TopTop
Begin typing your search above and press return to search.

മോദി വന്നാല്‍ ബീഫ് കഴിക്കാമോ ചേട്ടാ?

മോദി വന്നാല്‍ ബീഫ് കഴിക്കാമോ ചേട്ടാ?

ഞാന്‍ വൈകുന്നേരം ഹോട്ടലിലിരുന്ന് ചപ്പാത്തിയും ബീഫും കഴിക്കുകയാണ്. എന്റെ അടുത്തിരിക്കുന്ന ചേട്ടന്‍ പൊറോട്ടയും ബീഫും കഴിക്കുന്നു. എതിരെ ഇരിക്കുന്ന ആള്‍ പുട്ടും ബീഫും. കൈയ്യില്‍ ബിവാറേജസിലെ കുപ്പി പൊതിഞ്ഞ ചേട്ടന്‍ വാങ്ങിക്കുന്നത് ബീഫ് ഫ്രൈ. അങ്ങനെ ഹോട്ടല്‍ മുഴുവന്‍ ബീഫ് മയം.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്, എന്നാലും ബീഫ് മലയാളിയുടെ പ്രിയങ്കരമായ ഭക്ഷണം തന്നെയാണ്. കുറി തൊട്ട ഹോട്ടല്‍ ഉടമ, ഭയങ്കര മോദി ഭക്തന്‍ ആണെന്ന് തോന്നുന്നു. അദ്ദേഹം മോദി വന്നില്ലെങ്ങില്‍ ഇന്ത്യ മുങ്ങിപ്പോകും എന്നിങ്ങനെ ഒക്കെ തട്ടി വിടുന്നുണ്ട്. ഹിന്ദുക്കളെ മറ്റുള്ളവര്‍ പീഡിപ്പിക്കുന്നു, ഗുജറാത്ത് അമേരിക്ക പോലെയാണ് എന്നിങ്ങനെ സംഘപരിവാര്‍ ഫാക്ടറിയില്‍ ഉത്പാദിപ്പിച്ച ചിന്തകള്‍ നിര്‍ലോഭം വിളമ്പുന്നുമുണ്ട്.

'മോഡി ജയിച്ചാല്‍ സമാധാനമായി ബീഫ് തിന്നാന്‍ പറ്റുമോ ചേട്ടാ?' ഞാന്‍ ചോദിച്ചു. 'എന്ത് ?' എന്ന മട്ടില്‍ പുള്ളിയെന്നെ നോക്കി.

'അങ്ങോര് ഇന്നലെ മുതല്‍ ബീഫിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നുണ്ട്' എന്ന് ഞാന്‍ പറഞ്ഞു.

എന്റെ അടുത്തിരുന്ന ചേട്ടന്‍ പറഞ്ഞു 'പശുക്കളെ വച്ച് അങ്ങോര് വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുവാണ്'

ഹോട്ടല്‍ ഉടമ പറഞ്ഞു; 'അതൊക്കെ അവിടെ വോട്ട് പിടിക്കാന്‍ പറയുന്ന കാര്യം ആണ്, ഇവിടെ അതൊന്നും നടക്കില്ല'. 'ഗുജറാത്തില്‍ മദ്യ നിരോധനം ആണ്, അതിവിടെ നടക്കുമോ?'

ബിവറേജസില്‍ പോയിട്ട് ടച്ചിങ്ങ്‌സ് മേടിക്കാന്‍ വന്ന ചേട്ടന്‍ രോഷാകുലനായി. 'മദ്യം നിരോധിക്കണം എന്ന് പറഞ്ഞ് ആദ്യം ചാരായം നിരോധിച്ചു. ഇപ്പോള്‍ എല്ലാവരും വിദേശ മദ്യം കഴിച്ചു രോഗികളായി, പോക്കറ്റിലെ കാശും പോയി. ഇപ്പൊ പറയുന്നു 3 സ്റ്റാര്‍ മുതല്‍ മേളിലേക്ക് ബാര്‍ മതിയെന്ന്. കള്ളു ഷാപ്പില്‍ നല്ല കള്ളും കിട്ടാനില്ല, പന നട്ടാലല്ലെ പനം കള്ളുണ്ടാവൂ'

'മോദി വന്നാല്‍ ഒരു ദേശീയ മദ്യനിരോധനം വന്നേക്കും' ഞാന്‍ തട്ടി വിട്ടു; ഗുജറാത്തില്‍ വ്യാജമദ്യം ഇഷ്ടം പോലെ ഉണ്ടെന്നറിയാം, എങ്കിലും.

