍/കാരി മരിച്ചാലും അവിടെ നിന്നിറങ്ങില്ല.

ചരിത്രപ്രധാനമായ ഈ നിര്‍മ്മിതികളുടെ മേല്‍ക്കൂര പുതുക്കിപ്പണിയല്‍ രാഷ്ട്രീയക്കാരുടെ ഇഷ്ട വിനോദമാണ്; ഒരു രാഷ്ട്രീയക്കാരന്‍ I.M.Peiയുടെ പ്രസിദ്ധമായ ഗ്ലാസ് പിരമിഡിന്റെ ചെറുപകര്‍പ്പാണ് തന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചത്.

തനിക്ക് നല്‍കിയ ബംഗ്ലാവ് നിഷേധിച്ച് സാധാരണ താമസസൌകര്യം തിരഞ്ഞെടുത്ത എഎപി നേതാവ് അരവിന്ദ് കേജ്രിരിവാള്‍ ജനങ്ങളുടെ മനം കവര്‍ന്നു. എയര്‍പ്പോര്‍ട്ടില്‍ നിന്നും തന്റെ പ്രചാരണ സ്ഥലത്തേക്ക് ഓട്ടോ റിക്ഷയിലെത്തിയാണ് അദ്ദേഹം മുംബൈയില്‍ തരംഗം സൃഷ്ടിച്ചത്.

എയര്‍ പോര്‍ട്ടുകളില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന സുരക്ഷാ പരിശോധനകള്‍ ഈ വി.ഐ.പി കള്‍ക്കു ബാധകമല്ല. വൈകിയെത്തുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കാറുള്ള ഗവണ്മെന്റ് സര്‍വീസായ എയര്‍ ഇന്ത്യ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രത്യേക പരിഗണനയാണ് നല്‍കാറുള്ളത്.

'എയര്‍പോര്‍ട്ട് സെക്യൂരിറ്റിക്കെതിരെ കലിതുള്ളുന്ന രാഷ്ട്രീയക്കാരേയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും കണ്ട് അന്ധാളിച്ച് നില്‍ക്കുന്ന സാധാരണക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ജനങ്ങള്‍ മാറാന്‍ തുടങ്ങിയിരിക്കുന്നു, ''You better stand in line' എന്നു പറയാനുള്ള ചങ്കൂറ്റം അവര്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു'. പാണ്ഡ പറഞ്ഞു.

മോട്ടോര്‍വാഹന ഘോഷയാത്ര കടന്നു പോകാന്‍ വേണ്ടി മണിക്കൂറുകളോളം തന്റെ കട അടച്ചിടേണ്ടി വരുമ്പോഴും, ഡോക്ടറെ കാണാന്‍ വേണ്ടി നിരയില്‍ നില്‍ക്കുമ്പോള്‍ ഏതെങ്കിലും രാഷ്ടീയക്കാരന്റെ മരുമകന്റെ സുഹൃത്ത് ആരേയും കൂസാതെ പരിശോധന മുറിയിലേക്ക് കയറുമ്പോളും വിങ്ങുന്ന മനസ്സുമായി നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന ഓരോ ഇന്ത്യക്കാരനും മാറ്റത്തിന്റെ കൊടുങ്കാറ്റിനെ കാത്തിരിക്കുകയാണ്.


Next Story

Related Stories