'ഗാന്ധിയന്മാര്‍ക്കും, സന്യാസിമാര്‍ക്കും, പാതിരിമാര്‍ക്കും, മൊല്ലാക്കമാര്‍ക്കും, വര്‍ജന പ്രസ്ഥാനക്കാര്‍ക്കും ഒരു പോലെ സന്തോഷം തരുന്ന കാര്യം' - എന്റെ അടുത്തിരുന്ന ചേട്ടന്‍ പറഞ്ഞു.

ആശങ്കയുടെ കുറച്ചു നിമിഷങ്ങള്‍ അവിടെ ഉണ്ടായി, പക്ഷെ ശുഭപ്രതീക്ഷ വീണ്ടും ഉയര്‍ന്നു. കേരളത്തില്‍ ഇതൊന്നും നടപ്പില്ല. എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു. വര്‍ഗീയതയേയും വികസന മുതലാളിത്തത്തെയും ഫാസിസത്തെയും എതിര്‍ക്കുന്നെങ്കിലും ഒരു സാധാരണ മലയാളിയുടെ ആദ്യ ആകുലതകള്‍ മദ്യത്തെയും ഇറച്ചിയെയും ചുറ്റിപ്പറ്റിയാണ്.

ആപ്പില്ലാതെ നമുക്കെന്താഘോഷം?

ആപ്പ് എന്ന് പറയുമ്പോള്‍ തന്നെ മനസ്സില്‍ ഓടി വരുന്നത് ആം ആദ്മി പാര്‍ട്ടി ആണ്. ആ ആപ്പ് അല്ല ഇവിടുത്തെ വിഷയം, സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍ ആണ് വിഷയം.

എന്തിനും ഏതിനും ആപ്പ് എന്നതാണ് ഇപ്പോഴത്തെ ഒരു രസകരമായ ട്രെന്‍ഡ്. രക്തത്തിലെ പഞ്ചസാര അറിയാനുള്ളത്, ഹൃദയമിടിപ്പ് അറിയാന്‍ ഉള്ളത്, സന്ദേശം കൈമാറാന്‍ ഉള്ളത്, ഫേസ്ബുക്ക് നോക്കാന്‍ ഉള്ളത്, ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ ഉള്ളത്, നമ്മള്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ടോ എന്നറിയാന്‍, ജാതകം അറിയാനുള്ളത്, അങ്ങനെ തുടങ്ങി നമ്മള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ വരെ ഉള്ളത് (ചുമ്മാ പറഞ്ഞതാണെ!) വരെ പ്രോഗ്രാമുകള്‍ ഉണ്ട്. വിലകൊടുത്തു വാങ്ങുന്നവയും അല്ലാത്തവയും, കമ്പനികള്‍ മുദ്രണം ചെയ്യാത്തവയും ചെയ്തവയും അങ്ങനെ പല പല വേര്‍തിരിവുകള്‍ ഉണ്ട്. ഒരു രസികന്‍ പറഞ്ഞത് ഭക്ഷണം കഴിക്കാനുള്ള അപ്പ് കൂടി ഉണ്ടെങ്കില്‍ എല്ലാം പൂര്‍ത്തിയായി എന്നാണ്.

ഈ പ്രോഗ്രാമുകള്‍ നല്കുന്ന സേവനങ്ങള്‍ വളരെ ഉപയോഗപ്രദമാണ്. ഒരു വിധം സൌജന്യം ആയിട്ടാണ് ഈ സേവനങ്ങള്‍ ഇപ്പോഴുള്ളതെങ്കിലും എപ്പോള്‍ പൈസ എടുത്തു തുടങ്ങുമെന്ന് പറയാറായിട്ടില്ല. വിപണി പാകത ആകാന്‍ കാത്തിരിക്കുകയാവും കമ്പനികള്‍ ഒക്കെ എന്ന് വിചാരിക്കാം. ഇപ്പോള്‍ ബാങ്കുകളുടെ എസ് എം എസ് അറിയിപ്പുകള്‍ പൈസ ഈടാക്കി ആണ് പല ബാങ്കുകളും കൊടുക്കുന്നത്. നേരത്തെ പലപ്പോഴും സൌജന്യമായിരുന്ന എ ടി എം സേവനങ്ങള്‍ ആളുകള്‍ പരിചയിച്ചപ്പോള്‍ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കി തുടങ്ങി. അതുപോലെ ആപ്പുകളിലും ചെറിയ ഒരു അപ്പ് കിട്ടാന്‍ ഇടയുണ്ട്.

നല്ല കാര്യത്തിനോ ചീത്ത കാര്യത്തിനോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമല്ലോ എന്ത് സംവിധാനത്തിന്റെയും ഫലം. ഈ പ്രോഗ്രാമുകളില്‍ ചിലത് അത്ര നല്ലതല്ലാത്ത ഉപയോഗത്തിനും ഉണ്ടെന്നറിയുന്നത് ചെറിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കാഴ്ചയില്‍ വന്നത് രണ്ടെണ്ണം പങ്കുവെക്കാം.

1) ദേശീയ പാതയിലും മറ്റും പോകുമ്പോള്‍ വേഗത പിടിക്കാനുള്ള ക്യാമറകള്‍ എവിടെയാണെന്ന് മുന്‍കൂട്ടി നമ്മളെ അറിയിക്കുന്ന പ്രോഗ്രാം. ആ സ്ഥലത്തെത്തുമ്പോള്‍ പ്രോഗ്രാം നമ്മളെ അറിയിക്കും. നമ്മള്‍ പതുക്കെ പോകണം. ക്യാമറ കഴിഞ്ഞാല്‍ വീണ്ടും പറക്കാം. വേഗതാ നിയന്ത്രണം എല്ലാവരുടെയും സുരക്ഷയ്ക്കു വേണ്ടി ആണെന്നും അറിവുള്ളവര്‍ ഇത് ഉപയോഗിക്കരുത് എന്നുമാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

2) ഒരു ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ അത് ആരുടെയെങ്കിലും പേരില്‍ മറ്റൊരു ഫോണില്‍ സേവ് ചെയ്തിട്ടുണ്ടാവുകയാണെങ്കില്‍ കണ്ടുപിടിച്ചു തരുന്ന പ്രോഗ്രാം. നമ്മള്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ആരാണെന്നു തപ്പാന്‍ പറ്റിയ സംഭവം. ഈ പ്രോഗ്രാം ഒരു പ്രണയ ബന്ധം തകരാറിലാക്കിയ കാര്യം കൂടി പറയാം.

ഗാഢപ്രണയത്തിനു കുറെ മാസങ്ങളുടെ ആയുസ്; നായകനോട് നായിക: 'എന്നെ ഇനി ഇങ്ങനെ വിളിച്ചാ മതി'

നായകന്‍: 'അതെന്താ?'

നായിക: 'എന്റെ നായകന്‍ ഇങ്ങനെ എന്നെ വിളിക്കുന്നതാണ് എനിക്കിഷ്ടം'

നായകന്‍ ആ പേര് വിളിക്കുന്നു

ശേഷം നായിക: 'ഇങ്ങനെ എന്നെ ഈ ലോകത്തില്‍ ഒരാളെ വിളിച്ചിട്ടുള്ളൂ, വിളിക്കുകയുമുള്ളൂ, അത് താങ്കളാണ്'

ടെക്‌നൊപാര്‍ക്കിലെ ആംഫി പടവുകളും, ചുറ്റുമുള്ള മരങ്ങളും സാക്ഷി. നായകന്‍ പുളകിത പ്രേമം തുടര്‍ന്നു!

കുറച്ചു കാലത്തിനു ശേഷം നായകന്‍ ഈ പുതിയ ആപ്പ് ഒന്നു പരീക്ഷിക്കുന്നു. നായികയുടെ, താന്‍ ഏതു ഉറക്കത്തിലും ഓര്‍ത്തിരിക്കുന്ന ആ നമ്പര്‍ ടൈപ്പ് ചെയ്യുന്നു. നോക്കുമ്പോള്‍ താന്‍ വിളിക്കുന്ന അതേ പേരില്‍ നമ്പര്‍ സേവ് ചെയ്തിരിക്കുന്നു, വേറൊരു ഫോണില്‍ !!!

നമ്മുടെ ഫോണില്‍ നിന്ന് നമ്മുടെ സമ്മതത്തോടെയും അല്ലാതെയും സ്വകാര്യതയും വിവരങ്ങളും ഈ പ്രോഗ്രാമുകള്‍ ചോര്‍ത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു സൂക്ഷ്മപരിശോധനയും ശ്രദ്ധയും നമുക്കാവശ്യമാണ്. നമ്മളെ ഭരിക്കാനും നിയന്ത്രിക്കാനും സാങ്കേതിക വിദ്യയെ അനുവദിക്കണോ എന്നത് പ്രസക്തമായ ചോദ്യമാണ്. സൂക്ഷിച്ചാല്‍ വലിയ ആപ്പിലാകാതെ നോക്കാം!


Next Story

Related Stories